Tuesday, June 19, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 01.51 AM

അഷ്‌ടമിരോഹിണി വള്ളസദ്യയ്‌ക്ക് ആയിരങ്ങള്‍

uploads/news/2017/09/145495/re5.jpg

കോഴഞ്ചേരി: കണ്ണന്‌ ജന്മനാളില്‍ ഓളപ്പരപ്പില്‍ ദൃശ്യവിസ്‌മയം തീര്‍ത്ത്‌
പള്ളിയോടങ്ങള്‍. അഷ്‌ടമി രോഹിണി നാളില്‍ പമ്പയുടെ ഓളങ്ങളില്‍
വഞ്ചിപ്പാട്ടിന്റെ ശീലുകളുമായി തുഴഞ്ഞെത്തിയാണ്‌ പാര്‍ഥസാരഥിക്ക്‌
പള്ളിയോടങ്ങള്‍ പിറന്നാള്‍ സമ്മാനം നല്‍കിയത്‌. ജന്മനാളില്‍ ഭഗവാനെ
കാണാന്‍ എത്തിയ മുഴുവന്‍ ഭക്‌തര്‍ക്കും വിഭവ സമൃദ്ധമായ സദ്യ നല്‍കി
അനുഗ്രഹം ചൊരിയുകയും ചെയ്‌തതോടെ ഇക്കൊല്ലത്തെ അഷ്‌ടമി രോഹിണി ആഘോഷങ്ങള്‍ ആറന്മുളയില്‍ സമാപിച്ചു.
ആറന്മുള പ്രതിഷ്‌ഠാദിനമായ ഉതൃട്ടാതി നാളിലാണ്‌ പ്രധാനമായും
മത്സരാന്തരീക്ഷത്തില്‍ ജലമേള നടക്കുന്നതെങ്കില്‍ അഷ്‌ടമി രോഹിണി നാളിലെ ജലമേള തികച്ചും ഭക്‌തിസാന്ദ്രമാണ്‌. പമ്പാ നദിക്കരയിലെ മുഴുവന്‍
പള്ളിയോടങ്ങളുമായി കരക്കാര്‍ കരക്കാരെ കാണുമെന്ന പ്രത്യേകതയും
അഷ്‌ടമിരോഹിണി ജലമേളയ്‌ക്കുണ്ട്‌.
52 കരകളില്‍ ഇടനാട്‌ പള്ളിയോടമാണ്‌ ആദ്യം വഞ്ചിപ്പാട്ട്‌ പാടി പമ്പയിലൂടെ
ക്ഷേത്രക്കടവിലെത്തിയത്‌. ആദ്യമെത്തിയ ഇടനാട്‌ പള്ളിയോടത്തെ വെറ്റ, പുകയില
അടങ്ങിയ ദക്ഷിണ നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രയാര്‍
ഗോപാല കൃഷ്‌ണന്‍ ആചാരപൂര്‍വം വരവേറ്റു. കിഴക്ക്‌, പടിഞ്ഞാറ്‌, മധ്യ
മേഖലകളില്‍ നിന്നുള്ള പള്ളിയോടങ്ങളും പിന്നാലെയെത്തി. പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ ഡോ. കെ.ജി. ശശിധരന്‍ പിള്ള, വൈസ്‌ പ്രസിഡന്റ്‌ കെ.പി. സോമന്‍, സെക്രട്ടറി പി.ആര്‍. രാധാകൃഷ്‌ണന്‍, ദേവസ്വം എ.ഒ.മാരായ പി. പത്മകുമാര്‍, എസ്‌. അജിത്‌ കുമാര്‍, ഉപദേശക സമിതി പ്രസിഡന്റ്‌ മനോജ്‌ മാധവശേരില്‍ തുടങ്ങിയവര്‍ പള്ളിയോടങ്ങള്‍ക്ക്‌ ദക്ഷിണ നല്‍കി സ്വീകരിച്ചു.
കൃഷ്‌ണ സ്‌തുതികള്‍ അടങ്ങിയ വഞ്ചിപ്പാട്ട്‌ പാടി തുഴകള്‍ ഉയര്‍ത്തി ക്ഷേത്ര
മുറ്റത്തെത്തി നാലമ്പലത്തിന്‌ വലം വെച്ച്‌ പള്ളിയോട കരക്കാര്‍ കിഴക്കേ
നടയില്‍ കൊടിമരച്ചുവട്ടിലെത്തി ഭഗവാനെ വണങ്ങിയതോടെ സമൂഹ സദ്യയ്‌ക്കുള്ള
ഒരുക്കങ്ങളും തുടങ്ങി. അമരത്ത്‌ വര്‍ണ്ണച്ചാര്‍ത്തണിഞ്ഞ്‌, കൊടി പാറിച്ച്‌, വഞ്ചിപ്പാട്ടിന്റെ താളത്തില്‍ പമ്പയിലൂടെ തുഴയെറിഞ്ഞെത്തിയ പള്ളിയോടങ്ങള്‍
ഭക്‌തര്‍ക്ക്‌ വിഭവ സമൃദ്ധസദ്യയ്‌ക്ക് മുന്‍പുള്ള ദൃശ്യവിരുന്നായി .
കിഴക്ക്‌ ഇടക്കുളം മുതല്‍ പടിഞ്ഞാറ്‌ ചെന്നിത്തല വരെയുള്ള കരകളിലെ
പള്ളിയോടങ്ങള്‍ പങ്കെടുത്തു ഗജമണ്ഡപത്തില്‍ പ്രത്യേകം തയാറാക്കിയ
വേദിയില്‍ നിലവിളക്കിനു മുമ്പില്‍ എന്‍.എസ്‌.എസ്‌. പ്രസിഡന്റ്‌ പി. എന്‍.
നരേന്ദ്രനാഥന്‍ നായര്‍, ജില്ലാ കലക്‌ടര്‍ ആര്‍. ഗിരിജയും, തൂശനിലയില്‍ സദ്യ
വിളമ്പി ഭഗവാന്‌ സമര്‍പ്പിച്ചതോടെ ഭക്‌തരും ഒപ്പം പങ്കുചേര്‍ന്നു. വീണാ
ജോര്‍ജ്‌ എം.എല്‍.എ, മുന്‍ എം.എല്‍.എ മാരായ എ. പത്മകുമാര്‍, മാലേത്ത്‌
സരളാദേവി, എന്‍.എസ്‌.എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റുമാരായ
സോമനാഥന്‍ നായര്‍, പി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
അന്നപൂര്‍ണാദേവി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ബി. സത്യന്‍,
ബ്ലോക്ക്‌ പഞ്ചായത്തംഗം ആര്‍.കൃഷ്‌ണകുമാര്‍, കോഴഞ്ചേരി പഞ്ചായത്ത്‌
പ്രസിഡന്റ്‌ മിനി ശ്യാം മോഹന്‍, ആര്‍. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വഴിപാട്‌ സദ്യ കഴിക്കാന്‍ എത്തുന്നവര്‍ക്കായി പള്ളിയോട സേവാസംഘം, പോലീസ്‌
തുടങ്ങിയവരുടെ നേതൃത്വത്തില്‍ സൗകര്യങ്ങളേര്‍പ്പെടുത്തിയിരുന്നുവെങ്കില്‍
ഭക്‌തജനത്തിരക്ക്‌ മൂലം ഇതൊന്നും ഫലം കണ്ടില്ല. സദ്യ കഴിക്കാന്‍ എല്ലാവരും വാഹനങ്ങളില്‍ എത്തിയതോടെ പാര്‍ക്കിങ്ങിനാവശ്യമായ സ്‌ഥലമില്ലാതെയായി.
ഉത്രട്ടാതി ജലമേളയ്‌ക്ക് പാര്‍ക്കിങ്ങിനായി പോലീസ്‌ വിവിധ സ്‌ഥലങ്ങള്‍
നിശ്‌ചയിച്ചെങ്കിലും ഇന്നലെ അത്‌ നടന്നില്ല. ജലമേളയ്‌ക്കായി പമ്പയുടെ
ഇരുകരകളിലുമാണ്‌ ജനങ്ങള്‍ എത്തിയതെങ്കില്‍ ഇന്നലെ ഇവരെല്ലാം
കേന്ദ്രീകരിച്ചത്‌ ക്ഷേത്ര മതിലകത്തായിരുന്നു. ഇതുമൂലം ഏറെ നേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പോലീസും സുരക്ഷാ ഉദ്യോഗസ്‌ഥരും
എണ്ണത്തില്‍ കുറവായിരുന്നു. ക്ഷേത്ര മതിലിനകത്ത്‌ വടക്കേ നടയിലൂടെയുള്ള
പ്രവേശനം ഏറെ ദുഷ്‌കരമായിരുന്നു. പള്ളിയോടങ്ങളെ
സ്വീകരിച്ചു കൊണ്ടു വരുന്നതിനിടയിലൂടെ സദ്യ കഴിച്ചവരും ഇലകളുമായി
എത്തിയവരും എല്ലാം കൂടി ഒന്നിച്ചായപ്പോള്‍ ബുദ്ധിമുട്ട്‌ അധികമായി.
മതിലനകത്തെ വാട്ടര്‍ ടാങ്ക്‌ നിറഞ്ഞ്‌ വെള്ളം താഴേക്ക്‌ ഒഴുകിയത്‌ സദ്യ
കഴിക്കാനിരുന്ന പള്ളിയോട കരക്കാര്‍ ഏറെ ബുദ്ധിമുട്ടാണ്‌ അനുഭവിച്ചത്‌. 350
പറ അരിയുടെ സദ്യയാണ്‌ ഒരുങ്ങിയത്‌. ചേനപ്പാടിയില്‍ നിന്നും ആചാരപൂര്‍വം
എത്തിച്ച തൈരും, അമ്പലപ്പുഴ പാല്‍പായസവും ഉള്‍പ്പടെ ഉള്ള വിഭവങ്ങളുമായാണ്‌
സദ്യ നടന്നത്‌. പറമ്പൂരില്ലത്ത്‌ ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരി
ക്ഷേത്രത്തിലെ ഉച്ചപൂജ പൂര്‍ത്തിയാക്കിയതോടെ അഷ്‌ടമിരോഹിണി വള്ളസദ്യയുടെ
ഭദ്രദീപം കൊളുത്തി.
ഓരോ പള്ളിയോട കരകള്‍ക്കും നിശ്‌ചയിച്ച പ്രത്യേക ഇടങ്ങളില്‍ വള്ളസദ്യകള്‍
വിളമ്പി സമൂഹ മനസോടെ മണ്ണില്‍ തൂശനിലയിട്ട്‌ വിളമ്പിയ അന്നദാനം
സ്വീകരിച്ചു പാര്‍ഥസാരഥി സ്‌തുതികളോടെ കരക്കാര്‍ കരകളിലേക്ക്‌ മടങ്ങി.
ഭക്‌തരുടെ തിരക്ക്‌ വൈകിട്ട്‌ മൂന്ന്‌ മണി വരെ നീണ്ടു.
സദ്യയ്‌ക്ക് ശേഷം കരക്കാര്‍ പാര്‍ത്ഥസാരഥിയെ വണങ്ങി പള്ളിയോടത്തില്‍ കയറി മടങ്ങി. നിറവാര്‍ന്ന മനസുമായി ഭക്‌തരും.

Ads by Google
Wednesday 13 Sep 2017 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW