Tuesday, September 12, 2017 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 03.42 PM

കഴിഞ്ഞുപോയതിനെക്കുറിച്ച് ചിന്തിക്കാറില്ല; ഇനിയുള്ള ജീവിതം മകനു വേണ്ടി

പ്രിയങ്കാ നായരുടെ ആരും പറയാത്ത വിശേഷങ്ങള്‍
uploads/news/2017/09/145326/Weeklypriyakanair.jpg

മിനിസ്‌ക്രീനില്‍ നിന്നും ബിഗ്‌സ്‌ക്രീനിലെത്തണമെന്നാഗ്രഹിക്കുകയും അതിന് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുകയും ചെയ്യുന്ന താരങ്ങള്‍ നിരവധിയാണ്.

എന്നാല്‍ അപ്രതീക്ഷിതമായി സീരിയലില്‍ നിന്നും സിനിമയിലേക്ക് പറിച്ചുനടപ്പെട്ട പ്രിയങ്ക കണ്ണിമവെട്ടുന്ന നിമിഷം കൊണ്ട് മികച്ച നടിയായി പേരെടുത്തു.

സംസ്ഥാന ബഹുമതി ലഭിക്കുകയും ചെയ്തു. വെയില്‍ എന്ന ഒറ്റ തമിഴ് ചിത്രം കൊണ്ട് തന്നെ ഈ നടി തെന്നിന്ത്യ ഒട്ടാകെ സുപരിചിതയായി. പ്രിയങ്ക നായര്‍ തന്റെ ഇതുവരെയുള്ള അഭിനയ-വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറയുന്നു..

എന്തിനായിരുന്നു ഒരു ബ്രേക്ക്?


തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന ഒരാളല്ല ഞാന്‍. ഓരോ സിനിമ ചെയ്യുമ്പോഴും കൃത്യമായ ഇടവേള ഉണ്ടായിരുന്നു. ഒരു ബ്രേക്ക് എടുക്കണമെന്ന് തോന്നിയാല്‍ അതെടുത്ത ശേഷമേ അടുത്ത സിനിമ ചെയ്യൂ. എപ്പോഴും നല്ലത് കിട്ടണമെന്ന് ശഠിക്കാന്‍ പറ്റില്ല.

ഞാന്‍ അഭിനയിച്ച സിനിമകളുടെ എണ്ണം നോക്കിയാല്‍ വിരലിലെണ്ണാവുന്നതേ കാണൂ. എന്നോടൊപ്പം വന്നവരൊക്കെ എണ്ണിയാലൊടുങ്ങാത്ത സിനിമകള്‍ ചെയ്തു. എന്നാല്‍ വാരിവലിച്ച് സിനിമ ചെയ്യുന്നതിനോട് എനിക്ക് താല്‍പര്യമില്ല.

തേടിയെത്തുന്ന സിനിമകളെല്ലാം ചെയ്യുക എന്നതല്ല, നല്ല കഥയും കഥാപാത്രവും നോക്കിയാണ് സിനിമ തെരഞ്ഞെടുക്കുന്നത് നല്ലതിന് വേണ്ടി കാത്തിരുന്നപ്പോളൊക്കെ സിനിമകള്‍ ലഭിച്ചിട്ടുമുണ്ട്.

അതില്‍ തന്നെ എടുത്തുപറയാവുന്ന കഥാപാത്രങ്ങളാണ് വെയില്‍ എന്ന ചിത്രത്തിലെ തങ്കം, വിലാപങ്ങള്‍ക്കപ്പുറത്തിലെ സാഹിറ, ജലത്തിലെ സീതാലക്ഷ്മി തുടങ്ങിയവ. മികച്ചതിന് വേണ്ടി കാത്തിരിക്കുമ്പോള്‍ ഒരു പക്ഷേ ബ്രേക്ക് വന്നുപോകുന്നതാണ്. അതൊരുപക്ഷേ ബോധപൂര്‍വ്വമോ അല്ലാതെയോ ആകാമെന്ന് മാത്രം.

ലാല്‍ജോസ് ചിത്രത്തില്‍ ഇതാദ്യം?


ലാല്‍ ജോസ് എന്ന സംവിധായകനൊപ്പം വര്‍ക്ക് ചെയ്യണമെന്നൊരുപാടാഗ്രഹിച്ചിരുന്നു. ഈ സിനിമയിലൂടെ ആഗ്രഹം സാധ്യമായി. അദ്ദേഹം നല്ല ഫ്രണ്ട്‌ലിയായിരുന്നു.

അതുകൊണ്ട് യാതൊരുവിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടായില്ല, വെളിപാടിന്റെ പുസ്തകമെന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നു.

ഇതില്‍ തീരപ്രദേശത്ത് താമസിക്കുന്ന ജയന്തി എന്ന പെണ്‍കുട്ടിയുടെ കഥാപാത്രമാണ്. അനൂപ് മേനോന്റെ ഭാര്യാവേഷമാണ് ഇതില്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് അനൂപേട്ടനൊപ്പം മേഘം എന്ന സീരിയല്‍ ചെയ്തിരുന്നു. അതിനു ശേഷം ഞങ്ങളൊന്നിക്കുന്ന ആദ്യ സിനിമയാണിത്.

എല്ലാത്തിനുമുപരി ലാലേട്ടന്‍ നായകനാകുന്ന സിനിമ. അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്ന എന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യചിത്രമായ ഇവിടം സ്വര്‍ഗ്ഗമാണ് ശ്രദ്ധേയമായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് നാളുകള്‍ ശരിക്കും ആസ്വദിച്ചിരുന്നു. എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു.

uploads/news/2017/09/145326/Weeklypriyakanair2.jpg

ഓര്‍മയില്‍ ബാക്കിനില്‍ക്കുന്ന കഥാപാത്രങ്ങള്‍?


വിവിധ ചാനലുകളിലായി ധാരാളം പ്രോഗ്രാമുകള്‍ ചെയ്തുകൊണ്ടായിരുന്നു തുടക്കം. കുറച്ച് സീരിയലുകളും ചെയ്തു. കോളേജ്പഠനകാലത്താണ് സിനിമയിലേക്ക് ക്ഷണം കിട്ടുന്നത്. ആദ്യ സമയത്തൊക്കെ അഭിനയിക്കുമ്പോള്‍ സിനിമ എന്റെ പ്രൊഫഷനാവുമെന്ന് വിചാരിച്ചിരുന്നില്ല.

പഠനത്തിനു ശേഷം എന്തുചെയ്യണമെന്ന് ചിന്തിക്കും മുമ്പേ അഭിനയം ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു. ഓരോ സിനിമകളും ആസ്വദിച്ചാണ് ചെയ്തത്. എങ്കിലും ചില സിനിമകള്‍ ചെയ്തു കഴിയുമ്പോള്‍ ഒരുപാട് വേദന തോന്നിയിട്ടുണ്ട്.

വിലാപങ്ങള്‍ക്കപ്പുറത്തിലെ സാഹിറ എന്ന കഥാപാത്രം അഭിനയിച്ചു തീര്‍ന്നപ്പോള്‍ വല്ലാത്തൊരു നൊമ്പരമായിരുന്നു. ഷൂട്ടിംഗ് തീര്‍ന്നിട്ടും ആ കഥാപാത്രത്തില്‍ നിന്നും എന്നെ വേര്‍പിരിച്ചെടുക്കാന്‍ പറ്റാത്ത ഒരവസ്ഥ. അതുപോലെ ജലത്തിലെ സീതാലക്ഷ്മി എന്ന കഥാപാത്രവും മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

ഈ സിനിമയുടെ അണിയറപ്രവര്‍ത്തകരെല്ലാം എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എത്ര ക്ഷീണം തോന്നിയാലും അതൊന്നും ഗൗനിക്കാതെ കഥാപാത്രത്തിനു വേണ്ടി പ്രയത്‌നിച്ചിട്ടുണ്ട്.

സിനിമ എന്റെ ജോലിയാണ്. അതുകൊണ്ട് തന്നെ ഒരിക്കലും ഇതിനോട് ഒരു മടുപ്പ് തോന്നിയിട്ടില്ല. ചെയ്യാന്‍ പറ്റുന്ന കാലമത്രയും സിനിമ ചെയ്യണമെന്ന് തന്നെയാണ് ഞാനാഗ്രഹിക്കുന്നത്.

നായികയെന്നതിലുപരി സ്‌നേഹനിധിയായ ഒരമ്മ കൂടിയാണ്?


ഒരു മകനാണെനിക്കുള്ളത്. മുകുന്ദ്, ആളൊരു കുസൃതിയാണ്.എല്‍.കെ.ജി.യില്‍ പഠിക്കുന്നു. മോന്‍ വീട്ടിലുണ്ടെങ്കില്‍ പിന്നെ ഒരു മേളം തന്നെയാണിവിടെ.

സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്നാല്‍ എന്റെ അമ്മയും സഹോദരിയും അവന്റെ പിന്നാലെയാണ്. എന്നു കരുതി മഹാ വികൃതിയുമല്ല. എല്ലാം ആവശ്യത്തിന് മാത്രം. അവനുണ്ടായ സമയത്താണ് ഞാന്‍ സിനിമയില്‍ നിന്നും അല്പം വിട്ടുനിന്നത്.

മോന്റെ കാര്യങ്ങള്‍ക്കാണ് ആ സമയം ഞാന്‍ പ്രാധാന്യം കൊടുത്തിരുന്നത്. ഏകദേശം അവന്‍ ഓടിക്കളിക്കുന്ന പ്രായമായപ്പോള്‍ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. ആ സമയം നല്ല പ്രോജക്ടുകള്‍ കിട്ടിയപ്പോള്‍ ഏറ്റെടുത്തു. മോനെ അമ്മയെ ഏല്പിച്ചിട്ടാണ് ലൊക്കേഷനിലേക്ക് പോയിരുന്നത്.

അവനെ പിരിഞ്ഞിരിക്കുന്ന കാര്യത്തില്‍ എനിക്കും വിഷമമുണ്ടായിരുന്നു. എങ്കിലും അവന് വേണ്ടിക്കൂടിയാണല്ലോ പോയതെന്നോര്‍ത്തപ്പോള്‍ മനസ്സില്‍ തെല്ലൊരാശ്വാസം തോന്നി. ആദ്യമൊക്കെ അവനും ബുദ്ധിമുട്ടായിരുന്നു. സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതോടെ അവന് പുതിയ കൂട്ടുകാരെ കിട്ടി.

അതില്‍പ്പിന്നെ മൂന്നാല് ദിവസങ്ങള്‍ എന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ലാതായി. ഞാനൊരു നടിയാണെന്ന് വൈകിയാണ് അവനറിഞ്ഞത്.

സംസാരിച്ചുതുടങ്ങിയ പ്രായത്തില്‍ മാഗസിനുകളിലെ എന്റെ ഇന്റര്‍വ്യൂകളും ഫോട്ടോകളും കാണുമ്പോള്‍ 'എന്റെ അമ്മ' എന്നു പറഞ്ഞ് ആ ഫോട്ടോകള്‍ നോക്കിയിരിക്കും.

അവന്‍ കുറച്ചുകൂടി വളര്‍ന്നപ്പോഴാണ് ഓര്‍മ്മമാത്രം എന്ന സിനിമ കാണുന്നത്. അതില്‍ എന്റെ കഥാപാത്രത്തിന് ഒരു കുട്ടിയുണ്ടായിരുന്നു.

സിനിമയില്‍ ആ കുട്ടിയെ എടുക്കുന്നതും കളിപ്പിക്കുന്നതുമൊക്കെ കണ്ടപ്പോള്‍ മോന്‍ എന്നോട് ചോദിച്ചു, 'അമ്മയെന്തിനാ ആ കുട്ടിയെ എടുത്തത്? അമ്മയുടെ മോന്‍ ഞാനല്ലേ?' സത്യം പറഞ്ഞാല്‍ അതുകേട്ടപ്പോള്‍ എനിക്ക് എന്തു പറയണമെന്നറിയില്ല, കാരണം അഭിനയമെന്താണെന്നറിയാത്ത ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കമായ ചോദ്യമായിരുന്നു അത്.

ഉടന്‍ തന്നെ എന്റെ അരികിലേക്ക് അവനെ ചേര്‍ത്തിരുത്തി പറഞ്ഞു''മോനിപ്പോള്‍ കണ്ടത് സിനിമയല്ലേ. അതില്‍ ചുമ്മാ അഭിനയിക്കുന്നതല്ലേ, അല്ലാതെ ആ കുട്ടി അമ്മയുടെ മോനല്ലല്ലോ, എന്റെ മോന്‍ ഇതല്ലേ?''

അത് കേട്ടപ്പോള്‍ അവന്റെ മുഖത്ത് ഒരു ചിരി പടര്‍ന്നു. ആ നിമിഷം അവനെ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു. ഇപ്പോള്‍ അവന് കാര്യങ്ങള്‍ ഏകദേശമൊക്കെ അറിയാം. സിനിമയില്ലാത്ത അവസരങ്ങളില്‍ തനിയെ ബീച്ചില്‍ പോയിരിക്കാനാണ് ഞാനാഗ്രഹിച്ചിരുന്നത്.

എന്തായാലും ബീച്ചില്‍ വന്ന് കാറ്റുകൊണ്ടിരിക്കാനും അതിലെ നടക്കാനും എന്റെ മകനും ഇഷ്ടമാണ്. എത്രമാത്രം തിരക്കുകളില്‍ പെട്ടാലും അവന്റെ കാര്യങ്ങള്‍ക്കൊന്നും ഒരു മുടക്കവും വരുത്തില്ല. കാരണം അവന്‍ മാത്രമാണ് എന്റെ ലോകം.

അവന് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നതും. കഴിഞ്ഞുപോയ കാലങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. ഇനിയുള്ള കാലം എന്റെ മകനുമൊത്ത് സന്തോഷമായി ജീവിക്കുക എന്നതാണ് ആഗ്രഹം.

അവനെ നന്നായി പഠിപ്പിക്കുക, ഏതാവശ്യത്തിലും അവനോടൊപ്പമുണ്ടാകുന്ന സുഹൃത്തും അമ്മയുമായിരിക്കണമെന്നാണ് എന്റെ പ്രാര്‍ത്ഥന.

രസകരമായ ഷൂട്ടിംഗ് നാളുകള്‍ ?


എനിക്ക് കംഫര്‍ട്ടബിളായ സാഹചര്യങ്ങളില്‍ കൂടുതലായി സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ഞാന്‍. അല്ലാത്തപക്ഷം സൈലന്റുമാണ്. എന്നു കരുതി താരത്തിന്റെ ജാഡയൊന്നും ഒരിക്കലും എവിടെയും കാണിച്ചിട്ടില്ല.

ഓരോ സിനിമകളുടെയും ഷൂട്ടിംഗ് തുടങ്ങുന്നതു മുതല്‍ തീരുന്നത് വരെയുള്ള സമയങ്ങളില്‍ എല്ലാവരും ഒരു കുടുംബം പോലെയായിരിക്കും. സിനിമയില്‍ വന്നശേഷമുള്ള എന്റെ ജന്മദിനം ഞാന്‍ മറന്നാലും ആ ലൊക്കേഷനിലുള്ളവര്‍ മറക്കില്ല.

പിറന്നാള്‍ ദിവസം ഞാന്‍ ലൊക്കേഷനില്‍ എത്തിയാലും എന്റെ പിറന്നാള്‍ വിവരം ആരെയും അറിയിക്കില്ല. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് തന്നെ അണിയറപ്രവര്‍ത്തകര്‍ മധുരവുമായത്തും. എന്നിട്ട് എന്നെക്കൊണ്ട് കേക്ക് മുറിപ്പിച്ച് പിറന്നാള്‍ ആശംസകള്‍ നല്‍കും.

എന്റെ അഭിനയജീവിതം തുടങ്ങിയിട്ട് 12 വര്‍ഷമായി. ഇക്കാലയളവില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്യാനും സാധിച്ചു. ചെയ്ത സിനിമകളില്‍ പരാജയപ്പെട്ടവയുണ്ട്. എങ്കിലും വിഷമം ഇല്ല.

പല മികച്ച പ്രോജക്ടുകളും ഡേറ്റുകളുടെ പ്രശ്‌നം മൂലം ചെയ്യാന്‍ പറ്റിയില്ല, അന്ന് ഞാന്‍ ചെയ്യാതെ പോയ സിനിമകളുടെ പേരുകള്‍ കേട്ടാല്‍ ആരും അമ്പരക്കും. കൈവിട്ടുകളഞ്ഞ സിനിമകളെ ഓര്‍ത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല. പകരം ഇനിയും നല്ല സിനിമകള്‍ ചെയ്യണമെന്ന് തീരുമാനിച്ചു.

കാഴ്ചയില്‍ അന്നും ഇന്നും ഒരുപോലെ?


ശരീരഭാരം കൂടിയെന്നല്ലാതെ പ്രത്യേകിച്ച് മാറ്റമൊന്നും എനിക്കില്ലെന്ന് എല്ലാവരും പറയാറുണ്ട്. വര്‍ക്കൗട്ട് ചെയ്യാറുണ്ടെങ്കിലും ഇഷ്ടമുള്ള ഭക്ഷണം കിട്ടിയാല്‍ വര്‍ക്കൗട്ട് മറക്കും. പ്രത്യേകിച്ച് ഓണനാളുകളില്‍. കാരണം, ജന്മനാ ഞാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് സദ്യ.

പപ്പടം, പഴം , പായസം കൂട്ടി വിഭവസമൃദ്ധമായ സദ്യ മൂന്നുനേരവും കഴിക്കാന്‍ താല്‍പര്യമുള്ള ഒരാള്‍ കേരളത്തില്‍ ഉണ്ടെങ്കില്‍ അത് ഞാന്‍ മാത്രമായിരിക്കും. അര്‍ധരാത്രി വിളിച്ചിരുത്തി സദ്യ തന്നാലും ഞാന്‍ മുഴുവനും കഴിക്കും.

ഓണനാളുകളില്‍ സദ്യയൊരുക്കാന്‍ എനിക്ക് ഇഷ്ടമാണ്. എല്ലാത്തരം വിഭവങ്ങളും സ്വയം പാചകം ചെയ്യാറുമുണ്ട്. എന്നാല്‍ എപ്പോഴും സമയം കിട്ടാറില്ല. എങ്കിലും അമ്മയെ സഹായിക്കും. പഴങ്ങളും ജ്യൂസുകളും പച്ചക്കറികളും ഡാര്‍ക്ക് ചോക്‌ലേറ്റുകളും കഴിക്കാറുണ്ടെങ്കിലും സദ്യയ്ക്കാണ് ഞാന്‍ മുന്‍തൂക്കം നല്‍കുന്നത്.

ദേവിന റെജി
ഫോട്ടോ: പ്രണവ്

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW