Thursday, June 21, 2018 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
ആര്‍. സുരേഷ്‌
Wednesday 13 Sep 2017 06.59 AM

ജി.എസ്.ടിയുടെ മറവില്‍ തീവെട്ടിക്കൊള്ള, 32000ത്തില്‍ രജിസ്‌ട്രേഷനുള്ളത് 4000 ഹോട്ടലുകള്‍ക്ക് ; പിരിച്ചെടുക്കുന്നവ സ്വന്തം പോക്കറ്റിലേക്ക്

uploads/news/2017/09/145574/gst.jpg

തിരുവനന്തപുരം: ജി.എസ്.ടിയുടെ മറവില്‍ തീവെട്ടിക്കൊള്ള നടത്തുന്ന ഹോട്ടലുകള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശനനടപടിക്ക്. സംസ്ഥാനത്ത് 32000 ഹോട്ടലുകളുണ്ടെങ്കിലും അവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവ 10 ശതമാനം മാത്രം. മൂല്യവര്‍ധിതനികുതി(വാറ്റ്)യുടെകാലത്ത് 2,500 എണ്ണത്തിനാണ് നികുതി രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നത്. ജി.എസ്.ടിയിലേക്കു മാറിയതോടെ നാലായിരത്തിലെത്തി. എന്നാല്‍ ജി.എസ്.ടിയുടെ മറവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവയില്‍ ഭൂരിഭാഗവും നികുതിയെന്നപേരില്‍ അനധികൃതമായി ഉപയോക്താക്കളെ പിഴിയുകയാണ്. ഇതുബോധ്യമായ സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ജി.എസ്.ടി. വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി.

വിശദമായ കര്‍മപദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷണത്തിലെ വിലക്കയറ്റത്തിലാണ് ജനങ്ങള്‍ക്ക് ഏറ്റവും ആക്ഷേപമെന്ന് യോഗം വിലയിരുത്തിയതായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് തന്നെ വ്യക്തമാക്കി. ഹോട്ടലുകളില്‍ രണ്ടു തരത്തിലാണ് ഇപ്പോള്‍ നികുതിതട്ടിപ്പ്. രജിസ്‌ട്രേഷനില്ലാത്ത ഹോട്ടലുകളും 75 ലക്ഷം രൂപയ്ക്കു താഴെ വിറ്റുവരവുള്ള ഹോട്ടലുകളും നികുതി ഈടാക്കുന്നതാണ് പ്രധാനതട്ടിപ്പ്. നികുതി ഇളവ് ലഭിക്കുന്ന വസ്തുക്കള്‍ക്കുപോലും കിഴിവ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നില്ല. ജി.എസ്.ടി. എന്ന പേരില്‍ ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന നികുതി ഹോട്ടലുകള്‍ സ്വന്തം കീശയിലാക്കുകയാണെന്ന് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

രജിസ്‌ട്രേഷന്‍ എടുക്കാത്ത ഹോട്ടലുകള്‍ ജി.എസ്.ടി. ഈടാക്കിയാല്‍ വന്‍ തുക പിഴ ചുമത്താന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. 75 ലക്ഷത്തില്‍ താഴെ വിറ്റുവരുമാനമുള്ള അനുമാനനികുതിക്കാര്‍ക്ക് അഞ്ചുശതമാനം നികുതി പിരിക്കാന്‍ അവകാശമില്ല. അതു ബില്ലില്‍ ചേര്‍ത്താലും നടപടിയുണ്ടാകും. എയര്‍ കണ്ടീഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ 18 ശതമാനം നികുതിയീടാക്കുന്നതായി പരാതിയുണ്ട്. ഇതിനെതിരേയും കര്‍ശന നടപടിക്ക് നിര്‍ദേശമുണ്ട്. ഹോട്ടല്‍ ബില്‍ തയാറാക്കുന്നതിലെ തട്ടിപ്പും കര്‍ശനമായി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒരു മാസത്തിലെ ബില്ലുകള്‍ തുടര്‍ച്ചയായും അനുക്രമവുമായി വേണമെന്നാണ് ചട്ടം. പല ഹോട്ടലിലും ബില്ലുകള്‍ ഓരോദിവസവും പുതുതായി തുടങ്ങുന്ന രീതിയിലാണ് സോഫ്റ്റ്‌വേര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതും പരിശോധിക്കാനും നിര്‍ദേശമുണ്ട്. ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ ജി.എസ്.ടിക്കു മുമ്പും ശേഷവുമുള്ള വില്‍പ്പനവില കമ്പനി തിരിച്ചു എല്ലാ ജില്ലകളില്‍നിന്നും ശേഖരിക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. മുമ്പുണ്ടായിരുന്ന എക്‌െസെസ്, വാറ്റ്, മറ്റു നികുതികള്‍ ഇവയുടെ ആകെത്തുകയെക്കാള്‍ ജി.എസ്.ടി. കുറവാണെങ്കില്‍ പരമാവധി വില്‍പന വിലയില്‍ ആനുപാതികമായി കുറവുണ്ടാകണം. അതല്ലാത്ത കമ്പനികളുടെ പട്ടിക തയാറാക്കി സംസ്ഥാന സ്‌ക്രീനിങ് കമ്മിറ്റി കേന്ദ്ര സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് സ്വമേധയാ ആക്ഷേപം സമര്‍പ്പിക്കാനും തീരുമാനിച്ചു. സിനിമാ ടിക്കറ്റ് നിരക്കിലെ വര്‍ധനയ്ക്കും നികുതി ഇളവ് ഉപയോക്താക്കള്‍ക്കു നല്‍കാത്തതിനെതിരേയും കര്‍ശന നടപടിയുണ്ടാകും.

ഇതിനായി തീയേറ്ററുകളില്‍ ഇലക്‌ട്രോണിക് ടിക്കറ്റിങ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന് ചട്ടമുണ്ടാക്കും. ജി.എസ്.ടിയില്‍ പരോക്ഷനികുതികള്‍ ഇല്ലാതായി ഒറ്റനികുതിഘടന വന്നതിനാല്‍ പരമാവധി നികുതി നിരക്കായ 28% ഈടാക്കിയാലും പലതിന്റെയും വില കുറയുമെന്നായിരുന്നു പൊതുവേയുണ്ടായിരുന്ന കണക്കുകൂട്ടല്‍. എന്നാല്‍ ഇത്തരത്തില്‍ മൊത്തം നികുതിയില്‍ കുറവുവന്നിട്ടും പലതിന്റേയും വില കുറഞ്ഞില്ല. ചിലര്‍ ഉല്‍പന്ന വില കൂട്ടുകയാണുണ്ടായത്. ഇത്തരത്തില്‍ അമിതലാഭമെടുക്കുന്നതു തടയാനാണു കേരളത്തിന്റെ സമ്മര്‍ദഫലമായി ജി.എസ്.ടിയില്‍ ആന്റീ പ്രോഫീറ്റീറിങ് വകുപ്പുണ്ടാക്കിയത്.ഇതിനായി കേന്ദ്രത്തില്‍ ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിയും സംസ്ഥാനങ്ങളില്‍ സ്‌ക്രീനിങ് കമ്മിറ്റിയും ഉണ്ടാകണമെന്നാണ് വ്യവസ്ഥ. പക്ഷേ ജി.എസ്.ടി. നടപ്പാക്കി മാസം മൂന്നായിട്ടും ഇവയൊന്നും രൂപീകരിച്ചിട്ടില്ല.

സംസ്ഥാനങ്ങളിലെ സ്‌ക്രീനിങ് കമ്മിറ്റികളില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ സ്‌ക്രീനിങ് കമ്മിറ്റികള്‍ പരാതികള്‍ സ്വീകരിച്ച് പരിശോധിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് െകെമാറണം. അവരാണ് അവസാനതീരുമാനമെടുക്കേണ്ടത്. പക്ഷേ നോട്ടുനിരോധനത്തെ തുടര്‍ന്ന് രാജ്യം സാമ്പത്തിക മുരടിപ്പിലേയ്ക്കു വഴുതി വീഴുന്ന സമയത്ത് സംരംഭകര്‍ക്കെതിരെ നടപടി വേണ്ട എന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായം. ഈ സാഹചര്യത്തില്‍ കൂടിയാണ് കഴിഞ്ഞദിവസത്തെ യോഗത്തില്‍ സംസ്ഥാനത്തിനു സാധ്യമായ നടപടികള്‍ക്കുള്ള തീരുമാനം. സംസ്ഥാന നികുതിവകുപ്പിനെ ജി.എസ്.ടിയായി മാറ്റുകയും ഉദ്യോഗസ്ഥരുടെ തസ്തികകള്‍ പുനര്‍നിര്‍ണയിച്ച് അധികാരങ്ങള്‍ നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ശനമായ പരിശോധന നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞദിവസത്തെ യോഗത്തില്‍ തീരുമാനിച്ചു. പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലകള്‍ തോറുമുള്ള സംവിധാനം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW