Tuesday, October 31, 2017 Last Updated 44 Min 49 Sec ago English Edition
Todays E paper
Ads by Google
എം.ആര്‍. കൃഷ്ണന്‍
Tuesday 12 Sep 2017 12.55 PM

ഉമ്മന്‍ചാണ്ടിയുടെ ‘മൗനം’ രക്ഷകപദവിയിലേയ്ക്ക് തിരിച്ചെത്താന്‍ ? പ്രതിപക്ഷനേതാവ് വിവാദം ആസൂത്രിതം

യു.ഡി.എഫ് നിര്‍ജീവമാണെന്ന് വരുത്തിതീര്‍ത്ത് എല്ലാം തന്റെ കാല്‍ക്കീഴില്‍ വരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെ ഒരു സ്ഥാനത്തേക്കുമില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മൗനം പാലിക്കുന്നതുതന്നെ ഇതുകൊണ്ടുതന്നെ. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഉയര്‍ന്നുവന്ന എതിര്‍വികാരം ഇല്ലാതാക്കി ഒരു രക്ഷകപദവിയില്‍ തിരിച്ചുവരാനാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Oomman chandy, ramesh chennithala

തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ ആസൂത്രിതമെന്ന് കോണ്‍ഗ്രസിനുള്ളില്‍ വിലയിരുത്തല്‍. ഗ്രൂപ്പ് നീക്കത്തിന്റെ ഭാഗമായാണ് ഈ വിവാദം ഇപ്പോള്‍ ഉയര്‍ന്നതെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായം. പുതിയ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുത്തതുമുതല്‍ ആരംഭിച്ച നാടകത്തിന്റെ അന്ത്യരംഗമാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കള്‍ ഇക്കാര്യത്തില്‍ പാലിക്കുന്ന മൗനവും ഇതിന് കരുത്തുപകരുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിലുണ്ടായിരുന്നത്. ഇതിന് പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയേയുമായിരുന്നു. കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരനും ഇതില്‍ പങ്കുണ്ടെന്ന പരാതിയും ഉയര്‍ന്നിരുന്നു. മാത്രമല്ല, വിജയിച്ചുവന്നതില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പിന്റെ പ്രതിനിധികളുമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വയം പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നും മാറിനില്‍ക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്.

അതോടൊപ്പം കോണ്‍ഗ്രസിലെ ഒരു നേതൃസ്ഥാനത്തേക്കുമില്ലെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷേ അതുമുതല്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എ ഗ്രൂപ്പിന്റെ സാന്നിദ്ധ്യം തുലോം കുറവായിരുന്നുവെന്ന പരാതിയാണ് ഐ ഗ്രൂപ്പിനുള്ളത്. ഇത് അവര്‍ നേരത്തെ പ്രകടിപ്പിച്ചതുമാണ്. നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട എ ഗ്രൂപ്പ് നേതാക്കളെല്ലാം തന്നെ മൗനത്തിലുമാണ്. നിയമസഭാപ്രവര്‍ത്തനങ്ങളില്‍ ഭരണമുന്നണിയെ പ്രതിസന്ധിയിലാക്കാന്‍ കഴിവുള്ള പ്രതിപക്ഷത്തെ പ്രമുഖരാണ് ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് തുടങ്ങിയവര്‍. ഇതില്‍ തിരുവഞ്ചൂരും കെ.സി. ജോസഫും അപൂര്‍വം ചില ഇടപെടലുകള്‍ നടത്തുന്നുവെന്നല്ലാതെ സജീവമല്ല. ഉമ്മന്‍ചാണ്ടിയാണെങ്കില്‍ പലപ്പോഴും സഭയില്‍ ഇല്ലായെന്ന് മാത്രമല്ല, ഉള്ളപ്പോള്‍ തന്നെ മൗനത്തിലുമാണ്. ഇടതുമുന്നണിയുടെ മദ്യനയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യു.ഡി.എഫിന് ഫലപ്രദമായി പ്രതിരോധിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖം തിരിഞ്ഞുനിന്നുകൊണ്ടാണ് ഉമ്മന്‍ചാണ്ടി തന്റെ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് ഐഗ്രൂപ്പിന്റെ നിലപാട്.

ഇതിനിടയില്‍ പലതവണയും യു.ഡി.എഫ് യോഗത്തിനുള്ളില്‍ തന്നെ ഘടകകക്ഷികള്‍ പരോക്ഷമായി പ്രതിപക്ഷനേതാവിനെ ലക്ഷ്യം വച്ചിരുന്നു. പ്രസ്താവനകള്‍ അല്ലാതെ പ്രവര്‍ത്തനത്തില്‍ ഒന്നുമില്ലെന്നായിരുന്നു പലരുടെയും പരാതി. മാത്രമല്ല, യു.ഡി.എഫിന്റെ സമരങ്ങളില്‍ ജനപിന്തുണയും കുറഞ്ഞുവരികയാണ്. ഇതെല്ലാമാണ് പുതിയ മുറവിളിക്ക് ഘടകകക്ഷികളെ പ്രേരിപ്പിച്ചതെന്നാണ് അവര്‍ പറയുന്നത്.

എന്നാല്‍ ഇത് ഉമ്മന്‍ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും ആസൂത്രിതനീക്കമായിരുന്നുവെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രവര്‍ത്തനത്തില്‍ സജീവമല്ലാതെ നില്‍ക്കുകയും യു.ഡി.എഫിന്റെ ശക്തിനശിക്കുന്നുവെന്ന വികാരം പൊതുവില്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ഉളവാക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ യു.ഡി.എഫ് നിര്‍ജീവമാണെന്ന് വരുത്തിതീര്‍ത്ത് എല്ലാം തന്റെ കാല്‍ക്കീഴില്‍ വരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. അതിനുശേഷമാണ് ഇത്തരം നീക്കം സജീവമായത്. നേരത്തെ ഒരു സ്ഥാനത്തേക്കുമില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മൗനം പാലിക്കുന്നതുതന്നെ ഇതുകൊണ്ടുതന്നെ. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഉയര്‍ന്നുവന്ന എതിര്‍വികാരം ഇല്ലാതാക്കി ഒരു രക്ഷകപദവിയില്‍ തിരിച്ചുവരാനാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാതെരഞ്ഞെടുപ്പിന് ഒരുങ്ങാനായി മുന്നണി തയാറെടുക്കുമ്പോള്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മോശമായ തലത്തിലേക്ക് വളരുന്നതരത്തില്‍ ഉയര്‍ത്തിവിടുന്ന ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും സാദ്ധ്യതകളെ ഇല്ലാതാക്കുമെന്നും ഐ ഗ്രൂപ്പ് വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഐ ഗ്രൂപ്പ് നേതാക്കള്‍.

Ads by Google
Advertisement
Advertisement
Ads by Google
LATEST NEWS
TRENDING NOW