Friday, February 23, 2018 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 11.41 AM

നാദിര്‍ഷ പണം നല്‍കിയെന്ന പള്‍സര്‍ സുനിയുടെ മൊഴി; പണം കൊടുത്തുവെന്ന് പറയാന്‍ പോലീസ് സമ്മര്‍ദ്ദമെന്ന് നാദിര്‍ഷയും

ഓണക്കാല അവധിക്കു ശേഷം ഹൈക്കോടതി നാളെ ചേരുമ്പോള്‍ നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിഗണിക്കും. ഇതിനിടെയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയും നാദിര്‍ഷയും എത്തുന്നത്.
Pulsar Suni,  Nadir Shah, actress abduction case

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വെട്ടിലാക്കുന്ന മൊഴിയുമായി പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍. നാദിര്‍ഷ തനിക്ക് പണം നല്‍കിയിരുന്നു. നടിയെ ആക്രമിക്കുന്നതിന് മുന്‍പാണ് നാദിര്‍ഷയില്‍ നിന്ന് 30,000 രൂപ കൈപ്പറ്റിയത്. തൊടുപുഴയില്‍ 'കട്ടപ്പനയിലെ ഋതിക്‌റോഷന്റെ' സെറ്റില്‍ ചെന്നാണ് പണം കൈപ്പറ്റിയത്. ദിലീപ് പറഞ്ഞിട്ടാണ് പണം നല്‍കിയതെന്നും പള്‍സര്‍ സുനി മൊഴിയില്‍ പറയുന്നു.

അതേസമയം, ദിലീപ് പറഞ്ഞിട്ട് പള്‍സര്‍ സുനിക്ക് താന്‍ പണം നല്‍കിയെന്ന് പറയാന്‍ പോലീസ് തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് നാദിര്‍ഷ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ദിലീപ് പറഞ്ഞിട്ടാണ് പണം നല്‍കിയതെന്ന് പറയാനും നിര്‍ബന്ധിച്ചു. ഇക്കാര്യം നാളെ ഹൈക്കോടതിയില്‍ ഉന്നയിക്കുമെന്നും നാദിര്‍ഷയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

ഓണക്കാല അവധിക്കു ശേഷം ഹൈക്കോടതി നാളെ ചേരുമ്പോള്‍ നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിഗണിക്കും. ഇതിനിടെയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയും നാദിര്‍ഷയും എത്തുന്നത്. ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് നാദിര്‍ഷ നേരത്തെ വ്യക്തമാക്കിയിരുന്നു. പോലീസ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും നോട്ടീസ് നല്‍കാതെ ഹാജരാകില്ലെന്ന നിലപാടിലാണ് നാദിര്‍ഷ. എന്നാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കോടതിയില്‍ നിന്നുള്ള തീരുമാനത്തിനു ശേഷം കൂടുതല്‍ നടപടിയുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ നീക്കം.

ദിലീപ് ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ വീണ്ടും സമീപിക്കാനിരിക്കുകയാണ്. മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. റിമാന്‍ഡ് കാലാവധി 60 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുന്നത്.

Ads by Google
TRENDING NOW