Thursday, September 14, 2017 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 12.28 AM

യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ യുവന്റസ്‌, ബഫണ്‍...കടം വീട്ടി മെസി

uploads/news/2017/09/145779/1.jpg

നൗക്യാമ്പ്‌: യുവേഫാ ചാമ്പ്യന്‍സ്‌ ലീഗ്‌ സീസണിന്‌ ഗോള്‍മഴയോടെ കിക്കോഫ്‌. ആദ്യ റൗണ്ടിന്റെ ആദ്യദിനം നടന്ന എട്ടു മത്സരങ്ങളില്‍ ആകെ പിറന്നത്‌ 28 ഗോളുകള്‍. വമ്പന്‍ ടീമുകളെല്ലാം തന്നെ ഗോള്‍വര്‍ഷവുമായി വിജയം കൊയ്‌തപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ കലാശിച്ച റോമ-അത്‌ലറ്റിക്കോ മാഡ്രിഡ്‌ മത്സരം മാത്രമായിരുന്നു അപവാദം.
സ്‌പാനിഷ്‌ വമ്പന്മാരായ ബാഴ്‌സലോണ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പിച്ചപ്പോള്‍ ക്വരാബാഗിനെതിരേ ഇംഗ്ലീഷ്‌ ചാമ്പ്യന്മാരായ ചെല്‍സിയുടെ ജയം എതിരില്ലാത്ത ആറു ഗോളുകള്‍ക്കായി.
ബാഴ്‌സയില്‍ നിന്ന്‌ സ്വന്തമാക്കിയ നെയ്‌മര്‍ ഗോള്‍വേട്ട തുടങ്ങിവച്ച മത്സരത്തില്‍ പി.എസ്‌.ജി. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ്‌ കെല്‍റ്റിക്കിനെ തോല്‍പിച്ചത്‌. ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്‌ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്‌ ആന്‍ഡെര്‍ലെഷിനെയും തുരത്തി.
ബഫണിനെ കീഴടക്കി മെസി
ഗ്യാന്‍ ല്യുയിജി ബഫണ്‍ കാവല്‍നില്‍ക്കുന്ന വലയില്‍ പന്തെത്തിക്കാനായിട്ടില്ലെന്ന്‌ ഇനി ആരും ലയണല്‍ മെസിയില്‍ ഒരു കുറ്റം കണ്ടുപിടിക്കെണ്ട. ബഫണിനെ നിഷ്‌പ്രഭനാക്കി ഒടുവില്‍ മെസി വലകുലുക്കി; ഒന്നല്ല എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍. പോസ്‌റ്റ് വില്ലനായിരുന്നില്ലെങ്കില്‍ ഹാട്രിക്കും നേടിയേനെ.
ആദ്യ റൗണ്ടില്‍ ഏവരും ഉറ്റുനോക്കിയ മത്സരത്തില്‍ മെസിയുടെ മിന്നും പ്രകടനത്തിന്റെ മികവില്‍ ബാഴ്‌സലോണ യുവന്റസിനെ 3-0ന്‌ തുരത്തി. ജയത്തോടെ കഴിഞ്ഞ ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടറില്‍ സ്വന്തം മണ്ണില്‍ യുവന്റസ്‌ ഏല്‍പ്പിച്ച പരാജയഭാരം ബാഴ്‌സ ഇറക്കിവയ്‌ക്കുകയും ചെയ്‌തു.
നൗക്യാമ്പില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ആധിപത്യം മുഴുവന്‍ ആതിഥേയര്‍ക്കായിരുന്നു. പേരുകേട്ട യുവന്റസ്‌ പ്രതിരോധനിരയെ പുഷ്‌പംപോലെ ബാഴ്‌സ താരങ്ങള്‍ കീറിമുറിച്ചു.
ആക്രമിച്ചു കളിച്ചെങ്കിലും ആദ്യപകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്ന്‌ ബാഴ്‌സ ആരാധര്‍ നെടുവീര്‍പ്പിട്ട സമയത്താണ്‌ ആദ്യഗോളിന്റെ പിറവി. മധ്യവരയില്‍ നിന്നു കുതിച്ചുപാഞ്ഞ മെസി ബോക്‌സിനുള്ളില്‍ സുവാരസിന്‌ പന്ത്‌ നൊടിയിടയില്‍ കാല്‍മാറി തിരിച്ചുവാങ്ങിയ ശേഷം തൊടുത്ത ഷോട്ടില്‍ ബഫണ്‍ വീണുപോയി. സ്‌കോര്‍ 1-0.
ഇടവേളയ്‌ക്ക് തൊട്ടുമുമ്പ്‌ ലഭിച്ച ലീഡിന്റെ ഊര്‍ജ്‌ജത്തിലായിരുന്നു രണ്ടാം പകുതിയില്‍ ബാഴ്‌സയുടെ കളി. ഇടതടവില്ലാതെ ആക്രമിച്ച അവര്‍ 56-ാം മിനിറ്റില്‍ ലീഡുയര്‍ത്തി. വലതുവിങ്ങില്‍ക്കൂടി മെസി നടത്തിയ കുതിപ്പാണ്‌ ഗോളില്‍ കലാശിച്ചത്‌. ബോക്‌സിനുള്ളില്‍ ഗോള്‍വരയ്‌ക്ക് ലംബമായി നല്‍കിയ പാസ്‌ യുവെ പ്രതിരോധതാരം സ്‌റ്റെഫാനോ സറ്റ്യുറാറോ തട്ടിയകറ്റിയത്‌ ഇവാന്‍ റാക്കിറ്റിച്ചിന്റെ കാലിലേക്ക്‌. വീണുകിട്ടിയ സുവര്‍ണാവസരം ബാഴ്‌സ താരം പാഴാക്കിയില്ല. സ്‌കോര്‍ 2-0.
ഇതിനിടെ രണ്ടു തവണ കൂടി മെസി ഗോളിന്‌ അടുത്തെത്തിയിരുന്നു; എന്നാല്‍ നിര്‍ഭാഗ്യം വിനയായി. ആദ്യ തവണ ഷോട്ട്‌ പോസ്‌റ്റിലിടിച്ചു മടങ്ങിയപ്പോ രണ്ടാം തവണ പ്രതിരോധതാരത്തിന്റെ കാലുകള്‍ ഗോള്‍ലൈനില്‍ യുവന്റസിനെ രക്ഷിച്ചു.
ഒടുവില്‍ 69-ാം മിനിറ്റില്‍ മെസി തന്നെ ബാഴ്‌സയുടെ പട്ടിക തികച്ചു. ഇക്കുറി ജോര്‍ഡി ആല്‍ബ-സുവാരസ്‌ സഖ്യം ഒരുക്കിയ നീക്കത്തില്‍ നിന്നായിരുന്നു ഗോള്‍. ആല്‍ബയുടെ പാസ്‌ സ്വീകരിച്ചു മെസിയുടെ ഷോട്ട്‌ വീണ്ടും ബഫണിനെ മറികടന്നു വലയിലെത്തി. അവസാന മിനിറ്റുകളില്‍ സുവാരസും പന്ത്‌ വലയില്‍ എത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ്‌ വിധിച്ചത്‌ യുവന്റസിന്റെ ഭാരം കുറച്ചു.
ആറാടി ചെല്‍സി അരങ്ങേറി
ഒരു സീസണിന്റെ ഇടവേളയ്‌ക്കു ശേഷം ചാമ്പ്യന്‍സ്‌ ലീഗില്‍ തിരിച്ചെത്തിയ ചെല്‍സി അരങ്ങേറ്റം ഗംഭീരമാക്കി. തട്ടകമായ സ്‌റ്റാംഫോര്‍ഡ്‌ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ എതിരല്ലാത്ത ആറു ഗോളുകള്‍ക്കാണ്‌ അസര്‍ബൈജാന്‍ ക്ലബ്‌ ക്വരാബാഗിനെ തോല്‍പിച്ചത്‌.
അഞ്ചാം മിനിറ്റില്‍ പെഡ്രോയാണ്‌ ഗോള്‍വേട്ട ആരംഭിച്ചത്‌. 30-ാം മിനിറ്റില്‍ ഡേവിഡ്‌ സപ്പകോസ്‌റ്റയും ലക്ഷ്യം കണ്ടതോടെ ആദ്യപകുതി ചെല്‍സി 2-0ന്‌ സ്വന്തമാക്കി. രണ്ടാം പകുതിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഗോള്‍മഴയായിരുന്നു. 55-ാം മിനിറ്റില്‍ സെസാര്‍ അസ്‌പിലിസ്യൂറ്റ ലീഡ്‌ മൂന്നാക്കിയപ്പോള്‍ 71-ാം മിനിറ്റില്‍ തിമോയ്‌ ബക്കയോക്കോയും 76-ാം മിനിറ്റില്‍ ബാറ്റ്‌ഷ്യുയിയും ചേര്‍ന്ന്‌ ലീഡ്‌ അഞ്ചാക്കി.
82-ാം മിനിറ്റില്‍ ക്വരാബാഗിന്റെ വിവശതയിലേക്ക്‌ സ്വന്തം പ്രതിരോധതാരം മാക്‌സിം മെദ്‌വെദവിന്റെ സെല്‍ഫ്‌ ഗോള്‍ കൂടിച്ചേര്‍ന്നതോടെ ചെല്‍സിയുടെ പട്ടിക പൂര്‍ത്തിയായി. ചാമ്പ്യന്‍സ്‌ ലീഗ്‌ ചരിത്രത്തില്‍ ചെല്‍സിയുടെ ഏറ്റവും വലിയ വിജയമാണിത്‌.
പി.എസ്‌.ജി. കുതിക്കുന്നു
സീസണില്‍ നെയ്‌മറിന്റെയും കിലിയന്‍ ബാപ്പെയുടെയും വരവോടെ പി.എസ്‌.ജിയുടെ ഫോം അതിന്റെ പാരമ്യതയിലാണ്‌. ഗോളടിച്ചു കൂട്ടാന്‍ നെയ്‌മര്‍-ബാപ്പെ-കവാനി ത്രയം മത്സരിച്ചപ്പോള്‍ ചാമ്പ്യന്‍സ്‌ ലീഗിലും അവര്‍ ഗോള്‍മഴ പെയ്യിച്ചു.
ഇന്നലെ നടന്ന മത്സരത്തില്‍ കെല്‍റ്റിക്കിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ്‌ അവര്‍ തുരത്തിയത്‌. ഇരട്ടഗോളുകള്‍ നേടിയ കവാനിയും ഒരു ഗോള്‍ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്‌ത നെയ്‌മറുമാണ്‌ അവരുടെ വിജയശില്‍പികള്‍.
19-ാം മിനിറ്റില്‍ നെയ്‌മറാണ്‌ ഗോള്‍വേട്ട ആരംഭിച്ചത്‌. 34-ാം മിനിറ്റില്‍ നെയ്‌മറിന്റെ പാസില്‍ നിന്ന്‌ ബാപ്പെ രണ്ടാം ഗോള്‍ നേടി. ഇടവേളയ്‌ക്ക് തൊട്ടുമുമ്പ്‌ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ കവാനിയും ആഘോഷത്തില്‍ ചേര്‍ന്നതോടെ പി.എസ്‌.ജി. 3-0ന്‌ മുന്നിലെത്തി. രണ്ടാം പകുതിയില്‍ 84-ാം മിനിറ്റില്‍ കെല്‍റ്റിക്‌ താരം മാര്‍ട്ടില്‍ ലസ്‌റ്റിഗ്‌ സെല്‍ഫ്‌ ഗോള്‍ വഴങ്ങിയപ്പോള്‍ തൊട്ടടുത്ത മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ കവാനി പി.എസ്‌.ജിയുടെ പട്ടിക തികച്ചു.
കരുത്തോടെ ബയേണ്‍
ജര്‍മന്‍ ബുണ്ടസ്‌ ലിഗയില്‍ ഏറ്റ തിരിച്ചടിയില്‍ പതറാതെ ബയേണ്‍ മ്യൂണിക്ക്‌ ചാമ്പ്യസ്‌ ലീഗ്‌ പോരാട്ടം തുടങ്ങി. ഇന്നലെ നടന്ന മത്സരത്തില്‍ ഡച്ച്‌ ക്ലബ്‌ ആന്‍ഡെര്‍ലെഷിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ്‌ അവര്‍ തോല്‍പിച്ചത്‌.
12-ാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്കിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അവര്‍ക്കായി രണ്ടാം പകുതിയില്‍ തിയാഗോ അല്‍കാന്‍ട്രയും ജോഷ്വാ കിമ്മിഷുമാണ്‌ പട്ടിക തികച്ചത്‌.

Ads by Google
Advertisement
Thursday 14 Sep 2017 12.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW