Friday, June 22, 2018 Last Updated 21 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 02.16 AM

പഞ്ചായത്ത്‌ ജീവനക്കാരെ പന്തുതട്ടും, പിന്നെ പടിവാങ്ങി കുടിയിരുത്തും

uploads/news/2017/09/145220/k2.jpg

തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം അവതാളത്തില്‍. സുപ്രധാന നിര്‍വഹണ ഏജന്‍സികളായി വര്‍ത്തിക്കേണ്ട പഞ്ചായത്ത്‌ വകുപ്പ്‌ അഴിമതിയുടെയും കെടുകാര്യസ്‌ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങ്‌.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ആവിഷ്‌കരിച്ച മാനദണ്ഡങ്ങള്‍ മറികടന്ന്‌ സ്‌ഥലംമാറ്റത്തിനു നടക്കുന്നതു വന്‍ ലേലം വിളി. സ്‌ഥലംമാറ്റം ആവശ്യപ്പെട്ട ചില സ്‌ത്രീജീവനക്കാരോട്‌ അപമര്യാദയായി പെരുമാറിയതായും പരാതി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്‌ഥാന വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോയ്‌ക്കു പരാതി നല്‍കാന്‍ രാഷ്‌ട്രീയത്തിനതീതമായി ജീവനക്കാര്‍ ഒപ്പുശേഖരണം തുടങ്ങി.
കുത്തഴിഞ്ഞ വകുപ്പിന്റെ ചുമതലയേല്‍ക്കാന്‍ യോഗ്യരായ ഉദ്യോഗസ്‌ഥര്‍ തയാറാകാത്ത സ്‌ഥിതിയാണ്‌. പഞ്ചായത്ത്‌ ഡയറക്‌ടറുടെ ചുമതല ഏറ്റെടുത്ത്‌ ഒരാഴ്‌ചതികയുംമുമ്പേ പാലക്കാട്‌ മുന്‍ ജില്ലാ കലക്‌ടര്‍ പി. മേരിക്കുട്ടി സ്‌ഥാനത്തിരുന്നാല്‍ പെന്‍ഷന്‍വാങ്ങി പിരിയാനാവില്ലെന്നു വ്യക്‌തമാക്കി സ്വയം സ്‌ഥാനമാറ്റം വാങ്ങി മടങ്ങി. ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി കാത്തുകിടക്കുന്ന ഫയലുകളുടെ കൂമ്പാരം കണ്ട്‌ ഞെട്ടിയാണ്‌ അവര്‍ സ്‌ഥാനം ഉപേക്ഷിച്ചത്‌. കഴിഞ്ഞമാസം 29ന്‌ ചുമതലയേറ്റെടുത്ത അവര്‍ അനാകര്‍ഷകമായ തൊഴിലുറപ്പു പദ്ധതിയുടെ ചുമതലയിലേക്കാണു മാറിയത്‌.
പഞ്ചായത്ത്‌ വകുപ്പിന്റെ ജില്ലാതലത്തില്‍ ഓഫീസര്‍മാര്‍ ഇല്ലാതായിട്ട്‌ കാലമേറെയായി. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിന്‌ സര്‍ക്കാര്‍ തുടക്കം കുറിക്കുമ്പോഴാണ്‌ പഞ്ചായത്ത്‌ വകുപ്പ്‌ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പടുകുഴിയില്‍ വീണിരിക്കുന്നത്‌. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്ത്‌ ഡയറക്‌ടറേറ്റിനെതിരേ വിജിലന്‍സ്‌ അന്വേഷണത്തിനും വഴിയും തുറന്നു. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തില്‍ മാത്രമേ സ്‌ഥലംമാറ്റം പാടുള്ളൂവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം പോലും മറികടന്നാണു ജീവനക്കാരെ പന്തുതട്ടുന്നത്‌. ജീവനക്കാരെ ആദ്യം ദൂരെ മാറ്റി, അവരില്‍നിന്നു വിഹിതംപറ്റി ഇഷ്‌ടമുള്ളിടത്തേക്കു മാറ്റിനിയമിക്കുന്ന രീതിയാണു നിലവിലുള്ളതെന്നാണ്‌ രാഷ്‌ട്രീയഭേദമന്യേ ജീവനക്കാരുടെ പരാതി.
പഞ്ചായത്ത്‌ ഡയറക്‌ടറേറ്റ്‌ കേന്ദ്രീകരിച്ച്‌ രണ്ടുമാസമായി നടക്കുന്ന സ്‌ഥലംമാറ്റങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്‌തമാകും. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ്‌ പൊതുസ്‌ഥലംമാറ്റത്തിന്‌ നല്‍കിയ അപേക്ഷയുടെ അടിസ്‌ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിമാരെ സ്‌ഥലംമാറ്റിയത്‌. ഉത്തരവിന്റെ മറവില്‍ 207 ജീവനക്കാരെ സ്‌ഥലംമാറ്റി. ഒരാഴ്‌ച കഴിഞ്ഞയുടന്‍ ഈ ഉത്തരവ്‌ ഭേദഗതി ചെയ്‌ത്‌ 48 പേരെ വീണ്ടും മാറ്റി നിയമിച്ചു. ജൂണ്‍ രണ്ടിലെ ഉത്തരവില്‍ പലരേയും അവര്‍ ആവശ്യപ്പെടാത്ത സ്‌ഥലത്തേക്ക്‌ ആവശ്യപ്പെട്ടെന്ന രീതിയില്‍ മാറ്റിയതെന്നു പരാതിയുണ്ടായിരുന്നു. ഇവര്‍ പിന്നീട്‌ ബന്ധപ്പെട്ടവരെ കാണേണ്ട രീതിയില്‍ കണ്ട്‌ ഇഷ്‌ടസ്‌ഥലത്തേക്കു മാറ്റം തരപ്പെടുത്തുകയായിരുന്നത്രേ.
അതിനുശേഷം ബന്ധപ്പെട്ടവരെ കാണുന്ന മുറയ്‌ക്ക്‌ സ്‌ഥലംമാറ്റ ഉത്തരവുകള്‍ ഭേദഗതി ചെയ്യുകയും ചെയ്‌തു. അതിന്റെ ഭാഗമായി ജൂണ്‍ 30ന്‌ വീണ്ടും 44 പേരെ മാറ്റി നിയമിച്ചു.
അതോടൊപ്പം സെക്രട്ടറി തസ്‌തികയിലേക്ക്‌ 40 പേര്‍ക്ക്‌ സ്‌ഥാനക്കയറ്റവും 44 പേര്‍ക്കു സ്‌ഥലംമാറ്റവും നല്‍കി മറ്റൊരു ഉത്തരവും ഇറങ്ങി. ജൂലൈ 14നും 31നും ഈ ഉത്തരവുകള്‍ വീണ്ടും തിരുത്തി 48 പേരെ മാറ്റി നിയമിച്ചു.
ഓഗസ്‌റ്റ്‌ രണ്ടിന്‌ ഇതില്‍ 13 പേരെ വീണ്ടും മാറ്റി നിയമിച്ചു. ഓഗസ്‌റ്റ്‌ അഞ്ചിന്‌ ഇതില്‍ 15 പേര്‍ക്കു വീണ്ടും സ്‌ഥാനചലനം. ഓഗസ്‌റ്റ്‌ എട്ട്‌, 11 തീയതികളിലും മാറ്റം നടന്നിട്ടുണ്ട്‌. ചുരുക്കത്തില്‍ മൂന്നുമാസത്തിനിടെ ഒരേ ജീവനക്കാരന്‍ ഓടിനടന്നത്‌ കാസര്‍ഗോഡ്‌ മുതല്‍ പാറശാലവരെയുള്ള വിവിധ ഓഫീസുകളിലേക്കാണ്‌.
സ്‌ഥലംമാറ്റപ്പട്ടിക തന്നെ അഴിമതിക്കു സാക്ഷ്യം. മൂന്നു മാസത്തിനിടെ ഇറങ്ങിയ ഉത്തരവുകളില്‍ മിക്കവയിലും ഒരേ ജീവനക്കാരാണ്‌ ഇടം പിടിച്ചിട്ടുള്ളത്‌. ആദ്യ ഉത്തരവില്‍ കാസര്‍ഗോഡ്‌ നിന്നു മാറ്റിയ വ്യക്‌തിയെ അടുത്ത ഉത്തരവില്‍ നേരത്തെ ജോലി ചെയ്‌തിരുന്ന സീറ്റിലേക്കുതന്നെ കൊണ്ടുവന്നതായും കാണാം.
പഞ്ചായത്ത്‌ ഡയറക്‌ടറേറ്റ്‌ കേന്ദ്രീകരിച്ച്‌ ഇത്തരത്തിലുള്ള ചില നീക്കങ്ങള്‍ നടക്കുന്നതായി മുമ്പേ പരാതിയുണ്ട്‌. നേരത്തെ ഇത്തരത്തില്‍ ഒരു ഉദ്യോഗസ്‌ഥനെതിരേ ശക്‌തമായ ആരോപണം ഉയര്‍ന്നിരുന്നു. അന്ന്‌ സര്‍ക്കാര്‍ ഇടപെട്ട്‌ അദ്ദേഹത്തെ ജില്ലാ പഞ്ചായത്ത്‌ ഓഫീസിലേക്കു മാറ്റിയിരുന്നു. സ്‌ഥലംമാറ്റത്തിനും നിയമനത്തിലും ജീവനക്കാരുടെ മികച്ച പ്രവര്‍ത്തനം മാനദണ്ഡമാക്കണമെന്ന്‌ വകുപ്പുതല നിര്‍ദേശമുണ്ട്‌.
അത്‌ മറികടന്നാണ്‌ മധ്യതിരുവിതാംകൂറിലെ ജില്ലയില്‍ ഒരു ഉന്നത ഉദ്യോഗസ്‌ഥനെ നിയമിച്ചത്‌. രണ്ടു സ്‌ത്രീപീഡനക്കേസിലുള്‍പ്പെടെ പ്രതിയായ വ്യക്‌തിയെയാണ്‌ ഇത്തരത്തില്‍ നിയമിച്ചിരിക്കുന്നതെന്നാണ്‌ ആരോപണം.

ആര്‍. സുരേഷ്‌

Ads by Google
Tuesday 12 Sep 2017 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW