Tuesday, June 19, 2018 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 10 Sep 2017 02.17 AM

വികാരങ്ങളുടെ ചുമട്ടുകാരന്‍ സലിം ഇന്ത്യ

uploads/news/2017/09/144581/sun3.jpg

ചില സമയങ്ങളില്‍ അങ്ങനെയാണ്‌. പിന്തുണയ്‌ക്കാന്‍ ആരുമില്ലാത്തവരുടെ വാക്കും നാക്കുമാകാന്‍ എവിടെ നിന്നെങ്കിലും ആരെങ്കിലുമെത്തും. അതുവഴി അവര്‍ ബിഗ്‌ ബ്രേക്കിങ്‌ നേടും. അത്‌ ഒഴുക്കിനെതിരായ നീന്തലാണ്‌. അത്തരമൊരു നിയോഗമേറ്റു വാങ്ങിയാണ്‌ സലിം ഇന്ത്യ എന്ന മനുഷ്യന്‍ വന്നത്‌. നടന്‍ ദിലീപിനെതിരേ സംസ്‌ഥാനത്തെമ്പാടും ജനരോഷമലയടിച്ചുയരവെ വേറിട്ട വഴിയേ ഇദ്ദേഹം സമരമുഖത്തിറങ്ങി. അതും ഒറ്റയാന്‍ സമരം.

താരസംഘടന 'അമ്മ'യില്‍ നിന്നും ഫെഫ്‌കയില്‍ നിന്നുമെല്ലാം നിഷ്‌കാസിതനായതോടെ ദിലീപിന്റെ ഒറ്റപ്പെടല്‍ പൂര്‍ണമായിരുന്നു.
തെളിവെടുപ്പിനായി കൊണ്ടുനടന്നപ്പോള്‍ പലരും കാറിത്തുപ്പി. ഒരുപാട്‌ ശാപ വാക്കുകള്‍, ചീത്ത വിളികള്‍; ആ സമയത്താണ്‌ 'ശിക്കാരി ശംഭു'വായി സലിംഇന്ത്യയുടെ വരവ്‌.
ഒരു വിഷയത്തിന്റെ മറുപുറം കൂടി അറിയണമെന്ന ചിന്തയില്‍ നിന്നാണ്‌ ഇതിനു പ്രചോദനമുണ്ടായതെന്ന്‌ സലീമിന്റെ സാക്ഷ്യം. കേരളം മുഴുവന്‍ ഒരുകാലത്ത്‌ നെഞ്ചേറ്റിയ താരമാണ്‌ ദിലീപ്‌. ഇതൊക്കെയാണെങ്കിലും ആപത്തു വന്നപ്പോള്‍ തിരിഞ്ഞുനോക്കാന്‍ ആരുമില്ലാതായി.
മിക്കവരും കൈവിട്ടു. അത്തരമൊരവസ്‌ഥയില്‍ നീതി നിഷേധിക്കപ്പെടരുതെന്ന ചിന്തയില്‍ നിന്നാണ്‌ എഴുത്തുകാരന്‍ കൂടിയായ സലിം ഇന്ത്യയുടെ പടപ്പുറപ്പാട്‌.
സലിമിന്റെ ചോദ്യം ലളിതമാണ്‌. ഏതൊരാള്‍ക്കും അവരുടെ ഭാഗം കൂടി പറയാനും അതു കേള്‍ക്കാനും സന്ദര്‍ഭമുണ്ടാക്കേണ്ടേ? തെറ്റ്‌, കുറ്റം; അതൊക്കെ കോടതിയും നിയമവും തീരുമാനിക്കട്ടെ.
ചാലക്കുടിയിലെ ഡി സിനിമാസ്‌ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ നഗരസഭയിലെ ശയന പ്രദക്ഷിണമായിരുന്നു ആദ്യനടപടി. തുടര്‍ന്ന്‌ നിരാഹാരം. കഴിഞ്ഞ ഓഗസ്‌റ്റ് എട്ടിന്‌ 10 മണിക്കായിരുന്നു ചാലക്കുടി നഗരസഭാപരിസരത്തെ ശയന പ്രദക്ഷിണം. കട്ടിലും ചെറിയ ഫ്‌ളക്‌സ് ബോര്‍ഡും കൊണ്ടുവച്ചു.
വിവരമറിഞ്ഞ്‌ ജനം തടിച്ചുകൂടിയതോടെ സലിമിന്‌ സന്തോഷമായി. ഉന്നയിച്ച വിഷയം പതുക്കെയെങ്കിലും ചര്‍ച്ചയാകുകയാണ്‌. ഒറ്റയാന്‍ സമരത്തിനും സമൂഹമനസില്‍ ഇടമുണ്ടെന്ന കണ്ടെത്തല്‍. പിറ്റേന്ന്‌ കോടതിയുടെ ഇടപെടലുണ്ടായി; ഡി സിനിമാസ്‌ തുറക്കട്ടെ. അങ്ങനെ സമരം നിര്‍ത്തി.
ദിലീപ്‌ കുറ്റംചെയ്‌തുവോ എന്ന തര്‍ക്കത്തിനപ്പുറത്ത്‌ സിനിമാതീയറ്ററുകള്‍ പൂട്ടിക്കുന്നതിന്‌ എതിരേയാണ്‌ സലിം സമരമുഖം തുറന്നത്‌. അതു ശരിയെന്നു പലരും പിന്നീട്‌ തലകുലുക്കി. കേരളത്തിന്‌ ഇത്‌ വിചിത്രാനുഭവമായിരുന്നു. സിനിമാതീയറ്റര്‍ അടച്ചിടരുതെന്ന ആവശ്യമാണ്‌ ചലച്ചിത്രസ്‌നേഹി എന്ന നിലയില്‍ സലിം മുന്നോട്ടുവെച്ചത്‌.
അതിനിടെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. പരസ്‌പരം പരിചയമില്ലാത്തൊരാള്‍ ദിലീപിനായി സമരത്തിനിറങ്ങിയതെന്തിന്‌? സലിം ചിരിച്ചുകൊണ്ട്‌ മറുപടി പറയും: അതെ, പരിചയമില്ലായ്‌മയാണ്‌ എന്റെ അര്‍ഹത.
ദിലീപിനെ ഇല്ലാതാക്കാനുളള ആരുടെയോ ചരടുവലിയാണ്‌ തീയറ്റര്‍ പൂട്ടിക്കാനുള്ള നീക്കത്തിനു പുറകിലെന്നും ഇദ്ദേഹം ആരോപിക്കുന്നു. അദൃശ്യശക്‌തികളെ പുറത്തുകൊണ്ടുവന്നാലേ സമരം പൂര്‍ണമായി അവസാനിക്കൂ. തോറ്റവനെ ഇനിയും തോല്‍പ്പിക്കണോ എന്ന ചോദ്യവുമുണ്ട്‌.
സമരത്തിനിറങ്ങിയതിന്‌ എത്ര കിട്ടിയെന്നു പല കോണുകളില്‍ നിന്നും പരിഹാസരൂപത്തില്‍ ചോദ്യമുയര്‍ന്നിരുന്നു.
ദിലീപിനു വേണ്ടിയുള്ള സമരമല്ലേ, ദിലീപിന്റെ അനുജനെയെങ്കിലും വിവരമറിയിക്കൂ എന്നു പലരും ഉപദേശിച്ചു. അവരോടു കണക്കു പറയാന്‍ സലിം തയ്ായറാണ്‌.
1000 രൂപയുമായാണ്‌ വന്നത്‌. കട്ടിലിനു വാടക 900 രൂപ. 100 രൂപ ഒരു സുഹൃത്തിനു കൊടുത്തു. അതോടെ അക്കൗണ്ട്‌ ക്ലോസ്‌ഡ്. ഇതാണ്‌ യഥാര്‍ഥ തിരക്കഥ.
തിയറ്ററിനെ ദേവാലയമെന്നാണ്‌ സലിം വിശേഷിപ്പിക്കുക. സിനിമ കാണുന്നത്‌ ധ്യാനം പോലെയാണ്‌. എല്ലാ മതസ്‌ഥരും ഒരുമിച്ചു വന്നിരിക്കുന്ന ഇടമാണ്‌. അനുഭൂതികളില്‍ ലയിച്ച്‌ പ്രത്യേക മാനസികാവസ്‌ഥയിലാണ്‌ സിനിമ കാണുന്നത്‌.
ആ സമയത്ത്‌ കഥാപാത്രങ്ങളിലൂടെയാണ്‌ സഞ്ചാരം. മനസിലേക്ക്‌ വെളളിവെളിച്ചം പ്രവഹിക്കും. അങ്ങനെ വിലയിരുത്തുമ്പോള്‍ അതൊരു പ്രാര്‍ഥന കൂടിയാണ്‌. വികാരങ്ങളുടെ ചുമട്ടുകാരനാണ്‌ താനെന്ന്‌ സലിം പറയുന്നു.
അഭിപ്രായം പറയുന്നതിനുള്ള അവസരമുണ്ടാകണം. ഇറങ്ങുന്ന എല്ലാ സിനിമകളും വിടാതെ കാണുന്നയാളാണ്‌.
ദിലീപിനു പോലും അറിയാത്ത വേളയിലാണ്‌ ആലുവ ജയിലില്‍ സലിം ആഗസ്‌റ്റ് 12 നു സന്ദര്‍ശനത്തിനു ചെന്നത്‌. താടി നീട്ടിവളര്‍ത്തി ലുങ്കിയും നീലഷര്‍ട്ടുമിട്ടാണ്‌ ദിലീപ്‌ വന്നത്‌. സൂപ്പര്‍താരത്തിന്റെ അവസ്‌ഥ കണ്ട്‌ സലിമിനു കണ്ണുനിറഞ്ഞു.
കണ്ടവരെയൊക്കെ പോലീസ്‌ സംശയിക്കുകയും ചോദ്യംചെയ്യുകയും ചെയ്‌തിരുന്ന സമയം. ഏതോ ഉള്‍പ്രേരണയിലാണ്‌ ജയിലിലേക്കു ചെന്നത്‌. വിശദമായ ചോദ്യംചെയ്യലുകള്‍ക്കു ശേഷമായിരുന്നു സന്ദര്‍ശനാനുമതി. അതിനായി ഏഴെട്ടുദിവസം അലഞ്ഞു നടന്നു.
അനുമതി തേടിയെത്തിയപ്പോള്‍ ആരാണ്‌ ഇയാളെന്ന ചോദ്യവുമുയര്‍ന്നു. ദിലീപിനെ കാണാന്‍ അനുമതി തേടി നടക്കുമ്പോള്‍ ഏതു സമയത്തും പോലീസ്‌ പിടിച്ച്‌ അകത്തിടാനിടയുണ്ടെന്നു പറഞ്ഞ്‌ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതാണ്‌. ജയിലെങ്കില്‍ ജയില്‍ എന്ന നിലപാടെടുത്തു. അപ്പോള്‍ അത്തരമൊരു മാനസികാവസ്‌ഥയിലായിരുന്നു. ദിലീപിനെ തെളിവെടുപ്പിനായി നാടുനീളെ കൊണ്ടുനടക്കുന്നു എന്നായിരുന്നു സലിമിന്റെ മറ്റൊരു പരാതി. ഇത്‌ മാനസികപീഡനമാണെന്നും ആരോപിച്ചു. മാന്യമായി ജീവിക്കാനുള്ള ഇന്ത്യന്‍ പൗരന്റെ അവകാശത്തെയാണ്‌ ഹനിക്കുന്നതെന്നും മനുഷ്യാവകാശ കമ്മീഷനു നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വ്യക്‌തി എന്ന നിലയില്‍ ലഭിക്കേണ്ട അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്ന ആവശ്യമാണ്‌ പ്രധാനമായും ഉന്നയിക്കുന്നത്‌. ഹര്‍ജി ഉടനെ പരിഗണനയ്‌ക്ക് എടുക്കുമെന്ന പ്രതീക്ഷയിലാണ്‌ സലിം.
ദിലീപിന്‌ എതിരേ പരാതി വന്നപ്പോള്‍ സിനിമാ തമ്പുരാക്കന്മാര്‍ മൗനം പാലിച്ചതു ദുരൂഹമാണെന്നും സലിം കുറ്റപ്പെടുത്തുന്നു.
ദിലീപ്‌ സഹസംവിധായകനായി തുടങ്ങിയത്‌ കമലിന്റെ അടുത്തുനിന്നാണ്‌. കമല്‍ തള്ളിപ്പറഞ്ഞിട്ടില്ലല്ലോ? കമലിന്റെ ഓര്‍മചിത്രം എന്ന പുസ്‌തകത്തിന്‌ പഠനം എഴുതിയത്‌ സലീമാണ്‌. നടന്‌ എതിരേ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ പുറകിലുള്ളവരെ കണ്ടെത്തണം. അത്രയേയുള്ളൂ ആവശ്യം.

കെ.കെ

Ads by Google
Sunday 10 Sep 2017 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW