Friday, April 26, 2019 Last Updated 13 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 10 Sep 2017 02.17 AM

പള്ളത്തുരചനയുടെ പാതിവ്രത്യം

uploads/news/2017/09/144582/sun4.jpg

മാനവസമൂഹത്തിന്‌ നാടകമെന്നും ഒരു സാക്ഷ്യപ്പെടുത്തലാണ്‌. ഗതകാലസ്‌മൃതികളുടെ അകംപൊരുള്‍ ചികഞ്ഞ്‌ സ്വല്‍പം പിന്നിലേക്കു നടന്നാല്‍ അതു മനസിലാകും. നിശബ്‌ദനായവന്റെ ശബ്‌ദവും നിര്‍ചേതനന്റെ ചേതനയുമായി നാടകം അരങ്ങില്‍ വിളക്കായി തെളിഞ്ഞകാലം.
വരേണ്യവര്‍ഗത്തിന്റെ കരവലയത്തില്‍ പിടയുമ്പോഴും കരളില്‍ ഉയിര്‍പ്പിന്റെ കനലായി എരിഞ്ഞുനീറി ഒടുവില്‍ ആളിപ്പടരാന്‍ ഇന്ധനം പകര്‍ന്നതും നാടകത്തിന്റെ കരുത്ത്‌.
ഒടുവില്‍ കാല്‍വണ്ണകള്‍ കൂട്ടിത്തളച്ച കണ്ണികള്‍ വേര്‍പ്പെടുത്തി കാരാഗൃഹത്തില്‍ നിന്നു മോചനം വരിക്കാനും നാടകത്തിന്റെ ഉള്‍ച്ചൂട്‌ കാരണമായി. പിന്നെ ചിലയിടങ്ങളില്‍ ഇടറിവീണ നാടകത്തിനുമുന്നില്‍ മറ്റു ഉപാധികള്‍ ചിറകുവിടര്‍ത്തിയപ്പോഴും ആ തണലിലൊതുങ്ങാതെ നാടകം പിന്നെയും വളര്‍ന്നു.
നാടകത്തിന്റെ വിവിധതരത്തിലുള്ള പകര്‍ന്നാട്ടങ്ങളില്‍ ഒരു കണ്ണിയാണ്‌ പ്രശസ്‌ത എഴുത്തുകാരന്‍ ദിനേശ്‌ പള്ളത്ത്‌. നാടകമെന്നതിലുപരി ദിനേശിന്റെ രചനകള്‍ക്കെല്ലാം കാമ്പും കഴമ്പും കല്‍പ്പിച്ച പ്രേക്ഷകരാണ്‌ ഇന്ന്‌ സീരിയലിലും സിനിമയിലും അദേഹത്തെ കൈപിടിച്ചു നടത്തിയത്‌.
പ്രശസ്‌ത നാടകരചയിതാവും തിരക്കഥാകൃത്തുമായ ദിനേശ്‌ പള്ളത്ത്‌ മംഗളത്തോട്‌ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നു...

? എഴുത്തിന്റെ ലോകത്ത്‌ താങ്കളുടെ കടന്നുവരവ്‌.

തൃശൂര്‍ ജില്ലയിലെ ചാമക്കാല എന്ന ഗ്രാമത്തിലാണ്‌ ഞാന്‍ ജനിച്ചത്‌. അവിടെ 'വീനസ്‌ ലൈബ്രറി' എന്ന വായനശാല എന്റെ അച്‌ഛന്‍ പള്ളത്തു ദിവാകരന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌.
അങ്ങനെ എനിക്കും വായനശാലയില്‍ അംഗത്വം ലഭിച്ചു. പിന്നെ ഞാന്‍ വായനയിലേക്കു തിരിഞ്ഞു. വായന ശക്‌തമായപ്പോള്‍ കലാരംഗത്ത്‌ കൂടുതല്‍ സജീവമായി. സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന്‌ സഹപാഠികളുടെ നിര്‍ബന്ധത്തിനു വഴങ്ങി 'ഞങ്ങള്‍ ഇവിടെ ജനിച്ചവര്‍' എന്ന സ്‌കൂള്‍ നാടകം എഴുതി സംവിധാനം ചെയ്‌തു.
അക്കാലത്ത്‌ സബ്‌ജില്ലയില്‍ സ്‌കൂള്‍ ഫസ്‌റ്റായിരുന്നു നാടകം. ഇത്‌ നാടകരചനയ്‌ക്കു പ്രചോദനമേകി. ഷൈജന്‍ ശ്രീവത്സം എന്ന നടന്റെ പ്രോത്സാഹനത്തില്‍ ഗാട്ട്‌ കരാറിലേര്‍പ്പെട്ട ഇന്ത്യയുടെ ദുരവസ്‌ഥ പ്രതിപാദിക്കുന്ന 'വംശവൃക്ഷം' എന്ന നാടകം ഞാന്‍ രചിച്ചു. ആ നാടകം ചാമക്കാല സ്‌കൂളില്‍ ഒന്നാംസ്‌ഥാനം നേടി ഞാന്‍ മികച്ച നടനായി. ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിലും തൊട്ടടുത്ത കയ്‌പമംഗലം ഫിഷറീസ്‌ സ്‌കൂളിലും ഒന്നാംസ്‌ഥാനവും എന്നെ മികച്ച നടനുമായി തെരഞ്ഞെടുത്തു.

? പ്ര?ഫഷണല്‍ നാടകത്തിലേക്കുള്ള വരവ്‌.

നാടകത്തിന്‌ ഒന്നാംസ്‌ഥാനവും മികച്ച നടനുമായി തെരഞ്ഞെടുത്തത്‌ എനിക്ക്‌ കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു. ഒരു പ്ര?ഫഷണല്‍ നാടകമെഴുതിയാലെന്ത്‌ എന്ന തീരുമാനം ഉദിക്കുന്നത്‌ അങ്ങനെയാണ്‌. 1995 ല്‍ കോളജ്‌ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങിയയുടന്‍ തൃശൂര്‍ മണപ്പുറം കാര്‍ത്തികക്കുവേണ്ടി 'പടയൊരുക്കം' എന്ന നാടകമെഴുതി. പ്രശസ്‌ത സംവിധായകന്‍ ഞാറയ്‌ക്കല്‍ ശ്രീനിയായിരുന്നു സംവിധാനം.
? പയ്യന്നൂര്‍ മുരളിയുമായിട്ടുള്ള ബന്ധം.
1996 ല്‍ 'അമതന്‍' എന്ന ഞാനെഴുതിയ നാടകം സംവിധാനംചെയ്‌തത്‌ കുമരകം രഘുനാഥാണ്‌. അവിടെ കുമരകം രഘുനാഥിന്റെ അസോസിയേറ്റായാണ്‌ പയ്യന്നൂര്‍ മുരളി എത്തിയത്‌. പിന്നെ ഞങ്ങള്‍ വളരെ പരിചിതരായി. ഒത്തിരി നാടകങ്ങളില്‍ ഒരുമിച്ച്‌ സഹകരിച്ചു.

? അതിനുശേഷം നാടകരംഗത്ത്‌ സജീവമാകുകയായിരുന്നോ.

തീര്‍ച്ചയായും. പിന്നീട്‌ ഒരു വര്‍ഷം ആറും ഏഴും നാടകങ്ങള്‍ എഴുതുന്ന തരത്തിലേക്ക്‌ ഞാന്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. നാടകങ്ങള്‍ നന്നായി കളിക്കുകയും ചെയ്‌തു.
? അവാര്‍ഡുകള്‍, അനുമോദനങ്ങള്‍.
1997 ല്‍ തൃശൂര്‍ മണപ്പുറം കാര്‍ത്തികക്കുവേണ്ടി എഴുതിയ 'വാക്‌ഭടാചാര്യന്‍' എനിക്ക്‌ മികച്ച നാടകരചനയ്‌ക്കുള്ള സംസ്‌ഥാന അവാര്‍ഡ്‌ നേടിത്തന്നു. 1999 ല്‍ പി.സി. മോഹന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം സമതയുടെ ദേശീയോത്സവം എന്ന നാടകത്തിന്‌ എനിക്ക്‌ വീണ്ടും സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ചു. 2001ല്‍ മണപ്പുറം കാര്‍ത്തികയുടെ തന്നെ പയ്യന്നൂര്‍ മുരളി സംവിധാനം ചെയ്‌ത രാവണന്‍ എന്ന നാടകത്തിനും സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ചു. കൂടാതെ നിരവധി പുരസ്‌കാരങ്ങളും കിട്ടിയിട്ടുണ്ട്‌.

? സീരിയലില്‍ സ്‌ഥാനമുറപ്പിച്ചത്‌.

ജൂഡി ഞാറയ്‌ക്കല്‍ എന്ന എന്റെ സുഹൃത്താണ്‌ സീരിയല്‍ രംഗത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയത്‌. 100 എപ്പിസോഡ്‌ പിന്നിട്ട ഏഷ്യാനെറ്റിലെ മംഗല്യം എന്ന സീരിയലില്‍ സ്‌ക്രിപ്‌റ്റ് എഴുതിയാണ്‌ തുടക്കം. എ.എം. നസീറിന്റെ സംവിധാനം. സീരിയല്‍ കൂടുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നെന്ന്‌ സംവിധായകന്‍ എ.എം. നസീര്‍ ധരിപ്പിച്ചതനുസരിച്ച്‌ സീരിയല്‍ എഴുതാനും ധൈര്യമായി. പിന്നെ സൂപ്പര്‍ഹിറ്റ്‌ സീരിയലുകളായ മൗനം, മിന്നുകെട്ട്‌, കുരുക്ഷേത്രം, മാനസപുത്രി തുടങ്ങി നിരവധി സീരിയലുകളിലും എന്റെ കൈയൊപ്പ്‌ പതിപ്പിക്കാന്‍ ശ്രമിച്ചു.

? താങ്കളുടെ കരിയറിലുണ്ടായ അപ്രതീക്ഷിത അനുഭവങ്ങള്‍.

2003 നവംബര്‍ ഒന്നിനാണ്‌ എന്റെ മകന്‍ ജനിച്ചത്‌. അഞ്ചിന്‌ എനിക്ക്‌ സീരിയലിലേക്ക്‌ വിളിവരുന്നു. പിന്നെ എല്ലാം ഒരു നിമിത്തം പോലെ സംഭവിച്ചു.

? സിനിമാ ജീവിതത്തെക്കുറിച്ച്‌.

തമിഴില്‍ രണ്ടുചിത്രങ്ങള്‍ക്ക്‌ തിരക്കഥ എഴുതിയതിനുശേഷം ദിലീപിനെ നായകനാക്കി സുധീഷ്‌ ശങ്കര്‍ സംവിധാനം ചെയ്‌ത 'വില്ലാളിവീര'നാണ്‌ എന്റെ ആദ്യ മലയാളചിത്രം. അതിനുശേഷം കണ്ണന്‍ താമരക്കുളം സംവിധാനം നിര്‍വഹിച്ച 'തിങ്കള്‍ മുതല്‍ വെള്ളിവരെ' എന്ന ചിത്രത്തിലും സഹകരിച്ചു. തുടര്‍ന്ന്‌ ജയറാം-രമ്യാകൃഷ്‌ണന്‍-ഓംപുരി കൂട്ടുകെട്ടില്‍ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‌ത 'ആടുപുലിയാട്ട'മാണ്‌ ഒടുവില്‍ ചെയ്‌ത ചിത്രം.

? പുതിയ പ്രോജക്‌ടുകള്‍.

ചെറിയ ഇടവേളയ്‌ക്കുശേഷം ഒരു നാടകം ചെയ്‌തു. ചാലക്കുടി നവസാരഥിക്കുവേണ്ടി. 'പ്രതിയോഗി'യെന്നാണ്‌ പേര്‌. പയ്യന്നൂര്‍ മുരളിയാണ്‌ സംവിധാനം. കളിച്ച വേദികളിലൊക്കെ മികച്ച അഭിപ്രായമുണ്ട്‌. 25ന്‌ സുധീഷ്‌ ശങ്കറിന്റെ സംവിധാനത്തില്‍ 'മലര്‍വാടി' എന്നൊരു പരമ്പര തുടങ്ങുന്നു. കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ഉണ്ണിമുകുന്ദന്‍ ചിത്രവും അണിയറയിലൊരുങ്ങുന്നു. ഈ വര്‍ഷം നാടകം, സീരിയല്‍, സിനിമ ഇവ മൂന്നും ഉണ്ടാകുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.

? നാടകത്തിന്‌ ഇപ്പോള്‍ മികച്ച കാലമാണോ.

നാടകത്തിനു പഴയതുപോലുള്ള പ്രേക്ഷക പങ്കാളിത്തമില്ല. ആളുകളുടെ കാഴ്‌ചപ്പാടൊക്കെമാറി. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും കൈയിലുള്ളപ്പോള്‍ നാടകം കാണാനാളുകുറയും. ഉത്സവപ്പറമ്പില്‍ അരക്ഷിതാവസ്‌ഥയിലിരുന്ന്‌ നാടകം കാണാന്‍ കുടുംബസമേതം ആരും വരാറില്ല. എങ്കിലും ചിലരൊക്കെ വിഭിന്നമായി നാടകത്തെ സ്‌നേഹിക്കുന്നുവെന്നതിന്‌ തെളിവാണല്ലോ ഈ കലാരൂപം നിലനിന്നുപോകുന്നത്‌.

? നാടകത്തിലേക്ക്‌ അഭിനേതാക്കള്‍ പുതിയതായി വരുന്നില്ല.

നാടകത്തില്‍ ശമ്പളം കുറവാണ്‌. സിനിമപോലെ പ്രശസ്‌തിയുമില്ല. ഡയലോഗ്‌ പഠിച്ചേ പറയാനാകൂ. ഇങ്ങനെയുളള കുറേ പ്രശ്‌നങ്ങളുണ്ട്‌. ഒരു ലൈഫ്‌ സെക്യൂരിറ്റി നാടകത്തിലില്ല. ഇക്കാരണമാകാം നാടകത്തിലേക്ക്‌ അഭിനേതാക്കളുടെ വരവില്ലാത്തത്‌.

? നാടകം പോലുള്ള കലാരൂപങ്ങളെ നിലനിര്‍ത്താന്‍ സര്‍ക്കാരിന്റെ
ഭാഗത്തുനിന്നുള്ള പ്രോത്സാഹനം.

അധികമൊന്നുമില്ല, ഈ കലാരൂപത്തെ നിലനിര്‍ത്തിയ വളരെ ദരിദ്രരായ കലാകാരന്‍മാരുവിടെയുണ്ട്‌. അവര്‍ക്കെങ്കിലും ജീവിതത്തില്‍ പച്ചപിടിക്കാന്‍ സര്‍ക്കാരിന്റെ ഒരു കൈത്താണ്ട്‌ ആവശ്യമാണ്‌. അതെങ്കിലും ചെയ്യാന്‍ സര്‍ക്കാരും മുന്‍കൈയെടുക്കണമെന്നാണ്‌ ഒരു നാടക പ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ എളിയ ആവശ്യം.

? കുടുംബവിശേഷം.
ഭാര്യ: സനിത നര്‍ത്തകിയാണ്‌. ആര്‍.എല്‍.വി. കോളജില്‍ ഭരതനാട്യം ഡിപ്ലോമ നേടിയിട്ടുണ്ട്‌. ഏക മകന്‍ നിരഞ്‌ജന്‍ വിദ്യാര്‍ഥിയാണ്‌. കൂടാതെ സീരിയലിലും സിനിമയിലും ബാലതാരമായി അഭിനയിച്ചുവരുന്നു. മറ്റൊരു പ്രത്യേകത ഇന്ന്‌ ഞങ്ങളുടെ 15-ാം വിവാഹവാര്‍ഷിക ദിനംകുടിയാണ്‌.

വിനു ശ്രീലകം

Ads by Google
Sunday 10 Sep 2017 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW