Friday, February 23, 2018 Last Updated 18 Min 35 Sec ago English Edition
Todays E paper
Ads by Google
വി.പി നിസാര്‍
Thursday 14 Sep 2017 02.20 AM

വേങ്ങര ഉപതെരഞ്ഞെടുപ്പ്‌; ചര്‍ച്ചകള്‍ സജീവം , ലീഗിനു പുതിയ സ്‌ഥാനാര്‍ഥിയില്ല

uploads/news/2017/09/145913/k5.jpg

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുസ്ലിം ലീഗിന്റെ സ്‌ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച കെ.പി.എ. മജീദിനെയും കെ.എന്‍.എ. ഖാദറിനെയും കേന്ദ്രീകരിച്ച്‌. പുതിയ സ്‌ഥാനാര്‍ഥിയുണ്ടാകില്ലെന്നും ഇരുവരില്‍ ഒരാളാണു സ്‌ഥാനാര്‍ഥിയെന്നുമാണു ലീഗ്‌ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. യുവാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ടിരുന്ന യൂത്ത്‌ലീഗ്‌ നേതൃത്വവും നിലപാട്‌ മാറ്റി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാമെന്ന സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ ഉറപ്പിലാണു യൂത്ത്‌ ലീഗിന്റെ പിന്മാറ്റം. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു പോയ സാഹചര്യത്തില്‍ ലീഗിന്റെ പ്രതിനിധിയായി മുതിര്‍ന്ന ഒരാള്‍ തന്നെ മത്സരിക്കണമെന്ന ആവശ്യം യൂത്ത്‌ലീഗ്‌ അംഗീകരിച്ചു.

സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായ കെ.പി.എ. മജീദിനെ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ കെ.എന്‍.എ. ഖാദറിനെ പകരം ആ സ്‌ഥാനത്തിരുത്തും. നിലവില്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയാണു ഖാദര്‍. വള്ളിക്കുന്ന്‌ എം.എല്‍.എ. ആയിരുന്നത്‌ കെ.എന്‍.എ. ഖാദറിന്‌ ഒരുവട്ടം കൂടി നറുക്കു വീഴാന്‍ കാരണമായേക്കും. ലീഗ്‌ ഉരുക്കുകോട്ടയായ വേങ്ങരയില്‍ വിജയ സാധ്യതയുള്ള സ്വതന്ത്ര്യ സ്‌ഥാനാര്‍ഥിയെ ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥിയെ തന്നെ മത്സര രംഗത്തിറക്കാനാണു സി.പി.എം. തീരുമാനം. ഇതുവരെ സ്‌ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടത്തിയില്ലെന്നു സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍ പറഞ്ഞു. ജില്ലാ സെക്രേട്ടറിയറ്റ്‌ കൂടി അഭിപ്രായം ആരാഞ്ഞ ശേഷം സംസ്‌ഥാന കമ്മിറ്റിക്കു വിവരം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയെ 17 നു ശേഷം പ്രഖ്യാപിക്കുമെന്നു ബി.ജെ.പി. നേതൃത്വം വ്യക്‌തമാക്കി. കഴിഞ്ഞ തവണ വേങ്ങരയില്‍ മത്സരിച്ച എന്‍.ഡി.എ. സ്‌ഥനാര്‍ഥി 7,055 വോട്ടുകളാണു നേടിയത്‌. സ്‌ഥാനാര്‍ഥിയുമായി ബന്ധപ്പെട്ടു ആലോചനകള്‍ നടന്നുക്കുന്നതേയുള്ളെന്നു ബി.ജെ.പി. മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കെ. രാമചന്ദ്രന്‍ പറഞ്ഞു. വേങ്ങരയില്‍ മത്സരിച്ച ചെറുപാര്‍ട്ടികളില്‍ എസ്‌.ഡി.പി.ഐ. ഇത്തവണയും മത്സര രംഗത്തുണ്ട്‌. എസ്‌.ഡി.പി.ഐ. സ്‌ഥാനാര്‍ഥിയെ ഇന്നു പ്രഖ്യാപിക്കും. കഴിഞ്ഞ തവണ 3,049 വോട്ടുമായി നാലാം സ്‌ഥാനത്തുണ്ടായിരുന്ന ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ അബ്‌ദുല്‍ മജീദിനെയാണ്‌ ഇത്തവണയും പരിഗണിക്കുന്നത്‌.

വെല്‍ഫെയര്‍ പാര്‍ട്ടിയും പി.ഡി.പി.യും മത്സര രംഗത്തുണ്ടാകില്ലെന്ന സൂചനകള്‍ ലഭിച്ചു. കാര്യമായ രാഷ്‌ട്രീയ ദൗത്യം നിര്‍വഹിക്കാനില്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടെന്ന നിലപാടാണു വെല്‍വെയര്‍ പാര്‍ട്ടിക്ക്‌. അന്തിമ തീരുമാനം തിരുവനന്തപുരത്ത്‌ ഇന്നു ചേരുന്ന സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ യോഗത്തിലുണ്ടാകും. കഴിഞ്ഞ തവണ 1,864 വോട്ടുകളാണു വെല്‍ഫെയര്‍ പാര്‍ട്ടി നേടിയിരുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ഡി.പി. 1,472 വോട്ടുകള്‍ നേടിയിരുന്നു. മത്സരിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത ദിവസം അറിയിക്കുമെന്നു നേതാക്കള്‍ പറഞ്ഞു. പി.ഡി.പി. മത്സരിക്കുന്നില്ലെങ്കില്‍ എല്‍.ഡി.എഫിനുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്‌. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പി. എല്‍.ഡി.എഫിനു പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു.

വേങ്ങര മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. ഇതിന്റെ ഭാഗമായി കണ്ണമംഗലം വൈസ്‌ പ്രസിഡന്റ്‌ പൂക്കത്ത്‌ മുജീബ്‌ ഇന്നലെ രാജിവച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനായി മലപ്പുറത്ത്‌ ചേര്‍ന്ന യോഗം ധാരണയായതിനെത്തുടര്‍ന്നാണു രാജി. 20 അംഗങ്ങളുള്ള ഇവിടെ ലീഗിനെതിരേ കോണ്‍ഗ്രസ്‌, സി.പി.എം., സി.പി.ഐ., വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ ചേര്‍ന്നു വികസന മുന്നണി രൂപീകരിച്ചാണു മത്സര രംഗത്തുണ്ടായിരുന്നത്‌. ഭരണം ലീഗ്‌ പിടിച്ചെടുത്തതോടെ പ്രസിഡന്റും വൈസ്‌ പ്രസിഡന്റും അവര്‍ക്കായിരുന്നു. ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥയുടെ ഭാഗമായാണു വൈസ്‌ പ്രസിഡന്റ്‌ രാജിവെച്ചത്‌.

കെ.പി.സി.സി. പ്രസിഡന്റ്‌ എം.എം. ഹസന്റെ അധ്യക്ഷതയില്‍ വേങ്ങര വ്യാപാര ഭവനില്‍ ബുത്ത്‌ പ്രസിഡന്റുമാര്‍ മുതലുള്ള നേതാക്കളുടെ യോഗം ചേര്‍ന്നു മുന്നണി ബന്ധം ശക്‌തമാക്കാന്‍ തീരുമാനമെടുത്തിരുന്നു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ യോഗത്തിലുണ്ടായിരുന്നു. വേങ്ങര മണ്ഡലത്തിലെ ആറു പഞ്ചായത്തുകളില്‍ ഒതുക്കങ്ങല്‍, ഊരകം, എ.ആര്‍.നഗര്‍ പഞ്ചായത്തുകളില്‍ മാത്രമാണു യു.ഡി.എഫ്‌. മുന്നണിയായുള്ളത്‌. കണ്ണമംഗലം, വേങ്ങര, പഞ്ചായത്തുകളില്‍ ലീഗ്‌ തനിച്ച്‌ ഭരണം നടത്തുന്നു.
പറപ്പൂര്‍ പഞ്ചായത്തിലാകട്ടെ ലീഗിനെ പരാജയപ്പെടുത്തി സി.പി.എം, കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുകയും ചെയ്‌തു. ഇവിടെ താഴേത്തട്ടിലുണ്ടായ അഭിപ്രായ വ്യത്യാസം പൂര്‍ണമായും മാറ്റിയെടുക്കാന്‍ നേതൃത്വങ്ങള്‍ക്കായിട്ടില്ല.

ലീഗ്‌ സ്‌ഥാനാര്‍ഥിയെ 19-ന്‌ അറിയാം

കണ്ണൂര്‍: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ മുസ്ലിംലീഗ്‌ സ്‌ഥാനാര്‍ഥിയെ സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട്‌ സയ്ിദ്‌ ഹൈയദരലി ശിഹാബ്‌ തങ്ങള്‍ 19 നു പ്രഖ്യാപിക്കുമെന്ന്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌. 18 ന്‌ പാര്‍ലമെന്റ്‌ കമ്മറ്റി യോഗം ചേരും. അന്നു തന്നെ സ്‌ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമാകും. കോണ്‍ഗ്രസുമായുള്ള പ്രാദേശിക പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ചോദ്യത്തിനു പ്രാദേശിക പ്രശ്‌നങ്ങള്‍ പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കാറില്ലെന്നായിരുന്നു മറുപടി. പ്രശ്‌നബാധിതമായ മൂന്നു പഞ്ചായത്തുകളിലും പി.കെ. കുഞ്ഞാലിക്കുട്ടിക്കു വന്‍ ഭൂരിപക്ഷം നേടാനായി. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും പ്രാദേശിക നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
വി.പി നിസാര്‍
Thursday 14 Sep 2017 02.20 AM
YOU MAY BE INTERESTED
TRENDING NOW