Wednesday, May 23, 2018 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 10 Sep 2017 02.17 AM

ഷഡ്‌പദം- സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/09/144580/sun2.jpg

പലചരക്ക്‌ കടയുടെ ഉത്‌ഘാടനം അതിഗംഭീരമായിരുന്നു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സഖാവ്‌ കുരീപ്പുഴ പത്മനാഭനാണ്‌ നാട മുറിച്ച്‌ ഉത്‌ഘാടനം നിര്‍വഹിച്ചത്‌. ചടങ്ങിന്‌ ആളെക്കൂട്ടാന്‍ മിമിക്രിതാരം ജാന്‍ അബ്ബാസിനെയും കുഞ്ഞുണ്ണി മുന്‍കൈ എടുത്ത്‌ ഇറക്കുമതി ചെയ്‌തിരുന്നു. കുഞ്ഞുണ്ണിയുടെ ഒരു പരിചയക്കാരന്റെ മകനാണ്‌ ജാന്‍ അബ്ബാസ്‌. പൊതുപ്രവര്‍ത്തകരെയും സിനിമാ താരങ്ങളെയും വികൃതമായി അനുകരിക്കുന്നതില്‍ പ്രത്യേകവൈദഗ്‌ധ്യം നേടിയ ആളാണ്‌ അബ്ബാസ്‌.
ഏതായാലും കുഞ്ഞുണ്ണിയുടെ പുതിയ സംരംഭത്തിന്‌ ദൃക്‌സാക്ഷിയാകാന്‍ സാമാന്യം നല്ല ജനക്കൂട്ടം തന്നെ എത്തിയിരുന്നു. വി.എസിന്റെ നീട്ടിവലിച്ചുളള സംഭാഷണ ശൈലിയൊക്കെ ഭംഗിയായി അവതരിപ്പിച്ച്‌ ജാന്‍ കയ്യടി നേടി.
കവലയില്‍ വെറ്റിലക്കച്ചവടം നടത്തുന്ന തലമൂത്ത കമ്മ്യൂണിസ്‌റ്റ് കേശവേട്ടന്‍ മാത്രം പ്രതിഷേധിച്ചു.
''ജനിച്ച വീടും കുടുംബോം എല്ലാം പാര്‍ട്ടിക്ക്‌ വേണ്ടി സമര്‍പ്പിച്ച നിസ്വാര്‍ത്ഥരായ കമ്മ്യൂണിസ്‌റ്റാരുന്നു അവര്‌. അവരെയൊക്കെ കളിയിക്കീട്ട്‌ വേണം ഇവനൊക്കെ കയ്യടി വാങ്ങാന്‍..''
''ഇതൊരു കലയല്ലേ കേശവേട്ടാ. നമ്മളതിനെ അങ്ങനെ കണ്ടാല്‍പോരേ?'' കേട്ടു നിന്ന സഖാവ്‌ ജോര്‍ജ്‌ പാറയ്‌ക്കന്‍ അതിനെ പിന്‍താങ്ങി.
''കൊല...എന്നെക്കൊണ്ടൊന്നും പറയിക്കരുത്‌...''
അങ്ങനെ പറഞ്ഞിട്ടും സമാധാനം വരാതെ കേശവേട്ടന്‍ ഒരു മുഴുത്ത തെറി പറഞ്ഞു.
പാറയ്‌ക്കന്‍ ചെവിപൊത്തി. ഉത്തരാധുനിക കമ്മ്യൂണിസ്‌റ്റായ അദ്ദേഹത്തിന്‌ അത്‌ കേട്ടു നില്‍ക്കാനുളള ശക്‌തിയില്ലായിരുന്നു.
''ഇപ്പോള്‍ പാര്‍ട്ടിക്ലാസ്‌ ഒന്നൂല്ലേടാ ജോര്‍ജേ..''
കേശവേട്ടന്‍ ചോദിച്ചു.
''അതിനൊക്കെ സമയം എവിടന്നാ കേശവേട്ടാ. സോഷ്യല്‍മീഡിയാ അപ്‌ഡേഷന്‌ തന്നെ സമയം തികയുന്നില്ല. ഫേസ്‌ബുക്കും വാട്ട്‌സ് ആപ്പും ഗൂഗിള്‍പ്ലസും ട്വിറ്ററും ഒരു വശത്ത്‌. ബ്ലോഗും വെബ്‌സൈറ്റും മറുവശത്ത്‌. മോദിയണ്ണന്‍ അതിലൊക്കെ തകര്‍ക്കുമ്പോ നമുക്ക്‌ ചുമ്മാതിരിക്കാന്‍ പറ്റുവോ..'' അതും പറഞ്ഞ്‌ അടുത്തു നിന്ന സഖാവ്‌ ഹുസൈനെ വിളിച്ച്‌് പാറയ്‌ക്കന്‍ ശകാരിച്ചു
''എടാ...കക്ഷിരാഷ്‌ട്രീയ ചേരിതിരിവുകള്‍ മറന്ന്‌ കുഞ്ഞുണ്യേട്ടന്റെ കട ഉത്‌ഘാടനം ചെയ്യുകയാണ്‌ സഖാവ്‌ പത്മനാഭന്‍. അതിന്റെ ഫോട്ടോ ഉടന്‍ തന്നെ ഫേസ്‌ബുക്കില്‍ വീശണം. നമ്മുടെ പാര്‍ട്ടിയുടെ വര്‍ഗേതരനിലപാടുകളിലെ വിശാലത ജനം ഒന്നറിയട്ടെ...''
കൂടുതല്‍ മുഴുത്ത തെറി പറയാനുളള വൈമുഖ്യം കൊണ്ട്‌ കേശവേട്ടന്‍ സ്‌ഥലം കാലിയാക്കി.
ഈ വൈരുദ്ധ്യങ്ങളൊന്നും രാമുണ്ണിയെ ബാധിച്ചതേയില്ല. അയാള്‍ തന്റെ അടിസ്‌ഥാ നിലപാടുകളില്‍ നിന്നും തെല്ലൂം വ്യതിചലിക്കാതെ ബസ്‌ സ്‌റ്റോപ്പില്‍ വണ്ടി കാത്തു നിന്ന പെണ്‍കുട്ടികളെ വിശാലമായി വായ്‌നോക്കി. അവന്റെ തലയ്‌ക്ക് കിഴുക്കിക്കൊണ്ട്‌ കുഞ്ഞുണ്ണി അലറി. ''വായ്‌നോക്കി നില്‍ക്കാതെ പോയി ഗസ്‌റ്റുകള്‍ക്ക്‌ ചായേം ബിസ്‌കറ്റും എടുത്ത്‌ കൊടുക്കടാ കൊശവാ...''
രാമു ആര്‍ക്കാനും വേണ്ടി ഓക്കാനിക്കും മട്ടില്‍ ചൂട്‌ചായ നിറഞ്ഞ ടംബ്ലര്‍ എടുത്തുയര്‍ത്തി.
തുടര്‍ച്ചയായ ക്ഷീണവും തലചുറ്റലും മൂലം സൗമിനി ചടങ്ങിന്‌ വന്നില്ല. അവള്‍ക്ക്‌ കൂട്ടായി ലീലാമണിയും വീട്ടിലിരുന്നു.
ഒരാഴ്‌ച കടന്നു പോയി. കടയില്‍ കാര്യമായ കച്ചവടം ഒന്നും തന്നെ നടന്നില്ല. കവലയില്‍ വേറെയും രണ്ട്‌ കടകള്‍ ഉണ്ടായിരുന്നു. അവിടത്തെ സ്‌ഥിരം പറ്റുപടിക്കാര്‍ക്ക്‌ റെഡികാഷ്‌ കൊടുത്ത്‌ സാധനം വാങ്ങാന്‍ താത്‌പര്യം ഉണ്ടാവില്ലല്ലോ?
മാത്രമല്ല സാധനം വാങ്ങുന്നതിലും കടകള്‍ തെരഞ്ഞെടുക്കുന്നതിലും പലര്‍ക്കും ജാതീയമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. ഔസേപ്പ്‌ മാപ്ലയുടെയും വീരാനിക്കയുടെയും കടകള്‍ ഉളളപ്പോള്‍ വേറെ കട അന്വേഷിക്കേണ്ട ആവശ്യം ഇല്ല.
''സഖാവ്‌ പത്മനാഭന്‍ ഉത്‌ഘാടനം ചെയ്‌ത കട എന്ന നിലയില്‍ പാര്‍ട്ടി അനുഭാവികള്‍ മാത്രം സാധനം വാങ്ങിയാലും കട വന്‍വിജയമായേനെ..'' ലോക്കല്‍ കമ്മറ്റി സെക്രട്ടറി സഖാവ്‌ സുഗുണന്‍ കുഞ്ഞുണ്യോടുളള ലോഹ്യം വച്ച്‌ ഒരഭിപ്രായം പറഞ്ഞു.
''അതെങ്ങനെ നടക്കും സുഗുണാ...പാര്‍ട്ടി അവരുടെ വോട്ട്‌ബാങ്കുകളെ മറന്ന്‌ മറ്റുളളവരെ പ്രീണിപ്പിക്കാനുളള തത്രപ്പാടിലല്ലേ..''
പാറയ്‌ക്കനും ഹുസൈനും കുടെയുളളതു കൊണ്ട്‌ ആ സംസാരം അധികം നീട്ടാന്‍ സുഗുണന്‌ താത്‌പര്യം തോന്നിയില്ല. അയാള്‍ യാത്ര പറഞ്ഞ്‌ തത്‌കാലം തടിയൂരി
''കുഞ്ഞുണ്യേട്ടാ ഒരു സിംപോസിയം ഉണ്ടേ...നവമാധ്യമങ്ങളും ഇടതുപക്ഷ രാഷ്‌ട്രീയവും...സമയത്ത്‌ ചെന്നില്ലേ ജില്ലാസെക്രട്ടറി നല്ല പുളിച്ച തെറി പറയും..പോട്ടെ...'' സുഗുണന്‍ കതിനയ്‌ക്ക് തീ കൊളുത്തിയ പോലെ നടന്നു.
കുഞ്ഞുണ്ണിക്ക്‌ ഉളളില്‍ ചിരി പൊട്ടി.
''മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല...''
അയാള്‍ ആത്മഗതമെന്നോണം പറഞ്ഞു.
''അതിന്‌ നമ്മടെ മുല്ല പൂത്തില്ലല്ലോ അച്‌ഛാ..''
കേട്ടുനിന്ന രാമു ചോദിച്ചു.
''മിണ്ടാതിരിയെടാ കഴുതേ..''
അയാള്‍ മകനെ ശാസിച്ചു.
''കടയില്‍ കച്ചോടം വരാത്തേന്‌ അച്‌ഛനെന്തിനാ എന്റെ നേരെ മെക്കിട്ട്‌ കേറുന്നത്‌. ഇങ്ങനാന്നേല്‌ ഞാനിവിടെ നില്‍ക്കുന്നില്ല''
അതും പറഞ്ഞ്‌ രാമു പിണങ്ങി ഇറങ്ങി ഒറ്റ നടത്തം. കടയില്‍ നിന്ന്‌ രക്ഷപ്പെടാനുളള അഭ്യാസമാണ്‌ അതെന്ന്‌ കുഞ്ഞുണ്ണിക്ക്‌ അറിയാം.എന്നാലും അവന്‍ പറഞ്ഞതിലും കാര്യമുണ്ടെന്ന്‌ അയാള്‍ക്ക്‌ തോന്നി. കടയില്‍ ആള്‌ വരാത്തതിന്‌ അവനെ കുറ്റം പറഞ്ഞിട്ട്‌ കാര്യമുണ്ടോ? തന്റെ തീരുമാനം തെറ്റായി പോയെന്ന്‌ ആഴ്‌ചകള്‍ക്കുളളില്‍ അയാള്‍ക്ക്‌ ബോധ്യപ്പെട്ടു. ഇക്കണക്കിന്‌ പോയാല്‍ കടവാടക കൊടുക്കാനുളള കാശ്‌ പോലും പിരിഞ്ഞ്‌ കിട്ടില്ല. കറണ്ട്‌ചാര്‍ജ്‌ വേറെ. അവശേഷിച്ച പണം ബാങ്കില്‍ കിടപ്പുണ്ട്‌. നക്കാപ്പിച്ച ബാങ്ക്‌പലിശ കൊണ്ട്‌ കോണകം വാങ്ങിക്കാന്‍ തികയില്ല. ഇങ്ങനെ മുന്നോട്ട്‌ പോയാല്‍ ജീവിതം നായ നക്കിയത്‌ തന്നെ. അയാള്‍ നെടുവീര്‍പ്പിട്ടു.
ക്ഷീണം അകന്ന്‌ പഴയ ഉത്സാഹം തിരികെ വന്നപ്പോള്‍ സൗമിനി കുഞ്ഞുണ്ണിയോട്‌ പറഞ്ഞു. ''അച്‌ഛന്‍ എന്നും ഇങ്ങനെ ഒറ്റക്കാലില്‍ നിന്ന്‌ കഷ്‌ടപ്പെടണ്ട. ഇടയ്‌ക്ക് ഞാനും കടയില്‍ വരാം..''
''ഈ വയറും വച്ചോണ്ട്‌ നീയെങ്ങനാ മക്കളേ അവടെ വന്നിരിക്കുന്നത്‌..''
''കുറച്ച്‌സമയം ഇരിക്കുന്നേന്‌ കൊഴപ്പവില്ലച്‌ഛാ..''
''അത്‌ വേണ്ട മക്കളേ...നീ അമ്മേ സഹായിച്ചോണ്ട്‌ ഇവിടിരുന്നാ മതി..''
''അടുക്കളക്കാര്യവൊക്കെ ഞങ്ങള്‌ കാലത്തേ തീര്‍ക്കും അച്‌ഛാ..'' ലീലാമണിയെ നോക്കി സൗമിനി പറഞ്ഞു.
''മോള്‍ക്കത്ര ആഗ്രഹവാന്നേല്‌ നിങ്ങള്‌ അവളേക്കൂടി കൊണ്ടുപോ..''
ലീലാമണി പിന്‍താങ്ങി.
ജനിക്കാതെ പോയ സ്വന്തം മകളുടെ സ്‌ഥാനത്താണ്‌ അവര്‍ രണ്ടുപേരൂം അവളെ കാണുന്നത്‌. പാഴായി പിറന്ന ഒരു മകനില്‍ നിന്ന്‌ കിട്ടാത്ത സ്‌നേഹവും കരുതലും അവളില്‍ നിന്ന്‌ അവര്‍ക്കും ലഭിക്കുന്നു. രാമുവിന്‌ ഇളയതായി ഒരു മകള്‍ പിറന്നതാണ്‌ ലീലാമണിക്കും കുഞ്ഞുണ്ണിക്കും.പക്ഷെ ചാപിളളയായി പോയി. പ്രസവത്തോടെ കുഞ്ഞിന്റെ ചേതനയറ്റ ശരീരം കാണേണ്ടി വന്ന ആഘാതത്തില്‍ ഇനിയൊരു പരീക്ഷണം വേണ്ടെന്ന്‌ അവര്‍ തീരുമാനിച്ചു. എല്ലാം സൗഭാഗ്യങ്ങളും നല്‍കി ഉളള ഒരു ആണ്‍തരിയെ വളര്‍ത്തുക. അതിങ്ങനെയായി പോകുമെന്ന്‌ ആര്‌ കണ്ടു?
ആ കുറവും വേദനയും നികത്തിയത്‌ സൗമിനിമോള്‍ വന്നു കയറിയ ശേഷമാണ്‌.
അവള്‍ ഒരു ആഗ്രഹം പറഞ്ഞപ്പോള്‍ മറുത്തൊരക്ഷരം പറയാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. യഥാര്‍ത്ഥത്തില്‍ കുഞ്ഞുണ്ണിയുടെ കഷ്‌ടപ്പാട്‌ കണ്ട സഹതാപം കൊണ്ടാണ്‌ കടയില്‍ സഹായത്തിന്‌ ചെല്ലാന്‍ സൗമിനിക്ക്‌ തോന്നിയത്‌. അവളുടെ ആ മനസ്‌ അവര്‍ക്ക്‌ അറിയുകയും ചെയ്യാം. അതുകൊണ്ട്‌ ആരും എതിര്‌ പറഞ്ഞില്ല. രാമുവിനും സന്തോഷമായി. അച്‌ഛന്‌ സഹായത്തിന്‌ സൗമിനിയുളളപ്പോള്‍ തനിക്ക്‌ തന്നിഷ്‌ടപ്രകാരം ഉഴപ്പിത്തല്ലി നടക്കാമല്ലോ?
സൗമിനി കടയില്‍ വന്നിരിക്കുന്ന വിവരം കവലയില്‍ പാട്ടായി. അതുവരെ കട കണ്ടാല്‍ തിരിഞ്ഞു നോക്കാത്ത ചില വായ്‌നോക്കികള്‍ കടയിലെ സ്‌ഥിരം പറ്റുപടിക്കാരായി.
സൗമിനിയുടെ ആഗമനം തന്നെ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു. കവലയിലെ ചായക്കടയിലെ ചര്‍ച്ചാവിഷയങ്ങളില്‍ സൗമിനിയും കടയും സ്‌ഥാനം പിടിച്ചു. കടയില്‍ കച്ചവടം ഉണ്ടാക്കുന്നതിന്‌ കുഞ്ഞുണ്ണി ഇറക്കിയ തുറുപ്പുചീട്ടാണ്‌ സുന്ദരിയായ മരുമകളെന്ന്‌ ചിലര്‍. ലക്ഷാധിപനായ ആ കുമാരന്‍ മുതലാളിയുടെ മകള്‍ക്ക്‌ ഇതിന്റെ വല്ല കാര്യവുമുണ്ടോയെന്ന്‌ മറ്റു ചിലര്‍.
ഏതായാലും സൗമിനിയുടെ വരവ്‌ നാട്ടില്‍ പാട്ടായി. പക്ഷെ കച്ചവടത്തിന്‌ അതൊന്നും ഗുണം ചെയ്‌തില്ല. പുതുതായി വന്നവരില്‍ ഏറെയും പറ്റുപടിക്കാരായിരുന്നു. കടയില്‍ കടം കുമിഞ്ഞപ്പോള്‍ സാധനങ്ങള്‍ സ്‌റ്റോക്ക്‌ ചെയ്യാനുളള പണം കണ്ടെത്താന്‍ സാധിക്കാതെ കുഞ്ഞുണ്ണി നട്ടം തിരിഞ്ഞു.ബാങ്കിലെ പണം കുറെശ്ശേ പിന്‍വലിച്ച്‌ തത്‌കാല പരിഹാരം കണ്ടെത്തി. ലാഭം പോയിട്ട്‌ മുതലു പോലും നഷ്‌ടപ്പെടുന്ന അവസ്‌ഥയിലായി കച്ചവടം. ആദ്യത്തെ കൗതുകം മാഞ്ഞപ്പോള്‍ സൗമിനിയുടെ രൂപഭംഗി കാണാന്‍ പോലും ആളുകള്‍ വരാതായി.
സമയം കൊല്ലാമെന്നല്ലാതെ പലചരക്ക്‌കട ജീവിതമാര്‍ഗമാവില്ലെന്ന്‌ കുഞ്ഞുണ്ണിക്ക്‌ ഉറപ്പായി. പല രാത്രികളിലും അയാള്‍ക്ക്‌ ഉറക്കം നഷ്‌ടപ്പെട്ടു. കളിയും ചിരിയും വര്‍ത്തമാനങ്ങളും ഇല്ലാതായി. ഭര്‍ത്താവില്‍ വന്ന മാറ്റം ലീലാമണി കൃത്യമായി മനസിലാക്കുന്നുണ്ടായിരുന്നു. സൗമിനിയുടെ സമാധാന വാക്കുകള്‍ മാത്രമായിരുന്നു അയാള്‍ക്ക്‌ ഏകആശ്വാസം. രാമുണ്ണി അമ്പലത്തിന്‌ പിന്നിലെ കാട്‌പിടിച്ച പറമ്പിലിരുന്ന്‌ പതിവായി കാശു വച്ച്‌ ഗുലാന്‍പെരശ്‌ കളിച്ചു.
സൗമിനിയെ ചാക്കിട്ട്‌ പണം സംഘടിപ്പിച്ചാണ്‌ കളി. ചില ദിവസങ്ങളില്‍ നേടും. ചില ദിവസങ്ങളില്‍ പോകും.
എന്തിന്‌ വേണ്ടി ജീവിക്കുന്നുവെന്ന്‌ സത്യത്തില്‍ അയാള്‍ക്ക്‌ തന്നെ അറിയില്ലായിരുന്നു. കിടപ്പറയില്‍ സൗമിനി നിത്യകന്യകയായി. പക്ഷെ അവള്‍ക്ക്‌ ഇപ്പോള്‍ വലിയ സങ്കടമില്ല. പ്രതീക്ഷാനിര്‍ഭരമായ ഒരു ലക്ഷ്യത്തെ അവള്‍ സ്‌നേഹിക്കുന്നു. ഉടന്‍ ഭൂമിയുടെ വെളിച്ചം കാണാന്‍ ഒരുങ്ങുന്ന തന്റെ കുഞ്ഞ്‌...അതിനെ വളര്‍ത്തി വലുതാക്കണം. തനിക്ക്‌ പറ്റിയ അബദ്ധങ്ങള്‍ അവളിലൂടെ തിരുത്തണം. ചിലപ്പോള്‍ അവന്‍ അല്ലെങ്കില്‍ അവള്‍...രണ്ടും മാറി മാറി സ്വപ്‌നം കാണും. സംശയനിവൃത്തിക്കായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്‌ടറെ ആശ്രയിച്ചു. നഗരത്തിലെ ആശുപത്രിയില്‍ പോയി സ്‌കാന്‍ ചെയ്യാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. മകളുടെ ആഗ്രഹം ലീലാമണി സാധിച്ചുകൊടുത്തു. കൂടെ ചെന്നത്‌ അവരാണ്‌. സ്‌കാനിംഗില്‍ ആണ്‍കുട്ടിയെന്ന്‌ തെളിഞ്ഞു. സൗമിനിക്ക്‌ സന്തോഷമായി. അവള്‍ അവന്‌ ഒരു പേര്‌ മനസില്‍ കുറിച്ചിട്ടു. ശിവശങ്കരന്‍..ശങ്കു എന്ന്‌ വിളിക്കാം. പണ്ടേ അവളൊരു ശിവഭക്‌തയായിരുന്നു. നാട്ടില്‍ ശിവക്ഷേത്രങ്ങളില്ലെങ്കിലും മാസത്തിലൊരിക്കല്‍ ഏറ്റുമാനൂരില്‍ പോയി തൊഴും. എല്ലാ സന്ധ്യയ്‌ക്കും വിളക്ക്‌വച്ച്‌ ശിവസഹസ്രനാമം ജപിക്കും.
എന്നിട്ടും ഭഗവാന്‍ എന്തിന്‌ എന്നെ പരീക്ഷിക്കുന്നു എന്ന്‌ അവള്‍ മനസില്‍ കലഹിക്കും. ക്ഷിപ്രപ്രസാദിയെന്ന പോലെ ക്ഷിപ്രകോപിയുമാണല്ലോ ശിവന്‍ എന്ന്‌ ആശ്വസിക്കും. മാതാപിതാക്കളെ വേദനിപ്പിച്ചത്‌ ചിലപ്പോള്‍ ഇഷ്‌ടമായിക്കാണില്ല.
ഭഗവാന്റെ നിലപാട്‌ എന്തായിരുന്നാലും കുമാരന്‌ മകളോട്‌ ഒട്ടും ക്ഷമിക്കാന്‍ കഴിഞ്ഞില്ല. തലയില്‍ വച്ചാല്‍ പേനരിക്കും താഴത്തുവച്ചാല്‍ ഉറുമ്പരിക്കും എന്നപോലെ വളര്‍ത്തിയ മകള്‍ പലചരക്ക്‌ കടയില്‍ സാധനം തൂക്കി കൊടുക്കുന്നതും നാട്ടുകാര്‍ക്ക്‌ പ്രദര്‍ശനവസ്‌തുവായി നില്‍ക്കുന്നതും കേട്ടറിഞ്ഞപ്പോള്‍ കുമാരന്‌ അത്‌ തീരാവേദനയായി. തന്റെ സ്‌നേഹം തിരിച്ചറിയാതെ ഇറങ്ങിത്തിരിച്ച അവളോട്‌ തീര്‍ത്താല്‍ തീരാത്ത കലിപ്പും തോന്നി.
പുതിയ ബെന്‍സ്‌കാറില്‍ കവലയിലുടെ അയാള്‍ പാസ്‌ ചെയ്‌തു. പോകുംവഴി കടയിലിരിക്കുന്ന മകളെ ഒരു മിന്നായം പോലെ അയാള്‍ കണ്ടു. അവളുടെ മുഖം കരുവാളിച്ചിരിക്കുന്നതും അവിടെ ഓജസ്‌ വറ്റിയതും ഒറ്റനോട്ടത്തില്‍ ആ പിതൃഹൃദയം കണ്ടു.
തീവ്രമായ വേദന ഉള്ളിലെ രോഷത്തെ മറച്ചു.

(തുടരും)

Ads by Google
Sunday 10 Sep 2017 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW