Friday, November 24, 2017 Last Updated 17 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.27 AM

യുവേഫാ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ കുരുക്കഴിക്കാന്‍ റയാല്‍ മാഡ്രിഡ്‌

uploads/news/2017/09/145424/1.jpg

മാഡ്രിഡ്‌: സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബുവിലെ സമനിലക്കുരുക്ക്‌ പൊട്ടിക്കാന്‍ റയാല്‍ മാഡ്രിഡ്‌ ഇന്നിറങ്ങും. ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളിന്റെ ആദ്യ റൗണ്ട്‌ പോരാട്ടത്തില്‍ റയാല്‍ ഇന്ന്‌ ദുര്‍ബലരായ അപോയലിനെ നേരിടും.
മറ്റു മത്സരങ്ങളില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി ഫെയര്‍നൂര്‍ദിനെതിരേ ഇറങ്ങുമ്പോള്‍ ഇംഗ്ലീഷ്‌ ടീമുകളായ ലിവര്‍പൂളിന്‌ സ്‌പാനിഷ്‌ കരുത്തരായ സെവിയയും ടോട്ടനം ഹോട്‌സ്പറിന്‌ ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടുമാണ്‌ എതിരാളികള്‍.
സ്‌പാനിഷ്‌ ലാ ലിഗയില്‍ സീസണിലെ ആദ്യ രണ്ടു ഹോം മത്സരത്തിലും വിജയം നേടാനാകാതെ വിഷമിച്ചാണ്‌ റയാല്‍ മാഡ്രിഡിന്റെ വരവ്‌. വലന്‍സിയയ്‌ക്കെതിരേ 2-2നും ദുര്‍ബലരായ ലെവന്റെയ്‌ക്കെതിരേ 1-1നുമാണ്‌ റയാല്‍ ബെര്‍ണബുവില്‍ സമനില വഴങ്ങിയത്‌.
സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവമാണ്‌ രണ്ടു മത്സരങ്ങളിലും അവര്‍ക്ക്‌ ജയം നിഷേധിച്ചതെന്ന്‌ റയാല്‍ താരങ്ങള്‍ തന്നെ സമ്മതിക്കുന്നു. സീസണിന്റെ തുടക്കത്തില്‍ നടന്ന ബാഴ്‌സലോണയ്‌ക്കെതിരായ സ്‌പാനിഷ്‌ സൂപ്പര്‍ കപ്പ്‌ മത്സരത്തിനിടെ റഫറിയെ തള്ളിയതിനു നാലു മത്സര വിലക്ക്‌ നേരിടുകയാണ്‌ റൊണാള്‍ഡോ.
ലാ ലിഗയില്‍ റയാലിന്റെ അടുത്ത മത്സരത്തില്‍ക്കൂടി റൊണാള്‍ഡോയ്‌ക്ക് കളിക്കാനാകില്ല. എന്നാല്‍ ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ന്‌ അപോയലിനെതിരേ സൂപ്പര്‍ താരം കളത്തിലുണ്ടാകുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ. റൊണാള്‍ഡോയുടെ തിരിച്ചുവരവിലൂടെ റയാലിന്റെ ഗോള്‍ക്ഷാമം പരിഹരിക്കപ്പെടുമെന്നാണ്‌ കരുതുന്നത്‌.
എന്നാല്‍ റൊണാള്‍ഡോ വന്നാലും റയാലിന്റെ പ്രശ്‌നങ്ങള്‍ തീരുന്നില്ല. മുന്‍നിരയില്‍ പേരുകേട്ട ബി.ബി.സി. ത്രയത്തിന്‌ പഴയ മൂര്‍ച്ചയില്ല. കരീം ബെന്‍സേമ ഫോം ഔട്ടായതും ഗാരെത്‌ ബെയ്‌ലിനു ലെവന്റെയ്‌ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റതും റയാലിനെ വലയ്‌ക്കുന്നുണ്ട്‌.
റൊണാള്‍ഡോയ്‌ക്കൊപ്പം പുത്തന്‍ താരോദയം മാര്‍ക്കോ അസെന്‍സിയോയിലാണ്‌ കോച്ച്‌ സിനദിന്‍ സിദാന്‍ പ്രതീക്ഷ പുലര്‍ത്തുന്നത്‌. സീസണില്‍ അസെന്‍സിയോ മികച്ച ഫോമിലാണ്‌. വലന്‍സിയയ്‌ക്കെതിരേ സമനില വഴങ്ങിയ മത്സരത്തില്‍ ടീമിന്റെ രണ്ടു ഗോളുകളും നേടിയത്‌ അസെന്‍സിയോയാണ്‌.
മധ്യനിരയിലും റയാലിനു പ്രശ്‌നങ്ങളുണ്ട്‌. ലൂക്കാസ്‌ വാസ്‌ക്വസ്‌ ഒഴികെ ആരും ഫോമിലല്ല. ലൂക്കാ മോഡ്രിച്ചിന്റെയും ടോണി ക്രൂസിന്റെയും മോശം ഫോമും അവരെ വലയ്‌ക്കുന്നു. ഇതിനെക്കാള്‍ സിദാന്‌ തലവേദന സൃഷ്‌ടിക്കുന്നത്‌ പ്രതിരോധനിരയുടെ പിഴവുകളിലാണ്‌.
ആക്രമണോത്സുകത വര്‍ധിച്ച്‌ പ്രതിരോധം ഒന്നടങ്കം സ്വന്തം കോട്ടവിട്ടു പുറത്തുപോയതാണ്‌ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും റയാലിനു വിനയായത്‌. ലെവന്റെയ്‌ക്കും വലന്‍സിയയ്‌ക്കുമെതിരേ വഴങ്ങിയ ഗോളുകള്‍ റയാലിന്റെ പ്രതിരോധപ്പിഴവാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌.
ഇതിനെല്ലാം ഇന്ന്‌ അപോയലിനെതിരായ മത്സരത്തിലൂടെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ്‌ ആരാധകര്‍.
മാഞ്ചസ്‌റ്റര്‍ സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗ്‌ മത്സരത്തില്‍ 5-0ന്റെ തോല്‍വിയേറ്റു വാങ്ങിയാണ്‌ ലിവര്‍പൂള്‍ സെവിയയെ നേരിടാനിറങ്ങുന്നത്‌. സൂപ്പര്‍ താരം ഫിലിപ്പെ കുടീഞ്ഞോയുടെ മോശം ഫോമാണ്‌ അവരുടെ പ്രതിസന്ധി. പ്രീമിയര്‍ ലീഗില്‍ മോശം ഫോം തുടരുന്ന ടോട്ടനത്തിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്‌. പിയറി ഔബമയോങ്‌ ഉള്‍പ്പെടുന്ന ആക്രമണനിരയുമായി എത്തുന്ന ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടാണ്‌ ടോട്ടനത്തെ കാത്തിരിക്കുന്നത്‌. മത്സരം സ്വന്തം തട്ടകത്തില്‍ നടക്കുന്നതിന്റെ ആനുകൂല്യം മുതലെടുത്ത്‌ ഡോര്‍ട്ട്‌മുണ്ടിനെ കീഴടക്കാമെന്നാണ്‌ ടോട്ടനത്തിന്റെ പ്രതീക്ഷ.
അതേസമയം പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലെത്തുന്ന സിറ്റിക്ക്‌ ദുര്‍ബലരായ തുര്‍ക്കി ക്ലബ്‌ ഫെയ്‌നൂര്‍ദാണ്‌ എതിരാളികള്‍. സെര്‍ജിയോ അഗ്യൂറോ, ഗബ്രിയേല്‍ ജീസസ്‌, ലിറോയ്‌ സാനെ എന്നിവരുടെ ബൂട്ടുകളില്‍ നിന്ന്‌ ഫെയ്‌നൂര്‍ദിനെതിരേയും ഗോള്‍മഴയില്‍ കുറഞ്ഞൊന്നും കോച്ച്‌ പെപ്‌ ഗ്വാര്‍ഡിയോള പ്രതീക്ഷിക്കുന്നില്ല.

Ads by Google
Wednesday 13 Sep 2017 12.27 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW