Tuesday, September 12, 2017 Last Updated 1 Min 53 Sec ago English Edition
Todays E paper
Tuesday 12 Sep 2017 12.18 PM

ട്രാവൽ ഏജന്റ് നൽകിയ വാഗ്ദാനo: തകർന്ന പ്രതീക്ഷകളും പ്രവാസസ്വപ്നങ്ങളും ബാക്കിയാക്കിസൗദി അറേബ്യയിൽ നിന്നും ജോഷ്‌നയും, മാർത്തമ്മയും നാട്ടിലേയ്ക്ക് മടങ്ങി.

uploads/news/2017/09/145268/gulf120917b.jpg

ദമ്മാം: ഏറെ പ്രതീക്ഷകളോടെ പ്രവാസലോകത്തെത്തുകയും, എന്നാൽ സാഹചര്യങ്ങൾ മൂലം ദുരിതത്തിലാകുകയും ചെയ്ത രണ്ടു ഇന്ത്യൻ വനിതകൾ, സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം സ്വദേശിനിയായ ജോഷ്ന, ബ്യുട്ടീഷൻ കോഴ്സ് പാസ്സായ ശേഷം നാട്ടിലെ ഒരു ബ്യുട്ടിപാർലറിൽ ജോലി ചെയ്തു വരികയായിരുന്നു. ദമ്മാമിലെ ഒരു ബ്യുട്ടിപാർലറിൽ നല്ല ശമ്പളമുള്ള ഒരു ജോലി നൽകാം എന്നു പറഞ്ഞു ഒരു ട്രാവൽ ഏജന്റ് നൽകിയ വാഗ്ദാനത്തിൽ വിശ്വസിച്ചാണ് ജോഷ്‌ന സൗദി അറേബ്യയിൽ, നാല് മാസങ്ങൾക്ക് മുൻപ് പ്രവാസിയായി എത്തിയത്.

എന്നാൽ ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലി ചെയ്യാനാണ് തന്നെ കൊണ്ടുവന്നത് എന്ന് ഇവിടെ എത്തിയ ശേഷമാണ് ജോഷ്‌ന മനസ്സിലാക്കിയത്. ആ വലിയ വീട്ടിൽ പരിചയമില്ലാത്ത വീട്ടുജോലികൾ രാപകൽ ചെയ്ത് തളർന്നപ്പോൾ, ഒരു മാസത്തിനു ശേഷം ആരുമറിയാതെ പുറത്ത് കടന്ന ജോഷ്ന, ഇന്ത്യൻ എംബസ്സി ഹെൽപ്ഡെസ്ക്കിൽ അഭയം തേടുകയായിരുന്നു. അവിടെ നിന്നും വിവരം അറിയിച്ചത് അനുസരിച്ച് എത്തിയ ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ സൗദി പോലീസിന്റെ സഹായത്തോടെ ജോഷ്‌നയെ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.

ഹൈദരാബാദ് സ്വദേശിനിയായ മാർത്തമ്മ, നാട്ടിലെ ഒരു ട്രാവൽ ഏജന്റ് വഴി, കുവൈറ്റിൽ ആണ് വീട്ടുജോലിയ്ക്കായി എത്തിയത്. എന്നാൽ സ്പോൺസർ അവരെ സൗദിയിലേക്ക് കടത്തി, ദമ്മാമിൽ വെച്ച് മറ്റൊരു സ്വദേശിയ്ക്ക് വിൽക്കാൻ ശ്രമിച്ചു. അപകടം മനസ്സിലാക്കിയ മാർത്തമ്മ അവിടെനിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസ്സി ഹെൽപ്ഡെസ്ക്കിൽ അഭയം തേടുകയും, അവിടെ നിന്ന് വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെടുകയുമായിരുന്നു.

മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി രണ്ടുപേർക്കും ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. ഉടുതുണി അല്ലാതെ മറ്റൊന്നും കൈയ്യിൽ ഇല്ലാതിരുന്ന മാർത്തമ്മയ്ക്ക് സാമൂഹ്യപ്രവർത്തകനായ മാത്യു എബ്രഹാം വസ്ത്രങ്ങളും മറ്റ് അത്യാവശ്യസാധനങ്ങളും വാങ്ങി നൽകി.

വനിതാ അഭയകേന്ദ്രം വഴി സൗദി ഗവണ്മെന്റ് തന്നെ ഇരുവർക്കും വിമാനടിക്കറ്റ് നൽകി.

നിയമനടപടികളിലും മറ്റും ജീവകാരുണ്യ പ്രവർത്തകരായ ഉണ്ണി പൂച്ചെടിയൽ, ഷാജി മതിലകം, എംബസ്സി വോളന്റീർ ടീം തലവൻ പ്രൊ: മിർസ ബൈഗ്, സാമൂഹ്യപ്രവർത്തകരായ എബ്രഹാം വലിയകാല, നാസ് വക്കം എന്നിവർ സഹായിച്ചു. എല്ലാവർക്കും നന്ദി പറഞ്ഞ്, രണ്ടു മാസത്തെ വനിതാ അഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച്, ജോഷ്‌നയും, മാർത്തമ്മയും നാട്ടിലേയ്ക്ക് മടങ്ങി.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Advertisement
Tuesday 12 Sep 2017 12.18 PM
YOU MAY BE INTERESTED
TRENDING NOW