Wednesday, June 20, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 11 Sep 2017 01.25 AM

കൂടിനുള്ളില്‍ കാഷ്‌ഠിക്കുന്നവര്‍

uploads/news/2017/09/144843/editorial.jpg

മതേതരവാദിയാകുകയും അത്‌ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുകയെന്നത്‌ അധികം പേരെക്കൊണ്ട്‌ ചെയ്യാനാകുകയില്ല. ഉയര്‍ന്ന ചിന്തയും തെളിഞ്ഞ ബുദ്ധിയും മഹത്തായ ജീവിതവീക്ഷണവും ഉള്ളവര്‍ക്കേ അതിനു കഴിയൂ. അതിലുപരി നല്ലൊരു മനുഷ്യസ്‌നേഹികൂടിയായിരിക്കണം, അല്‍പമെങ്കിലും മതേതരവാദിയാകാന്‍.

അതുപോലെ തികഞ്ഞ ഒരു മതമൗലികവാദിയാവുകയെന്നതും എല്ലാവരെക്കൊണ്ടും സാധിക്കുന്ന ഒന്നല്ല. തികഞ്ഞ അവസരവാദവും ഇടുങ്ങിയ മനസും സ്വാര്‍ത്ഥതയും ഉള്ളവര്‍ക്കേ തികഞ്ഞ ഒരു മതമൗലികവാദിയാകാനാകൂ. അതിലുപരി മനുഷ്യദ്രോഹിയും കൂടിയായിരിക്കണം. കൊല്ലപ്പെട്ട ഗൗരി ലങ്കേഷ്‌ നല്ലൊരു മനുഷ്യസ്‌നേഹിയും മതേതരവാദിയുമായിരുന്നു. ഗൗരിയുടെ കൊലപാതകം ലോകത്തെമ്പാടുമുള്ള മനുഷ്യസ്‌നേഹികളെ ഞെട്ടിച്ചു. കാരണം കൊല്ലപ്പെട്ടത്‌ ഗൗരി ലങ്കേഷ്‌ എന്ന വ്യക്‌തിയായിരുന്നില്ല; മതേതരവാദിയായിരുന്നു. അതുകൊണ്ടാണ്‌ ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികള്‍ക്ക്‌ അവരുടെ മരണം വേദനയായത്‌. ആ വേദന ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ലോകമെമ്പാടും അവരുടെ മരണത്തില്‍ വേദനിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.
എന്നാല്‍ ഇതിനു വിപരീതമായി ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ആഹ്ലാദിച്ചവരും ആവേശം കൊള്ളുന്നവരും ഏറെയുണ്ട്‌. അത്‌ മനുഷ്യസ്‌നേഹമെന്തെന്നറിയാത്ത ഹീനജന്മങ്ങളാണ്‌. ലോകമെമ്പാടും മാനുഷികത പുലരുന്നത്‌ അവിടവിടെയായി മതേതരവാദികളായ കുറച്ചു മനുഷ്യര്‍ ജീവിക്കുന്നതുകൊണ്ടാണ്‌.

രാഷ്‌ട്രീയത്തിലായാലും സാഹിത്യരംഗത്തായാലും മറ്റു തൊഴിലിടങ്ങളിലായാലും ഇക്കൂട്ടര്‍ കൊളുത്തുന്ന ചെറിയ ചെറിയ പ്രകാശങ്ങള്‍ കാണാനാകും. അതിനു മറുവശമായി മതമൗലികവാദത്തിന്റെ വലിയവലിയ തമോഗര്‍ത്തങ്ങള്‍ ലോകമെമ്പാടും ഇരുള്‍ പരത്തിക്കൊണ്ടിരിക്കുന്നതും കാണാം. ഈ ഇരുള്‍ക്കൂമ്പാരങ്ങളുടെ വ്യാപ്‌തി പടരാതിരിക്കുന്നത്‌ ഗൗരി ലങ്കേഷിനേപ്പോലുള്ള മതേതരവാദികള്‍ തെളിക്കുന്ന കൊച്ചു കൊച്ചു വിളക്കുകളുടെ പ്രഭാപൂരം മൂലമാണ്‌.

മൃത്യുഞ്‌ജയഹോമങ്ങള്‍ കഴിച്ച്‌ സ്വജീവന്‌ അടയിരിക്കുന്ന സ്വാര്‍ത്ഥജന്മങ്ങള്‍ക്ക്‌ മതേതരവാദികള്‍ പകരുന്ന സന്ദേശം മനസിലാക്കാനാവില്ല. സ്വാതന്ത്ര്യദാഹികളും മതേതരവാദികളുമായ എഴുത്തുകപ്പടുന്നവരല്ല. ആയിരുന്നെങ്കില്‍ നരേന്ദ്ര ധാബോര്‍ലക്കര്‍ക്കുശേഷം ഗോവിന്ദ്‌ പന്‍സാരെയോ പന്‍സാരയ്‌ക്കുശേഷം ഒരു എം.എം. കല്‍ബുര്‍ഗിയോ കൊല്ലപ്പെടുമായിരുന്നില്ല. ഇങ്ങേയറ്റം ഒരു ഗൗരി ലങ്കേഷും വധിക്കപ്പെടുമായിരുന്നില്ല. ഇവര്‍ക്കിടയില്‍ ആരാലും അറിയപ്പെടാതെ വധിക്കപ്പെടുന്ന മതേതരവാദികളുടെ എണ്ണം ആയിരക്കകണക്കിനു വരും. ഇവരാരും മൃത്യുഞ്‌ജയഹോമം നടത്തി സ്വജീവന്‍ രക്ഷിക്കാമെന്ന്‌ ആശിച്ചവരായിരുന്നില്ല. സ്വജീവനപ്പുറമുള്ള വലിയൊരു കാഴ്‌ചപ്പാടും ലക്ഷ്യവുമാണ്‌ അവരെ നയിക്കുന്നത്‌.
മതേതരബോധവും സ്വാതന്ത്ര്യദാഹവും ഭീഷണികൊണ്ടോ ആക്രമണം കൊണ്ടോ അടിച്ചമര്‍ത്താവുന്നതല്ലെന്ന സത്യം തിരിച്ചറിയാന്‍ മതമൗലികവാദികള്‍ നിരവധി ജന്മങ്ങള്‍ മാറി ജനിക്കേണ്ടിയിരിക്കുന്നു. അവരുടെ സങ്കുചിതമായ കാഴ്‌ചപ്പാടുകള്‍ക്കപ്പുറമുള്ള വിശാല ലോകത്താണ്‌ ഒരു മനുഷ്യസ്‌നേഹിയുടെ നിലപാടുതറ. ഈ രണ്ടു കൂട്ടര്‍ക്കപ്പുറം കൗശലശാലികളായ ഒരു വിഭാഗം കൂടി മറഞ്ഞിരിപ്പുണ്ട്‌. മതത്തെയും വിശ്വാസത്തെയും എന്നുവേണ്ട സകലതിനെയും കച്ചവടച്ചരക്കാക്കുന്ന ഈ വിഭാഗമാണ്‌ അത്യന്തം അപകടകാരികള്‍. മത, സാമുദായിക സ്‌പര്‍ദ്ധവളര്‍ത്തി രാജ്യത്താകമാനം കലാപമഴിച്ചുവിട്ട്‌ സുരക്ഷിതസ്‌ഥാനങ്ങളില്‍ വിരാജിക്കുന്ന ഇക്കൂട്ടര്‍ രാജ്യത്തിനും ദേശത്തിനും ജനങ്ങള്‍ക്കും ഭീഷണിയാണ്‌.
അപകടകാരികളായ പ്രസംഗങ്ങള്‍ നടത്തുകയും ഭിന്നിപ്പിന്റെ സ്വരങ്ങള്‍ ഉയര്‍ത്തിവിട്ട്‌ അത്‌ വിവാദമാകുമ്പോള്‍ തലയൂരുകയും ചെയ്യുകയാണ്‌ ഇക്കൂട്ടര്‍. മതപരമായ ഭിന്നിപ്പ്‌ എവിടെയെങ്കിലും ഉടലെടുക്കുമ്പോള്‍ ഓടിയെത്തുകയും അത്‌ മുതലെടുത്ത്‌ സംഘര്‍ഷം മൂര്‍ഛിക്കാന്‍ ആവശ്യമായ വെള്ളവും വളവും പകരുകയും ചെയ്യുകയാണിവര്‍. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷിതത്വത്തിനും ഭീഷണിയാകുന്ന പ്രസ്‌താവനകളുയര്‍ത്തുന്നവരെ രാജ്യം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനിച്ചുവീഴുമ്പോള്‍ മുതല്‍ നാം മനഃപ്പാഠമാക്കുന്ന പ്രതിജ്‌ഞയുടെ ലംഘനമാണിത്‌.

പ്രപഞ്ചത്തില്‍ ഒരു ജീവിയും സ്വന്തം കൂട്‌ മലീമസമാക്കാറില്ല. അതു കൊണ്ടുതന്നെയാണ്‌ അവയൊന്നും സ്വന്തം കൂടിനുള്ളില്‍ വിസര്‍ജിക്കാത്തത്‌. ഇവിടെ താന്‍ ജീവിക്കുന്ന രാജ്യത്തെ വര്‍ഗീയസംഘര്‍ഷം കൊണ്ടു മലീമസമാക്കുന്നവര്‍ കൂടിനുള്ളില്‍ വിസര്‍ജ്‌ജിക്കുന്ന പ്രവര്‍ത്തിയാണ്‌ ചെയ്യുന്നത്‌. ഇക്കൂട്ടരെ തിരിച്ചറിഞ്ഞ്‌ ആട്ടിപ്പായിക്കാനുള്ള തന്റേടം ജനങ്ങള്‍ കാണിക്കുന്നിടം വരെ മതസൗഹാര്‍ദവും സഹിഷ്‌ണുതയും നമുക്ക്‌ അന്യമായിരിക്കും.

Ads by Google
Monday 11 Sep 2017 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW