Saturday, September 23, 2017 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.16 AM

ഒരുലക്ഷത്തോളം ചക്‌മ, ഹാജോങ്‌ അഭയാര്‍ഥികള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം

ന്യൂഡല്‍ഹി: കിഴക്കന്‍ പാകിസ്‌താനില്‍(ഇപ്പോഴത്തെ ബംഗ്ലാദേശ്‌)നിന്ന്‌ അരനൂറ്റാണ്ട്‌ മുമ്പ്‌ ഇന്ത്യയിലെത്തിയ ഒരുലക്ഷത്തോളം ചക്‌മ, ഹാജോങ്‌ അഭയാര്‍ഥികള്‍ക്കു പൗരത്വം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരാണിവര്‍.
ചക്‌മ, ഹാജോങ്‌ അഭയാര്‍ഥിപ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. അരുണാചല്‍പ്രദേശ്‌ മുഖ്യമന്ത്രി പേമ ഖണ്ഡു, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്‌ജു, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ദോവല്‍ തുടങ്ങിയവരും പങ്കെടുത്ത ഈ യോഗത്തിലാണ്‌ അഭയാര്‍ഥികള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വമനുവദിക്കാന്‍ ധാരണയായത്‌.
പ്രധാനമായും അരുണാചല്‍പ്രദേശില്‍ താമസിക്കുന്ന ചക്‌മ, ഹാജോങ്‌ അഭയാര്‍ഥികള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വമനുവദിക്കാന്‍ 2015-ല്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. അതിനെതിരേ അരുണാചല്‍പ്രദേശ്‌ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി.
തുടര്‍ന്നാണു കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ പ്രശ്‌നപരിഹാരത്തിനു ശ്രമങ്ങളാരംഭിച്ചത്‌. ചക്‌മ/ഹാജോങ്ങുകള്‍ക്ക്‌ പൗരത്വമനുവദിക്കുന്നതിനെ അരുണാചലില്‍ ചില വിഭാഗങ്ങളും സംഘടനകളും എതിര്‍ത്തുവരുകയാണ്‌. ഇവര്‍ക്കു സംസ്‌ഥാനത്തെ പട്ടികവര്‍ഗക്കാര്‍ക്കുള്ള അവകാശങ്ങള്‍, ഭൂവുടമസ്‌ഥത ഉള്‍പ്പെടെ, അനുവദിക്കാതെയുള്ള പ്രശ്‌നപരിഹാരശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിവരുകയായിരുന്നു. ബുദ്ധമതക്കാരായ ചക്‌മകളും ഹിന്ദുക്കളായ ഹാജോങ്ങുകളും മതപീഡനത്തേത്തുടര്‍ന്നാണു പാകിസ്‌താനില്‍നിന്ന്‌ ഇപ്പോള്‍ മിസോറമിലുള്ള ലൂഷായ്‌ മലനിരകള്‍ വഴി ഇന്ത്യയിലെത്തിയത്‌. ഇവരില്‍ വലിയൊരു വിഭാഗത്തെയും ഇപ്പോള്‍ അരുണാചലില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ കുടിയിരുത്തുകയായിരുന്നു.
1964-ല്‍ ഇവരുടെ എണ്ണം അയ്യായിരമായിരുന്നത്‌ ഇപ്പോള്‍ ഒരുലക്ഷത്തിലെത്തി. മ്യാന്‍മറില്‍നിന്ന്‌ ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യ മുസ്ലിംകളെ നാടുകടത്താനുള്ള നീക്കങ്ങള്‍ക്കിടയാണു മറ്റു രണ്ടു വിഭാഗങ്ങള്‍ക്കു പൗരത്വമനുവദിക്കാനുള്ള നീക്കം. ചക്‌മകള്‍ക്കും ഹാജോങ്ങുകള്‍ക്കും പൗരത്വം നല്‍കാന്‍ മുന്‍കൈയെടുക്കുന്ന അരുണാചല്‍പ്രദേശുകാരനായ കേന്ദ്രമന്ത്രി റിജ്‌ജുവിന്റെ അഭിപ്രായത്തില്‍ റോഹിന്‍ഗ്യകള്‍ അനധികൃത കുടിയേറ്റക്കാരാണ്‌.

Ads by Google
Advertisement
Thursday 14 Sep 2017 02.16 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW