Tuesday, November 21, 2017 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.20 AM

സ്‌റ്റാഫ്‌ നഴ്‌സ്‌ നിയമനത്തിലെ ക്രമക്കേട്‌ : സീനിയോറിട്ടി മറികടന്ന്‌ നിയമിക്കപ്പെട്ടയാള്‍ വിദേശജോലിയില്‍

പത്തനംതിട്ട: ജില്ലയില്‍ ആരോഗ്യവകുപ്പിലെ സ്‌റ്റാഫ്‌ നഴ്‌സ്‌ ഗ്രേഡ്‌ -രണ്ട്‌ നിയമനത്തില്‍ സാമ്പത്തിക ക്രമക്കേടും നടന്നതായി സൂചന. പി.എസ്‌.സി നല്‍കിയ നിയമന നിര്‍ദേശവും സീനിയോറിട്ടിയും മറികടന്ന്‌ നിയമനം നടത്തിയ സംഭവത്തില്‍ ഡി.എം. ഓഫീസിലെ രണ്ട്‌ ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തതിന്‌ പിന്നാലെയാണ്‌ അഴിമതിയുടെ കൂടുതല്‍ കഥകള്‍ വെളിച്ചത്തു വന്നത്‌.
ഡി.എം.ഓഫീസിലെ സീനിയര്‍ സൂപ്രണ്ട്‌ (ജനറല്‍) ബിജി സി. മാത്യു, സീനിയര്‍ ക്ലാര്‍ക്ക്‌ സലീലാമ്മ എന്നിവരെയാണ്‌ ആരോഗ്യ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ്‌ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.
സ്‌റ്റാഫ്‌ നഴ്‌സുമാരുടെ 31 ഒഴിവുകള്‍ നിലവിലുണ്ടെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതനുസരിച്ച്‌ ജില്ലാ പി.എസ്‌.സി ഓഫീസില്‍ നിന്ന്‌ അത്രയും പേര്‍ക്ക്‌ കഴിഞ്ഞ ജനുവരി മൂന്നിന്‌ നിയമന ശിപാര്‍ശ നല്‍കി. എന്നാല്‍, ഇവര്‍ക്ക്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യഥാസമയം നിയമന ഉത്തരവ്‌ നല്‍കിയില്ല. ഇതിനിടയില്‍ പി.എസ്‌.സി 2016 ജനുവരി 20 ല്‍ ചെയ്‌ത ശിപാര്‍ശ ലഭിച്ചിട്ടും ജോലിക്ക്‌ ഹാജരാകാതിരുന്ന ജിന്‍സി സാമുവലിന്റെ എന്‍.ജെ.ഡി(നോണ്‍-ജോയിനിങ്‌ ഡ്യൂട്ടി) ഒഴിവിലേക്ക്‌ കഴിഞ്ഞ ഫെബ്രുവരി 22 ന്‌ ശിപാര്‍ശ ചെയ്‌ത ജി. സീമ എന്ന ഉദ്യോഗാര്‍ഥിക്ക്‌ സീനിയോറിട്ടി മറി കടന്ന്‌ നിയമനം നല്‍കിയതിനാണ്‌ നടപടി.
സീമ ജോലിയില്‍ പ്രവേശിച്ചതിന്‌ ശേഷം ശൂന്യവേതനാവധിയെടുത്ത്‌ വിദേശത്ത്‌ മറ്റൊരു ജോലിക്ക്‌ ചേര്‍ന്നുവെന്നും കണ്ടെത്തി. സീമയ്‌ക്ക്‌ വിദേശജോലിക്ക്‌ പോകുന്നതിന്‌ വേണ്ടിയാണ്‌ സീനിയോറിട്ടി മറി കടന്ന്‌ ആദ്യം നിയമനം നല്‍കിയത്‌. ഇതിന്‌ പിന്നില്‍ സാമ്പത്തിക അഴിമതി നടന്നതായും പറയുന്നു.
സംഭവത്തില്‍ നേരിട്ടു ബന്ധമുള്ള ഡി.എം. ഓഫീസിലെ മറ്റൊരു ഉദ്യോഗസ്‌ഥന്‍ നടപടിയില്‍ നിന്ന്‌ രക്ഷപ്പെട്ടു. ഇയാളാണ്‌ ചട്ടം മറികടന്ന്‌ നിയമനം നടത്താന്‍ മറ്റ്‌ ഉദ്യോഗസ്‌ഥരെ പ്രേരിപ്പിച്ചത്‌ എന്നാണ്‌ അറിയുന്നത്‌. നിയമനം നടക്കുന്ന കാലത്ത്‌ ഡി.എം.ഓ ആയിരുന്ന ഡോ. സഫിയ ബാനു, അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌ തുളസീഭായി എന്നിവര്‍ക്കെതിരേയും നടപടിക്ക്‌ ശിപാര്‍ശയുണ്ട്‌.
കഴിഞ്ഞ ജൂലൈ 18 ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയ, സെക്രട്ടറിയേറ്റ്‌ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിജിലന്‍സ്‌ സെല്‍ ആണ്‌ ക്രമക്കേട്‌ കണ്ടു പിടിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. സസ്‌പെന്‍ഷനിലായ ബിജി കേരളാ ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെയും സലീലാമ്മ എന്‍.ജി.ഓ യൂണിയന്റെയും ഭാരവാഹികളാണ്‌. ഇവര്‍ക്ക്‌ വേണ്ടി ഇടതുപക്ഷ യൂണിയന്‍ നേതാക്കള്‍ അണിയറയില്‍ ശക്‌തമായ ചരടുവലി നടത്തിയെങ്കിലും നടപടി വൈകിപ്പിക്കാന്‍ മാത്രമാണ്‌ കഴിഞ്ഞത്‌. ക്രമക്കേട്‌ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ്‌ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവ്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ സസ്‌പെന്‍ഷന്‍.
ഇതുസംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മറ്റു ചിലര്‍ കൂടി കുടുങ്ങുമെന്നാണ്‌ അറിയുന്നത്‌.
മുന്‍പും ഇതേ രീതിയില്‍ ഇവിടെ നിയമനം നടന്നിരിക്കാമെന്ന സംശയം ഉദ്യോഗാര്‍ഥികള്‍ ഉന്നയിക്കുന്നുണ്ട്‌. അത്‌ അറിയണമെങ്കില്‍ വിജിലന്‍സ്‌ തന്നെ അന്വേഷിക്കണമെന്നാണ്‌ ഇവരുടെ ആവശ്യം.

Ads by Google
Thursday 14 Sep 2017 02.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW