Saturday, June 02, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 11 Sep 2017 01.24 AM

ഫാസിസ്‌റ്റ് കാലത്തെ മ്യത്യുഞ്‌ജയ ഹോമങ്ങള്‍

uploads/news/2017/09/144842/bft1.jpg

പ്രിയ കെ.പി. ശശികല അറിയാന്‍,

"ഫാസിസം ഭാഷയില്‍പ്പോലും എരിയുന്ന തിന്മയായും സൗഹൃദങ്ങളെപ്പോലും അസാധ്യമാക്കുന്ന അല്‍പ്പത്തമായും പതുങ്ങിനില്‍ക്കുന്ന കലുഷമായ ഒരു കാലത്തിലാണു നാം ഇന്നു ജീവിക്കുന്നത്‌. പൂക്കളങ്ങളെ മുഴുവനും ഫാസിസം കൊലക്കളങ്ങളാക്കും. ഭൂമിയിലെ ആര്‍ദ്രതകളിലും ആകാശത്തിലെ നീലിമയിലും അതു ചെഞ്ചോരപുരട്ടും. കാറ്റിന്റെ കാലൊച്ചകള്‍ക്കും കുഞ്ഞുങ്ങളുടെ ചിരികള്‍ക്കുമിടയില്‍നിന്നു പോലും അതു ത്രിശൂലങ്ങള്‍ ഉയര്‍ത്തും." (കെ. ഇ. എന്‍, ഇരകളുടെ മാനിഫെസ്‌റ്റോ)
കേരളത്തിലെ മതേതരഎഴുത്തുകാര്‍ ആയുസിനായി മൃത്യുഞ്‌ജയഹോമം കഴിപ്പിക്കുന്നതു നല്ലതാണ്‌. ഇല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്ന താങ്കളുടെ പരവൂരിലെ പ്രസംഗത്തെ വളെര നിസംഗമായാണു കേട്ടത്‌.
കാരണം, താങ്കള്‍ എന്തൊക്കെപ്പറഞ്ഞാലും ഇവിടുത്തെ നിയമ സംവിധാനം അനങ്ങില്ല എന്ന അറിവ്‌ മലയാളികള്‍ക്കു പുത്തരിയല്ല. താങ്കളുടെ അനേകം വിഷവാക്കുകളില്‍ ഒന്ന്‌ എന്ന്‌ മാത്രമെന്ന വിലയേ ആ പ്രസംഗത്തിനു നല്‍കിയിട്ടുള്ളൂ. പക്ഷേ താങ്കളുടെ വാക്കുകളില്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാണ്‌.

1) കേരളത്തിലെ സംഘപരിവാര്‍ അടിമത്വം പ്രഖ്യാപിക്കാത്ത മതേതരഎഴുത്തുകാര്‍ ആയുസിനായി മൃത്യുഞ്‌ജയഹോമം കഴിപ്പിക്കുന്ന സ്‌ഥിതി സംജാതമാകുന്ന ദിവസങ്ങളാണു വരാന്‍ പോകുന്നത്‌.
ആയതിനാല്‍ ഫാസിസ്‌റ്റ്‌ പക്ഷത്തേക്ക്‌ ചായുകയോ, അതിനാകുന്നില്ലെങ്കില്‍ മരിക്കാന്‍ തയാറാവുകയോ ചെയ്യുക എന്ന മുന്നറിയിപ്പാണ്‌ ഒന്നാമത്തെ കാര്യം.

2) ഗൗരി ലങ്കേഷ്‌ എന്ന ധീരവനിത കൊല്ലപ്പെട്ടത്‌ നിങ്ങളുടെ തന്നെ കുഴലൂത്ത്‌ അടിമത്ത ദേശീയ മാധ്യമങ്ങള്‍ രാജ്യാന്തര തലത്തില്‍തന്നെ നുണപ്രചാരണം നടത്തിയതുപോലെ സ്വത്ത്‌ തര്‍ക്കത്തിന്റെ പേരിലോ, മാവോയിസ്‌റ്റ്‌ രാഷ്‌്രടീയ പ്രവര്‍ത്തനത്തിന്റെ പേരിലോ അല്ല, സംഘപരിവാര്‍ വിരോധം തുറന്നു പ്രകടിപ്പിച്ചതിനാല്‍ നിങ്ങളുടെ കൂട്ടര്‍ ആ ധീരവനിതയെ വെടിയുണ്ടകള്‍കൊണ്ട്‌ ഇല്ലായ്‌മ ചെയ്‌തതാണ്‌ എന്നതാണു രണ്ടാമത്തെ കാര്യം.
ശരിയായ നിയമവാഴ്‌ചയുള്ള ഒരു രാജ്യത്ത്‌ ഈ കുറിപ്പ്‌ എഴുതി പോസ്‌റ്റ്‌ ചെയ്യപ്പെടുന്നതിന്‌ മുമ്പ്‌ മുകളിലെ രണ്ടു കാരണങ്ങള്‍ കൊണ്ട്‌ മാത്രം താങ്കള്‍ അറസ്‌റ്റ്‌ ചെയ്യപ്പെടേണ്ടതാണ്‌. താങ്കളുടെ കാര്യത്തില്‍ അതിനുള്ള ആര്‍ജവവും, നീതിബോധവും പോലീസ്‌ കാണിക്കുമെന്ന മിഥ്യാധാരണ ആര്‍ക്കുമില്ല.

മൃത്യുഞ്‌ജയ ഹോമത്തിലേക്ക്‌ വരാം...

ഹോമം(ഹവനം) എന്നതു പവിത്രമായി കരുതുന്ന അഗ്‌നിയില്‍ വസ്‌തുക്കള്‍ സമര്‍പ്പിക്കുന്നത്‌ മുഖ്യ കര്‍മമായുള്ള ആചാരമാണ്‌. മൃത്യുഞ്‌ജയ ഹോമമെന്നത്‌ ജീവനു ഭീഷണി ഉണ്ടാകുന്ന അപകടങ്ങളും ആപത്തുകളും ഭീഷണികളും മറ്റും ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ആയുഃരക്ഷയ്‌ക്കായി നടത്തപ്പെടുന്നു എന്നതാണ്‌ യജ്‌ഞ ജ്‌ഞാനികള്‍ പറയുന്നത്‌.
പക്ഷേ, സംശയം അതല്ല ശശികല, നല്ല ദിനങ്ങള്‍ ജനങ്ങള്‍ക്കു വാഗ്‌ദാനം ചെയ്‌തു അധികാരത്തില്‍ വന്ന നിങ്ങളുടെ ഭരണകാലത്ത്‌ കേവലം എഴുത്ത്‌ മാത്രം സര്‍ഗപ്രക്രിയയായി തുടരുന്ന മനുഷ്യര്‍ ആയുസിനായി ഹോമം നടത്തണം എന്ന്‌ പറയുമ്പോള്‍ നിങ്ങളും കൂട്ടരും ലോകമെമ്പാടുമുള്ള ഭീകര ഫാസിസ്‌റ്റ്‌ സംഘങ്ങളില്‍ ഒന്നാണ്‌ എന്നതല്ലേ ലളിതമായി മനസിലാക്കേണ്ടത്‌.
ശിവ പ്രീതിയുണ്ടെങ്കില്‍ ആയുസിനു ദൈര്‍ഘ്യമുണ്ടാവും എന്നാണു സങ്കല്‍പ്പം. കടുത്ത ആരോഗ്യപ്രശ്‌നങ്ങളെയും, ആയുസിനുള്ള ഭീഷണിയെയും അതിജീവിക്കാന്‍ മഹാമൃത്യുഞ്‌ജയ മന്ത്രവും ഹോമവും സഹായിക്കുമെന്നും വേദകാലഘട്ടം മുതല്‍ ഋഷിമാര്‍ സാക്ഷ്യപ്പെടുത്തുന്നു. ജാതകന്റെ ജന്മനക്ഷത്രത്തില്‍ മഹാമൃത്യുഞ്‌ജയ ഹോമം നടത്തുന്നത്‌ അത്യുത്തമമായി ജ്യോതിഷ പണ്ഡിതര്‍ പറയാറുണ്ട്‌.
പേരാല്‍, അമൃത്‌, എള്ള്‌, കറുക, നെയ്യ്‌, പാല്‍, പാല്‍പ്പായസം എന്നിവയാണു മൃത്യുഞ്‌ജയ ഹോമത്തില്‍ ഹവനം ചെയ്യുന്നത്‌. സാധാരണ മൃത്യുഞ്‌ജയ ഹോമത്തില്‍ 144 തവണ വീതമാണ്‌ ഈ സപ്‌തദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്‌.
ഏഴു ദിവസത്തെ മൃത്യുഞ്‌ജയ ഹോമമായി മഹാമൃത്യുഞ്‌ജയഹോമം നടത്താറുണ്ടെന്നും യജ്‌ഞജ്‌ഞാനികള്‍ രേഖപ്പെടുത്തിയതായി വായിക്കാനാകും. രോഗത്തിന്റെ അല്ലെങ്കില്‍ ദശാസന്ധിയുടെ കാഠിന്യമനുസരിച്ചായിരിക്കും മഹാമൃത്യുജ്‌ഞയ ഹോമത്തിന്റെ ദൈര്‍ഘ്യവും സപ്‌ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്ന തവണയും നിശ്‌ചയിക്കുന്നത്‌ എന്നാണു പറയപ്പെടുന്നത്‌. ജാതകന്റെ ജന്മനക്ഷത്രത്തില്‍ മഹാമൃത്യുഞ്‌ജയ ഹോമം നടത്തുന്നത്‌ അത്യുത്തമമായി ജ്യോതിഷ പണ്ഡിതര്‍ കരുതുന്നു എന്നും യജ്‌ഞവേദങ്ങള്‍ പറയുന്നു.
ആ നിലയില്‍ സംഘപരിവാറും താങ്കള്‍ ഉള്‍പ്പെടുന്ന അതിന്റെ നേതാക്കളും ഇന്നാട്ടിലെ മനുഷ്യ സ്‌നേഹികള്‍ക്കും മതേതര വിശ്വാസികള്‍ക്കും ഫാസിസ്‌റ്റ്‌ പക്ഷം ചേരാത്ത എഴുത്തുകാര്‍ക്കും അവരുടെ ജീവനും ജീവിതത്തിനും വലിയ ഭീഷണിയാണു എന്ന്‌ സ്വയം വിശേഷിപ്പിക്കുകയല്ലേ ചെയ്യുന്നത്‌.
ഇന്ത്യയുടെ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ അനിഷേധ്യമായ പങ്ക്‌ വഹിച്ചിട്ടുള്ളവരാണു സാഹിത്യകാരന്‍മാര്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അധികാരത്തിന്റെ കോടാലി കൊണ്ട്‌ വെട്ടിമുറിക്കാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. ഗോവിന്ദ്‌ പന്‍സാരെയും എം.എം. കല്‍ബുര്‍ഗിയും നരേന്ദ്ര ധാബോല്‍ക്കറും ഒരുവില്‍ ഗൗരി ലങ്കേഷുമെല്ലാം കൊലചെയ്യപ്പെട്ടത്‌ അതിനുദാഹരണങ്ങളാണ്‌.
എന്തായാലും പരവൂര്‍ എം.എല്‍.എ. വി.ഡി. സതീശന്‍ താങ്കള്‍ വമിപ്പിച്ച വിഷത്തിനെതിരേ സംസ്‌ഥാന ഡി.ജി.പിക്കു പരാതി കൊടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഫാസിസ്‌റ്റ്‌ വിരുദ്ധ ചേരിയിലുള്ള എഴുത്തുകാരോട്‌ ചിലത്‌ പറയാതെ വയ്യ.
മനുഷ്യന്‌ തലമുറകളായി പകര്‍ന്നു കിട്ടിയ ചോദനയായ വായനയിലും, എഴുത്തിലും കടന്നു കയറാനുള്ള സാധ്യതകള്‍ ഫാസിസ്‌റ്റുകള്‍ പരതുകയാണെന്ന്‌ ഓര്‍മിച്ചുകൊണ്ടേയിരിക്കണം.
എഴുത്തുകാര്‍ അഭിമുഖീകരിച്ചത്‌ കേവലം ഒരു സ്വകാര്യ പ്രശ്‌നമല്ല. സവര്‍ണ പ്രത്യയശാസ്‌ത്രം ജനാധിപത്യത്തിന്റെ തലവെട്ടുന്നു എന്ന അര്‍ത്ഥത്തില്‍ വേണം അതിനെ വായിക്കാന്‍.
പതിറ്റാണ്ട്‌ മുമ്പ്‌ പ്രശസ്‌തനായ ഗുലിസ്‌ഥാനില്‍ സഅ്‌ദി എഴുതി: "വിപത്ത്‌ ഒരവയവത്തെ ബാധിക്കുമ്പോള്‍ മറ്റവയവങ്ങള്‍ക്ക്‌ വെറുതെയിരിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ ദുരിതത്തില്‍ സഹാനുഭൂതി ഇല്ലെങ്കില്‍ നിങ്ങള്‍ മനുഷ്യനെന്ന പേരിന്‌ അര്‍ഹനല്ല." ഈ വാക്കുകള്‍ ഈ കാലത്തിന്റെ കണ്ണാടിയാണ്‌; നേര്‍ക്കാഴ്‌ചതന്നെയാണ്‌.
എന്നെ വായിക്കുന്ന ഫാസിസ്‌റ്റ്‌ വിരുദ്ധരോട്‌

സസ്യഭുക്കുകളും മാംസളശരീരത്തിന്റെ ഉടമകളുമായ കാട്ടുപോത്തുകള്‍ മാംസഭുക്കുകളായ സിംഹത്തിന്റെയും പുലിയുടെയുമെല്ലാം ഇരകളായതുകൊണ്ടു തന്നെ അവയെ പ്രതിരോധിക്കുവാന്‍ കൂട്ടങ്ങളായാണു സഞ്ചരിക്കുകയും മേയുകയും ചെയ്യുന്നത്‌. ഒന്നിച്ചുനില്‍ക്കുന്ന കാട്ടുപോത്തു കൂട്ടത്തില്‍നിന്ന്‌ ഒരാളെ ഒറ്റപ്പെടുത്തുകയാണു സിംഹങ്ങള്‍ ഒന്നാമതായി ചെയ്യുന്നത്‌.
തങ്ങളിലൊരാളെ ഒറ്റപ്പെടുത്തി അപകടപ്പെടുത്താന്‍ ശ്രമിക്കുന്നത്‌ കൂട്ടത്തിലെ മറ്റുള്ളവര്‍ കണ്ടാല്‍ അവ ഒറ്റക്കെട്ടായിവന്നു സിംഹങ്ങളോട്‌ ഏറ്റുമുട്ടി തങ്ങളുടെ കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കും. പ്രസ്‌തുത ശ്രമത്തില്‍ അവ വിജയിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഇരയെ ഒറ്റപ്പെട
ുത്തുകയും ചുറ്റമുള്ളവയെ ഭയപ്പെടുത്തുകയും ചെയ്യുകയെന്നതാണ്‌ കാട്ടുപോത്തുവേട്ടയില്‍ സിംഹങ്ങള്‍ പ്രയോഗിക്കുന്ന തന്ത്രം. ഇരയെ ഒറ്റപ്പെടുത്തിക്കഴിഞ്ഞാല്‍ ഒന്നോ രണ്ടോ പേര്‍ അതിനെ കൊല്ലുകയും കൂടെയുള്ളവര്‍ കാട്ടുപോത്തുകൂട്ടത്തെ ഭയപ്പെടുത്തി ഓടിക്കുകയുമാണ്‌ ചെയ്യുക.
ഒന്നിച്ചുനില്‍ക്കുന്ന കാട്ടുപോത്തുകൂട്ടത്തെ ഭയപ്പെടുത്തി ഛിദ്രീകരിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരയെ കീഴ്‌പ്പെടുത്താന്‍ ഒരിക്കലും സിംഹങ്ങള്‍ക്കു കഴിയില്ല. അതുകൊണ്ടു തന്നെ സിംഹങ്ങളുടെ പോത്തുവേട്ടകളില്‍ എഴുപതു ശതമാനവും പരാജയപ്പെടുകയാണ്‌ പതിവ്‌.
എന്നാലിപ്പോള്‍, സിംഹത്തിന്‌ ഒരു ഇരയെ കിട്ടിയിരിക്കുന്നു! അതിന്റെ മാംസവും രക്‌തവുമെല്ലാം ആസ്വദിച്ചു തിന്നുകയാണ്‌ സിംഹം. അവനെ കിട്ടിയതുകൊണ്ട്‌ ഞങ്ങളെല്ലാം രക്ഷപെട്ടെന്നു നാളെ ഇരകളാകാനുള്ളവര്‍ കരുതി സമാധാനിക്കുന്നുണ്ടോയെന്നറിയില്ല.
"ഇരകളേ നിങ്ങള്‍ ഒരുമിച്ചു നില്‍ക്കുക; ഇനിയാരെയും സിംഹത്തിന്‌ ഒറ്റയ്‌ക്കു വിട്ടുകൊടുക്കാതിരിക്കുക."

ജഹാംഗീര്‍ റസാഖ്‌ പാലേരി

ലേഖകന്റെ ഫോണ്‍ നമ്പര്‍: 8136 888 889

Ads by Google
Monday 11 Sep 2017 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW