Friday, April 26, 2019 Last Updated 10 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 02.45 PM

യുവാക്കളുടെ കൗതുക താരങ്ങള്‍ സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥന്‍

uploads/news/2017/09/145315/CiniLOcTSachinSonOfViswanat.jpg

യൂത്തിന്റെ ഇടയില്‍ ഏറെ കൗതുകമായ താരനിരയാണ് ധ്യാന്‍ ശ്രീനിവാസന്‍, അജുവര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവര്‍. ഈ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രമാണ് സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥന്‍. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുനലൂരിലും പരിസരങ്ങളിലുമായി നടന്നുവരുന്നു. 'മണിരത്‌നം' എന്ന ചിത്രത്തിനു ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്.

ജെ.ജെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഡ്വ. ജൂഡ് ആഗ്നേല്‍ സുധീര്‍, ജൂബി നൈനാന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ കൂടിയായ എസ്.എല്‍.പുരം ജയസൂര്യയുടേതാണ് തിരക്കഥ. സ്വീഡ്, ഏയ്ഞ്ചല്‍ ജോണ്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് എസ്.എല്‍.പുരം ജയസൂര്യ.

ഒരിടത്തരം ടൗണ്‍ഷിപ്പിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലൂടെ, ഒരു തികഞ്ഞ പ്രണയകഥ, മുഴുനീള നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

അജുവര്‍ഗീസിന്റെ രൂപത്തിലും വേഷത്തിലുമെല്ലാം ഏറെ കൗതുകമുണ്ട്. ക്രിക്കറ്റിലെ ഏവരുടെയും പ്രിയപ്പെട്ട സച്ചിനെപ്പോലെയാണ് ഇപ്പോള്‍ അജുവര്‍ഗീസ് ജെറി എന്നാണ് പേര്. ജെറി ഇലവന്‍ എന്ന ഒരു ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ജെറി.

ക്രിക്കറ്റ്, ഒരു യുവാവിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും ഭാഗഭാക്കാകുന്നു. ഇതാകട്ടെ, വന്നുഭവിക്കുന്നതുമാണ്.
ഏതാനും ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ഇതിലൂടെ അരങ്ങേറുന്ന പ്രണയത്തിന്റെയും കഥ പറയുന്നു ഈ ചിത്രത്തിലൂടെ. ജെറി ഇലവനിലെ അംഗങ്ങളില്‍ പ്രധാനികള്‍ ഇവരാണ് സച്ചിന്‍, ജെറി, പൂച്ച ഷൈജു, കുടിയന്‍ ജോസ്, സാലി എന്നിവര്‍. ഇവരിലെ സച്ചിന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാവികസനം. സച്ചിനും അഞ്ജലിയും തമ്മിലുള്ള പ്രണയമാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതിയെ സഹായിക്കുന്നത്.

അങ്കമാലി ഡയറീസിലൂടെ എത്തുകയും പിന്നീട് ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിലൂടെ മോഹന്‍ലാലിന്റെയും നായികയായിത്തീര്‍ന്ന അന്നാ രേഷ്മാ രാജനാണ് അഞ്ജലിയെ അവതരിപ്പിക്കുന്നത്. ഇന്ന് മെയിന്‍ സ്ട്രീം സിനിമയിലെ മുന്‍നിരയിലേക്ക് ഈ നടി കടന്നുവന്നിരിക്കുന്നു.

പൂച്ച ഷൈജുവിനെ ഹരീഷ് കണാരനും കുടിയന്‍ ജോസിനെ ശരത്തും (അപ്പാണി രവി), സാലിയെ അബിദും അവതരിപ്പിക്കുന്നു. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ നടനാണ് അബിദ്.

രമേഷ് പിഷാരടിയാണ് ബ്രദേഴ്‌സ് ടീം ക്യാപ്റ്റനായ ഷൈനിനെ അവതരിപ്പിക്കുന്നത്. രമേഷ് പിഷാരടി ഇതുവരെയും അവതരിപ്പിച്ചിട്ടില്ലാത്ത വിധത്തിലുള്ള ഒരു കഥാപാത്രമാണിതിലെ ഷൈന്‍.

മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമായ നവീനെ ജൂബി നൈനാനും അവതരിപ്പിക്കുന്നു. ഒരേ മുഖം, ദാ എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷം അഭിനയിച്ചിട്ടുണ്ട് ജൂബി. രണ്‍ജി പണിക്കരും മണിയന്‍പിള്ള രാജുവും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രശ്മി ബോബന്‍, പാര്‍വ്വതി, സേതുലക്ഷ്മി, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മനു മഞ്ജിതിന്റെ ഗാനങ്ങള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. നീല്‍ഡി കുഞ്ഞ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം രാജീവ് കോവിലകം. മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റിയൂം ഡിസൈന്‍- സ്‌റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍- സുജേഷ് അനി ഈപ്പന്‍

പുനലൂര്‍, തെന്മല, പത്തനാപുരം ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം ുരോഗമിക്കുന്നു.

-വാഴൂര്‍ ജോസ്
ഫോട്ടോ: അനു പള്ളിച്ചല്‍

Ads by Google
Ads by Google
Loading...
TRENDING NOW