Saturday, May 19, 2018 Last Updated 8 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 10 Sep 2017 09.46 PM

ചിരിയുടെ തമ്പുരാന്‍

uploads/news/2017/09/144717/lit.jpg

സര്‍ക്കസിലെ കോമാളിയെ കണ്ടിട്ടില്ലേ? എത്ര വിഷമം ഉണ്ടായാലും അവര്‍ അതെല്ലാം ഉള്ളിലൊതുക്കി കാഴ്‌ചക്കാരെ ചിരിപ്പിച്ചുകൊണ്ടിരിക്കും. അതുപോലെ വായനക്കാരെ ചിരിപ്പിക്കുകയും മാറിനിന്ന്‌ വേദനിക്കുകയും ചെയ്‌ത ഒരു ഹാസ്യ സാഹിത്യകാരനുണ്ട്‌. മലയാളിയുടെ പ്രിയപ്പെട്ട സഞ്‌ജയന്‍. ചിന്തിച്ചുകൊണ്ട്‌ ചിരിക്കുക, ചിരിച്ചുകൊണ്ട്‌ ചിന്തിക്കുക - ഇതു രണ്ടും സഞ്‌ജയന്റെ രചനകള്‍ വായിച്ചാല്‍ സാധ്യമാകും. തോലനില്‍ നിന്നാരംഭിച്ച്‌ കുഞ്ചന്‍ നമ്പ്യാരില്‍ പടര്‍ന്നുപന്തലിച്ച മലയാള സാഹിത്യത്തിന്റെ ഉല്‍കൃഷ്‌ട വാഹകരില്‍ പ്രമുഖനായ സഞ്‌ജയന്‍ കരളെരിഞ്ഞുകൊണ്ട്‌ വരികളിലൂടെ വായനക്കാരെ ചിരിപ്പിച്ച ചിരിയുടെ തമ്പുരാനാണ്‌.
സ്വന്തം ദുഃഖങ്ങള്‍ മറച്ചുവച്ചുകൊണ്ട്‌ മുന്നിലിരിക്കുന്നവരെ ചിരിപ്പിക്കുക എന്ന വിദൂഷകധര്‍മം കാവ്യരൂപത്തിലവതരിപ്പിച്ച സഞ്‌ജയന്‍ കരച്ചിലിനെ ചിരിയാക്കി മാറ്റി, ചിരിയാണ്‌ വേണ്ടതെന്ന്‌ ഉദ്‌ബോധിപ്പിച്ചു. ഹാസ്യ സാമ്രാട്ടായി അറിയപ്പെട്ടിരുന്ന സഞ്‌ജയന്റെ ജീവിതം മുഴുവന്‍ ദുഃഖമായിരുന്നു. ക്ഷയരോഗം ബാധിച്ച ഭാര്യയെ നഷ്‌ടപ്പെട്ടു. ഏകമകന്‍ കുഞ്ഞുനാളിലെ മരിച്ചു. മകന്‍ മരിച്ച ദുഃഖത്തില്‍ സഞ്‌ജയന്‍ രചിച്ച വിലാപഗീതമാണ്‌ ഹാസ്യാഞ്‌ജലി.
കരളെരിഞ്ഞാലും തലപുകഞ്ഞാലും ചിരിക്കണമതേ വിദൂഷക ധര്‍മം എന്ന സഞ്‌ജയന്റെ തന്നെ ഈ വരികളില്‍ അദ്ദേഹത്തിന്റെ ജീവിത വീക്ഷണം വ്യക്‌തമാണ്‌. ചുറ്റുമുള്ളവര്‍ വിഷമിക്കുമ്പോള്‍ സ്വന്തം ദു:ഖത്തെ താലോലിച്ചുകൊണ്ടിരിക്കുന്നത്‌ വെറുതെയാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു.

സഞ്‌ജയന്‍ എന്ന തൂലികാനാമം

മാണിക്കോത്ത്‌ രാമുണ്ണി നായര്‍ എന്നാണ്‌ ശരിയായ പേര്‌. മാണിക്കോത്ത്‌ രാമുണ്ണി നായരാണ്‌ എം.ആര്‍. നായരായതും പിന്നീട്‌ സഞ്‌ജയന്‍ എന്ന തൂലികാനാമം സ്വീകരിച്ചതും. മാണിക്കോത്ത്‌ രാമുണ്ണി നായര്‍ തലശ്ശേരിക്കടുത്ത്‌ ഓതയോത്ത്‌ തറവാട്ടില്‍, തലശേരി മിഷന്‍ സ്‌കൂളില്‍ സംസ്‌കൃതാധ്യാപകനായിരുന്ന മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യരുടെയും പാറുവമ്മയുടെയും മകനായി 1903 ജൂണ്‍ 13 ന്‌ ജനിച്ചു. സാഹിത്യരചന സഞ്‌ജയനു പൈതൃകമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ്‌ ശ്രീരാമോദന്തം പുതുക്കി രചിക്കുക മാത്രമല്ല, ഗോവിന്ദചരിതം എന്നൊരു സംസ്‌കൃത കാവ്യവും രചിച്ചിട്ടുണ്ട്‌. എട്ടാം വയസില്‍ അച്‌ഛന്റെ മരണശേഷം അമ്മയുടെ തണലിലായിരുന്നു രാമുണ്ണിയുടെ പിന്നീടുള്ള ജീവിതം. തലശ്ശേരി ബ്രണ്ണന്‍ ബ്രാഞ്ച്‌ സ്‌കൂള്‍, തലശേരി ബ്രണ്ണന്‍ കോളജ്‌, പാലക്കാട്‌ വിക്‌ടോറിയ കോളജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി.
നന്നെ ചെറുപ്പത്തില്‍ത്തന്നെ അസാമാന്യ ബുദ്ധികൂര്‍മതയും സാഹിത്യ വാസനയും വിജ്‌ഞാനദാഹവും പ്രകടിപ്പിച്ച എം.ആര്‍. നായര്‍ ഇന്റര്‍മീഡിയറ്റ്‌ പഠനകാലത്തു തന്നെ മലയാള സാഹിത്യരംഗത്ത്‌ കഴിവു തെളിയിച്ചു. അദ്ദേഹത്തിന്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. 1927 - ല്‍ മദ്രാസ്‌ ക്രിസ്‌റ്റ്യന്‍ കോളജില്‍നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ഓണേഴ്‌സ് ബിരുദം കരസ്‌ഥമാക്കി. പിന്നീട്‌ കോഴിക്കോട്‌ ഹജുരാഫീസില്‍ കുറച്ചുകാലം ജോലി നോക്കിയെങ്കിലും സര്‍ക്കാര്‍ ജോലി അദ്ദേഹത്തെ മടുപ്പിച്ചു. തന്റെ തട്ടകം എഴുത്താണെന്നു തിരിച്ചറിഞ്ഞ രാമുണ്ണി അവിടേക്കു തന്നെ മടങ്ങി. ഇതിനിടയില്‍ മലബാര്‍ ക്രിസ്‌റ്റ്യന്‍ കോളജില്‍ ഇംഗ്ലീഷ്‌ ലക്‌ചററായി ജോലിനോക്കവേ കാര്‍ത്ത്യായനിയമ്മയെ വിവാഹം കഴിച്ചു. കോളജിലെ നിയമനം സ്‌ഥിരമല്ലാതിരുന്നതിനാല്‍ 1928 - ല്‍ തിരുവനന്തപുരം ലോ കോളജില്‍ നിയമപഠനത്തിനു ചേര്‍ന്നു. ഇവിടുത്തെ വാസക്കാലം അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ പരിപോഷിപ്പിച്ചു. സാഹിത്യദാസന്‍ എന്ന പേരില്‍ കവിയായും നിരൂപകനായും എം.ആര്‍. നായര്‍ അറിയപ്പെടാന്‍ തുടങ്ങി. 1930 നും 1935 നും ഇടയ്‌ക്ക് കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരള പത്രികയില്‍ ആഴ്‌ചതോറും എഴുതിയിരുന്നു. ആസ്വാദന വിമര്‍ശന പ്രധാനങ്ങളായ ലേഖനങ്ങള്‍ സാഹിത്യനികഷം എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്‌. ഭാഷാപോഷിണിയില്‍ രാക്ഷസ മദാപഹരണം എന്ന ലേഖന പരമ്പര എഴുതി.
1935 - ല്‍ സഞ്‌ജയന്‍ എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങി. ജന്മനാ ഫലിത പ്രിയനായിരുന്ന അദ്ദേഹത്തിന്റെ ഹാസസാഹിത്യം വായനക്കാരെ ഏറെ ആകര്‍ഷിച്ചു. ഈ ഹാസ്യംകൊണ്ട്‌ അദ്ദേഹം സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കും തെറ്റായ കീഴ്‌വഴക്കങ്ങള്‍ക്കും എതിരെ ആഞ്ഞടിക്കുകയാണ്‌ ചെയ്‌തത്‌. പിറന്ന നാടിനെ അടിമത്തത്തിലാക്കിയ ബ്രിട്ടനെതിരെ അദ്ദേഹം തൂലിക പടവാളാക്കി പൊരുതി. ഗാന്ധിജിയായിരുന്നു അദ്ദേഹത്തിന്റെ ആത്മീയ ഗുരു. അനീതിയോട്‌ സന്ധിയില്ലാ സമരം ചെയ്‌ത അദ്ദേഹം മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും രംഗത്തിറങ്ങി. അന്നത്തെ കമ്മ്യൂണിസ്‌റ്റുകാരും കോഴിക്കോട്‌ മുനിസിപ്പാലിറ്റിയും സ്‌ത്രീ സ്വാതന്ത്ര്യ പ്രസ്‌ഥാനം തുടങ്ങിവയൊക്കെ സഞ്‌ജയന്റെ പരിഹാസ ശരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. സാഹിത്യത്തിലെ മിസ്‌റ്റിസിസം പോലെയുള്ള പ്രവണതകളെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ടാഗോറിനെ അനുകരിച്ച്‌ കവിതകളെഴുതിയ ചില മിസ്‌റ്റിക്‌ കവികളെ അദ്ദേഹം വെറുതെ വിട്ടില്ല. അവരെ പരിഹസിച്ചെഴുതിയ ലേഖനത്തിന്റെ പേര്‌ ചങ്ങലം പരണ്ട ടാഗോര്‍ എന്നായിരുന്നു.
എത്ര മുതിര്‍ന്ന എഴുത്തുകാരനെയും നിശിതമായി വിമര്‍ശിക്കാന്‍ സഞ്‌ജയന്‍ തന്റേടം കാട്ടി. ഇവയൊക്കെത്തന്നെയും ഫലിതത്തിന്റെ നറുമണത്തോടെയാണ്‌ അദ്ദേഹം അവതരിപ്പിച്ചത്‌. വള്ളത്തോളും ദാസിയാട്ടവും കലയോ സദാചാരമോ, സഞ്‌ജയന്റെ കോപവും ഷാരടിയുടെ താപവും എന്നിങ്ങനെയുള്ള ലേഖനങ്ങള്‍ അതിനുദാഹരണങ്ങളാണ്‌.

സഞ്‌ജയന്‍ മാസിക

കേരള പത്രിക, വിശ്വരൂപം, ഭാഷാപോഷിണി, ജനരഞ്‌ജിനി, മലയാള മനോരമ, സഞ്‌ജയന്‍ തുടങ്ങിയ ആനുകാലിങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഉപന്യാസങ്ങളില്‍ ഏറിയപങ്കും പ്രസിദ്ധീകരിച്ചത്‌. സ്വന്തമായൊരു പ്രസിദ്ധീകരണം തുടങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌ കേരള പത്രികയുമായുള്ള ബന്ധമാണ്‌. സഞ്‌ജയന്‍ മാസിക തുടങ്ങിയത്‌ അങ്ങനെയാണ്‌. സഞ്‌ജയന്‍ മാസികയെ തുടര്‍ന്ന്‌ വിശ്വരൂപം ആരംഭിച്ചെങ്കിലും തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിച്ചില്ല. ജീവിച്ചിരുന്നകാലത്ത്‌ ആയുസിന്റെ ക്ഷണികതയെ ഓരോ നിമിഷവും അറിഞ്ഞുകൊണ്ട്‌ വാക്കുകള്‍ എഴുതിയ അദ്ദേഹം സുഹൃത്തുക്കള്‍ക്കുപോലും ഒരു സമസ്യയായിരുന്നു. മുഖം നോക്കാതെ കാര്യം ഫലിതരസം കലര്‍ത്തി പറയാന്‍ അദ്ദേഹം കാണിച്ച ധൈര്യം അനന്യമാണ്‌. രസികരില്‍ രസികന്‍ എന്നാണ്‌ മുണ്ടശേരി മാസ്‌റ്റര്‍ സഞ്‌ജയനെ വിശേഷിപ്പിച്ചത്‌. യഥാര്‍ഥത്തില്‍ മറ്റാരെക്കാളും കലാസാഹിത്യ പരിചയവും ഉള്‍ക്കാഴ്‌ചയും നാല്‌പതു വര്‍ഷത്തെ ജീവിതത്തിനിടയില്‍ സഞ്‌ജയന്‍ നേടിയിരുന്നു എന്ന്‌ ഓരോ ലേഖനവും തെളിവ്‌ തരുന്നു. കാളിദാസന്റെയും ഷേക്‌സ്പിയറിന്റെയും കവി പ്രതിഭാപദങ്ങളില്‍ അദ്ദേഹം അഭിരമിക്കുകയും താരതമ്യേന സാഹിത്യ പഠനത്തിന്റെ ഉജ്വല മാതൃകകള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു. (ഡോ. തോന്നയ്‌ക്കല്‍ വാസുദേവന്‍) 1943 സെപ്‌റ്റംബര്‍ 13ന്‌ ചിരിയുടെ തമ്പുരാന്‍ അന്തരിച്ചു.

ഹാസ്യരചനകളില്‍ അധികവും ആക്ഷേപഹാസ്യ വിഭാഗത്തില്‍

പതിനൊന്ന്‌ പുസ്‌തകങ്ങളായിട്ടാണ്‌ സഞ്‌ജയന്റെ കൃതികള്‍ പ്രകാശിതമായിട്ടുള്ളത്‌. അദ്ദേഹത്തിന്റെ മരണത്തിനുമുമ്പ്‌ ഒരു പുസ്‌തകവും മരണാനന്തരം പത്തു പുസ്‌തകങ്ങളും. ആ ഒറ്റ പുസ്‌തകമാകട്ടെ അദ്ദേഹത്തിന്റെ സ്വന്തം കൃതിയായിരുന്നില്ല. ഷേക്‌സ്പിയറിന്റെ ഒഥല്ലോ നാടകത്തിന്റെ വിവര്‍ത്തനമായിരുന്നു അത്‌. മറ്റു പുസ്‌തകങ്ങള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം സി.എച്ച്‌. കുഞ്ഞപ്പ പിന്നീട്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. ആദ്യോപഹാരം (1943), സാഹിത്യ നികഷം (1, 2 ഭാഗങ്ങള്‍), ഹാസ്യാഞ്‌ജലി (1943), സഞ്‌ജയന്‍ (ആറു ഭാഗങ്ങള്‍ ,1945, 56, 49, 65, 66 - 1945) എന്നിവയാണവ. സഞ്‌ജയന്റെ കൃതികളില്‍ അധികവും ഹാസ്യകൃതികളാണ്‌. കഥാകഥനം, പാഠപുസ്‌തകം, കത്ത്‌, പൊതുയോഗ റിപ്പോര്‍ട്ട്‌, നാടകം, ഉപന്യാസം, പ്രസംഗം തുടങ്ങിയ സാഹിത്യ രൂപങ്ങളെ ഹാസ്യസാഹിത്യത്തിന്‌ അദ്ദേഹം ഉപയോഗിച്ചു. പണ്ഡിതന്മാര്‍, കവികള്‍, ടെസറ്റ്‌ ബുക്ക്‌ കമ്മിറ്റിക്കാര്‍, ഗദ്യകാരന്മാര്‍, പ്രസംഗകലയെ ദുരുപയോഗപ്പെടുത്തുന്നവര്‍, മഹാകവികള്‍, സാഹിത്യപരിഷത്തുകാര്‍, ജീവല്‍സാഹിത്യകാരന്മാര്‍, രാഷ്‌ട്രീയ നേതാക്കള്‍, വിപ്ലവകാരികള്‍, യുക്‌തിവാദികള്‍, കുട്ടിദൈവങ്ങള്‍, വൈദ്യന്മാര്‍, മന്ത്രവാദിനികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലും പെട്ടവര്‍ ്‌സഞ്‌ജയന്റെ വാക്‌ശരങ്ങള്‍ക്കിരയായി. ഹാസ്യ കവിതകളുടെ സമാഹാരമാണ്‌ ഹാസ്യാഞ്‌ജലി.
സറ്റയര്‍ വിഭാഗത്തില്‍പ്പെട്ടതാണ്‌ സഞ്‌ജയന്റെ ഹാസ്യരചനകളില്‍ അധികവും. സാഹിത്യ - സാംസ്‌കാരിക രംഗങ്ങളിലെല്ലാം സൂക്ഷ്‌മ പരിശോധന നടത്തി. കൃത്യമായ പരിഹാസ ശരങ്ങള്‍ അയയ്‌ക്കാന്‍ വേണ്ട കലാപരവും വൈജ്‌ഞാനികവുമായ കഴിവുണ്ടായിരുന്നു സഞ്‌ജയന്‌. കാലിക വിഷയങ്ങളായിരുന്നു അദ്ദേഹം അധികവും കൈകാര്യം ചെയ്‌തിരുന്നത്‌. അതുകൊണ്ടുതന്നെ കാലിക പ്രശ്‌നങ്ങളില്‍ വേണ്ടത്ര അവഗാഹം ഉള്ളവര്‍ക്കേ സഞ്‌ജയന്റെ ഹാസ്യം രുചിച്ചിരുന്നുള്ളൂ.
പാരഡി രചിക്കുന്നതിലും സമര്‍ത്ഥനായിരുന്നു അദ്ദേഹം. പരന്ന വായനയും ഉറച്ച ധാരണാശക്‌തിയും ഉണ്ടായിരുന്ന സഞ്‌ജയന്‌ വേദാന്ത വിചാരം കൂടുതലുണ്ടായിരുന്നു. വാസനാസമ്പന്നനായ കവി, സമുജ്‌ജ്വലനായ തത്വചിന്തകന്‍, സൂക്ഷ്‌മ ദൃക്കായ നിരീക്ഷകന്‍, സരസനായ ഗദ്യകാരന്‍, അദ്വിതീയനായ ഫലിത മാര്‍മികന്‍ എന്നിങ്ങനെ പല നിലകളിലും അദ്ദേഹം നമ്മുടെ സേവനത്തിലും ബഹുമാനത്തിലും പാത്രീഭവിക്കുന്നു. ഇത്രയും സാംസ്‌കാരികമായി കലാസമ്പത്തോടുകൂടി വിനോദസാഹിത്യങ്ങളില്‍ വിഹരിച്ചവര്‍ കുഞ്ചന്‍ നമ്പ്യാര്‍ക്കിപ്പുറം വേറെയില്ല.

ജോസ്‌ ചന്ദനപ്പള്ളി

Ads by Google
Sunday 10 Sep 2017 09.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW