Thursday, September 14, 2017 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.20 AM

വിഴിഞ്ഞത്തില്‍ ഹൈക്കോടതി : കരാര്‍ എന്തിനു വേണ്ടി ?

uploads/news/2017/09/145918/k1.jpg

കൊച്ചി: യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ അദാനി ഗ്രൂപ്പുമായി ഒപ്പിട്ട വിഴിഞ്ഞം കരാര്‍ എന്തിനു വേണ്ടിയായിരുന്നുവെന്നു ഹൈക്കോടതി. വിഴിഞ്ഞം കരാര്‍ അതീവ ഗൗരവമേറിയ വിഷയമാണ്‌. എല്ലാം വിറ്റുതീര്‍ക്കുന്ന കരാര്‍ എന്തിനാണ്‌. ഇങ്ങനെയൊരു കരാര്‍ ഒപ്പിടുന്നതിന്റെ വാണിജ്യപരമായ പരിഗണനകളും നേട്ടങ്ങളും എന്തായിരുന്നുവെന്നും കോടതി ചോദിച്ചു.
വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്‌ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊല്ലം സ്വദേശി എം.കെ. സലിം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട്‌ ഇനി എന്തു ചെയ്യാനാവുമെന്നും സി.എ.ജി. റിപ്പോര്‍ട്ട്‌ പരിശോധിക്കാന്‍ രൂപീകരിച്ച ജസ്‌റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷനുമായി ബന്ധപ്പെട്ട നടപടികള്‍ വിശദീകരിക്കണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കി.
ഒരു സ്വകാര്യകമ്പനിക്ക്‌ എല്ലാം വിറ്റുതീര്‍ക്കുകയാണ്‌ കരാര്‍ ചെയ്യുന്നതെന്നാണു ഹര്‍ജിയില്‍ പറയുന്നതെന്നു കോടതി പറഞ്ഞു. സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു പരാതിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്‌.
കരാര്‍ നടപ്പാവുന്ന ആദ്യദിനം മുതല്‍ അവസാന ദിനംവരെ സംസ്‌ഥാന സര്‍ക്കാരിന്‌ നഷ്‌ടമുണ്ടാവുമെന്നാണ്‌ സി.എ.ജി. റിപ്പോര്‍ട്ട്‌ പറയുന്നത്‌. പദ്ധതി നടപ്പായി 40 വര്‍ഷത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്‌ 13,947 കോടി രൂപയുടെ വരുമാനമാണുണ്ടാവുക. 40 വര്‍ഷം കഴിഞ്ഞ്‌ കമ്പനി ഒഴിയുമ്പോള്‍ 19,555 കോടി രൂപ അവര്‍ക്ക്‌ നല്‍കണം. സംസ്‌ഥാന സര്‍ക്കാരിന്‌ മൊത്തം ലഭിച്ച വരുമാനത്തേക്കാള്‍ 5608 കോടി രൂപ കൂടുതലാണിതെന്നാണ്‌ സി.എ.ജി. പറയുന്നത്‌.
റിപ്പോര്‍ട്ട്‌ നിയമസഭയില്‍ വച്ചപ്പോള്‍ സംസ്‌ഥാന സര്‍ക്കാര്‍, വിരമിച്ച ജസ്‌റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചെന്നാണു ഹര്‍ജിക്കാരന്‍ പറയുന്നത്‌. ആറുമാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നാണ്‌ പറഞ്ഞിരുന്നത്‌.
മതിയായ അടിസ്‌ഥാന സൗകര്യവും ഒന്നും ഇല്ലാത്തതിനാല്‍ നാലു മാസം മീറ്റിങ്ങടക്കം ഒന്നും ചെയ്യാനായില്ലെന്ന്‌ കമ്മിഷന്‍ പരസ്യമായി പ്രഖ്യാപിച്ചെന്നാണ്‌ ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്‌. തുടര്‍ന്നാണ്‌ ഇത്‌ അതീവ ഗൗരവമേറിയ വിഷയമാണെന്നും മറ്റും കോടതി പരാമര്‍ശം നടത്തിയത്‌.
ഓഡിറ്റിങ്‌ നടത്തുന്ന ഏജന്‍സിയായ സി.എ.ജി., സര്‍ക്കാര്‍ ഇന്നയിന്ന കാര്യങ്ങള്‍ ചെയ്യണമെന്നു പറയുകയും ചോദ്യം ചെയ്യുകയും ചെയ്യുമെന്ന്‌ കോടതി വാക്കാല്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ട്‌ സഭയ്‌ക്കു മുന്നില്‍ വയ്‌ക്കും. എല്ലാ അംഗങ്ങള്‍ക്കും ഇത്‌ പരിശോധിക്കാന്‍ അവകാശമുണ്ട്‌. സര്‍ക്കാരിനുണ്ടാകുന്ന നേട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ കരാര്‍ പൂര്‍ണമായും വിറ്റുതീര്‍ക്കലാണെന്നാണു പ്രഥമദൃഷ്‌ട്യാ വ്യക്‌തമാവുന്നതെന്നും കോടതി വാക്കാല്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 14 Sep 2017 02.20 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW