Saturday, May 19, 2018 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Thursday 14 Sep 2017 01.40 PM

വിവാഹം കഴിഞ്ഞതോടെ മകന് ഞങ്ങളെ വേണ്ടെന്നായി, മരുമകളുടെ ആഗ്രഹപ്രകാരം പണിത പുതിയ വീട്ടില്‍ സ്ഥാനവുമില്ല; ഈ വൃദ്ധ ദമ്പതികള്‍ക്ക് ഒടുവില്‍ നീതി കിട്ടിയത് ഇങ്ങനെ

സ്വന്തം വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ട മാതാപിതാക്കള്‍
uploads/news/2017/09/145994/Weeklyfmlycourt140917.jpg

ഓഫീസിലെത്തിയപ്പോള്‍ എന്നെക്കാണാനായി പ്രായമായ ഒരച്ഛനും അമ്മയും അവിടെ ഇരിപ്പുണ്ടായിരുന്നു. കണ്ടപാടെ അവര്‍ എഴുന്നേറ്റു. ഏകദേശം എഴുപത് വയസ്സ് തോന്നിക്കും. വാടിത്തളര്‍ന്ന മുഖം, കരഞ്ഞ് കലങ്ങിയ കണ്ണുകള്‍...,

കാര്യം എന്തെന്ന് ഞാന്‍ അന്വേഷിച്ചു. ആ അമ്മ പറയാന്‍ ശ്രമിച്ചെങ്കിലും അവരുടെ ശബ്ദമിടറി, ഒന്നും പറയാനാവാതെ ഒരു തേങ്ങല്‍ മാത്രം അവശേഷിച്ചു. ഭാര്യയെ ഒന്നു നോക്കിയതിനുശേഷം ഭര്‍ത്താവ് പറഞ്ഞു തുടങ്ങി.

''ഞങ്ങള്‍ രണ്ടുപേരും സാധാരണ കുടുംബത്തിലാണ് ജനിച്ചത്. കുടുംബത്തിനുവേണ്ടി പതിനാലാം വയസ്സില്‍ ഞാന്‍ ജോലിക്കു പോയി തുടങ്ങി. അന്നു മുതല്‍ കഴിഞ്ഞ രണ്ടു വര്‍ഷംവരെ ജോലി തുടര്‍ന്നു.

വിവാഹം കഴിഞ്ഞ് ഒരുപാട് കഷ്ടപ്പെട്ടാണ് സ്വന്തമായി സ്ഥലം വാങ്ങിയതും വീട് പണിതതും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങള്‍ക്കൊരു കുഞ്ഞ് ജനിച്ചില്ല. അതിനായി പല ഡോക്ടര്‍മാരെയും കണ്ടു. ഒരുപാട് ക്ഷേത്രങ്ങളില്‍ കയറിയിറങ്ങി.

അവസാനം ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ഒരു മകന്‍ ജനിച്ചു, അജിത്ത്. ഞങ്ങള്‍ക്ക് ലഭിക്കാതെ പോയ എല്ലാ സുഖസൗകര്യങ്ങളും അവനു നല്‍കി. കഷ്ടപ്പാട് എന്തെന്ന് അറിയിക്കാതെ വളര്‍ത്തി.

നല്ല വിദ്യാഭ്യാസം നല്‍കി. ജോലിയും ലഭിച്ചു. ഇരുപത്തിയഞ്ചാം വയസ്സില്‍ അവനെ അനിലയുമായി വിവാഹം കഴിപ്പിച്ചു. പ്രായമായ ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍..., അവന്‍ തനിച്ചാവരുതെന്ന് കരുതി.

പക്ഷേ അവിടെയാണ് ഞങ്ങള്‍ക്ക് തെറ്റു പറ്റിയത്. വിവാഹം കഴിഞ്ഞതോടെ അജിത്തിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. അതുവരെ ഞങ്ങളുടെ എല്ലാകാര്യങ്ങളും നോക്കിയിരുന്ന അജിത്തിന് ഞങ്ങളുടെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ലാതായി. പിന്നീട് ഭാര്യയായിരുന്നു അവന്റെ ലോകം. അവള്‍ക്കാണെങ്കില്‍ ഞങ്ങളെ ഇഷ്ടമില്ല. എന്തു ചെയ്താലും കുറ്റപ്പെടുത്തും.

അജിത്തിന്റെ വിവാഹത്തിന് മൂന്ന് വര്‍ഷം മുന്‍പ് പണിതതാണ് വീട്. അവിടെ സൗകര്യങ്ങള്‍ കുറവാണെന്നും പുതിയ വീട് വയ്ക്കണമെന്നും അവള്‍ വാശിപിടിച്ചു. അവനും അതിനെ സപ്പോര്‍ട്ട് ചെയ്തു. ലക്ഷങ്ങള്‍ മുടക്കി പുതിയ വീടു പണിയാന്‍ അവര്‍ തീരുമാനിച്ചു.

ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാനായി വീടും സ്ഥലവും അജിത്തിന്റെ പേരില്‍ എഴുതി കൊടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ കാലശേഷം എല്ലാം അവനുളളതാണ്. അതുകൊണ്ട് തന്നെ സന്തോഷത്തോടെ എല്ലാം എഴുതി കൊടുത്തു. പറമ്പ് വിറ്റും ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തും വീടു പണിതു.

എല്ലാ സൗകര്യങ്ങളുമുളള നല്ലൊരു വീട്. പക്ഷേ ആ വീട്ടില്‍ ഞങ്ങള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. മരുമകള്‍ക്ക് ഞങ്ങളുടെ രീതികള്‍ ഇഷ്ടപ്പെടാതായി. അടുക്കളയിലോ മറ്റ് മുറികളില്‍ കയറാനോ അനുവാദം ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് തന്നിരിക്കുന്ന മുറിക്ക് പുറത്തിറങ്ങാന്‍ സമ്മതിക്കില്ല.

അജിത്തും അവളെ എതിര്‍ത്തൊന്നും പറഞ്ഞില്ല. കഴിഞ്ഞ ദിവസം ഇവള്‍ക്ക് സുഖമില്ലാതെ വന്ന് മുറിക്കുളളില്‍ ഛര്‍ദ്ദിച്ചു. അതിന് അനില ഒരുപാട് വഴക്ക് പറഞ്ഞു, തല്ലിയില്ലെന്നേയുളളൂ. ഞങ്ങളെ കൊണ്ടുതന്നെ മുറി വൃത്തിയാക്കിച്ചു. 'ശല്യമായി നില്‍ക്കാതെ എവിടെയെങ്കിലും ഇറങ്ങി പോകാന്‍' മരുമകള്‍ പറഞ്ഞു.

എല്ലാം സഹിച്ച് അവിടെ കഴിയുന്നതിനെക്കാള്‍ നല്ലത് അവിടെ നിന്ന് ഇറങ്ങുന്നതാണെന്ന് തോന്നി. അങ്ങനെ വീടുവിട്ടിറങ്ങി. മകനെയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും സ്ഥലവും എല്ലാം നഷ്ടമായി.

സ്വന്തം വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ടു. കയറി ചെല്ലാന്‍ ഒരിടവുമില്ല പെരുവഴിയില്‍ നില്‍ക്കുകയാണ്. സാറിന് ഫീസ് തരാന്‍ പോലും ഞങ്ങളുടെ കൈയ്യില്‍ പണമില്ല''. എന്ന് പറഞ്ഞ് ആ അച്ഛന്‍ പൊട്ടിക്കരഞ്ഞു. ഞാനവരെ സമാധാനിപ്പിച്ച് മടക്കിയയച്ചു.

കേസ് കോടതിയിലെത്തി, അവര്‍ക്ക് നീതിലഭിച്ചു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മകന്റെ കടമയാണെന്നും അത് ലംഘിച്ചാല്‍ അജിത്തിനും അനിലയ്ക്കുമെതിരെ കര്‍ശനടപടി എടുക്കുമെന്നും കോടതി പറഞ്ഞു.

ഇപ്പോള്‍ അവര്‍ മകന്റെ ഒപ്പം തന്നെ ജീവിക്കുന്നു. ഇന്നത്തെക്കാലത്ത് മക്കള്‍ അച്ഛനമ്മമാരെക്കാള്‍ പ്രാധാന്യം സ്വത്തിനു കൊടുക്കുന്നു. അതുകൊണ്ട് മാതാപിതാക്കളുടെ കാലശേഷം അല്ലാതെ സ്വത്ത് മക്കളുടെയോ മരുമക്കളുടെയോ പേരില്‍ എഴുതിെക്കാടുക്കരുത്.

അഞ്ജു രവി

Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Thursday 14 Sep 2017 01.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW