Wednesday, June 20, 2018 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 01.46 AM

സ്‌കൂള്‍പഠനം ഇന്ത്യയില്‍, ബ്രിട്ടനില്‍ സൈനികന്‍; പിതാവിനെ പുറത്താക്കി ഒമാന്‍ രാജാവായി

uploads/news/2017/09/145489/bft1.jpg

ക്രൈസ്‌തവരുടെ നിരന്തരപ്രാര്‍ഥനയ്‌ക്കും റോമിലെ പരിശുദ്ധസിംഹാസനത്തിന്റെ ഇടപെടലിനും ഒടുവില്‍ സാഫല്യം- ഫാ. ടോം ഉഴുന്നാലിലിനെ ജീവനോടെ കാണാന്‍ ബന്ധുക്കള്‍ക്കും നാടിനും ദൈവത്തിന്റെ കാരുണ്യവര്‍ഷമായി. ഇതിനേറ്റവും രാജ്യം കടപ്പെട്ടിരിക്കുന്നത്‌ ഒമാന്‍ രാജാവിനോടാണ്‌.
അറബിനാട്ടില്‍ ദീര്‍ഘകാലമായി അധികാരത്തിലിരിക്കുന്ന ഖബൂസ്‌ ബിന്‍ സയ്യദ്‌ അല്‍ സയ്യദിന്റെ മധ്യസ്‌ഥതയാണു ഭീകരില്‍നിന്ന്‌ ഈ പ്രേഷിതനെ മോചിപ്പിക്കാന്‍ വഴിയൊരുക്കിയത്‌. ആധുനിക ഒമാന്റെ ശില്‍പ്പിയായ ഈ എഴുപത്തി ഏഴുകാരന്റേതു സംഭവബഹുലമായ ജീവിതമാണ്‌. പതിനെട്ടാംനൂറ്റാണ്ടു മുതല്‍ ഭരിക്കുന്ന അല്‍സയ്യദ്‌ രാജവംശത്തിന്റെ പതിനാലാം തലമുറക്കാരനാണ്‌. അട്ടിമറിയിലൂടെ പിതാവ്‌ സയ്യദ്‌ ബിന്‍ മൂറിനെ പുറത്താക്കി 1970 ലാണു ഭരണംപിടിച്ചെടുത്തത്‌.
സയ്യദ്‌ ബിന്‍ തൈമുറിന്റെയും ഷെയ്‌ഖാ മസുണ്‍ അല്‍ മഷാനിയുടെയും ഏകമകനായി ദോഫറിലെ സലാലയില്‍ 1940 നവംബര്‍ പതിനെട്ടിനായിരുന്നു ജനനം. സലാലയിലും പുനെയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുന്‍രാഷ്‌ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയുടെ ശിഷ്യനായിരുന്നു. പതിനാറാമത്തെ വയസില്‍ അദ്ദേഹത്തെ ഇംഗ്ലണ്ടിലെ സ്വകാര്യവിദ്യാഭ്യാസ സ്‌ഥാപനത്തില്‍ ഉപരിപഠനത്തിനായി അയച്ചു.
ഇരുപതാമത്തെ വയസില്‍ സണ്‍ഡേഴ്‌സ് റോയല്‍ മിലിട്ടിറി അക്കാഡമിയില്‍ ചേര്‍ന്നു. 1962-ല്‍ ബിരുദമെടുത്തശേഷം ബ്രിട്ടീഷ്‌ സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹത്തെ സ്‌കോട്ടീഷ്‌ റൈഫിള്‍സില്‍ നിയമിച്ചു. ഇതിനിടെ ഒരു വര്‍ഷം ജര്‍മനിയില്‍ സേവനമനുഷ്‌ഠിച്ചു. ഇതിനുശേഷം ഇംഗ്ലണ്ടില്‍ തന്നെ പ്രാദേശിക സര്‍ക്കാരുകളെക്കുറിച്ചു പഠിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ലോകയാത്രയ്‌ക്കു പുറപ്പെട്ട അദ്ദേഹം 1966-ല്‍ ഒമാനിലേക്കു തിരിച്ചുപോയി. എന്നാല്‍, സലാലയിലെ കൊട്ടാരത്തിലെത്തിയ ഖബൂസ്‌ ബിന്‍ സയ്യദ്‌ അല്‍ സയ്യദിനെ പിതാവ്‌ വീട്ടുതടങ്കലിലാക്കി. ഭരണത്തില്‍നിന്ന്‌ അദ്ദേഹത്തെ മാറ്റിനിര്‍ത്തി. എന്നാല്‍, പിതാവിന്റെ ഉപദേശകര്‍ ഇടയ്‌ക്ക് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.
ഇക്കാലത്ത്‌ ഇസ്ലാമിനെയും രാജ്യത്തിന്റെ ചരിത്രത്തെയും കുറിച്ച്‌ അദ്ദേഹം പഠിച്ചു. കൊട്ടാരത്തില്‍ ഒറ്റപ്പെട്ട അദ്ദേഹത്തിന്റെ ബന്ധം കുറെ ഉദ്യോഗസ്‌ഥരിലും സന്ദര്‍ശകരിലും പ്രവാസി സുഹൃത്തുക്കളിലുമൊതുങ്ങി. എന്നാല്‍, മാറ്റതിനായി അദ്ദേഹം ആഗ്രഹിച്ചു. ഇതിനെ ഇവര്‍ നിശബ്‌ദമായി പിന്തുണച്ചു.
ബ്രിട്ടന്റെ സഹായത്തോടെയാണു പിതാവിനെ അട്ടിമറിച്ചു ഭരണം പിടിച്ചെടുത്തത്‌. ഇതിനു പ്രധാനമന്ത്രിയായിരുന്ന ഹറോള്‍ഡ്‌ വില്‍സണിന്റെ പിന്തുണയുണ്ടായിരുന്നു. തുടര്‍ന്നു എണ്ണയില്‍നിന്നുള്ള പണം സമഗ്രവികസനത്തിനായി വകമാറ്റി. കണ്ണടയ്‌ക്കുന്ന വേഗത്തിലാണു രാജ്യത്തിന്റെ മുഖംമാറിയത്‌. ഇനി രാജ്യം മസ്‌കറ്റും ഒമാനുമായി അറിയില്ലെന്നും സുല്‍ത്തനേറ്റ്‌ ഓഫ്‌ ഒമാന്‍ എന്നറിയപ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
റോഡുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, വ്യവസായശാലകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി സമസ്‌തമേഖലയിലും വികസനം കൈവരിച്ചു. ഖബൂസ്‌ ബിന്‍ സയ്യദ്‌ അല്‍ സയ്യദിന്റെ ജന്മദിനത്തില്‍ ദേശീയ അവധി പ്രഖ്യാപിച്ചു. അധികാരമേറ്റെടുത്ത ദിനം നവോത്ഥാനദിനവുമാക്കി.
എതിരാളികളെ നിഷ്‌പ്രഭരാക്കാനും ദിശാബോധത്തോടെ രാജ്യത്തെ നയിക്കാനും കഴിയുന്ന അദ്ദേഹം അര്‍ബുദബാധിതനാണ്‌.
രണ്ടു പേരെ വിവാഹം കഴിച്ചെങ്കിലും മക്കളില്ല. ഒരുബന്ധം പിന്നീടു വേര്‍പ്പെടുത്തി. തന്റെ പിന്‍ഗാമികളെ അദ്ദേഹം രേഖാമൂലം നിശ്‌ചയിച്ചിട്ടുണ്ട്‌.
ഭീകരില്‍ നിന്നു ഫാ.ടോമിന്റെ മോചനത്തിനു വഴിയൊരുക്കിയ ഈ രാജാവിന്‌ ഏവരും നന്ദിപറയുന്നു.

സ്‌റ്റീഫന്‍ അരീക്കര

Ads by Google
Wednesday 13 Sep 2017 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW