Thursday, September 14, 2017 Last Updated 36 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.10 AM

വിവാഹമോചനക്കേസില്‍ നഷ്‌ടപരിഹാരം സമാഹരിക്കാന്‍ ജോലി തട്ടിപ്പ്‌: യുവാവ്‌ അറസ്‌റ്റില്‍

uploads/news/2017/09/145856/c5.jpg

മല്ലപ്പള്ളി: വിവാഹമോചനക്കേസ്‌ നടത്തിപ്പിനും നഷ്‌ടപരിഹാരം നല്‍കേണ്ടി വരാനിടയുള്ള തുക സമാഹരിക്കുന്നതിനുമായി വിദേശജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ നടത്തിയ യുവാവ്‌ അറസ്‌റ്റില്‍. തിരുവന്‍വണ്ടൂര്‍ തോപ്പില്‍ വീട്ടില്‍ ദിലീപ്‌ തോമസി(43)നെയാണ്‌ പെരുമ്പെട്ടി എസ്‌.ഐ. സി.ടി. സഞ്‌ജയ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഖത്തറില്‍ നഴ്‌സിങ്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നാലുപേരില്‍ നിന്നായി 4.25 ലക്ഷം രൂപയാണ്‌ തട്ടിയെടുത്തത്‌. 75000 രൂപ വീതം ദിലീപ്‌ തട്ടിയെടുത്തെന്ന മൂന്നു പെരുമ്പെട്ടി സ്വദേശിനികളുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌. രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന മണിമല സ്വദേശിനിയുടെ പരാതിയില്‍ ചെങ്ങന്നൂര്‍ പോലീസും കേസ്‌ എടുത്തിട്ടുണ്ട്‌.
ഡല്‍ഹിയില്‍ ഡ്രൈവറായിരുന്ന ദിലീപിന്‌ അടുത്ത കാലത്തായി ഏറെ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. പണം കണ്ടെത്തുന്നതിനായി വാഹനദല്ലാളായും ജോലി ചെയ്‌തു. ഡല്‍ഹിയില്‍ നിന്ന്‌ വിലകുറച്ച്‌ സെക്കന്‍ഡ്‌ ഹാന്‍ഡ്‌ വാഹനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക്‌ ഇടനിലക്കാരനായിട്ടായിരുന്നു പ്രവര്‍ത്തനം. ഇതിനിടെയാണ്‌ ഭാര്യ വിവാഹ മോചനത്തിന്‌ കേസ്‌ നല്‍കിയത്‌. വിവാഹ മോചനം അനുവദിക്കുമ്പോള്‍ വന്‍തുക നഷ്‌ടപരിഹാരം നല്‍കേണ്ടി വരുമെന്ന്‌ കണ്ടാണ്‌ തട്ടിപ്പിന്‌ ഇറങ്ങിയതെന്നാണ്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞത്‌. 35,000 രൂപയ്‌ക്ക്‌ ഖത്തറില്‍ കൊണ്ടുപോകാമെന്നായിരുന്നു വാഗ്‌ദാനം. തുക കുറവായതാണ്‌ ഉദ്യോഗാര്‍ഥികള്‍ ഇയാളെ വിശ്വാസത്തിലെടുക്കാന്‍ കാരണമായത്‌. ആദ്യഗഡു കൈപ്പറ്റിക്കഴിഞ്ഞ്‌ വീണ്ടും 40,000 രൂപ വീതം പല കാരണങ്ങള്‍ പറഞ്ഞ്‌ കൈവശപ്പെടുത്തി. ഇന്‍ഡസ്‌ ബാങ്കിന്റെ തിരുവല്ല ശാഖയിലെ അക്കൗണ്ടിലേക്കാണ്‌ ഇയാള്‍ പണം വാങ്ങിയത്‌.
പറഞ്ഞ സമയത്ത്‌ ജോലി കിട്ടാതെ വന്നതോടെ ഉദ്യോഗാര്‍ഥികള്‍ ദിലീപിനെ വിളിച്ചു. ആദ്യമൊക്കെ അറ്റന്‍ഡ്‌ ചെയ്‌തിരുന്നുവെങ്കിലും പിന്നീട്‌ ഫോണ്‍ എടുക്കാതെയായി. ഇതോടെഉദ്യോഗാര്‍ഥികള്‍ പോലീസില്‍ പരാതി നല്‍കി. ഇതേപ്പറ്റി അന്വേഷിക്കാന്‍ ദിലീപിനെ വിളിച്ച എസ്‌.ഐയോട്‌ തനിക്ക്‌ പരാതിക്കാരെ ആരെയും അറിയില്ലെന്നും അവര്‍ കളവാണ്‌ പറയുന്നത്‌ എന്നുമാണ്‌ ഇയാള്‍ പറഞ്ഞത്‌.
ഡല്‍ഹിയിലായിരുന്ന പ്രതി ഫോണ്‍ ഓഫ്‌ ചെയ്‌ത്‌ വച്ചതു കാരണം കണ്ടെത്താനും പോലീസ്‌ ബുദ്ധിമുട്ടി. ഇയാളുടെ നമ്പര്‍ നിരന്തരം നിരീക്ഷിച്ചു വന്ന പോലീസ്‌ കഴിഞ്ഞ ദിവസം ഇയാള്‍ തിരുവന്‍വണ്ടൂരിലെ വീട്ടിലെത്തിയെന്ന്‌ കണ്ടെത്തി. ഇവിടെയെത്തിയാണ്‌ പോലീസ്‌ സംഘം കസ്‌റ്റഡിയില്‍ എടുത്തത്‌. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.
ജില്ലാ പോലീസ്‌ മേധാവി സതീഷ്‌ ബിനോയുടെ നിര്‍ദേശപ്രകാരം തിരുവല്ല ഡിവൈ.എസ്‌.പി ആര്‍. ചന്ദ്രശേഖരപിള്ള, മല്ലപ്പള്ളി സി.ഐ. കെ. സലിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ജേക്കബ്‌, രതീഷ്‌, അജാസ്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Ads by Google
Advertisement
Thursday 14 Sep 2017 02.10 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW