Monday, June 18, 2018 Last Updated 30 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 08.11 AM

'ഹൃദയത്തില്‍ കുര്‍ബാന അര്‍പ്പിച്ചു; അവര്‍ എനിക്ക്‌ മരുന്നു തന്നു' ; മാര്‍പാപ്പയുടെ കാല്‍തൊട്ടു വണങ്ങി ഫാ. ടോം പുതുജീവിതത്തിലേക്ക്

uploads/news/2017/09/145925/pop.jpg

"അവിടെ കുര്‍ബാന അര്‍പ്പിക്കാന്‍ പറ്റില്ലല്ലോ. എങ്കിലും എല്ലാ ദിവസവും ഞാന്‍ മനസില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്നു. മനസുപറഞ്ഞു എന്നെ അവര്‍ കൊല്ലില്ലെന്ന്‌"- വത്തിക്കാനില്‍ വൈദികരും വിശ്വാസികളും നല്‍കിയ സ്വീകരണത്തിലാണു ഫാ. ടോം ഉഴുന്നാലില്‍ പിന്നിട്ടവഴികളെക്കുറിച്ചു സംസാരിച്ചു തുടങ്ങിയത്‌. പൊന്നാടയണിച്ചാണു ഫാ. ടോമിനെ സലേഷ്യന്‍ സഭയുടെ ചാപ്പലിലേക്കു സ്വീകരിച്ചത്‌.

ഒരു നിമിഷം ദൈവത്തിനും പരിശുദ്ധ മാതാവിനും നന്ദി പറഞ്ഞശേഷമാണ്‌ അദ്ദേഹം സംസാരിച്ചുതുടങ്ങിയത്‌.

"ഒരിക്കലും അവരെന്നെ കൊല്ലുമെന്നു കരുതിയില്ല. എനിക്ക്‌ യേശുവിനായി ജീവിക്കണമായിരുന്നു". അദ്ദേഹം പറഞ്ഞു.

"അവര്‍ തന്ന വസ്‌ത്രമാണു ധരിച്ചത്‌. രണ്ടോ മൂന്നോ തവണ ഭീകരര്‍ എന്റെ തടവ്‌ സ്‌ഥലംമാറ്റി. കണ്ണുമൂടിക്കെട്ടിയാണു കൊണ്ടുപോയിരുന്നത്‌. അവര്‍ അറബിയിലാണു സംസാരിച്ചിരുന്നത്‌. ഞാന്‍ ഇംഗ്ലിഷില്‍ മറുപടി നല്‍കും."

മോശമായ പെരുമാറ്റമെന്നും തട്ടിക്കൊണ്ടുപോയവരില്‍നിന്നുണ്ടായില്ല. "ശരിയാണ്‌, എന്റെ ശരീരഭാരം കുറഞ്ഞു. രോഗാവസ്‌ഥയില്‍ അവര്‍ മരുന്നുകള്‍ തന്നു. പ്രമേഹത്തിനുള്ള മരുന്നിനും മുടക്കമുണ്ടായില്ല".

മനസില്‍ എപ്പോഴും പ്രാര്‍ഥനയോടെ കഴിഞ്ഞ നിമിഷങ്ങളെയും അദ്ദേഹം ഓര്‍ത്തെടുത്തു. "കുര്‍ബാന ക്രമം കൈയിലുണ്ടായിരുന്നില്ല. പക്ഷേ, പ്രാര്‍ഥനകള്‍ ഹൃദയത്തില്‍നിന്ന്‌ ഉയര്‍ന്നുവന്നു. വത്തിക്കാനില്‍ എത്തിയപ്പോഴുള്ള പ്രധാന ആഗ്രഹം കുമ്പസാരിച്ചു കുര്‍ബാന അനുഭവിക്കാനായിരുന്നു.

കുര്‍ബാന ചൊല്ലാനും മോഹമുണ്ടായിരുന്നു. സലേഷ്യന്‍ ചാപ്പലില്‍ കുര്‍ബാന ചൊല്ലാനായിരുന്നു ആഗ്രഹം. എന്നാല്‍, അനാരോഗ്യത്തെത്തുടര്‍ന്നു കുര്‍ബാന അര്‍പ്പിക്കാനായില്ല. സലേഷ്യന്‍ സഭയുടെ സംരക്ഷണത്തിലാണ്‌ അദ്ദേഹം വത്തിക്കാനില്‍ കഴിയുന്നത്‌. പൂര്‍ണആരോഗ്യം തിരിച്ചുകിട്ടുംവരെ അദ്ദേഹത്തിനു വിശ്രമം ഉറപ്പാക്കാനാണു സഭയുടെ തീരുമാനം. അദ്ദേഹത്തിന്‌ ഇഷ്‌ടമുള്ള കേരളീയ വിഭവങ്ങളും സഭാധികൃതര്‍ ലഭ്യമാക്കി.

"ഒമാന്‌ നന്ദി"
വത്തിക്കാനോടും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്‌ ബിന്‍ സഈദിനോടും നന്ദി പറയാനും ഫാ. ടോം മറന്നില്ല. ഒമാന്‍ ഭരണാധികാരിക്കും രാഷ്‌്രടത്തിനുംവേണ്ടി പ്രാര്‍ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. വത്തിക്കാന്റെ ശ്രമങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

മോചനം വത്തിക്കാന്റെ നിര്‍ദേശപ്രകാരമെന്ന്‌ ഒമാന്‍

ഐ.എസ്‌. ഭീകരരുടെ തടവിലായിരുന്ന ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ ഇടപെട്ടത്‌ വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന്‌ ഒമാന്‍ അറിയിച്ചു. ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന്റെ വാക്കുകളെ ഉദ്ധരിച്ച്‌ വാര്‍ത്താ എജന്‍സിയാണ്‌ ഇക്കാര്യം പുറത്ത്‌ വിട്ടത്‌. ഉഴുന്നാലിന്റെ മോചനത്തിനായി ഇടപെെട്ടന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങളെ പൊളിക്കുന്നതാണ്‌ ഒമാന്റെ വെളിപ്പെടുത്തല്‍.

യെമനുമായി ബന്ധപ്പെട്ടാണ്‌ ഒമാന്‍ അധികൃതര്‍ മോചനവഴി തേടിയത്‌. ഫാ. ടോമിനെ പാര്‍പ്പിച്ച കേന്ദ്രം കണ്ടെത്തുകയായിരുന്നു ആദ്യ ദൗത്യം. പിന്നീട്‌ ഭീകരരുടെ കേന്ദ്രത്തില്‍നിന്നു സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനുള്ള നീക്കം ഒമാന്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. അതിവേഗത്തില്‍ തിരിച്ചെത്തിക്കണമെന്ന സുല്‍ത്താന്റെ നിര്‍ദേശവും ഫാ. ടോമിന്റെ മോചനത്തിനു സഹായിച്ചു.

ഇതാദ്യമായല്ല യെമനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്‍മാരെ ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ട്‌ രക്ഷപ്പെടുത്തുന്നത്‌. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കു സുരക്ഷിതമായി നാട്ടിലെത്താന്‍ ഒമാന്‍ സര്‍ക്കാര്‍ വഴിയൊരുക്കിയിട്ടുണ്ട്‌. ആഭ്യന്തര കലഹം രൂക്ഷമായ യെമനുമായി മികച്ച ബന്ധം ഒമാന്‍ പുലര്‍ത്തുന്നതും മോചനങ്ങള്‍ക്കും സഹായകമാണ്‌.

യുദ്ധമേഖലയിലും പ്രാര്‍ഥനയോടെ

യുദ്ധഭൂമിയായ യെമനിലേക്കു സ്വന്തം ഇഷ്‌ടപ്രകാരമാണു ഫാ. ടോം ഉഴുന്നാലില്‍ പോയത്‌. അദ്ദേഹത്തിന്റെ പ്രഫസറായിരുന്ന ഫാ. തോമസ്‌ അഞ്ചുകണ്ടമാണു യാത്രാനുമതി നല്‍കിയത്‌. നേരത്തെ നാലുവര്‍ഷം യെമനില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തിലാണു ഫാ. ടോം വീണ്ടും യാത്രതിരിച്ചത്‌. ബംഗളൂരു ക്രിസ്‌തുജ്യോതി തിയോളജി കോളജില്‍ അഡ്‌മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ശേഷമായിരുന്നു യെമന്‍ യാത്ര. യുദ്ധം കനത്തപ്പോള്‍ മറ്റു വൈദികര്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചു നാട്ടിലേക്കു മടങ്ങി.

യുദ്ധം ആരംഭിച്ചതിനാല്‍ അബുദാബിയിലും ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്ന ജിബൂത്തിയിലും തങ്ങി മൂന്നു മാസത്തോളമെടുത്താണു യെമനിലെത്തിയത്‌. തലസ്‌ഥാനമായ സനായിലേക്ക്‌ യു.എന്‍. പ്രതിനിധിയായാണു ചെന്നത്‌. ഏഡനിലെത്താന്‍ പിന്നെയും ഒരു മാസമെടുത്തു. മദര്‍ തെരേസ രൂപംകൊടുത്ത മിഷനറീസ്‌ ഓഫ്‌ ചാരിറ്റി സന്യാസിനീ സമൂഹം യെമനിലെ ഏഡനില്‍ നടത്തിയിരുന്ന വയോധിക സദനത്തിലാണ്‌ ഫാ. ഉഴുന്നാലില്‍ എത്തിയത്‌. ഇവിടെനിന്നാണ്‌ അദ്ദേഹത്തെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്‌. ഒരു പോറലുപോലുമേല്‍ക്കാതെയാണ്‌ അദ്ദേഹം മടങ്ങിയെത്തിയത്‌.

മാര്‍പാപ്പയുടെ കാല്‍തൊട്ടു വണങ്ങി ഫാ. ടോം പുതുജീവിതത്തിലേക്ക്

വത്തിക്കാന്‍ സിറ്റി: ''പരിശുദ്ധ പിതാവേ അങ്ങേയ്ക്കായി എന്നും ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്റെ സഹനം സഭയ്ക്കു നന്മയാണമെന്നായിരുന്നു ആഗ്രഹം''- ഫാ. ടോം ഉഴുന്നാലിന്റെ വാക്കുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹൃദയത്തില്‍ത്തൊട്ടു.

കാല്‍തൊട്ടു വണങ്ങിയ ഫാ. ടോമിനെ എഴുന്നേല്‍പ്പിച്ച് അനുഗ്രഹിക്കാന്‍ മാര്‍പാപ്പ െവെകിയില്ല. പ്രാദേശിക സമയം െവെകിട്ട് ആറിന് സാന്തേ മാര്‍ത്തേയിലെ വസതിയിലെത്തിയാണു ഫ്രാന്‍സിസ് മാര്‍പാപ്പയെ ഫാ. ടോം കണ്ടത്. യെമനിലെ ആക്രമണത്തില്‍ മരിച്ച നാലു കന്യസ്ത്രീകളെ അനുസ്മരിച്ചാണു ഫാ. ടോം മാര്‍പാപ്പയുമായുള്ള സംഭാഷണം തുടങ്ങിയത്. അവര്‍ ആത്മീയയാത്രയില്‍ എന്നും വഴികാട്ടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. തലയില്‍ െകെവച്ച് അനുഗ്രഹിച്ചശേഷമാണ് ഫാ. ടോമിനെ മാര്‍പാപ്പ മടക്കിയയച്ചത്.

െദെവസ്‌നേഹമാണു ഫാ. ടോമിന്റെ സന്ദേശമെന്ന് അദ്ദേഹത്തോടൊപ്പം മാര്‍പാപ്പയെ സന്ദര്‍ശിച്ച ബോംബെ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷിയസ് പറഞ്ഞു. എന്നാണു ഫാ. ടോം കേരളത്തിലേക്കു മടങ്ങുകയെന്നു സഭ വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിനു ഗൗരവമുള്ള ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നു കര്‍ദിനാള്‍ അറിയിച്ചു. യെമനില്‍ ഐ.എസ്. ഭീകരരുടെ പിടിയിലായിരുന്ന ഫാ. ടോം ചൊവ്വാഴ്ചയാണു മോചിതനായത്.

Ads by Google
Ads by Google
Loading...
TRENDING NOW