Saturday, June 02, 2018 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 07.19 AM

രാഷ്‌ട്രീയ നേതാവിന്റെ ആവികുളിക്കു വെള്ളം തിളപ്പിക്കാന്‍ നാലു പോലീസുകാര്‍; ഉന്നതന്റെ മകനെ കരാട്ടെ പഠിപ്പിക്കാന്‍ കമാന്‍ഡോ

uploads/news/2017/09/145576/police.jpg

തിരുവനന്തപുരം: ക്രമസമാധാനപാലനത്തിന്‌ ആളില്ലാത്ത പോലീസ്‌ സേനയില്‍ അയ്യായിരത്തിലധികം പോലീസുകാര്‍ അകമ്പടിസേവയ്‌ക്കു ചുറ്റിയടിക്കുന്നു. സേനയിലെ പത്ത്‌ ശതമാനത്തെയാണ്‌ രാഷ്‌ട്രീയ നേതാക്കള്‍ക്കും ഉയര്‍ന്ന പോലീസുദ്യോഗസ്‌ഥര്‍ക്കും സുരക്ഷയ്‌ക്കെന്നപേരില്‍ വിട്ടുകൊടുത്തിരിക്കുന്നത്‌.

പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ ആവികുളിക്കു വെള്ളം തിളപ്പിക്കാന്‍ നാലു പോലീസുകാര്‍, ഒരു ഉന്നതന്റെ മകനെ കരാട്ടെ പഠിപ്പിക്കാന്‍ പ്രത്യേക പരിശീലനം നേടിയ കമാന്‍ഡോ, മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്‌ഥന്റ മക്കളെ ഡ്രൈവിങ്‌ പരിശീലിപ്പിക്കാന്‍ രണ്ടു പോലീസ്‌ ഡ്രൈവര്‍മാര്‍, ഇവരുടെ വീട്ടുജോലിക്കായി സിവില്‍ പോലീസ്‌ ഉദ്യോഗസ്‌ഥര്‍... ഇതൊക്കെയാണ്‌ സുരക്ഷാചുമതലയ്‌ക്കായി വിട്ടുകൊടുത്തവരുടെ 'പ്രത്യേക ഡ്യൂട്ടി'.
ഈ പ്രത്യേക ഡ്യൂട്ടിയില്‍ കയറിപ്പറ്റാന്‍ പോലീസില്‍ ഇടിയാണ്‌. ജോലി ചെയ്യാന്‍ മടിയുള്ളവരാണ്‌ ഉദ്യോഗസ്‌ഥരുടെയും രാഷ്‌ട്രീയരാജാക്കന്മാരുടേയും ഒപ്പം കുടിയേറിയിട്ടുള്ളത്‌. ഇഷ്‌ടമുളളവരെ കൂടെനിര്‍ത്താന്‍ വി.ഐ.പികളുടെ സ്വാധീനം വേറെ.

ആകെ അംഗസംഖ്യ 45,000 ഉള്ള പോലീസ്‌ സേനയിലാണ്‌ അയ്യായിരവും വി.ഐ.പികളുടെ പിന്നാലെയുള്ളത്‌. ഇതില്‍ത്തന്നെ 20 വര്‍ഷത്തോളമായി ഒരാളെത്തന്നെ സേവിക്കുന്നവരുടെ എണ്ണം ആയിരത്തിലധികം വരും. സുരക്ഷാ മാനദണ്ഡം നിശ്‌ചയിച്ചിട്ടുളള ബ്ലൂ ബുക്ക്‌ പ്രകാരം ഇസഡ്‌ പ്ലസ്‌, ഇസഡ്‌, വൈ പ്ലസ്‌, വൈ, എക്‌സ്‌ എന്നീ വിഭാഗങ്ങളാണുള്ളത്‌. സംസ്‌ഥാന മന്ത്രിമാര്‍ക്കുള്ള സുരക്ഷ സംസ്‌ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ എ വിഭാഗത്തിലാണ്‌. ഇതിനുപക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരവുമില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‌ മാത്രമാണ്‌ സംസ്‌ഥാനത്ത്‌ ഇസഡ്‌ പ്ലസ്‌ വിഭാഗത്തിലുള്ള സുരക്ഷ. ഇസഡ്‌ പ്ലസ്‌ വിഭാഗത്തില്‍ 55 പേരാണു സുരക്ഷയ്‌ക്കായി ഒപ്പമുള്ളത്‌. മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്‌. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കൊപ്പം മാതാ അമൃതാനന്ദമയിയും ഇസഡ്‌ വിഭാഗത്തിലാണ്‌. മുന്‍പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെ ഇസഡ്‌ കാറ്റഗറിയില്‍നിന്ന്‌ വൈ കാറ്റഗറിയിലേക്ക്‌ കേന്ദ്ര സര്‍ക്കാര്‍ മാറ്റി.
വൈ പ്ലസ്‌ കാറ്റഗറിയില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, മുന്‍ ഐ.ജി: കെ. ലക്ഷ്‌മണ എന്നിവര്‍ ഇടംനേടിയിട്ടുണ്ട്‌. ഇസഡിന്‌ 22, വൈ പ്ലസിന്‌ 17, വൈ വിഭാഗത്തിന്‌ 11, എക്‌സ്‌ വിഭാഗത്തിന്‌ അഞ്ച്‌ എന്നിങ്ങനെയാണു സുരക്ഷാജീവനക്കാരുടെ എണ്ണം.

ഒരു തരത്തിലുമുള്ള ഭീഷണിയും നേരിടാത്തവരാണെന്ന്‌ സുരക്ഷാഅവലോകനത്തില്‍ കണ്ടെത്തിയ നേതാക്കള്‍ക്കും എക്‌സ്‌ വിഭാഗത്തിലുള്ള സുരക്ഷ അനുവദിച്ചിട്ടുണ്ട്‌. മുന്‍ മഹാരാഷ്‌ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, വയലാര്‍ രവി, കെ.വി. തോമസ്‌, ശശിതരൂര്‍ എം.പി (ഇദ്ദേഹത്തിന്റെ സുരക്ഷാ കാറ്റഗറി വൈ പ്ലസില്‍നിന്ന്‌ വൈയിലേക്ക്‌ മാറ്റി), കെ.സി. വേണുഗോപാല്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, പി.ജെ. ജോസഫ്‌, ഇബ്രാഹിംകുഞ്ഞ്‌, എം.കെ. മുനീര്‍, പി.കെ.അബ്‌ദുറബ്ബ്‌, കെ.ആര്‍.ഗൗരിയമ്മ, കുട്ടി അഹമ്മദ്‌ കുട്ടി, ഒ. രാജഗോപാല്‍, സി. ദിവാകരന്‍, പി.സി. ജോര്‍ജ്‌, അന്‍വര്‍ സാദത്ത്‌, മോന്‍സ്‌ ജോസഫ്‌, മുന്‍ എം.പി. അബ്‌ദുള്‍ സമദാനി, മുന്‍ എം.എല്‍.എ. എ. സെല്‍വരാജ്‌, യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍, ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ എന്നിവരാണ്‌ എക്‌സ്‌ വിഭാഗം സുരക്ഷയിലുള്ളത്‌. രണ്ടു പോലീസുകാര്‍ വീതമാണ്‌ ഇവര്‍ക്കൊപ്പമുള്ളത്‌.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW