Saturday, June 02, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 10.42 AM

യൂറോപ്പില്‍ ഗോള്‍വര്‍ഷം ; ഇന്നലെ മൊത്തം പിറന്നത് 25 ഗോളുകള്‍ ; വമ്പന്മാര്‍ക്കെല്ലാം ഉജ്വല ജയം

uploads/news/2017/09/145597/barcelona.jpg

പാരീസ്: ബാഴ്‌സിലോണയും ബയേണ്‍ മ്യുണിക്കും ചെല്‍സിയും പിഎസജിയുമെല്ലാം വന്‍ വിജയം നേടിയ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നലെ ഒരു ദിവസം മൊത്തം വീണത് 25 ഗോളുകള്‍. ചെല്‍സിയും പിഎസ്ജിയും എതിരാളികളെ മുക്കിയപ്പോള്‍ ബാഴ്‌സിലോണ, ബയേണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സ്‌പോര്‍ട്ടിംഗ് ലീസ്ബണ്‍ എന്നിവര്‍ മൂന്നുഗോള്‍ ജയവും ആഘോഷിച്ചു മുന്നേറി.

ഗ്‌ളാമര്‍ പോരാട്ടം നടന്ന ബാഴ്‌സിലോണ-യുവന്റസ് മത്സരത്തില്‍ 3-0 നായിരുന്നു ബാഴ്‌സ എതിരാളികളെ വീഴ്ത്തിയത്. ലിയോണേല്‍ മെസ്സി ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ഇവാന്‍ റാകിടിക്കിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. പോളോ മാള്‍ഡീനിയെന്ന ഇതിഹാസ താരത്തിന്റെ ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളെന്ന റെക്കോഡിനൊപ്പം യുവന്റസ് ഗോളി ഗിയാന്‍ ലൂജി ബഫണ്‍ എത്തിയപ്പോള്‍ ഈ മത്സരത്തില്‍ അര്‍ജന്റീന താരം ലിയോണേല്‍ മെസ്സി കുറിച്ചത് മറ്റൊരു റെക്കോഡായിരുന്നു. 27 വിവിധ ക്‌ളബ്ബുകള്‍ക്ക് എതിരേ ചാമ്പ്യന്‍സ് ലീഗില്‍ ഗോളടിച്ച താരമായി. 33 ക്‌ളബ്ബുകള്‍ക്കെതിരേ ഗോളടിച്ച റയലിന്റെ മുന്‍ താരം റൗള്‍, 31 എണ്ണം നേടിയ ക്രിസ്ത്യാനോ, 27 ഗോളടിച്ച കരിം ബന്‍സേമ, 29 ഗോളടിച്ച ഇബ്രാഹിമോവിച്ച് എന്നിവരാണ് ഇക്കാര്യത്തില്‍ മെസ്സിക്കു മുന്നിലുള്ളത്.

അസര്‍ബൈജാന്‍ ക്‌ളബ്ബായ എഫ് കെ ക്വാരാബാഗിനെ 6-0 ന് മുക്കിക്കൊണ്ടാണ് കഴിഞ്ഞ സീസണില്‍ യോഗ്യത നേടാതെ പോയ ഇംഗ്‌ളീഷ് ക്‌ളബ്ബ് ചെല്‍സി തിരിച്ചുവരവ് നടത്തിയത്. പെഡ്രോ, സപ്പകോസ്റ്റ, അസ്പിലീക്യൂട്ട, ബാകായോക്കോ, ബാറ്റ്‌സ്ഹുയി എന്നിവര്‍ സ്‌കോര്‍ ചെയ്ത മത്സരത്തില്‍ മെദ്‌വദേവിന്റെ സെല്‍ഫ്‌ഗോള്‍ കൂടിയയാപ്പോള്‍ ക്വാരാബാഗിന്റെ വലയില്‍ വീണത് ആറു ഗോളുകളായിരുന്നു. മാരകമായ മുന്നേറ്റത്തിനൊപ്പം കഠിനമായ പ്രതിരോധം കൂടി തീര്‍ത്ത ചെല്‍സിയുടെ ബോക്‌സില്‍ കയറാന്‍ തന്നെ ക്വാരാബാഗിന് കളിയില്‍ മൊത്തം കിട്ടിയത് അഞ്ചു ചാന്‍സ് മാത്രമാണ്. മറുവശത്ത് തൊടുത്ത ഒമ്പത് ഷോട്ടില്‍ ആറും ചെല്‍സി ഫലം കണ്ടതാക്കി മാറ്റി.

ബാഴ്‌സിലോണയില്‍ നിന്നും നെയ്മര്‍ വന്നതോടെ ഉശിര് കൂടിയ പാരീസ് സെന്റ് ജെര്‍മെയ്ന്‍ സ്‌കോട്ടിഷ് ക്‌ളബ്ബ് കെല്‍റ്റിക്കിനെ 5-0 നായിരുന്നു തോല്‍പ്പിച്ചത്. നെയ്മര്‍ തന്നെ ഗോളടി തുടങ്ങിവെച്ച മത്സരത്തില്‍ ഉറുഗ്വേതാരം എഡിസന്‍ കവാനി പെനാല്‍റ്റി ഉള്‍പ്പെടെ രണ്ടു ഗോള്‍ നേടി. എംബാപ്പേയാണ് ഫ്രഞ്ച് ക്‌ളബ്ബിന്റെ സ്‌കോര്‍ ചെയ്ത മൂന്നാം താരം. ലസ്റ്റിംഗിന്റെ സ്വയംഗോള്‍ കൂടിയായതോടെ പിഎസ്ജി തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. കഴിഞ്ഞ 20 ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലും ജയിക്കാന്‍ കഴിയാത്ത കെല്‍റ്റിക് 48 ഗോളുകളാണ് വഴങ്ങിയത്. മാത്രമല്ല ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ഇതുവരെ ജയിച്ചിട്ടില്ല എന്ന റെക്കോഡും അവര്‍ നിലനിര്‍ത്തി.

റെക്കോഡ് തുകയില്‍ ടീമിലെത്തിച്ചത് ഒട്ടും തെറ്റിയിട്ടില്ല എന്ന് സൂചിപ്പിക്കുന്ന പ്രകടനമായിരുന്നു ബ്രസീലിയന്‍ താരം നെയ്മറിന്റേതും. ടാര്‍ജറ്റിലേക്ക് മുന്ന് ഷോട്ടുകള്‍ പറത്തിയ നെയ്മര്‍ ഒരു ഗോള്‍ നേടി. പന്തില്‍ 95 ടച്ച് നത്തിയ നെയ്മറിന്റെ 68 ല്‍ 72 ശതമാനം പാസ്സുകളും കൃത്യതയായിരുന്നു. 34 ാം മിനിറ്റില്‍ ടീമിന്റെ രണ്ടാം ഗോള്‍ നേടിയ എംബാപ്പേ ചാമ്പ്യന്‍സ് ലീഗില്‍ രണ്ടു ക്‌ളബ്ബുകള്‍ക്ക് എതിരേ ഗോള്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരവുമായി. ചാമ്പ്യന്‍സ്ലീഗില്‍ എഡിസണ്‍ കവാനി തന്റെ ഗോള്‍ നേട്ടം 22 ആക്കി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പിഎസ്ജി താരമായി.

കളിയുടെ 11 ാം മിനിറ്റില്‍ തന്നെ ചുവപ്പ് കാര്‍ഡ് കുംസിനെ നഷ്ടമായ ബല്‍ജിയം ക്‌ളബ്ബ് ആര്‍എസ്സി ആന്റര്‍ലെക്റ്റിനെതിരേ ബയേണ്‍മ്യൂണിക്കിന് കാര്യങ്ങള്‍ അനായാസമായിരുന്നു. ലാവന്‍ഡോവ്‌സ്‌ക്കി 12 ാംമിനിറ്റില്‍ മുന്നിലെത്തിച്ച ക്‌ളബ്ബിനായി തിയാഗോ അലക്‌സാണ്‍ഡ്ര, കിമിക്ക് എന്നിവര്‍ പട്ടിക തികച്ചു. സ്വിസ് ക്‌ളബ്ബ് എഫ് സി ബേസലിനെതിരേയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയം. ഫെല്ലിനിയും ലാക്കൂക്കുവും റാഫ്‌ഫോര്‍ഡും സ്‌കോര്‍ ചെയ്തു. പേര്‍ച്ചുഗീസ് ക്‌ളബ്ബ് ബനഫിക്കയെ സിഎസ്‌കെഎ മോസ്‌ക്കോ 1-2 നും സ്‌പോര്‍ട്ടിംഗ് ലിസ്ബനെ 2-3 ന് ഗ്രീക്ക് ക്‌ളബ്ബ് ഒളിമ്പിയാക്കോസും തോല്‍പ്പിച്ചപ്പോള്‍ റോമയും അത്‌ലറ്റിക്കോ മാഡ്രിഡും ഗോളടിക്കാതെ പിരിയുകയും ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW