Thursday, May 31, 2018 Last Updated 7 Min 32 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Wednesday 13 Sep 2017 02.17 AM

കെ.എസ്‌.ആര്‍.ടി.സി. പടിപടിയായി സ്വകാര്യമേഖലയിലേക്ക്‌

uploads/news/2017/09/145570/k1.jpg

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിയെ പടിപടിയായി സ്വകാര്യ മേഖലയ്‌ക്കു തീറെഴുതുന്നു. സ്‌ഥാപനത്തെ ലാഭത്തിലാക്കാന്‍ ലക്ഷ്യമിട്ട്‌ ചെയര്‍മാനും എം.ഡിയുമായ എം.ജി. രാജമാണിക്യം നടപ്പാക്കുന്ന പുനരുദ്ധാരണ പാക്കേജിന്റെ മറവിലാണ്‌ സ്വന്തമായി ചെയ്‌തിരുന്ന പല ജോലികളും സ്വകാര്യമേഖലയ്‌ക്കു കരാര്‍ നല്‍കുന്നത്‌.

കോര്‍പ്പറേഷനിലെ പ്രബല യൂണിയനുകളെ ഒപ്പം നിര്‍ത്തിയാണ്‌ മാനേജ്‌മെന്റിന്റെയും സര്‍ക്കാരിന്റെയും സമര്‍ഥമായ കരുനീക്കം. പൊടുന്നനെയുള്ള സ്വകാര്യവല്‍ക്കരണം എതിര്‍പ്പ്‌ ക്ഷണിച്ചുവരുത്തുമെന്നതിനാലാണ്‌ ഘട്ടംഘട്ടമായുള്ള നടപടികള്‍. ടിക്കറ്റ്‌ അച്ചടിയും റിസര്‍വേഷന്റെ ചുമതലയും സ്വകാര്യ മേഖലയ്‌ക്കു കൈമാറിയതിനു പുറമേ ബോഡി ബില്‍ഡിങ്‌ ജോലികളും കരാറടിസ്‌ഥാനത്തില്‍ പുറത്തുനല്‍കാന്‍ നടപടി തുടങ്ങി. അന്തര്‍സംസ്‌ഥാന റൂട്ടുകളില്‍ സ്‌കാനിയ ബസുകള്‍ വാടകയ്‌ക്കെടുത്ത്‌ ഓടിക്കാനുള്ള തീരുമാനം കൂടി നടപ്പാകുന്നതോടെ ബോഡി ബില്‍ഡിങ്‌ വര്‍ക്ക്‌ഷോപ്പുകള്‍ പൂട്ടും. മെക്കാനിക്കല്‍ ജീവനക്കാര്‍ അധികപ്പറ്റാകും. എമ്പാനല്‍ ജീവനക്കാരെ പിരിച്ചുവിടുകയും സ്‌ഥിരം ജീവനക്കാരെ പുനര്‍വിന്യസിക്കുകയും ചെയ്യുന്നതോടെ കെ.എസ്‌.ആര്‍.ടി.സിയുടെ വാതില്‍ ഉദ്യോഗാര്‍ഥികള്‍ക്കു മുന്നില്‍ കൊട്ടിയടയ്‌ക്കപ്പെടും.

ടിക്കറ്റുകളുടെ അച്ചടിയും റിസര്‍വേഷന്റെ ചുമതലയും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പ്രമുഖ സൊസൈറ്റിക്കു കൈമാറുകവഴി ഭരണപക്ഷാനുകൂല യൂണിയനുകളുടെ വായ്‌ മൂടിക്കെട്ടി. മറ്റു യൂണിയനുകളില്‍നിന്നും കാര്യമായ എതിര്‍പ്പ്‌ ഉണ്ടായില്ല. തുടര്‍ന്നാണ്‌ കൂടുതല്‍ മേഖലകളില്‍ നിന്നു സര്‍ക്കാരും മാനേജ്‌മെന്റും പിന്മാറുന്നത്‌.

സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിന്റെ പേരില്‍ ജീവനക്കാരുടെ ഡ്യൂട്ടി പുനഃക്രമീകരിച്ചതിനു പിന്നാലെയാണ്‌ മെക്കാനിക്കല്‍ ബ്രാഞ്ചിന്റെ പരിഷ്‌കരണമെന്ന പേരില്‍ ബോഡി ബില്‍ഡിങ്‌ ജോലി സ്വകാര്യമേഖലയ്‌ക്കു കൈമാറുന്നത്‌. ഇതോടെ കോര്‍പ്പറേഷന്‍ വാങ്ങുന്ന പുതിയ ബസുകളുടെ ബോഡി നിര്‍മ്മാണം നടത്തുന്ന വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തും. അറ്റകുറ്റപ്പണികള്‍ക്കായി മെയിന്റനന്‍്‌സ് വിഭാഗം മാത്രമേ ഉണ്ടാകൂ. അഞ്ചു പ്രമുഖ വര്‍ക്ക്‌ഷോപ്പുകള്‍ നിര്‍ത്താനുള്ള നീക്കം പുരോഗമിക്കുകയാണ്‌. ഇതു നടപ്പാകുന്നതോടെ മെക്കാനിക്കല്‍ ബ്രാഞ്ചിലെ എമ്പാനലുകാരെ പിരിച്ചുവിട്ട്‌ സ്‌ഥിരം ജീവനക്കാരെ പുനര്‍വിന്യസിക്കും. പിരിച്ചുവിടലും പുനര്‍വിന്യാസവും കനത്ത ലാഭമുണ്ടാക്കുമെന്നാണു കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്നതോടെ റാങ്ക്‌ ലിസ്‌റ്റില്‍ ഇടംനേടിയവരുടെ സ്വപ്‌നം പൊലിയും.

ബസുകളുടെ ബോഡി നിര്‍മ്മാണവും അറ്റകുറ്റപ്പണികളും സ്വകാര്യമേഖലയിലേക്കു പോകുന്നതോടെ സര്‍ക്കാര്‍ കെ.എസ്‌.ആര്‍.ടി.സിക്കു നല്‍കുന്ന ഗുണനിലവാരമുള്ള സാധനസാമഗ്രികള്‍ നഷ്‌ടമാകാനുള്ള സാധ്യതയുമുണ്ട്‌. വാഹനനിര്‍മ്മാണ കമ്പനികളില്‍ നിന്ന്‌ ബസിന്റെ എന്‍ജിന്‍ ഉള്‍പ്പെട്ട ഷാസി വാങ്ങി കോര്‍പ്പറേഷന്റെ വര്‍ക്ക്‌ഷോപ്പുകളില്‍ എത്തിച്ച്‌ ബോഡി നിര്‍മ്മിക്കുകയായിരുന്നു പതിവ്‌. ഇനി ബോഡി നിര്‍മ്മാണവും കൂടി പൂര്‍ത്തിയാക്കിയാകും ബസുകള്‍ കൊണ്ടുവരിക. ഫാസ്‌റ്റ്‌ പാസഞ്ചര്‍ സര്‍വീസിനായി 80 ബസുകളും സൂപ്പര്‍ ഫാസ്‌റ്റ്‌ സര്‍വീസിനായി 20 ബസുകളും വാങ്ങാനും ബോഡി നിര്‍മ്മിക്കാനും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്‌. ജീവനക്കാര്‍ പോലും അറിയാതെയായിരുന്നു നടപടികള്‍.

നേരത്തേ ബോഡി നിര്‍മാണം പുറത്തു നല്‍കിയപ്പോള്‍ നിലവാരമില്ലാത്ത ഷീറ്റുകള്‍ ഉപയോഗിച്ചാണു പണികള്‍ തീര്‍ത്തത്‌. കമ്മിഷന്‍ ഇനത്തില്‍ തലപ്പത്തിരുന്നവര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചു. പരാതികള്‍ ഉയര്‍പ്പോഴാണ്‌ ബോഡി നിര്‍മാണം സ്വന്തമായി ചെയ്യാന്‍ തീരുമാനിച്ചത്‌. ഇതിനായി മെക്കാനിക്കല്‍ സെക്‌ഷനില്‍ രണ്ടായിരത്തോളം എമ്പാനല്‍ ജീവനക്കാരുണ്ട്‌. ബോഡി നിര്‍മ്മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന അറുനൂറോളം എമ്പാനലുകാരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. ബോഡി നിര്‍മാണം കരാര്‍ നല്‍കുന്നതോടെ ശേഷിക്കുന്നവരുടെയും ജോലി പോകും. നാലായിരത്തോളം മെക്കാനിക്കല്‍ ജീവനക്കാരില്‍ എമ്പാനലുകാരായ 1400 പേരുടെ ജോലിയാണു പോകുക.

മന്ത്രി തോമസ്‌ ചാണ്ടിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ്‌ അന്തര്‍ സംസ്‌ഥാന റൂട്ടുകളില്‍ നിന്നു കെ.എസ്‌.ആര്‍.ടി.സി. ബസുകളെ പിന്‍വലിച്ച്‌ ആഡംബര ബസുകള്‍ വാടകയ്‌ക്കെടുത്ത്‌ ഓടിക്കാന്‍ തീരുമാനിച്ചത്‌. ഇതിനായി സ്‌കാനിയ കമ്പനിയുമായി ധാരണയായി. അടുത്ത മാസത്തോടെ സര്‍വീസ്‌ തുടങ്ങും. ബസും ഡ്രൈവറും സ്‌കാനിയ കമ്പനി നല്‍കുന്ന രീതിയിലുള്ള വെറ്റ്‌ ലീസ്‌ കരാറിന്റെ അടിസ്‌ഥാനത്തിലാണു പദ്ധതി.

കണ്ടക്‌ടറും ഡീസലും കെ.എസ്‌.ആര്‍.ടി.സി. വകയായിരിക്കും. ബംഗളുരു, ചെന്നൈ, മംഗളുരു, മണിപ്പാല്‍, സേലം, മധുര റൂട്ടുകളിലാണ്‌ ആദ്യഘട്ടത്തില്‍ വാടക ബസുകള്‍ ഓടിക്കുക. ആദ്യഘട്ടത്തില്‍ പത്തും രണ്ടാം ഘട്ടത്തില്‍ പതിനഞ്ചും വാടക ബസുകള്‍ നിരത്തിലിറങ്ങും. കിലോമീറ്ററിന്‌ ശരാശരി 27 രൂപയാണു വാടക.

അറ്റകുറ്റപ്പണികള്‍, ടോള്‍, പെര്‍മിറ്റ്‌ തുടങ്ങിയവ സ്വകാര്യ ബസ്‌ കമ്പനിയുടെ ചുമതലയില്‍ ആയിരിക്കും. ഈ സംവിധാനം ലാഭകരമെന്നു കണ്ടാല്‍ മറ്റു റൂട്ടുകളിലേക്കും വ്യാപിപ്പിക്കും. അങ്ങനെ വന്നാല്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ക്ക്‌ ജോലി നഷ്‌ടമാകും. ഉത്സവസീസണുകളിലടക്കം അമിത നിരക്ക്‌ ഈടാക്കുന്ന സ്വകാര്യ ബസുകള്‍ക്ക്‌ യാത്രക്കാരെ കൊള്ളയടിക്കാനുള്ള അവസരം കൂടിയാകും ഒരുങ്ങുക. ലാഭത്തിനപ്പുറം, കെ.എസ്‌.ആര്‍.ടി.സി. സാമൂഹിക പ്രതിബന്ധതയുടെ പ്രതീകം കൂടിയായിരുന്നു. നഷ്‌ടം സഹിച്ചും ഗ്രാമീണ, ആദിവാസി മേഖലകളില്‍ യാത്രാസൗകര്യം ഒരുക്കിയിരുന്ന പ്രവര്‍ത്തനശൈലിയും ഇല്ലാതാകുകയാണ്‌.

Ads by Google
Ads by Google
Loading...
TRENDING NOW