Monday, May 21, 2018 Last Updated 48 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 01.44 AM

വേണം, മറ്റൊരു ക്ഷേത്രപ്രവേശന വിളംബരം

ക്ഷേത്രങ്ങളില്‍ മറ്റ്‌ മതവിശ്വാസികള്‍ക്ക്‌ പ്രവേശനം അനുവദിക്കണോ; സംസ്‌ഥാനത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ജന്മം കൊണ്ട്‌ ബ്രാഹ്‌മണരല്ലാത്തവരെ ശാന്തിക്കാരായി നിയമിക്കണോ? ഈ രണ്ട്‌ പ്രശ്‌നങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ഒരിക്കല്‍ക്കൂടി ഉയര്‍ന്നുവരികയുണ്ടായി.
മറ്റൊരു ക്ഷേത്രപ്രവേശന വിളംബരത്തിന്‌ സമയമായി എന്നതും പറയാതെവയ്യ. പഴയകാലത്ത്‌ ഹിന്ദുക്കളിലെ പിന്നാക്കക്കാര്‍ക്ക്‌ ദര്‍ശനത്തിന്‌ അനുമതി നല്‍കാനായിരുന്നു വിളംബരം വേണ്ടിവന്നതെങ്കില്‍ ഇന്നത്‌ വേണ്ടത്‌ മേല്‍ശാന്തി നിയമനത്തിനും അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തിനുമാണ്‌.
ഈ സംവാദത്തിന്‌ യഥാര്‍ഥത്തില്‍ അനവധി വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌ ; ശ്രീ നാരായണ ഗുരുദേവനോളം അല്ലെങ്കില്‍ മഹാത്മാ അയ്യങ്കാളിയോളം എന്നൊക്കെ പറയാമെന്നു തോന്നുന്നു. ഹിന്ദുക്കളായ പിന്നോക്കക്കാര്‍ക്ക്‌ ക്ഷേത്രങ്ങളില്‍ ചെല്ലാന്‍ എന്നല്ല പൊതുനിരത്തില്‍ ഇറങ്ങിനടക്കാന്‍ പോലും കഴിയാതിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ചാണ്‌ സൂചിപ്പിക്കുന്നത്‌. അങ്ങനെയാണല്ലോ സ്വന്തം നിലയ്‌ക്ക്‌ ക്ഷേത്രങ്ങള്‍ സ്‌ഥാപിക്കാനും അതില്‍ പ്രതിഷ്‌ഠ നടത്താനുമൊക്കെ ശ്രീനാരായണ ഗുരുദേവന്‍ തയാറായത്‌. മഹാത്മാ അയ്യന്‍കാളി മാത്രമല്ല പണ്ഡിറ്റ്‌ കറുപ്പനും മറ്റും ആ ശ്രേണിയില്‍ പെട്ടവരാണ്‌.
കൊടുങ്ങല്ലൂരില്‍ ദേവീ ക്ഷേത്രദര്‍ശനത്തിനെത്തിയ സ്വാമി വിവേകാനന്ദനെ അകത്ത്‌ കടത്തിയില്ല. കേരളീയരല്ലാത്തവരെ ക്ഷേത്രത്തില്‍ കടത്തില്ലെന്നാണ്‌ അന്ന്‌ ദേവസ്വം അധികൃതര്‍ സ്വാമിജിയോട്‌ പറഞ്ഞത്‌. അയിത്തം ആ നിലയ്‌ക്കുകൂടി ഉണ്ടായിരുന്നു എന്നര്‍ത്ഥം.
മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ്‌ ടാഗോറും മറ്റും ശിവഗിരിയിലെത്തിയതും വൈക്കം സത്യഗ്രഹവേളയില്‍ ആശീര്‍വദിക്കാനായി ഗുരുദേവന്‍ ചെന്നതുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണല്ലോ. ആ മഹാത്മാക്കള്‍ കുറെയേറെ മാറ്റങ്ങള്‍ അക്കാലത്ത്‌ സൃഷ്‌ടിച്ചിട്ടുണ്ട്‌. എന്നാല്‍ ഇന്നും അബ്രാഹ്‌മണര്‍ക്ക്‌ എല്ലാ ക്ഷേത്രങ്ങളിലും പൂജ ചെയ്യാന്‍ കഴിയുന്നില്ല, മറ്റ്‌ താന്ത്രിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നില്ല; അഹിന്ദുക്കളായ വിശ്വാസികള്‍ക്ക്‌ ദര്‍ശനത്തിന്‌ അനുമതി നിഷേധിക്കുന്നതും അതിനൊപ്പം ചേര്‍ത്ത്‌ വായിക്കേണ്ടകാര്യമാണ്‌. ഇന്നിപ്പോഴും അതിനെപ്പറ്റിയൊക്കെ സംവദിക്കേണ്ടിവരുന്നു എന്നതും ഒരു പോരായ്‌മയായെ കാണാനാവൂ.
ശ്രീനാരായണ ഗുരുദേവ പരമ്പരയും അയ്യന്‍കാളിയുടെ അനുയായികളും ചട്ടമ്പിസ്വാമിയുടെ സഹയാത്രികരും ഇവിടെ പിന്നെയും ഉണ്ടായിരുന്നുവെങ്കിലും വേണ്ടപോലെ മാറ്റങ്ങള്‍ നടപ്പിലായില്ല എന്നതാണ്‌ സത്യം. പിന്നീട്‌ ഇക്കാര്യത്തില്‍ കേരളത്തില്‍ ഗണനീയമായ ചില നീക്കങ്ങള്‍ നടത്തിയത്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയും ആര്‍.എസ്‌.എസുമാണ്‌.
ഒരു ഹിന്ദു പ്രസ്‌ഥാനമെന്ന നിലയ്‌ക്ക്‌, അതായത്‌ ഏറ്റവുമധികം ഹിന്ദുക്കളുള്ള കേരളത്തിലെ പാര്‍ട്ടി എന്നനിലയ്‌ക്ക്‌, സി.പി.എം. കുറെ കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. അത്‌ ഹിന്ദുവിനെ നന്നാക്കാന്‍ ഉദ്ദേശിച്ചാണ്‌ എന്ന്‌ പറയാറില്ലെങ്കിലും അവരുടെ പല നിലപാടുകളും ഹിന്ദു സമൂഹത്തിന്‌ ഗുണകരമായി ഭവിച്ചു. എ.കെ.ജിയും ഇ.എം.എസുമൊക്കെ പുലര്‍ത്തിയ സമീപനങ്ങള്‍ അതിനുദാഹരണമാണ്‌. ഭൂപരിഷ്‌കരണം വരെ അതുണ്ടായി എന്നു പറയാമെന്ന്‌ തോന്നുന്നു. പില്‍ക്കാലത്ത്‌ അതൊക്കെ സി.പി.എമ്മിന്‌ തുടരാനാവാതെ പോയി. ഇ.എം.എസിന്റെ അവസാന കാലഘട്ടത്തിലും അത്തരത്തിലുള്ള നവോഥാന മുന്നേറ്റങ്ങള്‍ പ്രായേണ കുറവായിരുന്നുവല്ലോ.
സംഘ പ്രസ്‌ഥാനങ്ങള്‍ വളരെ ആസൂത്രിതമായി പലതും ചെയ്‌തിട്ടുണ്ട്‌. എസ്‌.എന്‍.ഡി.പിയെയും എന്‍.എസ്‌.എസിനേയും ഒന്നിച്ചണിനിരത്തുന്നതില്‍ അവര്‍ ചെലുത്തിയ സ്വാധീനം അതിലൊന്നാണ്‌. 1950 കളില്‍ ഹിന്ദു മഹാമണ്ഡലം രൂപീകരിച്ചതും അത്‌ ഇവിടെയുണ്ടാക്കിയ രാഷ്‌ട്രീയവും ഹിന്ദുത്വ ബോധത്തിലും മറ്റുമുണ്ടാക്കിയ ചലനങ്ങളും വിസ്‌മരിക്കാനാവില്ലല്ലോ; അതിന്‌ ആയുസ്‌ കുറവായിരുന്നു എന്നത്‌ ശരിയെങ്കിലും. അതില്‍ ചെറിയതോതിലെങ്കിലും പങ്ക്‌ വഹിക്കാന്‍ കഴിഞ്ഞ ആര്‍.എസ്‌.എസ്‌. പ്രചാരകനാണ്‌ പി. മാധവ്‌ജി. പിന്നീട്‌ കേരളത്തിലെ ഹിന്ദു സമൂഹത്തില്‍ മാധവ്‌ജി നടത്തിയ നീക്കങ്ങള്‍ ഇന്നും ശ്രദ്ധിക്കപെടുന്നുണ്ട്‌. മറ്റൊന്ന്‌ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനമാണ്‌. ശരിയാണ്‌, ക്ഷേത്രാചാരങ്ങള്‍, അനുഷ്‌ഠാനങ്ങള്‍ യഥാവിധി പാലിക്കപ്പെടണം. അത്‌ അനുസരിക്കാന്‍ തയ്യാറുള്ളവര്‍, വിശ്വാസമുള്ളവര്‍, ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നതിനെ എന്തിനാണ്‌ തടയുന്നത്‌. ശബരിമലയില്‍ എത്രയോ വര്‍ഷങ്ങളായി ആര്‍ക്കുംഎത്താമല്ലോ. എറണാകുളത്ത്‌ കലൂരിലെ പാവക്കുളം മഹാദേവക്ഷേത്രത്തില്‍ ഇത്തരം മത പരിഗണന കൂടാതെ ആര്‍ക്കും ദര്‍ശനം അനുവദിച്ചിട്ടുണ്ട്‌. അത്‌ വിശ്വഹിന്ദു പരിഷത്‌ നടത്തുന്ന ക്ഷേത്രമാണ്‌. മുസ്ലിം, ക്രിസ്‌ത്യന്‍ സമുദായക്കാര്‍ അവിടെ പതിവായി തൊഴാനെത്തുന്നുണ്ടത്രേ. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും അതാണ്‌ സമ്പ്രദായം. ഒരു മുസ്ലിമോ ക്രിസ്‌ത്യാനിയോ ഹിന്ദു ദൈവത്തെ ആരാധിക്കാന്‍ വരുന്നുവെങ്കില്‍ അത്‌ നല്ലതാണ്‌ എന്നല്ലേ ഹിന്ദു സമൂഹം കരുതേണ്ടത്‌. പഴയകാലത്ത്‌ ഗുരുവായൂരിലെ ക്ഷേത്രപരിസരത്ത്‌ ഒരു ബോര്‍ഡുണ്ടായിരുന്നു: ഇതിനപ്പുറം അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ല എന്ന്‌. ഇന്നത്‌ കാണുന്നില്ല. മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്‌. പക്ഷെ , യേശുദാസിന്റെ ഗുരുവായൂര്‍ ദര്‍ശനം സംബന്ധിച്ച വിവാദങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഹിന്ദു സമാജത്തിന്‌ നാണക്കേടാണ്‌ ഉണ്ടാക്കിയത്‌.
ഇന്നിപ്പോള്‍ നടക്കുന്ന ഈ സംവാദങ്ങള്‍ ഒരു തിരുത്തിയെഴുത്തിന്‌ പ്രേരകമാവണം. ഇവിടെ രാഷ്‌ട്രീയക്കാരായാലും ഭരണകര്‍ത്താക്കളായാലും ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ട്‌ കാര്യങ്ങള്‍ മുന്നോട്ട്‌ നീക്കാനാണ്‌ ആദ്യം ശ്രദ്ധിക്കേണ്ടത്‌. ഒരു നിയമത്തിലൂടെ ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലും നല്ലത്‌ അതുതന്നെയാണല്ലോ.
അതുകൊണ്ടുതന്നെ ഇന്നാരംഭിച്ചിട്ടുള്ള സംവാദം, അത്‌ പുതിയതല്ല എങ്കിലും, മുന്നോട്ട്‌ കൊണ്ടുപോകണം. ഞാന്‍ സൂചിപ്പിച്ചതുപോലെ മറ്റൊരു ക്ഷേത്രപ്രവേശന വിളംബരത്തിന്‌ അത്‌ വഴിവയ്‌ക്കുക തന്നെ ചെയ്യും. ഞാന്‍ സൂചിപ്പിച്ച സംഭവങ്ങള്‍ അതിന്‌ സഹായകരമായ അന്തരീക്ഷം ഉണ്ടാക്കിക്കഴിഞ്ഞിട്ടുണ്ട്‌ എന്ന്‌ പറയാതെയും വയ്യ.

കെ.വി.എസ്‌. ഹരിദാസ്‌

Ads by Google
Tuesday 12 Sep 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW