Thursday, June 21, 2018 Last Updated 25 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 02.03 AM

ഒടുവില്‍ പ്രാര്‍ഥന സഫലം : ഫാ. ഉഴുന്നാലില്‍ മോചിതന്‍

uploads/news/2017/09/145520/in1.jpg

മസ്‌കറ്റ്‌/ ന്യൂഡല്‍ഹി: യെമനിലെ ഏദനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്‌ (57) ഒന്നര വര്‍ഷത്തോളം നീണ്ട തടവില്‍നിന്നു മോചനം. കേരളത്തിലെ പല പള്ളികളിലും ദിവ്യബലിക്കിടെ ഫാ. ടോമിന്റെ മോചനത്തിനു വേണ്ടിയുള്ള പ്രാര്‍ഥന ഉള്‍പ്പെടുത്തിയിരുന്നു.
യെമന്‍ വിമത സംഘടനകളുമായി ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ്‌ ബിന്‍ സയീദ്‌ നടത്തിയ ഇടപെടലുകളാണു മോചനത്തിനു വഴിതുറന്നത്‌. ഒമാന്റെ പരമ്പരാഗത വസ്‌ത്രമണിഞ്ഞ്‌ കൊട്ടാരത്തില്‍ സുല്‍ത്താന്റെ ഛായാചിത്രത്തിനു മുന്നില്‍ ഫാ. ഉഴുന്നാലില്‍ നില്‍ക്കുന്ന ചിത്രവുമായി ഒമാന്‍ വാര്‍ത്താ ഏജന്‍സിയാണ്‌ മോചനവാര്‍ത്ത പുറത്തുവിട്ടത്‌.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ മുതലുള്ള ദുരിതജീവിതം ഏല്‍പ്പിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന അദ്ദേഹത്തെ വത്തിക്കാന്‍ ഇടപെട്ട്‌ മസ്‌കറ്റില്‍ നിന്നു റോമിലേക്കു കൊണ്ടുപോയി. ഏതാനും ദിവസത്തെ ചികിത്സയ്‌ക്കും വിശ്രമത്തിനും ശേഷമേ അദ്ദേഹം നാട്ടിലെത്തൂ എന്നാണ്‌ ബംഗളുരുവിലെ സലേഷ്യന്‍ സഭാ ആസ്‌ഥാനത്തുനിന്നു ലഭിച്ച വിവരം.
വ്യവസ്‌ഥാപിത ഭരണകൂടമോ നയതന്ത്ര ബന്ധമോ ഇല്ലാത്തത്‌ യെമനില്‍ നിന്നു ഫാ. ടോമിന്റെ മോചനം സാധ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കു വിഘാതമായിരുന്നു. "ഫാ. ടോം ഉഴുന്നാലില്‍ മോചിപ്പിക്കപ്പെട്ടതായി സന്തോഷപൂര്‍വം അറിയിക്കുന്നു" എന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്റര്‍ സന്ദേശത്തിനപ്പുറം കേന്ദ്ര സര്‍ക്കാരില്‍നിന്നു പ്രതികരണങ്ങള്‍ ഉണ്ടായില്ല.
വത്തിക്കാനില്‍നിന്ന്‌ ഒരു കോടിയോളം ഡോളര്‍ മോചനദ്രവ്യം നല്‍കിയാണ്‌ ഫാ. ഉഴുന്നാലിലിനെ മോചിപ്പിച്ചതെന്നു സൂചനകളുണ്ട്‌. അദ്ദേഹത്തെ എവിടെയാണു പാര്‍പ്പിച്ചിരുന്നതെന്നോ മോചനശ്രമങ്ങള്‍ എങ്ങനെയായിരുന്നെന്നോ വ്യക്‌തമല്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച്‌ നിശബ്‌ദത പാലിക്കുകയാണ്‌.
സലേഷ്യന്‍ സഭയുടെ ബംഗളുരു പ്ര?വിന്‍സ്‌ അംഗമായിരുന്ന ഫാ. ടോം ഉഴുന്നാലില്‍ അഞ്ചു വര്‍ഷം മുമ്പാണ്‌ മിഷനറി പ്രവര്‍ത്തനങ്ങളുമായി യെമനിലേക്കു പോയത്‌. ആഭ്യന്തരയുദ്ധത്തില്‍ ക്രമസമാധാനം തകര്‍ന്ന്‌ സൈ്വരജീവിതം അസാധ്യമായ യെമനില്‍ ഐ.എസും അല്‍ ക്വയ്‌ദയും പിടിമുറുക്കിയെങ്കിലും മിഷനറി ദൗത്യം തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.അദ്ദേഹം സേവനമനുഷ്‌ഠിച്ചിരുന്ന ദേവാലയം നശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ഏദനില്‍ മിഷനറീസ്‌ ഓഫ്‌ ചാരിറ്റീസിന്റെ വയോധിക സംരക്ഷണകേന്ദ്രത്തിലേക്കു താമസം മാറ്റിയ അദ്ദേഹത്തെ അവിടെനിന്നാണു തട്ടിക്കൊണ്ടുപോയത്‌.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ നാലിന്‌ അവിടം ആക്രമിച്ച ഭീകരര്‍ നാലു കന്യാസ്‌ത്രീകളടക്കം 16 പേരെ കൊലപ്പെടുത്തിയ ശേഷമാണ്‌ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്‌.
ഐ.എസാണ്‌ ആക്രമണം നടത്തിയതെന്ന യെമന്‍ അധികൃതരുടെ വെളിപ്പെടുത്തലിനു സ്‌ഥിരീകരണമുണ്ടായില്ല. ആക്രമണത്തില്‍ പങ്കില്ലെന്ന്‌ അല്‍ ക്വയ്‌ദ അറിയിക്കുകയും ചെയ്‌തു. അജ്‌ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോയ അദ്ദേഹത്തെപ്പറ്റി പിന്നീടു വിവരങ്ങള്‍ ലഭിച്ചില്ല. മോചനത്തിനു വേണ്ടി അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെയും വത്തിക്കാന്റെയും ഇടപെടല്‍ അഭ്യര്‍ഥിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ പുറത്തുവന്നു. കഴിഞ്ഞ ദുഃഖവെള്ളിയാഴ്‌ച ദിനത്തില്‍ അദ്ദേഹത്തെ കുരിശില്‍ തറയ്‌ക്കുമെന്ന്‌ ഐ.എസ്‌. പ്രഖ്യാപിച്ചെന്ന വാര്‍ത്ത ഏറെ ആശങ്കയ്‌ക്ക്‌ ഇടയാക്കിയിരുന്നു.

''ദൈവത്തിന്‌ നന്ദി''

മസ്‌കറ്റ്‌: ഭീകരരുടെ പിടിയില്‍നിന്നു മോചിതനായതില്‍ ദൈവത്തിനു നന്ദി അര്‍പ്പിച്ചു ഫാ. ടോം ഉഴുന്നാലില്‍.
മോചിതനായി മസ്‌കറ്റില്‍ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "ഒമാന്‍ സുല്‍ത്താനും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി" - അദ്ദേഹം പറഞ്ഞു. ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ഉഴുന്നാലില്‍ ഒമാന്‍ സൈനിക വിമാനത്തിലാണു മസ്‌കറ്റിലെത്തിയത്‌.

Ads by Google
Wednesday 13 Sep 2017 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW