Friday, June 01, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 02.17 AM

പത്തനംതിട്ട ജില്ലയില്‍ സ്‌റ്റാഫ്‌നഴ്‌സ് നിയമനത്തില്‍ വന്‍ക്രമക്കേട്‌ , രണ്ട്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍

uploads/news/2017/09/145566/k7.jpg

പത്തനംതിട്ട: ജില്ലയില്‍ ആരോഗ്യവകുപ്പിലെ സ്‌റ്റാഫ്‌ നഴ്‌സ്‌ ഗ്രേഡ്‌ -രണ്ട്‌ നിയമനത്തില്‍ വമ്പന്‍ ക്രമക്കേട്‌. സി.പി.എം അനുകൂല സംഘടനയില്‍പ്പെട്ട രണ്ട്‌ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍. ഡി.എം.ഓഫീസിലെ സീനിയര്‍ സൂപ്രണ്ട്‌ (ജനറല്‍) ബിജി സി. മാത്യു, സീനിയര്‍ ക്ലാര്‍ക്ക്‌ സലീലാമ്മ എന്നിവരെയാണ്‌ ആരോഗ്യ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുന്നത്‌.
ബിജി കേരളാ ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെയും സലീലാമ്മ എന്‍.ജി.ഓ യൂണിയന്റെയും ഭാരവാഹികളാണ്‌. ഇവര്‍ക്ക്‌ വേണ്ടി ഇടതുപക്ഷ യൂണിയന്‍ നേതാക്കള്‍ അണിയറയില്‍ ശക്‌തമായ ചരടുവലി നടത്തിയെങ്കിലും നടപടി വൈകിപ്പിക്കാന്‍ മാത്രമാണ്‌ കഴിഞ്ഞത്‌. ക്രമക്കേട്‌ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ്‌ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവ്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ സസ്‌പെന്‍ഷന്‍. ശിശുക്ഷേമ സമിതിയിലെ നിയമനത്തിന്റെ പേരില്‍ കോടതി പരാമര്‍ശം നേരിടേണ്ടി വന്ന ആരോഗ്യമന്ത്രി കൂടി കൈവിട്ടതോടെയാണ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ പണി കിട്ടിയത്‌.
സംഭവം നടക്കുന്ന സമയത്ത്‌ ഡി.എം.ഓ ആയിരുന്ന ഡോ. സഫിയ ബാനു, അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌ തുളസീഭായി എന്നിവര്‍ക്കും ക്രമരഹിത നിയമനത്തില്‍ സംശയനിഴലിലാണെങ്കിലും വിരമിച്ചതിനാല്‍ എന്തു നടപടി എടുക്കണമെന്നതിനെക്കുറിച്ച്‌ ആലോചിച്ചു വരികയാണ്‌.
പി.എസ്‌.സി നല്‍കിയ ശിപാര്‍ശയും സീനിയോറിട്ടിയും മറികടന്ന്‌ നിയമനം നടത്തിയതിനാണ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി ഉണ്ടായത്‌. ഇതു സംബന്ധിച്ച്‌ ഉദ്യോഗാര്‍ഥികള്‍ പി.എസ്‌.സിക്കും ആരോഗ്യവകുപ്പിനും പരാതി നല്‍കിയിരുന്നു.
ഇത്‌ പൂഴ്‌ത്തി വച്ച്‌ കുറ്റക്കാരായ ഉദ്യോഗസ്‌ഥരെ രക്ഷിക്കാനുള്ള ശ്രമമാണ്‌ നടന്നത്‌. ഇതിനിടെ കഴിഞ്ഞ ജൂലൈ 18 ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയ, സെക്രട്ടറിയേറ്റ്‌ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിജിലന്‍സ്‌ സെല്‍ ആണ്‌ ക്രമക്കേട്‌ കണ്ടു പിടിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
സ്‌റ്റാഫ്‌ നഴ്‌സുമാരുടെ 31 ഒഴിവുകള്‍ നിലവിലുണ്ടെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതിന്‍ പ്രകാരം ജില്ലാ പി.എസ്‌.സി ഓഫീസില്‍ നിന്ന്‌ അത്രയും പേര്‍ക്ക്‌ കഴിഞ്ഞ ജനുവരി മൂന്നിന്‌ നിയമന ശിപാര്‍ശ നല്‍കി.
എന്നാല്‍, ഇവര്‍ക്ക്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യഥാസമയം നിയമന ഉത്തരവ്‌ നല്‍കിയില്ല. ഇതിനിടയില്‍ പി.എസ്‌.സി 2016 ജനുവരി 20 ല്‍ ചെയ്‌ത ശിപാര്‍ശ ലഭിച്ചിട്ടും ജോലിക്ക്‌ ഹാജരാകാതിരുന്ന ജിന്‍സി സാമുവലിന്റെ എന്‍.ജെ.ഡി(നോണ്‍-ജോയിനിങ്‌ ഡ്യൂട്ടി) ഒഴിവിലേക്ക്‌ കഴിഞ്ഞ ഫെബ്രുവരി 22 ന്‌ ശിപാര്‍ശ ചെയ്‌ത ജി. സീമ എന്ന ഉദ്യോഗാര്‍ഥിക്ക്‌ സീനിയോറിട്ടി മറി കടന്ന്‌ നിയമനം നല്‍കുകയും ചെയ്‌തു.
സീനിയോറിട്ടി മറികടന്നതിനെതിരേ 31 പേരും ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ക്കും ഡി.എം.എഓയ്‌ക്കും പരാതി നല്‍കിയിരുന്നു. ഈ പരാതികളാണ്‌ നടപടിയില്ലാതെ മുക്കിയത്‌.
ഇതിനിടെയാണ്‌ ഭരണപരിഷ്‌കാര അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിജിലന്‍സ്‌ സെല്ലിന്റെ പിടിവീണത്‌. ക്രമക്കേട്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ ആരോഗ്യവകുപ്പ്‌ ഡയറക്‌ടറേറ്റിലേക്ക്‌ പോയെങ്കിലും അവിടെയും പൂഴ്‌ത്തി വയ്‌ക്കുകയായിരുന്നു. വിവരം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടാണ്‌ നടപടി എടുത്തത്‌. ഇനിയൊരു വിവാദത്തില്‍ കുടുങ്ങാന്‍ താല്‍പര്യമില്ലാത്ത ആരോഗ്യമന്ത്രിയും ഇതിന്‌ സമ്മതം മൂളുകയായിരുന്നു.

ജി. വിശാഖന്‍

Ads by Google
Wednesday 13 Sep 2017 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW