Monday, May 28, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 01.46 AM

സിനിമാ തമ്പുരാക്കന്മാര്‍ മാറിനിന്നതോ? അയിത്തം പ്രതിഫലിച്ച്‌ സിനിമാ അവാര്‍ഡ്‌ വേദി

uploads/news/2017/09/145117/bft1.jpg

നാളിതുവരെ അവഗണിച്ച കറുത്തവന്റെയും തിരസ്‌കൃതന്റെയും ജീവിതാവസ്‌ഥകളോടും അതു പങ്കുവച്ച ചലച്ചിത്രാഖ്യാനങ്ങളോടുമുള്ള താരരാജന്മാക്കാരുടെ അയിത്തം പ്രകടമാക്കി ചലച്ചിത്ര പുരസ്‌കാര വേദി.
മലയാള സിനിമയുടെ ഗതിമാറ്റവും വിവാദങ്ങളും സൃഷ്‌ടിച്ച ചേരിതിരിവും ചടങ്ങില്‍ പ്രതിഫലിച്ചു. താരകേന്ദ്രീകൃതമായ സിനിമകളെ അവഗണിച്ച അവാര്‍ഡ്‌ പ്രഖ്യാപനത്തോടു മുന്‍നിര താരങ്ങള്‍ മുഖം തിരിച്ചപ്പോള്‍ കഴിഞ്ഞ ദിവസം നടന്ന അവാര്‍ഡ്‌ നിശയ്‌ക്കു താരപ്പകിട്ട്‌ കുറഞ്ഞു. തുടര്‍ന്നാണു സിനിമാതാരങ്ങളെ വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‌ രംഗത്തെത്തേണ്ടി വന്നത്‌. അവാര്‍ഡ്‌ ലഭിച്ചവരെ പ്രോത്സാഹിപ്പിക്കേണ്ടത്‌ എല്ലാവരുടെയും കടമയാണെന്നു പിണറായി പറഞ്ഞു. അമ്മ പ്രസിഡന്റ്‌ ഇന്നസെന്റ്‌ എം.പി, ശ്രീനിവാസന്‍ തുടങ്ങിയവരെ ക്ഷണിച്ചിട്ടും വരാത്തതിനെക്കുറിച്ചു സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. കെ.ബി. ഗണേഷ്‌ കുമാര്‍ എം.എല്‍.എയുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.
ചലച്ചിത്രമേഖലയ്‌ക്കു വേണ്ടി നടത്തുന്ന ചടങ്ങാണിത്‌. വിട്ടുനില്‍ക്കുകയല്ല വേണ്ടത്‌. ഇത്തരം ചടങ്ങുകളില്‍ വരിക എന്നത്‌ ഒരു വികാരമാകണമെന്നു മുഖ്യമന്ത്രി സൂചിപ്പിച്ചു. താരങ്ങളുടെ അപ്രമാദിത്വത്തിന്‌ ഏറ്റ അടിയായിരുന്നു ഇത്തവണത്തെ അവാര്‍ഡ്‌ പ്രഖ്യാപനം. എന്നാല്‍ സിനിമയുടെ പേരിലുള്ള പുരസ്‌കാര ആഘോഷ രാവിനു മാറ്റുകൂട്ടാന്‍ സിനിമയിലെ കേമന്മാരായ താരങ്ങള്‍ ഇല്ലാതെ പറ്റില്ലെന്ന സൂചന കൂടി മുഖ്യമന്ത്രിയുടെ പരിഭവത്തില്‍ കലര്‍ന്ന വിമര്‍ശനത്തില്‍ തെളിഞ്ഞു. ഒടുവില്‍ താന്‍ പറഞ്ഞ കാര്യങ്ങളെ പോസീറ്റീവായി കാണണമെന്നും മുഖ്യമന്ത്രി താരങ്ങളെ ഓര്‍മിപ്പിച്ചു.മുന്‍നിര താരങ്ങള്‍ക്കെല്ലാം പങ്കെടുക്കാന്‍ ക്ഷണപത്രിക നല്‍കിയിരുന്നുവെങ്കിലും അവാര്‍ഡ്‌ ജേതാക്കള്‍ ഉള്‍പ്പെടെ കുറച്ചുപേര്‍ മാത്രമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. സര്‍ക്കാരിന്റെ കൂടി പ്രതിനിധി എന്ന നിലയില്‍ മുകേഷാണ്‌ ചടങ്ങില്‍ പങ്കെടുത്ത പ്രമുഖ നടന്‍. ഈ സാഹചര്യത്തിലാണ്‌ അവാര്‍ഡ്‌ വിതരണം ചെയ്ുയമ്പോള്‍ സിനിമാ മേഖലയുടെ പരിച്‌ഛേദം ഉണ്ടാകേണ്ടതാണെന്ന്‌ മുഖ്യമന്ത്രി സൂചിപ്പിച്ചത്‌. വിശിഷ്‌ടാതിഥികളായി ക്ഷണിക്കപ്പെട്ട മുതിര്‍ന്ന താരങ്ങളായ മധു, ഷീല, മഞ്‌ജു വാര്യര്‍ എന്നിവരും ചടങ്ങിനെത്തിയില്ല.
അലറി വിളിക്കാനും കൈയടിക്കാനും ഫാന്‍സ്‌ അസോസിയേഷനുകളുടെ സംഘടിത ശക്‌തിയില്ലാത്തവരാണ്‌ ഇന്നലെ പുരസ്‌കാരം ഏറ്റു വാങ്ങിയവര്‍. അവാര്‍ഡ്‌ നേടിയ അണിയറ പ്രവര്‍ത്തകരിലും വിജയിച്ച താര സിനിമകളുടെ ഭാഗമായവരുണ്ടായിരുന്നില്ല. ശക്‌തമായ കോക്കസ്‌വല്‍ക്കരിക്കപ്പെട്ട സിനിമാ രംഗത്ത്‌ ഏതെങ്കിലും മുന്‍ നിര താരങ്ങള്‍ക്കായിരുന്നു അവാര്‍ഡെങ്കില്‍ അവര്‍ക്ക്‌ ഒപ്പമെത്തി ചടങ്ങ്‌ ഗംഭീരമാക്കാന്‍ മറ്റു താരങ്ങള്‍ മത്സരിച്ചേനെ. നിലവില്‍ സിനിമാ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മലയാള സിനിമാ മേഖലയിലെ സാമ്പ്രദായിക വാദികള്‍ക്ക്‌ ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമാണെന്നതാണു വിട്ടുനില്‍ക്കലില്‍ വ്യക്‌തമായത്‌. സഹതാപത്തിനും അവഹേളനത്തിനും വേണ്ടി മാത്രമായിരുന്നു മലയാള സിനിമയില്‍ കീഴാള ദളിത്‌ കഥാപാത്രങ്ങള്‍. എന്നാല്‍ പുരസ്‌കാര നിറവില്‍ ആത്മവിശ്വാസത്തോടെ അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചാണ്‌ കമ്മട്ടിപ്പാടത്തെ ബാലനും ഗംഗയും നിന്നത്‌. അതേസമയം സിനിമ പുരുഷതാര കേന്ദ്രീകൃതമാകുന്നതിനോടു കലഹിക്കുന്ന വിമന്‍ ഇന്‍ സിനിമ കലക്‌ടീവിന്റെ പ്രവര്‍ത്തകര്‍ പുരസ്‌കാര സമര്‍പ്പണത്തിനു സംഘടിച്ചെത്തി. അവര്‍ ചടങ്ങ്‌ അഭിപ്രായ പ്രകടനത്തിന്റെയും പ്രതിഷേധത്തിന്റെയും വേദിയാക്കുകയും ചെയ്‌തു.
സ്‌ത്രീ വിരുദ്ധ, പുരുഷ കേന്ദ്രീകൃത മലയാള സിനിമാരീതികളെ അവര്‍ വിമര്‍ശിച്ചു. സിനിമയെ താരാധിപത്യത്തില്‍നിന്നും കീഴാള വിരുദ്ധതയില്‍നിന്നും മാഫിയാ ക്രിമിനല്‍ സംസ്‌കാരത്തില്‍നിന്നും സ്‌ത്രീ വിരുദ്ധതയില്‍നിന്നും മോചിപ്പിക്കേണ്ടതാണെന്ന സന്ദേശം മികച്ച സംവിധായികയ്‌ക്കുള്ള പുരസ്‌കാരം നേടിയ വിധു വിന്‍സന്റും ആഘോഷരാവില്‍ നൃത്തവുമായെത്തിയ റിമ കല്ലിങ്കലും പരസ്യമായി പങ്കുവച്ചു.
നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്ന താരങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ നടിമാരുടെ കൂട്ടായ്‌മ ശക്‌തമായ നിലപാടെടുത്ത്‌ പുരസ്‌കാര വിതരണച്ചടങ്ങില്‍ സജീവമായത്‌.

ആരും വന്നില്ലെങ്കിലും സിനിമയുണ്ടാകും: വിനായകന്‍

പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും പ്രശ്‌നമില്ല. സിനിമയുണ്ടാകുമെന്ന്‌ മികച്ച നടനുള്ള പുരസ്‌കാരം നേടിയ വിനായകന്‍. സിനിമയെ തകര്‍ക്കാന്‍ കഴിയില്ല. ഇന്നു ഞാന്‍ തിളങ്ങി. നാളെ മറ്റൊരാള്‍ തിളങ്ങും.

പങ്കെടുക്കാതിരുന്നത്‌ ക്ഷണിക്കാത്തതിനാല്‍: ജോയ്‌ മാത്യു

സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌ വിതരണച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നതു ക്ഷണിക്കാത്തതുകൊണ്ടാണെന്നു നടന്‍ ജോയ്‌ മാത്യു. വിവേചനത്തിന്റെ പ്രശ്‌നമുള്ളതു കൊണ്ടല്ല പോകാതിരുന്നത്‌. സംഘാടകര്‍ ക്ഷണിക്കാത്തതുകൊണ്ടാണ്‌-സംസ്‌ഥാന സിനിമാ അവാര്‍ഡ്‌ ദാന പരിപാടിയില്‍നിന്നു പ്രമുഖ നടീനടന്മാര്‍ വിട്ടുനിന്ന സംഭവത്തില്‍ മംഗളത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"സംസ്‌ഥാന സിനിമാ അവാര്‍ഡ്‌ നിര്‍ണയത്തില്‍ ഗതിമാറ്റം വരുത്തിയ അവാര്‍ഡ്‌ പ്രഖ്യാപനമാണ്‌ കഴിഞ്ഞ വര്‍ഷത്തേത്‌. വളരെ യുക്‌തമായ തീരുമാനമാണ്‌ ജഡ്‌ജിങ്‌ കമ്മിറ്റിയുടേത്‌. എനിക്ക്‌ ഇഷ്‌ടപ്പെട്ട നടീനടന്മാര്‍ക്കാണ്‌ അവാര്‍ഡ്‌ ലഭിച്ചത്‌. മണികണ്‌ഠനും വിനായകനുമെല്ലാം ഏറെ ഇഷ്‌ടമുള്ളവരാണ്‌. എറണാകുളത്താണുള്ളതെങ്കിലും തലശേരിയില്‍ പോകണമെന്നുണ്ടായിരുന്നു. ഒരു പാസ്‌ ആരെങ്കിലും തരണ്ടേ. ഫോണില്‍ ഒന്നു വിളിക്കണ്ടേ. ചലച്ചിത്ര അക്കാഡമിയോ സര്‍ക്കാരോ സംഘാടകരോ ആരെങ്കിലും ഒന്നു ക്ഷണിക്കണ്ടേ. ക്ഷിക്കാതെ പോയാല്‍ അവിടെ ഗ്യാലറിയില്‍ കയറിയിരിക്കണം.
എന്നെ പോലെയുള്ള ആള്‍ ഗ്യാലറിയില്‍ കയറിയിരുന്നാല്‍ അതായിരിക്കും ചര്‍ച്ച. ഒരു ഫോണ്‍ കോള്‍ കിട്ടിയിരുന്നുവെങ്കില്‍ പോകുമായിരന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ സുരഭി ലക്ഷ്‌മിക്ക്‌ ജന്മനാട്ടില്‍ സ്വീകരണം ഏര്‍പ്പെടുത്തിയപ്പോള്‍ ഞാന്‍ എറണാകുളത്തായിരുന്നു. സംഘാടകര്‍ ക്ഷണിച്ചു. ഞാന്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്‌തു. ആ മാന്യതയെങ്കിലും സംഘാടകര്‍ കാണിക്കണ്ടേ. ക്ഷണിച്ചിരുന്നുവെങ്കില്‍ അവാര്‍ഡ്‌ദാന പരിപാടിക്ക്‌ എത്തുമായിരുന്നു. എന്റെ കാര്യത്തില്‍ കറുപ്പിന്റെും വെളുപ്പിന്റെയും പ്രശ്‌നമില്ല"- ജോയ്‌ മാത്യു പറഞ്ഞു.

താരളുടെ പങ്കാളിത്തമല്ല കാര്യം: ഡോ. ബിജു

മുഖ്യമന്ത്രിയുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊള്ളട്ടെ. പുരസ്‌കാരം ലഭിച്ചവരെയും സിനിമകളെയും പ്രോത്സാഹിപ്പിക്കേണ്ട ചുമതലയും ബാധ്യതയുമുള്ളത്‌ താരങ്ങളേക്കാള്‍ കൂടുതല്‍ സര്‍ക്കാരിനാണ്‌. കലാമൂല്യമുള്ള സാംസ്‌കാരിക സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുക എന്നതാണല്ലോ സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ കൊണ്ട്‌ ലക്ഷ്യമിടുന്നത്‌.
അതുകൊണ്ട്‌ തന്നെ അത്തരം സിനിമകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനും കൂടുതലായി നിര്‍മിക്കപ്പെടുവാനും പ്രദര്‍ശന സംവിധാനങ്ങള്‍ ഉറപ്പ്‌ വരുത്തുവാനും ഒക്കെയുള്ള കടമ സംസ്‌ഥാന സര്‍ക്കാരിനുണ്ട്‌. പുരസ്‌കാര വിതരണച്ചടങ്ങില്‍ താരങ്ങള്‍ ക്ഷണിതാക്കളായി പങ്കെടുക്കുക എന്നതിലല്ല കാര്യം മറിച്ചു ഇത്തരം സിനിമകളുടെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ എന്ത്‌ ചെയ്യുന്നു എന്നതാണ്‌ പ്രാഥമികമായി വിലയിരുത്തേണ്ട കാര്യം. കേരളത്തില്‍ കലാമൂല്യ സിനിമകളുടെ പ്രോത്സാഹനത്തിനും സബ്‌സിഡിക്കുമായി നിരവധി നിര്‍ദേശങ്ങള്‍ അടങ്ങിയ അടൂര്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ ഉള്‍പ്പെടെ രണ്ട്‌ വിശദമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ആ രണ്ടു റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രി ആയ അങ്ങയുടെയും സിനിമാ വകുപ്പ്‌ മന്ത്രിയുടെയും മേശവലിപ്പില്‍ ഒരു നടപടി പോലും സ്വീകരിക്കപ്പെടാതെ വിശ്രമിക്കുന്നുണ്ട്‌. ആ റിപ്പോര്‍ട്ടുകളിന്മേല്‍ ഇനിയെങ്കിലും എന്തെങ്കിലും നടപടികള്‍ ഉണ്ടാകുമോ എന്നാണ്‌ ഞങ്ങള്‍ ഉറ്റു നോക്കുന്നത്‌ .

Ads by Google
Tuesday 12 Sep 2017 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW