Tuesday, November 21, 2017 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.10 AM

വയോധിക ദമ്പതികള്‍ ദാരുണമായി കൊല്ലപ്പെട്ടു

uploads/news/2017/09/145855/c4.jpg

പാലക്കാട്‌: തോലന്നൂരില്‍ വിമുക്‌തഭടനെയും ഭാര്യയെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മരുമകളുടെ സുഹൃത്തിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. വീടിന്റെ അടുക്കളയില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കണ്ടെത്തിയ മരുമകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണു പോലീസിന്റെ നിഗമനം.
പൂളയ്‌ക്കാപറമ്പില്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരാണു മരിച്ചത്‌. ഒപ്പം താമസിച്ചിരുന്ന പുത്രഭാര്യ ഷീജ(35)യെ കൈയും വായയും കെട്ടിയ നിലയിലാണു കണ്ടെത്തിയത്‌. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീജയുടെ സുഹൃത്ത്‌ വടക്കന്‍പരവൂര്‍ മന്നം ചോപ്പെട്ടി വീട്ടില്‍ സദാനന്ദനാണ്‌ (53) പോലീസിന്റെ കസ്‌റ്റഡിയിലുള്ളത്‌. തേനൂരില്‍ ഷീജയുടെ വീടിനു സമീപം വാടകയ്‌ക്കു താമസിക്കുന്ന സദാനന്ദന്‍ കുറ്റം സമ്മതിച്ചതായാണു വിവരം. ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഷീജയെ വിശദമായി ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട പ്രേമകുമാരിയുടെ സഹോദരപുത്രി കൂടിയാണു ഷീജ.
കഴിഞ്ഞ 31-നു രാത്രി സ്വാമിനാഥനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. വീടിനു പുറത്തുള്ള ഫ്യൂസില്‍ കുത്തിയ കമ്പി കിടപ്പുമുറിയിലേക്കിട്ടായിരുന്നു കൊലപാതകശ്രമം. പ്രേമകുമാരി ആശുപത്രിയിലായതിനാല്‍ അന്ന്‌ സ്വാമിനാഥന്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ കോട്ടായി പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ രാവിലെ ആറരയോടെ പാലുമായെത്തിയ സ്‌ത്രീയാണ്‌ അടുക്കളമുറിയില്‍ കെട്ടിയിടപ്പെട്ട നിലയില്‍ ഷീജയെ കണ്ടെത്തിയത്‌. അടുക്കളവാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഉടനെ സമീപത്തു താമസിക്കുന്ന സ്വാമിനാഥന്റെ സഹോദരന്‍ ചന്ദ്രനെ വിവരം അറിയിച്ചു. അയല്‍ക്കാരും ബന്ധുക്കളും എത്തിയപ്പോഴാണ്‌ സ്വീകരണമുറിയില്‍ സ്വാമിനാഥന്റെ മൃതദേഹം കണ്ടത്‌. വയറിന്റെ ഇരുവശങ്ങളിലും നെഞ്ചിനു നടുവിലും കുത്തേറ്റിരുന്നു. കുടല്‍ പുറത്തുവന്ന നിലയിലാണ്‌. ചുറ്റിക കൊണ്ട്‌ തലയ്‌ക്കടിച്ചിരുന്നു. കിടപ്പുമുറിയിലാണ്‌ പ്രേമകുമാരിയുടെ മൃതദേഹം കണ്ടത്‌. ഇവരെ ശ്വാസംമുട്ടിക്കുകയും വയറില്‍ കുത്തുകയും ചെയ്‌തിട്ടുണ്ടെന്ന്‌ തൃശൂര്‍ റേഞ്ച്‌ ഐ.ജി: എം.ആര്‍. അജിത്‌കുമാര്‍ പറഞ്ഞു. അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്നാണ്‌ ഷീജയെ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌.
വീട്ടില്‍ പലേടത്തും മുളകുപൊടി വിതറിയിരുന്നു. വസ്‌ത്രങ്ങള്‍ വലിച്ചുവാരിയിട്ടിരുന്നു. വാതിലുകളൊന്നും തകര്‍ക്കാതെ കൊലയാളി രാത്രി വീട്ടിനുള്ളില്‍ കയറിയതെങ്ങനെ എന്ന സംശയത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു അന്വേഷണം. ബോധം വീണ്ടെടുത്തെങ്കിലും ഒന്നും പറയാതിരുന്ന ഷീജയുടെ മൊബൈല്‍ കോളുകളും ഇതിനിടെ പരിശോധിച്ചു. തേനൂരില്‍നിന്ന്‌ തോലന്നൂരിലേക്കു പുറപ്പെട്ടപ്പോള്‍ സദാനന്ദന്‍, ഷീജയെ ഫോണില്‍ വിളിച്ചിരുന്നെന്നു വ്യക്‌തമായി. ജില്ലാ ക്രൈം സ്‌ക്വാഡാണ്‌ മണിക്കൂറുകള്‍ക്കകം സദാനന്ദനിലേക്ക്‌ അന്വേഷണം എത്തിച്ചത്‌. ഷീജ ആശുപത്രിയില്‍ പോലീസ്‌ നിരീക്ഷണത്തിലാണ്‌.
ജില്ലയുടെ ചുമതലയുള്ള മലപ്പുറം ജില്ലാ പോലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബെഹ്‌റ സ്‌ഥലത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: പി. ശശികുമാറിന്റെ മേല്‍നോട്ടത്തില്‍ കുഴല്‍മന്ദം സി.ഐ. സിദ്ദീഖാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. ഷീജയുടെ ഭര്‍ത്താവ്‌ പ്രദീപ്‌ സൈനികനാണ്‌. പ്രമോദ്‌ (ദുബായ്‌), പ്രസീത എന്നിവരാണ്‌ സ്വാമിനാഥന്റെ മറ്റു മക്കള്‍.

Ads by Google
Thursday 14 Sep 2017 02.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW