Thursday, September 14, 2017 Last Updated 58 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.20 AM

മദ്രസാ അധ്യാപക ക്ഷേമനിധി പദ്ധതി ബോര്‍ഡിനു കീഴിലാക്കും

കോഴിക്കോട്‌: മദ്രസാ അധ്യാപക ക്ഷേമനിധി പദ്ധതി ബോര്‍ഡിനു കീഴിലാക്കുന്നു. ന്യൂനപക്ഷ വകുപ്പ്‌ ഡയറക്‌ടറേറ്റ്‌ ഇതിനുള്ള കരട്‌ തയാറാക്കുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കുന്നതോടെ മറ്റു ക്ഷേമനിധി ബോര്‍ഡുകളെപ്പോലെ മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡും നിലവില്‍വരും.
മുസ്ലിം സംഘടനകളുടെ ആറു പ്രതിനിധികള്‍, ധന, വിദ്യാഭ്യാസ, പൊതുഭരണ വകുപ്പ്‌ എന്നിവയുടെ സെക്രട്ടറിമാര്‍, മദ്രസാ അധ്യാപക ക്ഷേമിനിധി മാനേജര്‍, ഡയറക്‌ടര്‍, തപാല്‍ വകുപ്പ്‌ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ എന്നിവരടങ്ങുന്ന പന്ത്രണ്ടംഗ മോണിറ്ററിങ്‌ സമിതിയാണ്‌ ഇപ്പോള്‍ മദ്രസാ അധ്യാപക ക്ഷേമനിധി നിയന്ത്രിക്കുന്നത്‌.
ബോര്‍ഡ്‌ വരുന്നതോടെ മോണിറ്ററിങ്‌ കമ്മിറ്റി ഇല്ലാതായി ഡയറക്‌ടര്‍മാര്‍ വരും. മോണിറ്ററിങ്‌ കമ്മിറ്റി അംഗങ്ങള്‍ക്ക്‌ നിലവില്‍ സിറ്റിങ്‌ അലവന്‍സില്ല. ഡയറക്‌ടര്‍ക്കും അലവന്‍സില്ല.
ബോര്‍ഡ്‌ വരുന്നതോടെ ചെയര്‍മാന്‌ കാറും അലവന്‍സും അംഗങ്ങള്‍ക്കു സിറ്റിങ്‌ അലവന്‍സും ഇനത്തില്‍ വലിയ തുക ചെലവഴിക്കേണ്ടിവരും. നിലവില്‍ മാനേജര്‍ അടക്കം അഞ്ചു ജീവനക്കാര്‍ക്കു ശമ്പളം നല്‍കുന്നത്‌ ന്യൂനപക്ഷ ക്ഷേമ വകുപ്പാണ്‌. ബോര്‍ഡ്‌ വന്നാല്‍ എല്ലാ ചെലവുകളും ബോര്‍ഡിന്റെ വരുമാനത്തില്‍ നിന്ന്‌ കണ്ടെത്തേണ്ടിവരും. നിലവില്‍ ക്ഷേമനിധിക്ക്‌ 20 കോടി രൂപ നിക്ഷേപമുണ്ട്‌.
ഒന്നര ലക്ഷത്തോളം മദ്രസാ അധ്യാപകര്‍ ഉണ്ടെങ്കിലും 2010 മേയില്‍ തുടങ്ങിയ ക്ഷേമനിധിയില്‍ 16,000 പേരെ ഇതുവരെ അംഗങ്ങളായിട്ടുളളു.
അംഗത്വമെടുക്കാന്‍ പല മദ്രസാ അധ്യാപകരും താല്‍പര്യം കാട്ടുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലും മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയിലും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനു മുസ്ലിം സംഘടനകളുടെ യോഗം രണ്ടുതവണ ചേര്‍ന്നെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ ബോര്‍ഡാക്കി മാറ്റാനുള്ള ശ്രമം.
സച്ചാര്‍ സമിതി നടപ്പാക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച പാലൊളി മുഹമ്മദ്‌കുട്ടി സമിതിയുടെ ശിപാര്‍ശ പ്രകാരമാണ്‌ മദ്രസാ അധ്യാപക ക്ഷേമനിധി രൂപീകരിച്ചത്‌.
നടത്തിപ്പിനായി പത്തുകോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ തുക കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിലാണ്‌ നിക്ഷേപിച്ചത്‌.
എന്നാല്‍, പലിശ ഈടാക്കുന്ന പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ മദ്രസാ അധ്യാപകര്‍ തയാറാവാത്തതിനാല്‍ പിന്നീട്‌ ഈ തുക കോഴിക്കോട്‌ പുതിയറ സബ്‌ ട്രഷറിയിലേക്ക്‌ മാറ്റി. പിന്നീട്‌ ഗ്രാന്റായി മൂന്നരക്കോടി രൂപയും സര്‍ക്കാര്‍ നല്‍കി.
2005-ല്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതി പ്രകാരം 65 വയസ്‌ കഴിഞ്ഞ മദ്രസാ അധ്യാപകര്‍ക്ക്‌ പ്രതിമാസം ആയിരം രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്‌.
നിലവില്‍ 41 അധ്യാപകരാണ്‌ ഇതിന്റെ ഗുണഭോക്‌താക്കള്‍. 200 പേര്‍ക്ക്‌ രണ്ടര ലക്ഷം വീതം ഭവന നിര്‍മാണത്തിനു പലിശ രഹിത വായ്‌പയും 350 പേര്‍ക്ക്‌ പതിനായിരം രൂപ വീതം വിവാഹ ധനസഹായവും ക്ഷേമനിധിയില്‍നിന്ന്‌ നല്‍കിട്ടുണ്ട്‌.

എം. ജയതിലകന്‍

Ads by Google
Advertisement
Thursday 14 Sep 2017 02.20 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW