Tuesday, June 19, 2018 Last Updated 38 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 01.33 PM

അന്ന് ഭീകരര്‍ വീട്ടിലേക്ക് ഇടിച്ചു കയറുമ്പോള്‍ ഫാ. ടോം ഉഴുന്നാല്‍ മുട്ടിന്‍മേലായിരുന്നു ; യെമനില്‍ അന്ന് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങിനെ

uploads/news/2017/09/145645/tom-uzhunnalil.jpg

വീണ്ടും യെമനിലേക്ക് മടങ്ങാനായിരുന്നു സിസ്റ്റര്‍ സാലിക്ക് താല്‍പ്പര്യം. എന്നാല്‍ സഭ അയച്ചത് ജോര്‍ദ്ദാനിലേക്ക്. അവിടെ നിന്നും ലബനനിലേക്കും. അവിടെ ഭീകരരെ ഭയപ്പെടാതെ പാവപ്പെട്ടവരുടെ കണ്ണീര്‍ തുടയ്ക്കുന്ന ജോലിയിലാണ് സിസ്റ്റര്‍ സാലിയപ്പോള്‍. 2016 മാര്‍ച്ച് 4 ന് യെമനിലെ ഏദന്‍ മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമ ഭവനത്തില്‍ നടന്ന ഭീകരതയെക്കുറിച്ച് ലോകത്തോട് പറയാന്‍ അവശേഷിച്ച ഏകയാളായിരുന്നു സിസ്റ്റര്‍ സാലി. ഇസ്‌ളാമിക് സ്‌റ്റേറ്റ് ഭീകരര്‍ മിഷിനറീസ് ഓഫ് ചാരിറ്റിയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 16 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്.

ഫാദര്‍ ടോം ഉഴുന്നാലിനെ ഭീകരര്‍ പിടിച്ചുകൊണ്ടുപോയപ്പോള്‍ സിസ്റ്റര്‍ സാലി രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടായിരുന്നു. 18 മാസത്തിന് ശേഷം ഫാ. ഉഴുന്നാലും ഇപ്പോള്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ അദ്ദേഹത്തെ കുരിശില്‍ തറയ്ക്കുമെന്ന് ഐ.എസ്. പ്രഖ്യാപിച്ചെന്ന വാര്‍ത്ത ഏറെ ആശങ്കയ്ക്ക് ഇടയാക്കിയതിന് പിന്നാലെയാണ് മോചനമുണ്ടായത്.

ഒരു വെള്ളിയാഴ്ചയായിരുന്നു ഭീകരര്‍ ഫാ. ടോം ഉഴുന്നാലിന്റെ ഭവനത്തിലേക്ക് ഇടിച്ചു കയറിയത്. ഈ സമയം ഫാദര്‍ ചാപ്പലില്‍ ഒറ്റയ്ക്ക് പ്രാര്‍ത്ഥനയിലായിരുന്നു. നീല വസ്ത്രം ധരിച്ചെത്തിയ ഭീകരര്‍ ഗാര്‍ഡിനെയും ഡ്രൈവറെയും ഇതിനകം വധിച്ചിരുന്നു. കൊല്ലാന്‍ ഭീകരര്‍ എത്തുന്ന വിവരം അറിയിക്കാന്‍ ഓടിയ എത്യോപ്യക്കാരുടെ വിധി ആയിരുന്നു ഏറെ ക്രൂരം. മരത്തില്‍ കെട്ടിയിട്ടു അവരെ വെടിവെച്ചു കൊന്നു. ഭവനത്തിലെ സ്ത്രീകളെ സഹായിക്കാന്‍ നിന്ന നാലു സ്ത്രീകളും ഭീകരരുടെ തോക്കിനിരയായി.

സിസ്റ്റര്‍ ജൂഡിത്തിനെയും സിസ്റ്റര്‍ റെജിനെറ്റിനെയും ആദ്യം ബന്ധിച്ചു. അതിന് ശേഷം വെടിവെച്ചു കൊന്നു. അടുത്ത ഭവനത്തിലെത്തിയ സിസ്റ്റര്‍ മാര്‍ഗരറ്റിനെയും സിസ്റ്റര്‍ ആന്‍സ്‌ലെമിനെയും കൊന്നു. സിസ്റ്റര്‍ സാലി ഫാ. ടോമിന് മുന്നറിയിപ്പ് നല്‍കാനായി ഓടിയെങ്കിലും ഈ സമയത്ത് ഭീകരര്‍ കോണ്‍വെന്റില്‍ പ്രവേശിച്ചിരുന്നു. റഫ്രജിറേറ്റര്‍ മുറിയില്‍ വാതിലിന്റെ പുറകില്‍ ശ്വാസം പോലും വിടാതെ സിസ്റ്റര്‍ സാലി ഒളിച്ചു നിന്നു. അഞ്ചാമത്തെ കന്യാസ്ത്രീയെ അന്വേഷിച്ചു ഭീകരര്‍ മുറികള്‍ മുഴുവന്‍ കയറിയിറങ്ങി. സമീപത്ത് കൂടിയാണ് പോയതെങ്കിലൂം അവര്‍ സിസ്റ്ററെ കണ്ടില്ല. ഒന്നു ശ്വാസം വിട്ടാല്‍ പോലും കേള്‍ക്കുമെന്നിരിക്കെ അനങ്ങാതെ നിന്നു.

ഭീകരര്‍ കടന്നു വരുന്നുണ്ടെന്നറിഞ്ഞു തന്നെ ഫാ. ടോം ഉഴുന്നാല്‍ മുട്ടില്‍ നിന്നു. തിരുവോസ്തി അപമാനപ്പെടുന്നത് തടയാന്‍ മുഴുവനും ഭക്ഷിച്ചിരുന്നു. എന്നാല്‍ വലിയ ഓസ്തി ഭക്ഷിക്കാനായില്ല. അത് വെള്ളത്തില്‍ അലിയിച്ചപ്പോഴേയ്ക്കും അവരെത്തി. ആരാധനാ വസ്തുക്കളെല്ലാം തകര്‍ത്തായിരുന്നു വരവ്. ഫാ. ടോമിനെ വലിച്ചിഴച്ച് കാറില്‍ കൊണ്ടിട്ടു. വീണ്ടും സിസ്റ്റര്‍ സാലിയെ തേടിയെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനകം അവര്‍ രക്ഷപ്പെട്ടു.

ഭീകരര്‍ പോയ ശേഷമാണ് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ എന്ന സംഘടനാ പ്രവര്‍ത്തകര്‍ എത്തിയത്. ഇവരായിരുന്നു സിസ്റ്ററിനെ ആശുപത്രിയിലേക്ക് മാറ്റിയതും. പിന്നീട് മിഷനറീസ് ഓഫ് ചാരിറ്റി സഭ ഇടപെട്ടു സിസ്റ്ററെ കേരളത്തിലെ വീട്ടിലേക്ക് ഒരു മാസത്തെ വിശ്രമത്തിന് അയയ്ക്കുകയും ചെയ്തു. സലേഷ്യന്‍ സഭയുടെ ബംഗളുരു പ്രൊവിന്‍സ് അംഗമായിരുന്ന ഫാ. ടോം ഉഴുന്നാലില്‍ അഞ്ചു വര്‍ഷം മുമ്പാണ് മിഷനറി പ്രവര്‍ത്തനങ്ങളുമായി യെമനിലേക്കു പോയത്. ആഭ്യന്തരയുദ്ധത്തില്‍ ക്രമസമാധാനം തകര്‍ന്ന് െസ്വെരജീവിതം അസാധ്യമായ യെമനില്‍ ഐ.എസും അല്‍ ക്വയ്ദയും പിടിമുറുക്കിയെങ്കിലും മിഷനറി ദൗത്യം തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. 2015 ജൂലൈയില്‍ ആശ്രമഭവനത്തിലെത്തി.

ആശ്രമഭവനത്തോട് ചേര്‍ന്നുള്ള ഹൗസിലായിരുന്നു താമസം. നാംരക്തസാക്ഷികളാകാന്‍ ഒരുങ്ങിയിരിക്കണമെന്ന് പ്രാര്‍ത്ഥനയിലും സംസാരത്തിലും ഫാ. ഉഴുന്നാലില്‍ പതിവായി പറയുമായിരുന്നു. അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന ദേവാലയം നശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വയോധിക സംരക്ഷണകേന്ദ്രത്തിലേക്കു താമസം മാറ്റിയ അദ്ദേഹത്തെ അവിടെനിന്നാണു തട്ടിക്കൊണ്ടുപോയത്.

ഐ.എസാണ് ആക്രമണം നടത്തിയതെന്ന യെമന്‍ അധികൃതരുടെ വെളിപ്പെടുത്തലിനു സ്ഥിരീകരണമുണ്ടായില്ല. ആക്രമണത്തില്‍ പങ്കില്ലെന്ന് അല്‍ ക്വയ്ദ അറിയിക്കുകയും ചെയ്തു. അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോയ അദ്ദേഹത്തെപ്പറ്റി പിന്നീടു വിവരങ്ങള്‍ ലഭിച്ചില്ല. മോചനത്തിനു വേണ്ടി അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെയും വത്തിക്കാന്റെയും ഇടപെടല്‍ അഭ്യര്‍ഥിക്കുന്ന വീഡിയോ കഴിഞ്ഞ ഡിസംബറില്‍ പുറത്തുവന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW