Saturday, May 19, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 03.05 PM

ശ്രീകൃഷ്ണ ജീവിതം ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം

uploads/news/2017/09/145318/joythi120917a.jpg

ശ്രീകൃഷ്ണന്‍ പലതുകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന 'ഒരവതാര' മൂര്‍ത്തിയായിരുന്നു. ഒരു പച്ച മനുഷ്യനായി ജീവിച്ച് സത്യം, ന്യായം, നീതി ഇവയുടെ താത്വികവശവും, പ്രായോഗികവശവും വ്യക്തമാക്കി തന്നു ശ്രീകൃഷ്ണഭഗവാന്‍.

തത്വശാസ്ത്രം, ജീവശാസ്ത്രം, മാനേജ്‌മെന്റ് നിയമങ്ങള്‍ ഇവ വിരല്‍ത്തുമ്പിലെന്നപോലെ കൊണ്ടുനടന്നു ജീവിച്ചവനാണ് ആ മഹാത്മാവ്. അങ്ങനെ ഈശ്വരനും ദാസനും യജമാനനും മിത്രവും തേരാളിയുമായെല്ലാം ജീവിച്ചുകാട്ടിത്തന്നെ ശ്രീകൃഷ്ണചരിതം ഭാരതീയ ജനതയുടെ ഹൃദയത്തിലേക്ക് വാരിവിതറിയ നന്മകളേതെന്ന് ഒന്നു വിലയിരുത്താം.

ഒരിക്കലും കരയാത്ത- സദാ പുഞ്ചിരിക്കുന്ന-കര്‍മ്മോദ്യുക്തനായ ഒരു അത്യുത്സാഹിയായിരുന്നു ശ്രീകൃഷ്ണന്‍. തന്റെ 12-ാം മത്തെ വയസ്സില്‍ 'മല്ല'നുമായുള്ള ഗുസ്തി മത്സരത്തില്‍ വെല്ലുവിളിപ്പിച്ച് കംസന്‍ മനഃപൂര്‍വ്വം കൊല്ലിക്കാനായി ഏര്‍പ്പാടു ചെയ്തുവെങ്കിലും കൃഷ്ണന്‍ മല്ലനെ നിഷ്പ്രയാസം കൊല്ലുകയും; തന്റെ ദുഷ്ടനായ അമ്മാവന്‍ കംസനെ വധിക്കയും സ്വേച്ഛാധിപതിയായ പുത്രനാ ല്‍ തുറുങ്കിലടക്കപ്പെട്ട 'ഉഗ്രസേന'നെ രാജാവായി അവരോധിക്കുകയുമാണുണ്ടായത്. ഇത് കൃഷ്ണന്റെ പ്രവര്‍ത്തന രംഗത്തെ ഒരു വഴിത്തിരിവായിരുന്നു. കൃഷ്ണന്‍ തന്റെ ബാലചാപല്യങ്ങളും കുസൃതികളും പ്രേമകേളികളും ആട്ടവും പാട്ടുമെല്ലാം നിര്‍ത്തി 'മഥുര'യില്‍നിന്നും ദ്വാരകയിലേക്ക് പോയി ഒരു പട്ടണം നിര്‍മ്മിച്ച് രാജ്യം സ്ഥാപിക്കുകയാണുണ്ടായത്. പല രാജ്യങ്ങളുടേയും കാര്യവിചാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. എപ്പോഴും ഒരു രാജ സ്രഷ്ടാവായിരുന്നതല്ലാതെ മറ്റുള്ളവരുടെ രാജ്യം പിടിച്ചടക്കാന്‍ ആഗ്രഹിച്ചിരുന്നില്ല.

രാജതന്ത്രം, രാഷ്ട്രനിര്‍മ്മാണം, യുദ്ധം ഇവയെക്കുറിച്ച് ഉപദേശം കൊടുക്കുകയല്ലാതെ ഒരിക്കലും ഒരു സിംഹാസനത്തിലും ഇരുന്നില്ല. യഥാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണന്‍ ദ്വാരകയെപ്പോലും ഭരിച്ചില്ല. അധര്‍മ്മത്തെ അടക്കുന്നതിലും ധര്‍മ്മത്തെ ഉദ്ധരിക്കുന്നതിലും സദാ വ്യാപൃതനായിരിക്കുകയാണുണ്ടായത്.

യുദ്ധരംഗത്ത് തന്റെ ബന്ധുക്കളെയും ഗുരുജനങ്ങളേയും കണ്ട് വിഭ്രാന്തിപൂണ്ട് തളര്‍ന്ന അര്‍ജ്ജുനന്റെ ആശയക്കുഴപ്പത്തിന്, ഒരു മനഃശാസ്ത്രജ്ഞന്റെ സമീപനത്തോടെ ഫലപ്രദമായ നിശിതവചനങ്ങളെക്കൊണ്ട് ഒരു ശസ്ത്രക്രിയയാണ് ശ്രീകൃഷ്ണന്‍ ചെയ്തത്.
ആയതിന് യുക്തമായ 'ശസ്ത്രം' തന്നെയാണ് ഉപയോഗിച്ചത്.

'കുതസ്ത്വ കശ്മലമിദം വിഷമേ സമുപസ്ഥിതം..' അങ്ങനെ അര്‍ജ്ജുനന്റെ മാനസിക തളര്‍ച്ചയ്ക്ക് സമഗ്രചികിത്സ അഥവാ ഒരു 'ഷോക്ക്ട്രീറ്റ്‌മെന്റ്' ഭഗവത് ഗീതയിലൂടെ ഭഗവാന്‍ കൊടുത്തു. ജീവിതതത്ത്വ ശാസ്ത്രവിശകലനത്തിന് ഈ യുദ്ധരംഗത്തേക്കാളും നല്ലൊരു പശ്ചാത്തലം ഒരുക്കാനാവില്ല.

ഈ കാലഘട്ടത്തിലും അര്‍ജ്ജുനന്റെ സ്ഥിതിയിലായവര്‍ സമൂഹത്തിലേറെയുണ്ട്. അവര്‍ക്ക് ഇതിനെ ഉപയുക്തമാക്കാന്‍ കഴിയും. ആയതിന് അര്‍ജ്ജുനന്റെ ശ്രദ്ധയും ത്വരയും സമീപനത്തില്‍ വേണമെന്ന് മാത്രം.

ശ്രീകൃഷ്ണന്‍ ഒരു നോക്കുകൊണ്ടോ, അല്പം വാക്കുകൊണ്ടോ അല്ല അര്‍ജ്ജുനന് ആത്മജ്ഞാനം നല്‍കിയത്. മറിച്ച് 700 ശ്ലോകങ്ങളുള്ള 'ഗീത'യിലൂടെ 'സജ്ഞയ'ന്റെ വാക്കുകളായി വ്യാസാചാര്യന്‍ നമുക്ക് നല്‍കിയിരിക്കുന്നു.

പ്രേമത്തിന്റെ മൂര്‍ത്തീഭാവമായിരിക്കാനും അതേസമയം പൂര്‍ണ്ണമായും അസംഗനായിരിക്കാനും തനിക്കുളള കഴിവ് സാമ്രാജ്യ സ്ഥാപനത്തിനായും അത് അര്‍ഹതയുള്ള കരങ്ങളില്‍ ഭരിക്കാനേല്പിക്കുന്നതിനായും ഉപയോഗിച്ചു.

ഇതെല്ലാം ലോകത്തിന് കാട്ടിക്കൊടുത്ത വൃന്ദാവനത്തിലെ ശ്രീകൃഷ്ണന്‍ പല തലങ്ങളിലും വിരാജിച്ചു. ഗോപിവല്ലഭന്‍, മഥുരാവീരന്‍, കംസനിഗ്രഹന്‍, ദ്വാരകാധിപതി, അര്‍ജ്ജുനസുഹൃത്ത്, മഹാഭാരത യുദ്ധത്തിന്റെ കേന്ദ്രബിന്ദു തുടങ്ങി വിവിധ തലങ്ങളില്‍ വെട്ടിത്തിളങ്ങി.

ദൃഷ്‌കൃതികളുടെ വിനാശവും, സാധുജനപരിത്രാണനവുമെന്ന തന്റെ ലീല അവസാനിപ്പിച്ച് അവതാര സ്വരൂപം വെടിഞ്ഞ് ബ്രഹ്മഭാവത്തില്‍ ലയിച്ചു.
അന്യരെ, സ്‌നേഹിച്ചും, സേവിച്ചും ഫലേച്ഛകൂടാതെ ഒരു കര്‍മ്മയോഗിയായി ഭഗവാന്‍ എല്ലാവരുടേയും ഇടയില്‍ ഈ ഭൂമുഖത്ത് സ്വദേശി എന്നതിലുപരി ഒരു പ്രവാസി എന്ന നിലയില്‍ ജീവിതം നയിച്ചു.

ശ്രീകൃഷ്ണന്റെ ജീവിത സന്ദേശങ്ങള്‍


ജീവിതത്തില്‍ ഉണ്ടാകുന്ന ജയവും, പരാജയവും ഒരുപോലെ കണ്ടതുകൊണ്ടാണ് ശ്രീകൃഷ്ണഭഗവാന് എപ്പോഴും ചിരിക്കാന്‍ കഴിഞ്ഞത്. ഒരര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ട് ജനിച്ച്, ചിരിച്ചുകൊണ്ട് ജീവിച്ച് ചിരിച്ചുകൊണ്ട് ശരീരം വെടിഞ്ഞവനാണ്.

എല്ലാ കര്‍മ്മരംഗത്തും വലുപ്പചെറുപ്പമില്ലാതെ സകല കര്‍മ്മങ്ങളും ഒരുപോലെ ഏറ്റെടുക്കുകയും പൂര്‍ണ്ണതയില്‍ എത്തിക്കുകയും ചെയ്തു. സാധാരണ നമ്മുടെ തലയില്‍ ഒരു ഭാരം ഇരിക്കുമ്പോള്‍ ഒരാള്‍ തമാശ പറഞ്ഞാല്‍ നമുക്ക് ചിരിക്കാന്‍ കഴിയില്ല. എന്നാല്‍ എത്ര വലിയ ചുമതലകള്‍ വഹിക്കുമ്പോഴും ഭഗവാന്‍ ചിരിക്കാന്‍ മറന്നില്ല.

യുദ്ധത്തില്‍ പരാജയപ്പെടുമ്പോഴും പുഞ്ചിരിയോടെ, മടി കൂടാതെ തോല്‍വി ഏറ്റുവാങ്ങുന്നവനും, പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാത്തവനുമായിരുന്നു ഭഗവാന്‍ ശ്രീകൃഷ്ണന്‍. ജയം മാത്രമേ സ്വീകരിക്കൂ എന്ന മനോഭാവം പാടില്ലെന്ന് നമ്മെ പഠിപ്പിച്ചു.

അല്പസ്വല്പ സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ അഹങ്കാരം തലയ്ക്ക് പിടിക്കുന്നവരുടെ ഇടയില്‍ സര്‍വ്വ ശക്തനായിട്ടും തന്റെ ശക്തിയില്‍ അഹങ്കാരം ലവലേശമില്ലായിരുന്നു. ഭൂമിയോളം ക്ഷമിച്ച് നിവൃത്തിയില്ലാതെയാണ് 'കംസനെ' കൊല്ലേണ്ടി വന്നത്.

അധര്‍മ്മത്തിന്റെ പക്ഷത്ത് സ്വന്തം ബന്ധുക്കളായാല്‍പ്പോലും ധര്‍മ്മസംരക്ഷണത്തിന് അവരെ പരാജയപ്പെടുത്തേണ്ടതാണെന്ന് ഉപദേശിച്ച ശ്രീകൃഷ്ണനെയാണ് ഇന്ന് സമസ്തലോകവും മാതൃകയാക്കേണ്ടത്.

സ്വയം പാപം അനുഷ്ഠിക്കാതിരിക്കാനും, പുണ്യമനുഷ്ഠിക്കേണ്ടതെങ്ങനെയെന്ന് ഉപദേശിച്ച് പുണ്യാത്മക്കളായി മറ്റുള്ളവരെ മാറ്റിയെടുക്കാനുമാണ് ശ്രീകൃഷ്ണന്‍ ശ്രമിച്ചത്. തന്നോട് ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം കോരിച്ചൊരിഞ്ഞ ആ 'പരമാത്മാവ്' ദേഹം വെടിഞ്ഞപ്പോഴും സ്വന്തം കാലില്‍ അമ്പെയ്ത വേടന് 'പരമപദം' നല്‍കി അനുഗ്രഹിച്ച് യാത്രയാക്കിയവനാണ്.

സദാ കര്‍മ്മനിരതനായ കൃഷ്ണന്‍ തനിക്കുകിട്ടിയ വേഷങ്ങളെല്ലാം രാജാവിന്റെയും യോദ്ധാവിന്റെയും ദൂതന്റെയും തേരാളിയുടെയും ഗോപികാനാഥന്റെയും എന്നുവേണ്ട വൈവിധ്യമാര്‍ന്ന എല്ലാവേഷങ്ങളും പൂര്‍ണ്ണമായി ആടിത്തീര്‍ത്തു.

ശ്രീകൃഷ്ണനെ ഭജിക്കുന്നതോടൊപ്പം ഭഗവാന്‍ കാട്ടിത്തന്ന സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും ന്യായത്തിന്റെയും പാതയില്‍ക്കൂടി സഞ്ചരിച്ചാല്‍ മാത്രമേ ഭഗവല്‍പ്രീതി പ്രാപ്തമാക്കാന്‍ കഴിയൂ എന്ന് ഉറച്ച് വിശ്വസിച്ച് മുന്നോട്ടുപോകാന്‍ എല്ലാവര്‍ക്കും കഴിയുമാറാകട്ടെ! ആ കാലടികളെ പിന്തുടരാനുള്ള ശക്തിയും വീര്യവും എല്ലാവരിലും നിറയട്ടെ!

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)

Ads by Google
Tuesday 12 Sep 2017 03.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW