Tuesday, September 12, 2017 Last Updated 40 Min 44 Sec ago English Edition
Todays E paper
Sunday 10 Sep 2017 02.01 AM

വാ... ഐസ്‌ക്രീം കഴിക്കാം!

uploads/news/2017/09/144555/re6.jpg

'ഒരു കടലാസെടുത്തു നിങ്ങള്‍ക്ക്‌ വീട്ടില്‍ കേള്‍ക്കുവാന്‍ ഇഷ്‌ടമുള്ള വാക്കുകള്‍ എഴുതുക.' അഞ്ചാം ക്ലാസിലെ അധ്യാപിക കുട്ടികളോടു പറഞ്ഞു.:
ഓരോരുത്തരും അവരവരുടെ മാതാപിതാക്കള്‍ അവരോടു പറയുന്ന വാചകങ്ങള്‍ എഴുതുവാന്‍ തുടങ്ങി. അതില്‍ ചിലത്‌ ഇപ്രകാരമായിരുന്നു.
എന്റെ പൊന്നുമോനല്ലേ! എന്റെ പുന്നാരമോളല്ലേ! അമ്മയ്‌ക്കു മോളെ വലിയ ഇഷ്‌ടമാ, വാ, ഐസ്‌ ക്രീം കഴിക്കാം. വേറെ ഒരു കുട്ടി ഇങ്ങനെ എഴുതി, നീ ഇന്നു സ്‌കൂളില്‍ പോകണ്ട, ഇരുന്നു കളിച്ചോ.
മറ്റൊരാള്‍ എഴുതി, നിന്റെ പെരുമാറ്റം, എന്റെ മോളേ എത്ര നന്നായിരിക്കുന്നു.
വേറൊരാള്‍, നിനക്കു ഞാന്‍ സമ്മാനം വാങ്ങിച്ചു വച്ചിരിക്കുന്നതാ, ഇന്നു നിന്റെ ജന്മദിവസമല്ലേ, ഇതു നിനക്കു വേണ്ടിയുള്ളതാ.
ഈ കുഞ്ഞുങ്ങള്‍ അവര്‍ക്കു കേള്‍ക്കുവാന്‍ ഇഷ്‌ടമുള്ള കാര്യങ്ങള്‍ എഴുതി. അധ്യാപിക ആ വിദ്യാര്‍ഥികളോടു പറഞ്ഞു, ഇനി കേള്‍ക്കാന്‍ ഇഷ്‌ടമില്ലാത്ത ചില വാചകങ്ങള്‍ എഴുതണം.
അവര്‍ എഴുതിയ വാചകങ്ങളില്‍ ചിലത്‌ ഇങ്ങനെ ആയിരുന്നു.
എത്ര പ്രാവശ്യം നിന്നോടു ഞാനിതു പറഞ്ഞു, ചെയ്യരുതെന്ന്‌. നിന്റെ തലമണ്ടേല്‍ കയറത്തില്ലേ?
എടാ, നീ തര്‍ക്കിച്ചു വര്‍ത്തമാനം പറയരുത്‌ കേട്ടോ.
മര്യാദയ്‌ക്കു കേട്ടോണം അല്ലെങ്കില്‍ ഞാന്‍ നിന്നെ...
പപ്പായോടു ചെന്നു പറ.
ഈ അധ്യാപിക പിന്നെ അവരോടു പറഞ്ഞു, നിങ്ങളുടെ മാതാപിതാക്കള്‍ക്കു കേള്‍ക്കുവാന്‍ ഇഷ്‌ടമില്ലാത്ത ചില വാചകങ്ങള്‍ കൂടി എഴുതണം. അതിനും അവര്‍ ഉത്തരം എഴുതി.
വീട്ടില്‍ ചെന്ന്‌, പരീക്ഷയ്‌ക്കു തോറ്റു, എന്നു പറയുമ്പോള്‍ എന്റെ മമ്മിക്കു വലിയ പ്രയാസമാ.
എന്റെ പുസ്‌തകം കാണുന്നില്ല എന്നു പറയുമ്പോള്‍ അച്‌ഛന്‌ ദേഷ്യം ആണ്‌. വേറൊരു കുട്ടി എഴുതി, നീ ഇതു ചെയ്‌തോ എന്നു ചോദിക്കുമ്പോള്‍, എനിക്കറിയാന്‍ വയ്യ എന്നു പറയുമ്പോള്‍ അവര്‍ക്കു പിണക്കമാണ്‌.
ഇതു എനിക്ക്‌ വളരെ രസകരമായി തോന്നി.
വീട്ടില്‍ മക്കളും മാതാപിതാക്കളും കേള്‍ക്കുവാന്‍ ഇഷ്‌ടമില്ലാത്തതും ഇഷ്‌ടമുള്ളതുമായ അനേകം കാര്യങ്ങള്‍ അവര്‍ ഹൃദയത്തില്‍ നിന്നും പങ്കിടുകയാണ്‌ ചെയ്‌തത്‌. വാളുകള്‍പോലെ മൂര്‍ച്ചയുള്ള വാക്കുകള്‍!
നിങ്ങളുടെ വീട്ടില്‍ എന്തു പ്രശ്‌നം ആയിരുന്നാലും ഞാന്‍ ചോദിക്കട്ടെ, ശപിച്ചതു കൊണ്ടോ ചീത്തവിളിച്ചതു കൊണ്ടോ ആ പ്രശ്‌നത്തിന്‌ പരിഹാരമായോ? വീട്‌ ആളിക്കത്തുമ്പോള്‍ എണ്ണ കോരി ഒഴിച്ചതു കൊണ്ടു തീ കെടുമോ?
കുട്ടിക്ക്‌ പരീക്ഷയ്‌ക്കു അല്‌പം മാര്‍ക്കു കുറഞ്ഞു. അവനെ നിന്ദിച്ചതു കൊണ്ടോ വഴക്കു പറഞ്ഞതുകൊണ്ടോ അവനു കൂടുതല്‍ മാര്‍ക്കു കിട്ടുമോ?
അവിയലിന്‌ ഉപ്പു കൂടി. എടീ, മൂധേവി! ആരാ നിന്നെ കൂട്ടാന്‍ വെക്കാന്‍ പഠിപ്പിച്ചത്‌? എന്ന്‌ നാട്ടുകാര്‍ കേള്‍ക്കെ വിളിച്ചു കൂവിയാല്‍ അവിയലിന്‌ ഉപ്പ്‌ കുറയുമോ? ഒരു വാക്ക്‌ സ്‌നേഹത്തില്‍ സംസാരിക്കുവാന്‍ ഇടയായാല്‍ എത്ര നല്ലത്‌. മുറിപ്പെടുത്തുന്ന വാക്കുകള്‍ നാം ഉപയോഗിക്കാതിരിക്കുക.
നമ്മുടെ ആവശ്യം ധന്യമായ ഭവനം കെട്ടിപ്പണിയുക എന്നുള്ളതാണ്‌. നിങ്ങളുടെ വീട്ടില്‍ സമാധാനം ആവശ്യമാണ്‌. അവിടെ കടന്നു വരുന്നവര്‍ മനസിലാക്കണം അവിടെ ജീവിക്കുന്ന ആളുകള്‍ മാന്യരും ദൈവഭയമുള്ളവരും തമ്മില്‍ സ്‌നേഹിക്കുന്നവരുമാണെന്ന്‌. അങ്ങനെ ആഗ്രഹിക്കുന്നു എങ്കില്‍ ദയവു ചെയ്‌ത് മുറിപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിക്കരുത്‌.
പലപ്പോഴും മാതാപിതാക്കള്‍ അവരുടെ വീഴ്‌ചകളും പരാജയങ്ങളും മക്കളോടു പങ്കിടുവാന്‍ മടിക്കുന്നു. അതുകൊണ്ടു കുട്ടികളുടെ ചിന്ത എന്താണ്‌? ഞങ്ങളുടെ ദുഃഖങ്ങളും പ്രശ്‌നങ്ങളും മാതാപിതാക്കള്‍ക്ക്‌ മനസിലാക്കാന്‍ കഴിയില്ല എന്നാണ്‌.
ഒരു നല്ല ഭവനത്തിലെ ആളുകള്‍ മറ്റുള്ളവരുടെ സംസാരത്തിനു പ്രതികരിക്കുക മാത്രമല്ല, വികാരം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
അല്ലെങ്കില്‍ അവരുടെ ചിന്തകള്‍ അവര്‍ പറഞ്ഞില്ലെങ്കിലും അതു മനസിലാക്കി അതനുസരിച്ച്‌ ഇടപെടുന്നു. ഞാന്‍ മനസിലാക്കുന്നു എന്നു പറയുന്നതു വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സംഗതിയാണ്‌. അങ്ങനെ പറയുവാന്‍ നാം ശീലിക്കണം.
മനുഷ്യരുടെ സംസാരം അവരുടെ ജീവിതംപോലെയാണ്‌ എന്നു സെനക്ക. നല്ല പെരുമാറ്റത്തിന്‌ മറ്റുള്ളവരുടെ നല്ല പെരുമാറ്റത്തിന്റെ പിന്തുണ ആവശ്യമുണ്ട്‌ എന്നു എമേഴ്‌സണ്‍. നമ്മുടെ സംസാരവും പെരുമാറ്റവും എങ്ങനെയുണ്ട്‌ എന്നു പരിശോധിക്കുക.
നാം തമ്മില്‍ തമ്മില്‍ ഇടപെടുമ്പോള്‍ ഒരു വ്യക്‌തിയുടെ വികാരത്തെയും വ്യക്‌തിത്വത്തെയും വിധിച്ച്‌ ഇടപെടരുത്‌. പിന്നെയോ അവര്‍ ചെയ്യുന്ന കാര്യങ്ങളെ വിലയിരുത്തുവാന്‍ നമുക്ക്‌ ഇടയാകണം.

Ads by Google
Advertisement
Sunday 10 Sep 2017 02.01 AM
YOU MAY BE INTERESTED
TRENDING NOW