Tuesday, September 12, 2017 Last Updated 17 Min 48 Sec ago English Edition
Todays E paper
Tuesday 12 Sep 2017 01.46 AM

ഡോക്‌ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കും മുന്‍പ്‌

uploads/news/2017/09/145118/editorial.jpg

അപകടത്തില്‍പ്പെട്ട്‌ ചികിത്സ ലഭിക്കാതെ തമിഴ്‌നാട്‌ സ്വദേശി മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാര്‍ക്കു വീഴ്‌ചപറ്റി എന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ ഡോക്‌ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌. മുരുകനെ ഗുരുതരാവസ്‌ഥയില്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്‌ടറും പി.ജി. ഡോക്‌ടറും വീഴ്‌ചവരുത്തി എന്നതാണ്‌ അന്വേഷണത്തിലെ കണ്ടെത്തല്‍. ഡ്യൂട്ടി ഡോക്‌ടറായിരുന്ന സീനിയര്‍ റെസിഡന്റ്‌ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടോ എന്ന്‌ അന്വേഷിച്ചില്ലെന്നാണു പ്രധാന ആരോപണം. എന്നാല്‍, അന്വേഷിച്ചെന്നും വെന്റിലേറ്റര്‍ ലഭ്യമല്ലെന്ന്‌ അറിവുണ്ടായശേഷമാണ്‌ ഈ സൗകര്യങ്ങള്‍ ഉള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതുമെന്നാണു ഡോക്‌ടര്‍മാരുടെ പ്രതിനിധികള്‍ പറയുന്നത്‌.
ഈ നിര്‍ദേശത്തിന്റെ പേരില്‍ ജൂനിയര്‍ ഡോക്‌ടര്‍മാരെ ക്രൂശിക്കാനുള്ള ആലോചന നടക്കുന്നുവെന്നാണ്‌ അവരുടെ ഭയം. ഈ നടപടിക്കുപിന്നില്‍ പല ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്‌. തത്തുല്യ കുറ്റം ചെയ്‌ത സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടര്‍മാരെ സംരക്ഷിക്കുന്നു, സര്‍ക്കാര്‍ മേഖലയില്‍ തന്നെ ജൂനിയര്‍ ഡോക്‌ടര്‍മാരെ ക്രൂശിക്കുന്നു എന്നിങ്ങനെ പോകുന്നു ആരോപണങ്ങള്‍.

ആശുപത്രികളില്‍ ആവശ്യത്തിനു സൗകര്യങ്ങളോ ഡോക്‌ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെയോ ഏര്‍പെടുത്താനാവാത്ത സര്‍ക്കാര്‍ സംവിധാനത്തെയും ഈ മരണത്തിനു കാരണമായി കാണാന്‍ കഴിയും. വലിയൊരു പങ്ക്‌ ജനങ്ങളും ചികിത്സയ്‌ക്കായി ആശ്രയിക്കുന്ന സ്‌ഥാപനങ്ങളാണു സര്‍ക്കാര്‍ ആശുപത്രികള്‍. മെഡിക്കല്‍ കോളജ്‌ ആശുപത്രികള്‍ അടക്കമുള്ള ആശുപത്രികളില്‍ ചികിത്സതേടി വരുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയുമാണ്‌. എന്നാല്‍, അത്‌ നേരിടാന്‍ തക്ക സാഹചര്യം ആശുപത്രികളിലില്ല.

ഡോക്‌ടര്‍മാരുടെ കാര്യം മാത്രം എടുക്കാം. 1961-ലെ സ്‌റ്റാഫ്‌ പാറ്റേണ്‍ അനുസരിച്ചാണ്‌ ആരോഗ്യ വകുപ്പിലെ ആകെ ഡോക്‌ടര്‍മാരുടെ എണ്ണം. അതില്‍ത്തന്നെ 30 ശതമാനം തസ്‌തിക ഒഴിഞ്ഞു കിടക്കുന്നു. 1961നുശേഷം കേരളത്തില്‍ വന്ന മെഡിക്കല്‍ കോളജുകളില്‍ ആനുപാതികമായി തസ്‌തികകള്‍ അനുവദിക്കപ്പെട്ടില്ല. മെഡിക്കല്‍ കോളജുകളുടെ കാര്യമെടുത്താല്‍, 1961-ലെ സ്‌റ്റാഫ്‌ പാറ്റേണ്‍ അനുസരിച്ചാണെങ്കില്‍ തന്നെ, രണ്ടായിരത്തിനാനൂറോളം ഡോക്‌ടര്‍ തസ്‌തികകള്‍ ഉള്ളതില്‍ 561 എണ്ണം ഒഴിഞ്ഞുകിടക്കുന്നു.

ഈ അവസ്‌ഥയില്‍ മെഡിക്കല്‍ കോളജുകളിലെ രോഗീപരിചരണത്തിന്‌ ഏറ്റവുമധികം ആശ്രയിക്കേണ്ടിവരുന്നത്‌ സീനിയര്‍/ജൂനിയര്‍ റെസിഡന്റുമാരെയും പി.ജി. ഡോക്‌ടര്‍മാരെയുമാണ്‌. അവരില്ലെങ്കില്‍ ആശുപത്രികള്‍ ചലിക്കില്ലെന്നത്‌ യാഥാര്‍ഥ്യമാണ്‌. ഏതെങ്കിലും മെഡിക്കല്‍ കോളജുകളുടെ കാഷ്വാലിറ്റി വിഭാഗത്തില്‍ അല്‍പനേരം ചെന്നുനിന്നാല്‍ ഈ ഡോക്‌ടര്‍മാര്‍ ഒരു നിമിഷംപോലും പാഴാക്കാതെ കഠിനാധ്വാനം ചെയ്യുന്നതു കാണാന്‍ കഴിയും.

എന്നാല്‍, അവര്‍ക്കുള്ള അധികാരങ്ങള്‍ പരിമിതമാണ്‌. ഏതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒഴിവുള്ള വെന്റിലേറ്റര്‍ അടിയന്തിര സാഹചര്യത്തില്‍ ഒഴിപ്പിച്ചെടുക്കാന്‍ അവര്‍ക്കു സാധിച്ചേക്കില്ല. അത്യാവശ്യഘട്ടത്തില്‍ മറ്റു വകുപ്പുകളിലെ വെന്റിലേറ്റര്‍ സംഘടിപ്പിച്ചെടുക്കാന്‍ മുതിര്‍ന്ന ഡോക്‌ടര്‍ക്കേ സാധിക്കുകയുള്ളൂ. പലപ്പോഴും മെഡിക്കല്‍ കോളജുകളില്‍ മുതിര്‍ന്ന ഡോക്‌ടര്‍മാര്‍ക്കു പോലും മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍നിന്നു വെന്റിലേറ്റര്‍ സംഘടിപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ട്‌ നേരിടാറുണ്ട്‌.

ഈ സാഹചര്യത്തില്‍ വേണം മുരുകനെ പ്രവേശിപ്പിച്ച ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്‌ടര്‍മാരുടെ നടപടികളെ വിലയിരുത്താന്‍. ഏതു ജീവനും വിലപ്പെട്ടതാണ്‌. അതുകൊണ്ട്‌ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാത്തവിധമാകണം നടപടികള്‍. തെറ്റുചെയ്‌തവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, ബലിയാടുകള്‍ ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യം അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം.

Ads by Google
Advertisement
Tuesday 12 Sep 2017 01.46 AM
YOU MAY BE INTERESTED
TRENDING NOW