Saturday, June 02, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 10 Sep 2017 02.17 AM

സമരമുഖത്ത്‌ ഒരുകുട്ടി

uploads/news/2017/09/144583/sun1.jpg

''ആ അങ്കിളാണ്‌ എന്നെ തല്ലിയത്‌''
കൊച്ചി ഡി.സി.പിയായിരുന്ന യതീഷ്‌ ചന്ദ്രയെ ചൂണ്ടിക്കാട്ടി ആ നഗ്നസത്യം വിളിച്ചുപറയുമ്പോള്‍ വൈപ്പിന്‍ ലേഡി ഓഫ്‌ ഹോപ്പ്‌ ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ ആലന്‍ നെല്‍സണ്‍ എന്ന രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥി ഭയന്നില്ല. അലന്റെ സത്യസന്ധമായ ആ മറുപടിയില്‍ പക്ഷേ , നിയമത്തിന്റെയും നീതിയുടെയും കാവലാകേണ്ടവര്‍ ഒന്നുവിറച്ചു; പിന്നെ വിയര്‍ത്തു.
അപ്രതീക്ഷിതമായ അലന്റെ ഈ പ്രതികരണമാണ്‌ ഒരു പ്രദേശത്തിന്റെ മാത്രം ചെറുത്തു നില്‍പ്പായി വ്യാഖ്യാനിക്കുമായിരുന്ന പുതുവൈപ്പ്‌ എല്‍.പി.ജി സംഭരണ കേന്ദ്രത്തിനെതിരായ സമരത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചത്‌.
കൊച്ചി പുതുവൈപ്പിനിലെ ഐ.ഒ.സിയുടെ എല്‍.പി.ജി. സംഭരണകേന്ദ്രത്തിനെതിരേ സമരം ചെയ്‌തവര്‍ക്കുനേരെ നടന്ന പോലീസ്‌ അതിക്രമവുമായി ബന്ധപ്പെട്ട്‌ കാക്കനാട്‌ നടന്ന മനുഷ്യാവകാശ കമ്മിഷന്റെ സിറ്റിംഗിനിടെയാണ്‌ പുതുവൈപ്പ്‌ പള്ളത്തുശേരി ആന്റണി -ലിജി ദമ്പതികളുടെ ഇളയ മകന്‍ അലന്‍ തന്റെ കണ്‍മുന്നില്‍ കണ്ടകാര്യവും, തനിക്കേറ്റ മര്‍ദ്ദനവും കമ്മിഷനോട്‌ അണുവിട വിടാതെ പറഞ്ഞത്‌.
അതുകേട്ട്‌ ലാത്തി ചാര്‍ജിന്‌ നേതൃത്വം നല്‍കിയ യതീഷ്‌ ചന്ദ്ര മാത്രമല്ല സിറ്റിംഗിനായി കാക്കനാട്‌ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ തിങ്ങിനിന്ന എല്ലാവരും ഒരു നിമിഷം അമ്പരന്നു. ആ അമ്പരപ്പ്‌ ഇന്നും അവസാനിച്ചിട്ടില്ല. തീയില്‍ കുരുത്തവനാണ്‌ അലന്‍.
മറ്റുകുട്ടികള്‍ കളിച്ചു നടക്കുമ്പോള്‍ അലനടക്കമുള്ള ഇവിടത്തെ കുട്ടികള്‍ സമരപ്പന്തലിലാണ്‌ ചെലവഴിച്ചിരുന്നത്‌.
ഒരു തീപ്പൊരി മതി എല്‍.പി.ജി. ടെര്‍മിനല്‍ അപകടത്തിലാവാന്‍ എന്നും അങ്ങനെ സംഭവിച്ചാല്‍ പിന്നെ തങ്ങളുടെ നാടും വീടുമെല്ലാം അഗ്നിഗോളമായി മാറുമെന്നും അലനെപ്പോലെ ഇവിടുത്തെ എല്ലാ കൊച്ചു കുട്ടികള്‍ക്കും അറിയാം. ഭരണകൂടം ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ എന്നങ്കിലുമത്‌ സംഭവിക്കുമെന്ന്‌ അവര്‍ ഭയക്കുന്നുമുണ്ട്‌. ഇവരുടെ വീടും ടെര്‍മിനലും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ലെന്ന യാഥാര്‍ത്ഥ്യം ഈ കുഞ്ഞുമുഖങ്ങളില്‍ വീഴ്‌ത്തിയിരിക്കുന്ന ഭീതിയുടെ നിഴല്‍പാട്‌ അത്രയ്‌ക്ക് വലുതാണ്‌.
ലാപ്പ്‌ടോപ്പ്‌ അടക്കമുള്ള സാങ്കേതികസംവിധാനങ്ങളിലെ ദൃശ്യങ്ങളുടെ സഹായത്തോടെ സമരകാര്‍ക്ക്‌ എതിരേ ലാത്തി ചാര്‍ജ്‌ നടന്നില്ലെന്നതിനുള്ള തെളിവുകള്‍ യതീഷ്‌ ചന്ദ്ര വിശദ്ദീകരിക്കുന്നതിനിടെയാണ്‌ കുഞ്ഞു മനസില്‍ കള്ളമിരിക്കില്ലെന്ന വാചകത്തെ അന്വര്‍ത്ഥമാക്കും വിധമുള്ള അലന്റെ പ്രതികരണമുണ്ടായത്‌.
സമരവഴിയുടെ ചരിത്രം
കപ്പലില്‍ കൊണ്ടുവരുന്ന എല്‍പിജി പുതുവൈപ്പ്‌ ലൈറ്റ്‌ ഹൗസിന്‌ സമീപം കടപ്പുറത്ത്‌ 15 ഹെക്‌ടറില്‍ നിര്‍മ്മിക്കാന്‍ പോകുന്ന 15450 ടണ്‍ സംഭരണശേഷിയുള്ള ടാങ്കുകളില്‍ ശേഖരിച്ച്‌ സംസ്‌ഥാനത്ത്‌ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പദ്ധതി ഭീതിയുടെ സ്‌ഫോടകാന്മകമായ സ്‌ഥിതിവിശേഷമാണ്‌ നാട്ടുകാരില്‍ സൃഷ്‌ടിച്ചത്‌. 2009-ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 2012 പദ്ധതി കമ്മീഷന്‍ ചെയ്യാനായിരുന്നു ഐ.ഒ.സി.എല്‍ അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത്‌. എന്നാല്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം തുടങ്ങിയപ്പോഴെ പാരിസ്‌ഥിതിക -ആരോഗ്യ പ്രശ്‌നങ്ങളും തുടങ്ങി. പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്ന വിധത്തില്‍ പൊടിശല്യം രൂക്ഷമായി. വീടും വൃക്ഷലതാദികളും പൊടികൊണ്ടുമൂടി.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വയോധികര്‍ക്കും ശ്വാസം മുട്ടലും പനിയും ചുമയും വിട്ടുമാറാതായി. ഇനിയും ഈ നില തുടര്‍ന്നാല്‍ തങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാകുമെന്ന്‌ തിരിച്ചറിഞ്ഞ്‌ സമരരംഗത്തിറങ്ങിയ പുതുവൈപ്പ്‌ നിവാസികളോട്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്‌.
അലന്റെ കുടുംബവും സമരരംഗത്തേയ്‌ക്ക് ഇറങ്ങാന്‍ കാരണവും ഇതുതന്നെയായിരുന്നു. പുതുവൈപ്പ്‌ ലൈറ്റ്‌ ഹൗസിന്‌ സമീപത്തുള്ള അലന്റെ വീട്ടിലും പൊടിശല്യം രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്ന്‌ അലനും സഹോദരനും ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിയുമായ ആല്‍ഫിന്‍ നെല്‍സണും അസുഖങ്ങള്‍ വിട്ടുമാറിയില്ല. ഇതില്‍ പ്രതിഷേധിക്കാന്‍ ചേര്‍ന്ന സമര സമിതിയുടെ എല്ലാ യോഗങ്ങളിലും ഈ കുടുംബം പങ്കെടുത്തിരുന്നു. സമരത്തിന്റെ ഭാഗമായി നിര്‍മ്മാണ സ്‌ഥലത്തേയ്‌ക്ക് കൊണ്ടുവന്ന ഷീറ്റുകള്‍ തടഞ്ഞുവെന്ന കുറ്റത്തിന്‌ 2015 ഡിസംബറില്‍ അലന്റെ പിതാവ്‌ ആന്റണിക്കെതിരേ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.
വികസനത്തിന്റെ പേരില്‍ പിറന്ന മണ്ണ്‌ ഉപേക്ഷിച്ച്‌ മറ്റൊരു സ്‌ഥലത്തേയ്‌ക്ക് ജീവിതം പറിച്ചു നടാന്‍ എന്നിട്ടും ഈ കുടുംബം തയാറായിരുന്നില്ല. പൂര്‍വ്വികരായി കൈമാറി കിട്ടിയ വീടുപേക്ഷിച്ച്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ വാക്കുവിശ്വസിച്ച്‌ മുന്നോട്ടുപോകുന്നതില്‍ നിന്നും മൂലംമ്പള്ളിയിലേതുപോലുള്ള കുടിയൊഴിപ്പിക്കലുകള്‍ ഇവരെ പിന്തിരിപ്പിച്ചു. സംഘര്‍ഷസാധ്യതയുള്ള സമരമുഖത്ത്‌ കുട്ടികളെ എന്തിന്‌ കൊണ്ടുപോയി എന്ന ചോദ്യത്തിനും ആന്റണി നെല്‍സണ്‍ എന്ന പിതാവിനു വ്യക്‌തമായ ഉത്തരമുണ്ട്‌. ''എന്റെ കുട്ടികള്‍ മാത്രമല്ല, പ്രദേശത്തെ 64 ഓളം കുട്ടികളും ലാത്തിച്ചാര്‍ജില്‍ കലാശിച്ച മാര്‍ച്ച്‌ 16-ലെ ഐ.ജി ഓഫീസ്‌ മാര്‍ച്ചില്‍ പങ്കെടുത്തിട്ടുണ്ട്‌. പദ്ധതിക്കെതിരായ മുദ്രാവാക്യങ്ങള്‍ ഇവര്‍ക്കു മനപ്പാഠമാണ്‌. ഒരു തീപ്പൊരി മതി എല്‍പിജി ടെര്‍മിനല്‍ അപകടത്തിലാവാന്‍. പ്രദേശവാസികളുടെ വീടും ടെര്‍മിനലും അത്ര അടുത്താണ്‌ . സ്വന്തംനാടിനായി എല്ലാവരും ഒരുമിച്ചു സമര രംഗത്തിറങ്ങിയപ്പോള്‍ അതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ക്ക്‌ ആകില്ല.'' ആന്റണി പറഞ്ഞുനിര്‍ത്തി.

മായാത്ത ചിത്രമായി ആ ദിവസം

മാര്‍ച്ച്‌ 16-ലെ റോഡ്‌ ഉപരോധവും ലാത്തിച്ചാര്‍ജും അലന്റെ മനസില്‍ ഇന്നും മായാതെ കിടപ്പുണ്ട്‌. എല്‍.പി.ജി. സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട്‌ പുതുവൈപ്പ്‌ നിവാസികള്‍ കൊച്ചി മെട്രോ റെയില്‍ ഉദ്‌ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്നതിന്റെ തലേദിവസം ഹൈക്കോടതി ജങ്‌ഷനില്‍ റോഡ്‌ ഉപരോധിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള ക്രമീകരണം പോലീസ്‌ നടത്തി വരുന്നതിനിടെ റോഡ്‌ ഉപരോധിക്കാനെത്തിയ സമരക്കാരോട്‌ പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വിസമ്മതിച്ചു.
ഇതിനെ തുടര്‍ന്ന്‌ യതീഷ്‌ ചന്ദ്രയുടെ നേതൃത്വത്തില്‍ സമരക്കാര്‍ക്കുനേരെ ലാത്തിച്ചാര്‍ജു നടത്തുകയായിരുന്നു.
'' അപ്പനോട്‌ പോലീസ്‌ വാഹനത്തില്‍ കയറാന്‍ പറഞ്ഞു. പിന്നെ കോളറില്‍ പിടിച്ചു വലിച്ചു. ബൂട്ടിന്‌ ചവിട്ടി. അതുകണ്ട്‌ ഞാന്‍ ഭയന്നുവിറച്ചു. ലാത്തിച്ചാര്‍ജില്‍ ചേട്ടായിയുടെ കാല്‍പൊട്ടി. വീടിനടുത്തുള്ള ബിജി അങ്കിളിനെ യതീഷ്‌ ചന്ദ്ര സാര്‍ വലിച്ചിഴച്ച്‌ കൊണ്ടു പോയി. പിന്നെ സമരക്കാരെയെല്ലാം ക്രൂരമായി മര്‍ദ്ദിച്ചു.''
ഇത്‌ പറയുമ്പോള്‍ അലന്റെ കണ്ണുകളില്‍ ഭയത്തിന്റെ നിഴലാട്ടം.
ഈ ലാത്തിചാര്‍ജ്‌ കേരളത്തില്‍ വലിയ ചര്‍ച്ചയായി. നാനാദിക്കുകളില്‍ നിന്നും പോലീസിന്‌ നേരെ പ്രതിഷേധമുയര്‍ന്നു. സമരക്കാര്‍ക്കെതിരായ പോലീസിന്റെ കിരാത നടപടി കണ്ട്‌ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു. തുടര്‍ന്ന്‌ നടന്ന നുഷ്യാവകാശ കമ്മിഷന്‍ സിറ്റിംഗിലായിരുന്നു അലന്റെ പ്രതികരണം.
ഇരുവിഭാഗത്തിന്റേയും വാദം കേട്ട മനുഷ്യാവകാശ കമ്മിഷന്‍ ആക്‌ടിങ്‌ ചെയര്‍മാന്‍ പി. മോഹന്‍ദാസ്‌ അടുത്ത സിറ്റിംഗ്‌ സെപ്‌റ്റംബറിലേയ്‌ക്ക് മാറ്റുകയായിരുന്നു. പോലീസ്‌ അതിക്രമവുമായി ബന്ധപ്പെട്ട്‌ സമരക്കാരെ എത്തിച്ച കടവന്ത്ര, മുളവുകാട്‌, എറണാകുളം നോര്‍ത്ത്‌, എറണാകുളം സെന്‍ട്രല്‍ എന്നീ പോലീസ്‌ സ്‌റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കമ്മിഷന്‍ ആക്‌ടിങ്‌ ചെയര്‍മാന്‍ പി. മോഹന്‍ദാസ്‌ നിര്‍ദ്ദേശം നല്‍കി.
അലനെന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മനസിന്റെ വേദനയില്‍ നിന്നും , ഭയപ്പെടുത്തുന്ന ഓര്‍മ്മകളുടെ നോവില്‍ നിന്നുമുയര്‍ന്ന ഈ പ്രതികരണം സാമുഹ്യമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചകള്‍ക്ക്‌ വഴിവച്ചു. എന്നാല്‍ ഇതൊന്നും വ്യക്‌തിപരമായ നേട്ടമായി കാണാന്‍ ഈ കുടുംബം ആഗ്രഹിക്കുന്നില്ല. അതിലുപരി പുതുവൈപ്പിനിലെ ജനകീയ പ്രശ്‌നം രാജ്യവ്യാപകമായി ചര്‍ച്ചയായതിലാണ്‌ ഇവര്‍ സന്തോഷം കണ്ടെത്തുന്നത്‌.
പുതുവൈപ്പ്‌ എന്ന കൊച്ചു പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നമായി ചുരുക്കാനുള്ള ശ്രമമാണ്‌ അലന്റെ പ്രതികരണം വഴി തടയപ്പെട്ടത്‌.
സംഘടിതമായ ചെറുത്തു നില്‍പ്പിനെ അവഗണിച്ച്‌ ഈ പദ്ധതിയുമായി അധികാരികള്‍ മുന്നോട്ടുപോകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ്‌ ഈ കുടുംബവും ഇവിടത്തെ സാധരണക്കാരായ നാട്ടുകാരും.
സര്‍ക്കാര്‍ നിലപാട്‌
എന്നാല്‍ സമരക്കാരോട്‌ അനുകൂലമായ നിലപാടല്ല സര്‍ക്കാര്‍ സ്വീകരിച്ചത്‌. പദ്ധതിക്കെതിരായി ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവ്‌ വന്നിട്ടുപോലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്‌.
2017 ഫെബ്രുവരി 16 ന്‌ തുടങ്ങിയ ഉപരോധസമരവും സമരപരമ്പരകളും തുടര്‍ന്നുണ്ടായും സംഘര്‍ഷവും പോലീസ്‌ നടപടിക്കെതിരായ വിമര്‍ശനങ്ങളും ചര്‍ച്ചയ്‌ക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചു.
ജൂണ്‍ 21ന്‌ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പരിസ്‌ഥിതി അനുമതിയിലെ വ്യവസ്‌ഥകള്‍ ലംഘിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതിയുടെ നിയോഗിക്കാനും അതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കാനും തീരുമാനമായി. അതേസമയം
എല്ലാവിധ നിയമാനുസൃത അനുമതികളും ലഭിച്ചാണ്‌ ടെര്‍മിനല്‍ നിര്‍മാണമെന്നാണ്‌ ഐഒസിഎല്‍ അധികൃതരുടെ വാദം. ലോക നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണു ടെര്‍മിനലിലെ സംഭരണ ടാങ്കുകള്‍ നിര്‍മിക്കുന്നതെന്നാണ്‌ ഐ.ഒ.സി. വൃത്തങ്ങള്‍ പറയുന്നത്‌.

അരുണ്‍ അശോകന്‍

Ads by Google
Sunday 10 Sep 2017 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW