Tuesday, February 20, 2018 Last Updated 8 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 01.45 AM

ശ്രീകൃഷ്‌ണ-ഉദ്ധവ സംവാദം , അരികില്‍ ഞാന്‍ ഉണ്ടായിരുന്നിട്ടും...

uploads/news/2017/09/145116/bft2.jpg

അവതാരലക്ഷ്യം പൂര്‍ത്തീകരിച്ച്‌ മടങ്ങാറായ വേളയില്‍ ശ്രീകൃഷ്‌ണന്‍ ഉദ്ധവരെ അടുത്തേക്കു വിളിച്ചു. "എന്റെ അവതാരജീവിതത്തിനിടയില്‍ എത്രയോ ആളുകള്‍ വരം ചോദിച്ചുവന്നിരിക്കുന്നു! നിരവധിപേര്‍ ആഗ്രഹങ്ങള്‍ അറിയിച്ചു. ദാനങ്ങള്‍ സ്വീകരിച്ചു. പ്രിയ ചങ്ങാതി മാത്രം എന്തേ ഒന്നും ചോദിച്ചില്ല? ഇപ്പോള്‍ എന്തുവേണമെങ്കിലും ചോദിക്കൂ. എന്റെ ലക്ഷ്യപൂര്‍ത്തീകരണം ഈ തോഴനുവേണ്ടി നല്ലതുചെയ്‌തു എന്ന സംതൃപ്‌തിയോടെയാകട്ടെ."
കളിക്കൂട്ടുകാരനായും പിന്നീട്‌ തേരാളിയായും സന്തതസഹചാരിയായിരുന്നു ഉദ്ധവര്‍. ഒന്നും ചോദിച്ചില്ലെങ്കിലും കുഞ്ഞുനാള്‍ മുതല്‍ വിസ്‌മയത്തോടെ ശ്രീകൃഷ്‌ണനെ ശ്രദ്ധിക്കുമായിരുന്നു. കൃഷ്‌ണന്റെ ഉദ്‌ബോധനങ്ങളും പ്രവൃത്തിയും തമ്മില്‍ അന്തരമുണ്ടെന്ന്‌ അന്നേ തോന്നിയിരുന്നു. അതിന്റെ കാരണമറിയാന്‍ ഉദ്ധവര്‍ക്കു താല്‍പ്പര്യം തോന്നി."പ്രഭോ, അവിടുത്തെ പ്രവൃത്തിയും വാക്കും വ്യത്യസ്‌തമായിരുന്നു, എന്നും. മഹാഭാരതയുദ്ധമാകുന്ന നാടകത്തിലും ഇതെന്നെ അമ്പരപ്പിച്ചു. എന്തേ അങ്ങനെ? എന്റെ സംശയം, അറിയാനുള്ള ആഗ്രഹം സാധിച്ചുതരുമോ? കൃഷ്‌ണാ, പറയൂ ആരാണ്‌ യഥാര്‍ഥ സുഹൃത്ത്‌?"ശ്രീകൃഷ്‌ണന്‍- "ആപദ്‌ഘട്ടങ്ങളില്‍ ക്ഷണിക്കാതെ അണയുകയും സഹായിക്കുകയും ചെയ്യുന്നതാരോ അയാളാണ്‌ യഥാര്‍ഥ സുഹൃത്ത്‌."
ഉദ്ധവര്‍-" സംഭവിക്കുന്നതും സംഭവിക്കാന്‍ പോകുന്നതും അറിയുന്ന ഭഗവാനേ... താങ്കള്‍ പാണ്‌ഡവരുടെ ഉറ്റസുഹൃത്തായിരുന്നു. ഇപ്പോള്‍ എനിക്കായി ഉറ്റ സുഹൃത്ത്‌ എന്നതിന്റെ വിശദീകരണവും നല്‍കി. എന്നിട്ടെന്തേ അവര്‍ക്കു തുണയായില്ല? ദുര്യോധനനും ശകുനിയുമായി പാണ്‌ഡവര്‍ ചൂതുകളിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ്‌ അവരെ രക്ഷിക്കാതിരുന്നത്‌? യുധിഷ്‌ഠിരനെ ചൂതുകളിയില്‍നിന്നു പിന്തിരിപ്പിക്കാഞ്ഞതെന്തേ? അല്ലെങ്കില്‍ ധര്‍മ്മം ജയിക്കാനായി ധര്‍മ്മരാജനെ ചൂതുകളിയില്‍ വിജയിപ്പിക്കാഞ്ഞതെന്തേ കൃഷ്‌ണാ? ധനവും രാജ്യവും തന്നെത്തന്നെയും നഷ്‌ടപ്പെടുത്തിയപ്പോഴെങ്കിലും അദ്ദേഹത്തെ തടയാഞ്ഞതെന്തേ? എന്തേ ചൂതാട്ടം നിര്‍ത്തിച്ചില്ല? സഹോദരങ്ങളെ പണയം വയ്‌ക്കാന്‍ തുടങ്ങിയപ്പോഴെങ്കിലും അവിടേക്കു കടന്നുചെല്ലാഞ്ഞതെന്തേ?" ദ്രൗപതിയെ പണയവസ്‌തുവാക്കിയതെന്തിനായിരുന്നു? ഒരു പുരുഷനാല്‍ സഭയിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെട്ട ദ്രൗപദിയുടെ മാനം കവര്‍ന്നിടാന്‍ പാകത്തില്‍ കാര്യങ്ങള്‍ എന്തിനാണ്‌ മുന്നോട്ടുകൊണ്ടുപോയത്‌? ഒരു സ്‌ത്രീ പൈശാചികമായി നിന്ദിക്കപ്പെടുന്നതുവരെ കാത്തുനിന്നിട്ട്‌ കടന്നുചെല്ലുന്നയാളാണോ ആപദ്‌ബാന്ധവന്‍? വിഷമഘട്ടത്തില്‍ സഹായിക്കുന്നില്ലെങ്കില്‍ എന്താണു ധര്‍മ്മം?" ഇത്‌ ഉദ്ധവരുടെ മാത്രം ചോദ്യങ്ങളല്ല. മഹാഭാരതം വായിക്കുമ്പോള്‍ നമ്മുടെ മനസിലും ഉയരാനിടയുള്ള സംശയങ്ങളാണ്‌.മനോഹരമായി പുഞ്ചിരിച്ചുകൊണ്ട്‌ അതിമനോഹരമായ മറുപടി നല്‍കി ശ്രീകൃഷ്‌ണന്‍. "വിവേകശാലി വിജയിക്കും എന്നതാണ്‌ പ്രിയ സ്‌നേഹിതാ, ലോകനിയമം. ദുര്യോധനനു വിവേകമുണ്ടായിരുന്നു. വേണ്ടസമയത്ത്‌ അതില്ലാതെപോയതാണ്‌ ധര്‍മ്മരാജന്റെ നഷ്‌ടം."
കൃഷ്‌ണന്‍ തുടര്‍ന്നു - "ധാരാളം സമ്പത്തുണ്ടായിരുന്നിട്ടും ദുരോധനന്‌ ശരിയായി ചൂതുകളിക്കാന്‍ അറിയില്ലായിരുന്നു. അതുകൊണ്ടാണ്‌ അമ്മാവനായ ശകുനിയെ നിര്‍ദേശിച്ചത്‌. ധര്‍മ്മരാജനുവേണ്ടി ഞാന്‍ കളിക്കുമായിരുന്നു. പക്ഷെ എന്റെ പേര്‌ പറഞ്ഞില്ല. ഞാനായിരുന്നു കളിച്ചിരുന്നതെങ്കില്‍ ആരായിരിക്കും ജയിക്കുക! എന്നെ കളിക്കാന്‍ ക്ഷണിച്ചില്ലെന്നതു മറക്കാം. ഈ കളിയില്‍ ഏര്‍പ്പെടുന്നത്‌ ഞാന്‍ ഒരിക്കലും കാണാനിടവരരുതെന്ന്‌ പ്രാര്‍ഥിക്കുകയും ചെയ്‌തു. പ്രാര്‍ഥനയാല്‍ എന്നെ കെട്ടിയിട്ടു. ആരെങ്കിലും പ്രാര്‍ഥിക്കുമെന്നു കരുതി ഞാന്‍ ആ സഭയ്‌ക്കു പുറത്ത്‌ കാത്തുനിന്നു. എന്റെ സഹായത്തിനായി ഒരാള്‍ പോലും പ്രാര്‍ഥിച്ചില്ല. അര്‍ജുനനും ഭീമനും നകുലനും സഹദേവനുമൊക്കെ ദുരോധനനെ ശപിക്കുകയും സ്വന്തം വിധിയെ പഴിക്കുകയുമാണു ചെയ്‌തത്‌. സഹോദരന്റെ കല്‍പ്പനപ്രകാരം ദുശ്ശാസനന്‍ മുടിക്കുപിടിച്ച്‌ വലിച്ചിഴച്ചിട്ടും ദ്രൗപദി എന്നെ വിളിച്ചില്ല. സ്വന്തം ശക്‌തിയുപയോഗിച്ച്‌ പ്രതിരോധിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ദുശ്ശാസനന്‍ വസ്‌ത്രാക്ഷേപം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ദ്രൗപദി അശക്‌തയായി... വിവശയായി... അഭയം അഭയം കൃഷ്‌ണാ എന്ന്‌ ഉറക്കെവിളിച്ചു കരഞ്ഞു. അപ്പോള്‍ മാത്രമാണ്‌ എനിക്കവിടെ പ്രവേശിക്കാന്‍ അവസരം കിട്ടിയത്‌. ഞാന്‍ ഉടനെ അവിടെയെത്തി ദ്രൗപദിയുടെ മാനം കാത്തു. ഇതില്‍ എന്റെ തെറ്റെന്താണ്‌?"
ഉദ്ധവര്‍ - "മനോഹരം കണ്ണാ... ഞാന്‍ തൃപ്‌തനായി... എന്നാല്‍ ഞാന്‍ ചതിക്കപ്പെടുകയല്ലല്ലോ... ഒന്നു ചോദിക്കട്ടെ കൃഷ്‌ണാ, വിളിച്ചാല്‍ മാത്രമേ സഹായത്തിനായി താങ്കള്‍ വരികയുള്ളോ? ധര്‍മ്മസംസ്‌ഥാപനത്തിനായി സ്വയം അണയുകയില്ലേ?"പുഞ്ചിരിയോടെ കൃഷ്‌ണന്‍ തുടര്‍ന്നു - "ഈ ജന്മത്തില്‍ ഓരോരുത്തരുടെയും ജീവിതം അവരുടെ കര്‍മ്മത്തിനനുസരിച്ചാണ്‌ മുന്നോട്ടുപോകുന്നത്‌. ഞാന്‍ അതു നടത്തുന്നില്ല. ഞാന്‍ അതില്‍ ഇടപെടുന്നുമില്ല. ഞാന്‍ സാക്ഷിയാണ്‌. സര്‍വ്വംസാക്ഷിയായി ഞാന്‍ തൊട്ടടുത്തു നില്‍ക്കുകയാണ്‌. അതാണ്‌ ഈശ്വരധര്‍മ്മം.""അതിമനോഹരം കണ്ണാ... തൊട്ടടുത്തു നിന്നുകൊണ്ട്‌ എല്ലാം കാണുകയാണല്ലേ? തെറ്റുകള്‍ കാരണം ഞങ്ങളുടെ പാപങ്ങള്‍ കുന്നുകൂടുന്നത്‌ കണ്ടുനില്‍ക്കുന്നുവോ? ഞങ്ങള്‍ കൂടുതല്‍ തെറ്റുചെയ്യുകയും പാപങ്ങള്‍ കൂടുക വഴി ദുരിതങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നതാണോ ഇഷ്‌ടം?" ഉദ്ധവര്‍ക്കു സഹിക്കാനായില്ല. കൃഷ്‌ണന്‍ തുടര്‍ന്നു - "ഉദ്ധവര്‍, കാര്യങ്ങള്‍ ശ്രദ്ധിച്ചുപറയൂ. ഞാന്‍ സാക്ഷിയായി തൊട്ടടുത്തു നില്‍ക്കുന്നു എന്ന്‌ അറിയുമെങ്കില്‍, ആ തിരിച്ചറിവുണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ്‌ തെറ്റുചെയ്യാന്‍ നിനക്കാകുന്നത്‌? പിന്നെങ്ങനെയാണ്‌ നിന്റെ പാപങ്ങള്‍ വര്‍ധിക്കുന്നത്‌? ഇത്‌ സദാ വിസ്‌മരിക്കുന്നു. ഞാന്‍ ഒന്നും കാണുകയില്ല, അറിയില്ല എന്നു കരുതി തെറ്റുകള്‍ ചെയ്യുകയാണ്‌. അതിനാലാണ്‌ കുഴപ്പങ്ങളില്‍ ചെന്നുചാടുന്നത്‌. ഞാനറിയാതെ ചൂതുകളിക്കാമെന്ന ചിന്തയാണ്‌ ധര്‍മ്മരാജാവിന്റെ നഷ്‌ടത്തിനു കാരണം. സാക്ഷിയായി ഞാനുണ്ടെന്നു തിരിച്ചറിഞ്ഞുവെങ്കില്‍ ചൂതാട്ടം ഇങ്ങനെയാകുമായിരുന്നോ?"ഭക്‌തിപൂരിതമായ മനസുമായി നിന്ന ഉദ്ധവര്‍ക്ക്‌ വാക്കുകള്‍ വിദൂരത്തായി കുറേ സമയത്തേക്ക്‌. എത്ര മഹത്തായ സത്യം! എത്ര വലിയ തത്വം! പൂജ ചെയ്യുന്നതും ഭഗവാനെ പ്രാര്‍ഥിക്കുന്നതുമൊക്കെ നമ്മുടെ തോന്നലും വിശ്വാസവും മാത്രം...
ഈശ്വരന്റെ സാന്നിധ്യം, സദാ സാക്ഷിയായി കൂടെ നില്‍ക്കുന്നുവെന്ന അറിവ്‌, നമ്മില്‍ ഉറയ്‌ക്കുമ്പോള്‍, ഭഗവാനറിയാതെ ഇവിടെ ഒരു ഇല പോലും ചലിക്കുന്നില്ല എന്ന സത്യം നമുക്കു മനസിലാകുന്നു. ഭഗവദ്‌ഗീതയിലുടനീളം അര്‍ജുനനോടു കൃഷ്‌ണന്‍ പറയുന്നതും ഈ വേദാന്തമാണ്‌. തേരാളിയായും വഴികാട്ടിയുമായി കൃഷ്‌ണന്‍ ഒപ്പം. എന്നാല്‍ കൃഷ്‌ണന്‍ ഒരിക്കലും നേരിട്ട്‌ യുദ്ധം ചെയ്‌തില്ല. അനന്തമായ ഈ ശക്‌തി തിരിച്ചറിയുക. നമ്മുടെ ഉള്ളിലും പുറത്തും നിറയുന്ന ഈ സാക്ഷി ഒരു സത്യമാണ്‌. കൂടുതല്‍ ശ്രദ്ധയോടെ ഈശ്വരീയബോധത്തില്‍ ലയിക്കാം. പരിശുദ്ധവും സ്‌നേഹനിര്‍ഭരവും ആനന്ദപ്രദവുമായ ശുദ്ധബോധത്തെ ആദരവോടെ, സ്‌നേഹത്തോടെ കണ്ടെത്താം. ഒത്തുചേരാം അതിനുവേണ്ടി...

ശ്രീ ശ്രീ രവിശങ്കര്‍

Ads by Google
Tuesday 12 Sep 2017 01.45 AM
YOU MAY BE INTERESTED
TRENDING NOW