Friday, June 08, 2018 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 06.46 AM

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ ആലിലക്കണ്ണനാകാന്‍ കുരുന്നിനെ കെട്ടിയിട്ടത് മണിക്കൂറുകള്‍ ; സിപിഎം കേന്ദ്രങ്ങളില്‍ ''കാവിച്ചെങ്കൊടി''

uploads/news/2017/09/145922/kannur.jpg

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നടന്ന ശോഭായാത്രയില്‍ ആലിലയിലുറങ്ങുന്ന കൃഷ്ണന്റെ വേഷംകെട്ടിക്കാന്‍ മൂന്നുവയസുള്ള കുഞ്ഞിനെ മണിക്കൂറുകളോളം കെട്ടിയിട്ടെന്ന് ആരോപണം. പയ്യന്നൂരില്‍ നടന്ന ശോഭായാത്രയില്‍ ആലിലയിലുറങ്ങുന്ന കൃഷ്ണരൂപം ഒരുക്കാന്‍ ആലിലയുടെ രൂപത്തിലുണ്ടാക്കിയ ചെരിഞ്ഞ പ്ലാറ്റ്‌ഫോമില്‍ ശ്രീകൃഷ്ണവേഷം ധരിപ്പിച്ച കുഞ്ഞിനെ കെട്ടിയിട്ടെന്നും ബാലപീഡനത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം.

ഉച്ചയ്ക്ക് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് വിവേകാനന്ദ സേവാ സമിതിയുടെ നേതൃത്വത്തിലാണ് ഘോഷയാത്ര ആരംഭിച്ചത്. മൂന്നു മണിയോടെ വിവിധ വേഷങ്ങള്‍ കെട്ടിച്ചുള്ള കുട്ടികളെ വാഹനങ്ങളിലെത്തിക്കുകയായിരുന്നു. അതില്‍ ഒന്നായിരുന്നു ആലിലയിലെ കൃഷ്ണന്‍. കുട്ടിയുടെ അരഭാഗം ഇലയില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു. വെയിലേല്‍ക്കാതെ കണ്ണും അടച്ച് തലചെരിച്ചാണ് കുട്ടി കിടന്നിരുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ ബാലഗോകുലം സംഘടിപ്പിച്ച ശോഭയാത്രയില്‍ സുരക്ഷിത സൗകര്യങ്ങള്‍ ഒരുക്കിയിരുന്നുവെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

ചെങ്കൊടികള്‍കൊണ്ട് അലങ്കരിച്ച വീഥിയിലൂടെ സി.പി.എമ്മിന്റെ ജന്മാഷ്ടമി ദിന ഘോഷയാത്ര കടന്നുപോയപ്പോള്‍ അണികള്‍ക്കും കാണികള്‍ക്കും സര്‍വത്ര ആശയക്കുഴപ്പം. ഈ കൊടിക്കൂറകള്‍ ആരുടേതാണ്? കൊടിയുടെ ആകൃതി നോക്കി പാര്‍ട്ടിയെ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. സി.പി.എം. സാധാരണ കൊടികളാണു പാര്‍ട്ടി പരിപാടികള്‍ക്ക് ഉപയോഗിക്കുന്നത്. സംഘപരിവാര്‍ സംഘടനകള്‍ കൊടിക്കൂറകളും.

ആര്‍.എസ്.എസിനെ വെല്ലുവിളിച്ച് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര സംഘടിപ്പിച്ച പാര്‍ട്ടി, കൊടിയില്‍ അവരെ അനുകരിച്ചതു ചര്‍ച്ചയായിരിക്കുകയാണ്. ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ വോട്ടുതേടുന്ന എല്‍.ഡി.എഫ്, മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ പലപ്പോഴും പച്ച നിറത്തിലുള്ള ഫഌക്‌സുകളും പോസ്റ്ററുകളും ഉപയോഗിക്കുന്നതു നേരത്തേ ചര്‍ച്ചയായിരുന്നു. ഇതിനെ പരിഹസിച്ച് 'പച്ചച്ചെങ്കൊടി പാറട്ടെ' എന്ന ഹാസ്യമുദ്രവാക്യം പോലുമുണ്ട്. സി.പി.എം. ശക്തികേന്ദ്രമായ തലശേരി മാടപ്പീടികയിലാണ് കൊടിക്കൂറ മോഡല്‍ ചെങ്കൊടികള്‍ കണ്ടത്. ഇപ്പോള്‍ ചുവപ്പാണെങ്കിലും വെയിലേറ്റു നരയ്ക്കുന്നതോടെ ഇവ കാവി നിറമായി മാറും. അതേസമയം ഈ കൊടികളുടെ ഉടമസ്ഥാവകാശം ആര്‍ക്കെന്നത് ഇനിയും വ്യക്തമായിട്ടില്ല.

സമാധാനപരമായി ശ്രീകൃഷ്ണ ജയന്തി ആഘോഷവും ഘോഷയാത്രകളും അവസാനിച്ചെങ്കിലും ചെങ്കൊടിയുടെ രൂപമാറ്റം കണ്ണൂരില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കിടെ വ്യാപക ആക്രമണത്തിനു സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനേത്തുടര്‍ന്നു ജില്ലയില്‍ പോലീസ് അതീവജാഗ്രതയിലായിരുന്നു. സംഘപരിവാറിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ക്കു പുറമേ സി.പി.എമ്മും ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സംഘര്‍ഷ ഭീതി നിലനിന്നത്.

ആര്‍.എസ്.എസ്. വിപുലമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി പോലുള്ള ചടങ്ങുകളില്‍ അണികള്‍ ആകൃഷ്ടരാകുന്നതായാണു സി.പി.എം. വിലയിരുത്തല്‍. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചു ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്രകളില്‍ കുട്ടികളുടെയും സ്ത്രീകളുടെയും വര്‍ധിച്ചുവരുന്ന പങ്കാളിത്തം മുന്നില്‍കണ്ടാണു ബാലസംഘത്തിന്റെയും പാര്‍ട്ടി നിയന്ത്രണത്തിലുള്ള സാംസ്‌കാരിക കേന്ദ്രങ്ങളുടെ പേരില്‍ ആഘോഷപരിപാടികള്‍ക്ക് സി.പി.എം. രംഗത്തെത്തിയത്.

പലയിടത്തും സംഘര്‍ഷസാധ്യത ഭയന്നു കാണികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. 'മഹദ് ജന്മങ്ങള്‍ മാനവ നന്മക്ക്' എന്ന സന്ദേശമുയര്‍ത്തി സി.പി.എം സംഘടിപ്പിച്ച ഘോഷയാത്രകള്‍ 210 കേന്ദ്രങ്ങളിലും 'സുരക്ഷിത ബാല്യം സുകൃത ബാല്യം' എന്ന സന്ദേശമുയര്‍ത്തി സംഘപരിവാര്‍ സംഘടിപ്പിച്ച ശോഭായാത്രകള്‍ക്ക് 300 കേന്ദ്രങ്ങളിലുമായാണു ജില്ലയില്‍ നടന്നത്. രാധാ-കൃഷ്ണവേഷ അണിനിരന്നു. പുരാണ കഥാപാത്രങ്ങള്‍ക്കൊപ്പം നവോത്ഥാന നായകരുടെ നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും സി.പി.എം. ഘോഷ യാത്രയില്‍ ഇടം നേടി. രണ്ടു വര്‍ഷം മുമ്പാണ് ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ സി.പി.എം. ഘോഷയാത്രകള്‍ നടത്തി തുടങ്ങിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW