Monday, September 11, 2017 Last Updated 15 Min 57 Sec ago English Edition
Todays E paper
Monday 11 Sep 2017 01.24 AM

ചൈനയുടെ നയംമാറ്റം ദൃശ്യമായ ബ്രിക്‌സ്‌ സമ്മേളനം

uploads/news/2017/09/144841/bft2.jpg

ബ്രക്‌സിന്റെ ഒന്‍പതാമത്‌ ഉച്ചകോടിയാണ്‌ ഈ മാസം നാല്‌, അഞ്ച്‌ തീയതികളില്‍ ചൈനയിലെ സിയാമെന്നില്‍ നടന്നത്‌. ആതിഥേയനായ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ചിന്‍പിങ്ങിനു പുറമേ, പ്രധാനമന്ത്രി നരേന്ദ്ര മോഡി, റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിന്‍, ബ്രസീല്‍ പ്രസിഡന്റ്‌ മൈക്കള്‍ ടെമര്‍, സൗത്ത്‌ ആഫ്രിക്കന്‍ പ്രസിഡന്റ്‌ ജേക്കബ്‌ സുമ എന്നിവരാണ്‌ ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്‌ട്രത്തലവന്‍മാര്‍. തീവ്രവാദത്തിനെതിരേ ശക്‌തമായ നിലപാടെടുക്കാന്‍ ആദ്യമായി ബ്രിക്‌സ്‌ സമ്മേളനം തയാറായിയെന്നതാണ്‌ ഇപ്പോള്‍നടന്ന ഉച്ചകോടിയുടെ പ്രത്യേകത.
ഗോവയില്‍ നടന്ന എട്ടാം ബ്രിക്‌സ്‌ ഉച്ചകോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ആതിഥേയരായ ചൈനയ്‌ക്കും ബ്രിക്‌സിനുമുണ്ടായ ഒരു വലിയ നയംമാറ്റമാണ്‌ ഈ സമ്മേളനത്തില്‍ പ്രകടമാകുന്നത്‌. അതിര്‍ത്തി കടന്നുളള തീവ്രവാദത്തിനെതിരേ ബ്രിക്‌സ്‌ രാജ്യങ്ങള്‍ പ്രതികരിക്കണമെന്നു ഗോവ സമ്മേളനത്തില്‍ മോഡി ആവശ്യപ്പെട്ടെങ്കിലും ആ ആവശ്യം ഉച്ചകോടിയുടെ പ്രസ്‌താവനയില്‍ ഉള്‍പ്പെടുത്താന്‍ ചൈനയുടെ എതിര്‍പ്പുകാരണം അന്നു സാധിച്ചില്ല. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ക്കുണ്ടായ ഒരു തിരിച്ചടിയായി അന്ന്‌ അതിനെ പാകിസ്‌താനിലേതുള്‍പ്പെടെ ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചു.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്‌താന്റെ നിലപാടിനെതിരേ സംസാരിക്കാന്‍ സിയാമെന്നില്‍ ആര്‍ക്കും അവസരമുണ്ടാകില്ലെന്നു ചൈനീസ്‌ വിദേശകാര്യവക്‌താവ്‌ ബ്രിക്‌സ്‌ സമ്മേളനത്തിനു മുമ്പു നടന്ന മാധ്യമകൂടിക്കാഴ്‌ചയില്‍ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ ഗോവയില്‍നിന്നും സിയാമെന്നിലെത്തിയപ്പോള്‍ ചൈനയുടെ നിലപാടിലാണു അടിസ്‌ഥാനപരമായ മാറ്റം പ്രകടമായത്‌.
പാകിസ്‌താന്റെ മണ്ണില്‍ വളരുന്ന തീവ്രവാദത്തിനെതിരേ സംസാരിക്കാനും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന്റെ ഭീഷണിക്കെതിരേ ബ്രിക്‌സിന്റെ പ്രസ്‌താവന, ചൈനയുടെ സഹകരണത്തോടെ അംഗീകരിപ്പിക്കാനും കഴിഞ്ഞത്‌ ബ്രിക്‌സ്‌ കൂട്ടായ്‌മയുടെ വിജയമാണ്‌.
ഭീകരസംഘടനകളായ താലിബാന്‍, ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌, ഹഖാനി ശൃംഖല, ജയ്‌ഷെ മുഹമ്മദ്‌, ലഷ്‌കറെ തായിബ, പാകിസ്‌താന്‍ ടെഹ്‌റീക്‌, ഹിസ്‌ബുള്‍ ടാഹിര്‍, അല്‍ക്വയിദയും അതിന്റെ അനുബന്ധ സംഘടനയായ കിഴക്കന്‍ തുര്‍ക്ക്‌മെനിസ്‌ഥാന്‍ ഇസ്ലാമിക്‌ മൂവ്‌മെന്റ്‌ എന്നിവയെ അപലപിക്കുകയും ഈ ഭീകര ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്ന സുരക്ഷാ ഭീഷണിയില്‍ ബ്രിക്‌സ്‌ ഉച്ചകോടി ആശങ്ക രേഖപ്പെടുത്തുകയും ചെയ്‌തത്‌ നല്ല സൂചനയാണ്‌.
ഒരുപക്ഷേ, കിഴക്കന്‍ തുര്‍ക്ക്‌മെനിസ്‌ഥാന്‍ ഇസ്ലാമിക്‌ മൂവ്‌മെന്റ്‌ എന്ന ഭീകരസംഘടനയെക്കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ചൈനയുടെ ആഗ്രഹത്തിന്റെ ഭാഗമായിട്ടായിരിക്കാം പാകിസ്‌താന്‍ കേന്ദ്രമാക്കി ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പുകളെക്കൂടി ഉള്‍പ്പെടുത്താന്‍ ചൈന സമ്മതം മൂളിയത്‌.
ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാജില്‍ കിഴക്കന്‍ തുര്‍ക്ക്‌മെനിസ്‌ഥാന്‍ ഇസ്ലാമിക്‌ മൂവ്‌മെന്റ്‌ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്‌. 2009-10 നുശേഷം മാത്രം ഇരുന്നൂറോളം തീവ്രവാദ ആക്രമണങ്ങള്‍ ഈ ഗ്രൂപ്പ്‌ സിന്‍ജിയാങ്ങില്‍ നടത്തുകയും 200ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു.
ഇവര്‍ നടത്തുന്ന വിഘടനവാദപ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ ചൈന സര്‍വശക്‌തിയും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്‌. ബ്രിക്‌സ്‌ രാജ്യങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ ചൈനയ്‌ക്കു ശക്‌തിപകരും.
പാകിസ്‌താനു അടിയുറച്ച പിന്തുണ നല്‍കുന്ന ചൈനയെക്കൊണ്ട്‌ ഇന്ത്യക്കെതിരേയുള്ള ഭീകരാക്രമണങ്ങളെ അപലപിക്കാന്‍ സാധിച്ചത്‌ നമ്മുടെ വിജയമാണ്‌. എന്നാല്‍ ചൈനയുടെ ഈ നിലപാട്‌ ആത്മാര്‍ഥമാണോ അല്ലയോയെന്ന്‌ തെളിയുന്നത്‌ അടുത്തമാസം കൂടുന്ന ഐക്യരാഷ്‌ട്രസഭാ രക്ഷാസമിതിയുടെ യോഗത്തിലായിരിക്കും.
പാകിസ്‌താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദിനെയും അതിന്റെ നേതാവായ മൗലാനാ മസൂദ്‌ അസറിനെയും നിരോധിക്കുകയും ശക്‌തമായ നടപടി സ്വീകരിക്കുകയും വേണമെന്ന ഇന്ത്യയുടെ പ്രമേയത്തെ കഴിഞ്ഞ കുറെനാളുകളായി ചൈന വീറ്റോ ചെയ്‌തു പരാജയപ്പെടുത്തുകയാണു ചെയ്യുന്നത്‌.
ഒക്‌ടോബറില്‍ കൂടുന്ന ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഇന്ത്യയുടെ ഈ ആവശ്യം വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കും. ഈ പ്രമേയത്തിനനുകൂലമായ നിലപാടാണു ചൈന കൈക്കൊള്ളുന്നതെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയുടെ നയതന്ത്രരംഗത്തെ വിജയമായി അതുമാറും.
അംഗരാജ്യങ്ങള്‍ സമന്വയത്തിലൂടെ പരിഹരിച്ച്‌ മുന്നോട്ടുപോകാനും ആഗോളരംഗത്ത്‌ ശക്‌തമായ ചാലകശക്‌തിയായി മാറാനും ഇപ്പോഴുണ്ടായ മാറ്റങ്ങള്‍ ബ്രിക്‌സിനെ സഹായിക്കും എന്നും പ്രത്യാശിക്കാം.

പി.എസ്‌. ശ്രീകുമാര്‍

തിരുവനന്തപുരം പബ്ലിക്‌ പോളിസിറിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ രജിസ്‌ട്രാറാണു ലേഖകന്‍
ഫോണ്‍: 9847173177.

Ads by Google
Advertisement
Monday 11 Sep 2017 01.24 AM
YOU MAY BE INTERESTED
TRENDING NOW