Sunday, November 19, 2017 Last Updated 17 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.20 AM

'കരുണ'യുടെ 'കരം' വേണ്ട , റദ്ദാക്കിയത്‌ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ തീരുമാനം

uploads/news/2017/09/145919/k2.jpg

തിരുവനന്തപുരം: പാലക്കാട്‌ നെല്ലിയാമ്പതിയില്‍ പോബ്‌സ്‌ ഗ്രൂപ്പിന്റെ കൈവശമുള്ള 800 ഏക്കര്‍ വിസ്‌തൃതിയുള്ള കരുണ എസ്‌റ്റേറ്റിന്റെ കരം സ്വീകരിക്കാനുള്ള യു.ഡി.എഫ്‌. സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. യു.ഡി.എഫ്‌. സര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ പരിഗണിച്ചാണിത്‌.
യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കെ 2016 മാര്‍ച്ചിലാണ കരുണ എസ്‌റ്റേറ്റില്‍ നിന്നു കരം സ്വീകരിക്കാന്‍ തീരുമാനിച്ചത്‌. ഭൂമിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച്‌ സര്‍ക്കാരുമായുള്ള കേസ്‌ നിലനില്‍ക്കെയായിരുന്നു ഇത്‌. തര്‍ക്കമുള്ള കരുണ എസ്‌റ്റേറ്റിന്‌ കരം സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ പോബ്‌സ്‌ ഗ്രൂപ്പ്‌ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു.
പോബ്‌സിന്റെ കൈവശമുള്ളത്‌ സര്‍ക്കാര്‍ ഭൂമിയാണെന്ന്‌ 2014 ല്‍ റവന്യൂ വകുപ്പിന്റെ നിര്‍ദേശാനുസരണം ലാന്‍ഡ്‌ ബോര്‍ഡ്‌ സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കരം സ്വീകരിക്കുന്നതു കൊണ്ട്‌ ഭൂമിയുടെ ഉടമസ്‌ഥാവകാശം പോബ്‌സിനു ലഭിക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഉടമസ്‌ഥാവകാശ രേഖയുണ്ടെങ്കില്‍ മാത്രമേ കരം അടയ്‌ക്കാന്‍ നിയമപ്രകാരം കഴിയൂ എന്നിരിക്കെ കരം അടയ്‌ക്കാന്‍ അനുവദിക്കുന്നതിലൂടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച പോബ്‌സിന്റെ വാദം ശക്‌തിപ്പെടുമെന്നു വിമര്‍ശനമുണ്ടായി. വിവാദമായതോടെ മുന്‍ തീരുമാനത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. കോടതിയുടെ തീരുമാനത്തിന്‌ അനുസൃതമായി കരം സ്വീകരിക്കാമെന്ന വ്യവസ്‌ഥ പുതുതായി കൊണ്ടുവന്നതും വിവാദത്തിലായി.
മുന്‍സര്‍ക്കാരിന്റെ അവസാനകാലത്തെടുത്ത വിവാദ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ച ഇടതു സര്‍ക്കാര്‍ എ.കെ. ബാലന്‍ അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. തര്‍ക്കത്തിലുള്ള ഭൂമിയില്‍ നിന്നു കരം സ്വീകരിക്കാന്‍ തീരുമാനിച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ സമിതി കണ്ടെത്തി. ഉടമസ്‌ഥാവകാശം തീര്‍പ്പാകാത്ത നിലയ്‌ക്ക്‌ കരം സ്വീകരിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാരിന്റെ ഉത്തരവ്‌ റദ്ദാക്കണമെന്ന്‌ ഉപസമിതി ശിപാര്‍ശ ചെയ്‌തു. തോട്ടം ഉടമകളെ സഹായിക്കാനാണ്‌ ഈ ഉത്തരവിറക്കിയതെന്ന്‌ മന്ത്രിസഭായോഗം വിലയിരുത്തി. തുടര്‍ന്നാണ്‌ ഉപസമിതിയുടെ ശിപാര്‍ശ പൂര്‍ണമായും അംഗീകരിച്ച്‌ മുന്‍ സര്‍ക്കാരിന്റെ ഉത്തരവ്‌ റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്‌.
തിരുവനന്തപുരത്ത്‌ ടെന്നീസ്‌ ക്ലബിന്‌ പാട്ടക്കുടിശികയില്‍ ഇളവു നല്‍കാനുള്ള മുന്‍ സര്‍ക്കാരിന്റെ ഉത്തരവും റദ്ദാക്കും. ടെന്നീസ്‌ ക്ലബിന്റെ കൈവശമുള്ള 4.27 ഏക്കര്‍ ഭൂമിയുടെ പാട്ടക്കുടിശിക പിരിച്ചെടുക്കും. ഇതിനായി സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച്‌ ശിപാര്‍ശ സമര്‍പ്പിക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തി. പാട്ടക്കുടിശിക തുകയുടെ 0.2 ശതമാനം മാത്രം ഈടാക്കി പാട്ടം പുതുക്കി നല്‍കാനാണ്‌ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്‌. റാന്നി താലൂക്കിലെ പഴവങ്ങാടി വില്ലേജില്‍ പട്ടികവര്‍ഗക്കാരായ 34 കുടുംബങ്ങള്‍ക്ക്‌ രണ്ട്‌ ഏക്കര്‍ വീതം ഭൂമി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Ads by Google
Thursday 14 Sep 2017 02.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW