Wednesday, May 23, 2018 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 10 Sep 2017 01.58 AM

വക്കം അബ്‌ദുള്‍ ഖാദര്‍ കേരളത്തിന്‍െറ 'ഭഗത്‌ സിങ്‌്'

uploads/news/2017/09/144552/bft1.jpg

ചിറയിന്‍കീഴ്‌ താലൂക്കില്‍ അഞ്ച്‌തെങ്ങ്‌ കായല്‍ തീരത്ത്‌ വര്‍ക്കലയ്‌ക്കും കടക്കാവൂരിനും ഇടയിലുള്ള വക്കം ഗ്രാമം. റഷ്യന്‍ വിപ്ലവത്താല്‍ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുന്ന വര്‍ഷം 1917-ല്‍ മേയ്‌ 25 നു കടത്തുകാരന്‍ വാവക്കുഞ്ഞിന്റെയും ഭാര്യ ഉമ്മുസല്‍മയുടെയും നാലാമത്തെ സന്തതിയായി ഒരു ആണ്‍കുഞ്ഞ്‌ പിറന്നു. ധീരദേശാഭിമാനിയെന്ന നിലയില്‍ കേരളം അഭിമാനിക്കുന്ന വക്കം ഖാദറായിരുന്നു ആ ശിശു. അദ്ദേഹം രക്‌തസാക്ഷിത്വം വരിച്ചിട്ട്‌ ഇന്ന്‌ 75 വര്‍ഷം പൂര്‍ത്തിയാകും.
സാമൂഹിക പ്രവര്‍ത്തകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. സ്വാതന്ത്ര്യസമരത്തോടുള്ള മകന്റെ അടുപ്പം കൂടിക്കൂടി വരുന്നത്‌ പിതാവ്‌ വാവക്കുഞ്ഞും നിരീക്ഷിച്ചുകൊണ്ടിരുന്നു. ആ താല്‍പര്യം അവനെ കേസുകളിലേക്കും ജയില്‍വാസത്തിലേക്കും എത്തിക്കും എന്ന്‌ അദ്ദേഹം ഭയപ്പെട്ടു.
1938 മാര്‍ച്ചില്‍ നെടുങ്ങണ്ടത്ത്‌ കോണ്‍ഗ്രസ്‌ പൊതുയോഗം ബ്രിട്ടീഷ്‌ അനുകൂലികള്‍ അലങ്കോലമാക്കി. അതിനെതിരെ ചെറുപ്പക്കാരുടെ ഒരു പ്രതിഷേധ പ്രകടനം നടന്നു. കൂട്ടുകാരെയൊക്കെ ബന്ധപ്പെട്ടുകൊണ്ട്‌ അതിന്‌ മുന്‍കൈ എടുത്തത്‌ ഖാദറായിരുന്നു. അതിനിടെ ഹിന്ദു യുവതിയുമായി ഖാദര്‍ പ്രണയത്തിലായി. അതുകൂടി അറിഞ്ഞപ്പോള്‍ മകനെ നാട്ടില്‍നിന്ന്‌ അകറ്റാന്‍ പിതാവ്‌ തീരുമാനിക്കുകയായിരുന്നു.
അക്കാലത്ത്‌ കേരളത്തില്‍നിന്നും ചെറുപ്പക്കാര്‍ മെച്ചപ്പെട്ട ജോലി തേടിപ്പോയിരുന്നത്‌ മലയയിലേക്കും സിംഗപ്പുരിലേക്കുമൊക്കെയായിരുന്നു. മെട്രിക്കുലേഷന്‍ പാസായ ഖാദറെ ആ പിതാവ്‌ മലയയിലേക്ക്‌ അയച്ചത്‌ നല്ല ജോലി കിട്ടാന്‍വേണ്ടി മാത്രമായിരുന്നില്ല. അവനെ അപകടങ്ങളില്‍നിന്നും ഒഴിവാക്കുക എന്നതുകൂടി ഉദ്ദേശിച്ചായിരുന്നു.
നേതാജിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച "ആസാദ്‌ ഹിന്ദ്‌" താല്‍ക്കാലിക സര്‍ക്കാരിലെ മന്ത്രിയായിരുന്ന ക്യാപ്‌റ്റന്‍ ലക്ഷ്‌മിയും എസ്‌.എ. അയ്യരും അടക്കമുള്ളവര്‍ തങ്ങളുടെ ഐ.എന്‍.എ. ജീവിതത്തെക്കുറിച്ച്‌ എഴുതിയിട്ടുണ്ട്‌. അവരുടെ കൃതികളിലൊന്നും കാര്യമായി പരാമര്‍ശിച്ചിട്ടില്ലാത്ത ഒന്നാണ്‌ ഐ.എന്‍.എയുടെ രഹസ്യ സര്‍വീസ്‌. ഈ രഹസ്യ സര്‍വീസിലായിരുന്നു വക്കം ഖാദറിന്‌ ചുമതല കിട്ടിയത്‌. അത്യന്തം അപകടം പിടിച്ച സംരംഭമായതിനാല്‍ അതുമായി നേരിട്ട്‌ ബന്ധമില്ലാത്ത ഐ.എന്‍.എക്കാര്‍ക്ക്‌ തന്നെ അതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വ്യക്‌തമായ വിവരം ഉണ്ടായിരുന്നില്ല.
മദ്രാസിലെ ഐ.എന്‍.എ. റിലീഫ്‌ കമ്മറ്റിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ മേജര്‍ എന്‍.എസ്‌. സ്വാമിയെക്കുറിച്ചുള്ള ഒരു പരാമര്‍ശം മാത്രമാണ്‌ രഹസ്യ സര്‍വീസിനെക്കുറിച്ച്‌ ക്യാപ്‌റ്റന്‍ ലക്ഷ്‌മിയുടെ ഓര്‍മ്മക്കുറിപ്പുകളിലുള്ളത്‌. ജര്‍മ്മനിയില്‍നിന്നും മുങ്ങിക്കപ്പലില്‍ മലയയില്‍ എത്തി ഐ.എന്‍.എ.യുടെ രഹസ്യ സര്‍വീസിലെ പടയാളികള്‍ക്കുള്ള പരിശീലകന്റെ ചുമതലയേറ്റയാളായിരുന്നു മേജര്‍ സ്വാമി.
പെനാങ്ങിലെ സ്വരാജ്‌ ഇന്‍സ്‌റിറ്റ്യൂട്ടില്‍, പ്രത്യേകമായി തെരഞ്ഞെടുത്ത യുവാക്കളെ വിദഗ്‌ദ്ധ പരിശീലനങ്ങള്‍ നല്‍കി ആത്മഹത്യാ സ്‌ക്വാഡുകള്‍ രൂപീകരിച്ച്‌ അനധികൃതമായി ഇന്ത്യയിലെത്തിച്ച്‌ അവരെക്കൊണ്ട്‌ രാജ്യത്തിനകത്ത്‌ ബ്രിട്ടീഷ്‌ വിരുദ്ധ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നതായിരുന്നു രഹസ്യ സര്‍വീസുകൊണ്ട്‌ ഉദ്ദേശിച്ചിരുന്നത്‌. വക്കം ഖാദറിനൊപ്പം രഹസ്യ സര്‍വീസിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട 32 പേര്‍ വേറെയുണ്ടായിരുന്നു. ആ മുപ്പത്തിമൂന്ന്‌ പേരില്‍ കൂടുതല്‍ വൈദഗ്‌ദ്ധ്യം പ്രകടിപ്പിച്ച ഇരുപതുപേരെ തെരഞ്ഞെടുത്ത്‌ അവരെ അഞ്ചുപേര്‍ വീതമുള്ള ചെറുസംഘങ്ങളായി ഇന്ത്യയിലേക്ക്‌ അയയ്‌ക്കാന്‍ തീരുമാനിക്കപ്പെട്ടു. അവര്‍ക്കെല്ലാം റൈഫിള്‍ ഷൂട്ടിംഗ്‌, നീന്തല്‍, പര്‍വതാരോഹണം തുടങ്ങിയവയില്‍ വിദഗ്‌ദ്ധ പരിശീലനം കൊടുത്തിരുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരും എല്ലാ മതവിഭാഗങ്ങളിലും പെട്ടവരും ഉള്‍പ്പെട്ടതായിരുന്നു ആ ഇരുപതുപേര്‍. ജഗദീശ്‌ മിത്ര കൗറ, ഫൗജാസിംഗ്‌, സി. ഗോപാലകൃഷ്‌ണമൂര്‍ത്തി റെഡ്‌ഡി, സത്യചന്ദ്രബര്‍ദാന്‍, ഫണീന്ദ്രനാഥ റോയി, സുപ്രഭാത്‌ രഞ്ചന്‍പോള്‍ നാനി, ജി. ശാന്തപിള്ള, വക്കം ഖാദര്‍, മുഹമ്മദ്‌ ഗനി, കെ. കൊച്ചുഗോവിന്ദന്‍, എം. ഗംഗാധരന്‍, കെ. മത്തായി മാമ്മന്‍, സി.പി. ഈപ്പന്‍, എ. ആന്‍ഡ്രൂസ്‌, ലിയോഡിക്രൂസ്‌, ബോണി ഫെയസ്‌ ബി പെരേര, കെ.എ. ജോര്‍ജ്‌, എം. ജോര്‍ജ്‌, എ. അനന്തന്‍നായര്‍, ബാലകൃഷ്‌ണന്‍നായര്‍ എന്നിവരായിരുന്നു ആ ഇരുപത്‌ പേര്‍.
ഖാദര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തില്‍ എ. അനന്തന്‍നായര്‍, സി.പി. ഈപ്പന്‍, മുഹമ്മദ്‌ ഗനി, കെ.എം. ജോര്‍ജ്‌ എന്നിവരായിരുന്നു ഉണ്ടായിരുന്നത്‌. 1942 സെപ്‌റ്റംബര്‍ 18-ന്‌ ഖാദറും കൂട്ടുകാരും പെനാംഗില്‍നിന്നും ഒരു ജപ്പാന്‍ അന്തര്‍വാഹിനിയില്‍ ഇന്ത്യയിലേക്ക്‌ തിരിച്ചു.
ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ താനൂര്‍ തീരത്തിനടുത്ത്‌ കടലില്‍ ഇറക്കി വിടപ്പെട്ട ആ അഞ്ചു യുവാക്കളും കാറ്റുനിറച്ച ഒരു വലിയ ട്യൂബിന്റെ സഹായത്തോടെ കടപ്പുറത്ത്‌ നീന്തീക്കയറി. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത്‌ കടപ്പുറത്തുണ്ടായിരുന്ന ചില ബ്രിട്ടീഷ്‌ അനുകൂലികളുടെ ശ്രദ്ധയില്‍ അവര്‍ പെട്ടു. അവരില്‍നിന്നും വിവരം കിട്ടിയ പട്ടാളം കടപ്പുറത്ത്‌ കുതിച്ചെത്തി. ഒന്നും ചെയ്യാന്‍ അവര്‍ക്ക്‌ അവസരം കിട്ടിയില്ല. അഞ്ചുപേരെയും പട്ടാളം അറസ്‌റ്റു ചെയ്‌ത്‌ കൊണ്ടുപോയി. കണ്ണുകള്‍ മൂടിക്കെട്ടി, കൈകള്‍ പിറകിലേക്ക്‌ പിടിച്ചുകെട്ടി, കാലുകളില്‍ ചങ്ങലയിലും തളച്ചായിരുന്നു അവരെ നടത്തിക്കൊണ്ടുപോയത്‌. ഏതാനും ദിവസങ്ങള്‍ അടുത്തുള്ള പോലീസ്‌ സ്‌റ്റേഷനുകളില്‍ തടവിലിട്ടശേഷം എല്ലാവരേയും മദ്രാസിലെ സെന്റ്‌ ജോര്‍ജ്‌ കോട്ടയിലെ തടവറയിലേക്ക്‌ മാറ്റി.
വ്യത്യസ്‌ത സംഘങ്ങളായി വ്യത്യസ്‌ത സ്‌ഥലങ്ങളില്‍ കൊണ്ടിറക്കപ്പെട്ട ആ ഇരുപത്‌ വിപ്ലവകാരികളെയും ബ്രിട്ടീഷുകാര്‍ പലയിടങ്ങളില്‍വെച്ച്‌ പിടികൂടി ജയിലിലെത്തിച്ചു. തികഞ്ഞ പരാജയമായിരുന്നു ആ ദൗത്യം. ഒന്നും ചെയ്യാതെതന്നെ ആ ഇരുപത്‌ യുവാക്കളുടെയും ജീവിതം പ്രതിസന്ധിയിലായി.
പ്രതികാര ചിന്തയോടെ വിധിപറഞ്ഞ ജഡ്‌ജി വക്കം ഖാദര്‍ക്കും കൂടെ സംഘത്തിലുണ്ടായിരുന്ന അനന്തന്‍ നായര്‍ക്കും വധശിക്ഷ വിധിച്ചു. പെനാംഗില്‍നിന്നും പോന്ന മറ്റു സംഘങ്ങളില്‍പ്പെട്ടവരായിരുന്ന ഫൗജാസിംഗ്‌, ബോണി ഫെയ്‌സ്‌ പെരേര, സത്യചന്ദ്രബര്‍ദാന്‍ എന്നിവര്‍ക്കും വധശിക്ഷ തന്നെ കിട്ടി. ബാക്കിയെല്ലാവര്‍ക്കും തടവ്‌ ശിക്ഷയുണ്ടായിരുന്നു.
ഖാദറിന്‌ അഞ്ചുകൊല്ലത്തെ തടവിനുശേഷം വധശിക്ഷ എന്നതായിരുന്നു അയര്‍ലന്റുകാരനായ ജഡ്‌ജിയുടെ വിധി. വിധിയറിഞ്ഞശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്‌ വക്കം ഖാദര്‍ കൊടുത്ത മറുപടിക്ക്‌ കോടതിതന്നെ നടുങ്ങി. എനിക്കിനിയൊരു ജന്മം ഉണ്ടെങ്കില്‍ അതും ഞാനെന്റെ രാജ്യത്തിന്‌ വേണ്ടി സമര്‍പ്പിക്കും അതായിരുന്നു ധീര വിപ്ലവകാരിയുടെ മറുപടി.
1943 സെപ്‌റ്റംബര്‍ പത്തായിരുന്നു വിധി നടപ്പാക്കാന്‍ നിശ്‌ചയിച്ച ദിവസം. തലേ ദിവസം രാത്രി പന്ത്രണ്ടുമണിക്ക്‌ ഖാദര്‍ രണ്ടു കത്തുകള്‍ എഴുതി തയ്യാറാക്കി. ഒന്ന്‌ തന്റെ കുടുംബാംഗങ്ങള്‍ക്കുവേണ്ടിയും രണ്ടാമത്തേത്‌ സഹപോരാളി ബോണി ഫെയ്‌സ്‌ പരേരക്കുവേണ്ടിയും.
രണ്ടിലും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിജയിപ്പിക്കുന്നതിനെക്കുറിച്ചും മതസൗഹാര്‍ദ്ദത്തെക്കുറിച്ചുമായിരുന്നു പ്രതിപാദിച്ചിരുന്നത്‌. ബാപ്പയെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ കുടുംബത്തിനുവേണ്ടി തയ്യാറാക്കിയ കത്തില്‍ ഖാദര്‍ എഴുതി എത്ര അഭിമാനത്തോടെയാണ്‌ ഞാന്‍ മരണത്തെ നേരിട്ടത്‌ എന്ന്‌ ദൃക്‌സാക്ഷികള്‍ വഴി നിങ്ങള്‍ അറിയും. അന്ന്‌ നിങ്ങള്‍ക്ക്‌ എന്നെക്കുറിച്ച്‌ അഭിമാനവും സന്തോഷവും തോന്നും. ഉറപ്പായ മരണത്തിന്‌ ആറുമണിക്കൂര്‍ മുമ്പു മാത്രം എഴുതിയ ആ കത്തുകളിലും ഒരു ഇടര്‍ച്ചയോ പതര്‍ച്ചയോ മലയാളത്തിന്റെ ആ വീരപുത്രനുണ്ടായില്ല.
സെപ്‌റ്റംബര്‍ 10-ന്‌ പുലര്‍ച്ചെ ജയിലില്‍നിന്നും പുറത്തിറക്കി തൂക്കുമരത്തിനടുത്തേക്ക്‌ നടത്തിക്കൊണ്ടുപോകുമ്പോള്‍ ആ നാല്‌ ധീരന്മാരും ചുരുട്ടിയ മുഷ്‌ടികള്‍ ആകാശത്തേക്ക്‌ ഉയര്‍ത്തിക്കൊണ്ട്‌ സ്വാതന്ത്ര്യ സമര മുദ്രവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടിരുന്നു. അന്നുതന്നെ ആ നാലുപേരെയും ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യ ബല നല്‍കിയ ലക്ഷക്കണക്കിന്‌ രക്‌തസാക്ഷികളോടൊപ്പം അവരും ചേര്‍ന്നു.
വക്കം ഖാദറും സഖാക്കളും വധിക്കപ്പെട്ട്‌ ഒമ്പതുമാസങ്ങള്‍ക്കുശേഷം 1944 ജൂണ്‍ 25-ന്‌ നേതാജിയുടേത്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ ഭഗത്‌റാമിന്‌ കിട്ടിയ ഒരു സന്ദേശത്തിലും ഒരു സെയ്‌ഫു റഹ്‌മാനെയും വേറെ പന്ത്രണ്ട്‌ പേരെയും തൊട്ടുമുമ്പുള്ള മാര്‍ച്ച്‌ മാസത്തില്‍ മുങ്ങിക്കപ്പലില്‍ ഇന്ത്യയിലേക്കയച്ച കാര്യം സൂചിപ്പിച്ചിരുന്നു. മുമ്പ്‌ അയക്കപ്പെട്ടവര്‍ക്ക്‌ എന്ത്‌ സംഭവിച്ചുവെന്ന കൃത്യമായ ചിത്രം നേതാജിക്ക്‌ കൊടുക്കാതെ ആ പാഴ്‌വേലകള്‍ തുടര്‍ന്നുകൊണ്ടിരുന്നു എന്നാണിത്‌ സൂചിപ്പിക്കുന്നത്‌.
വിചാരണവേളയിലും തൂക്കുമരത്തിന്‌ നേരെ നടന്നടുക്കുമ്പോഴും കാണിച്ച ധീരതയുടെ പേരില്‍ സ്വാതന്ത്ര്യസമരത്തിലെ രക്‌തസാക്ഷികളായ ഭഗത്‌ സിംങിന്റെയും സഹ സഖാക്കളായ രാജ്‌ഗുരുവിന്റെയും സുഖ്‌ദേവിന്റെയും പേരുകള്‍ രാജ്യം മുഴുവന്‍ ഓര്‍മ്മിക്കുന്നു. അവരുടെ ജീവിതം ഇന്നും രാജ്യസ്‌നേഹികള്‍ക്ക്‌ പ്രചോദനമായി നിലകൊള്ളുന്നു.
എന്നാല്‍ അതേ ധീരതയോടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മരണത്തെ നേരിട്ട ഐ.എന്‍.എ. പോരാളികളും രക്‌തസാക്ഷികളുമായ വക്കം ഖാദറെയും സഹപ്രവര്‍ത്തകരെയും ആ രീതിയില്‍ ആരും അനുസ്‌മരിക്കാറില്ല. നമ്മള്‍ മലയാളികളുടേയും അവസ്‌ഥ ഈ കാര്യത്തില്‍ അത്ര മെച്ചപ്പെട്ടതല്ല. കേരളത്തിന്റെ ഭഗത്‌ സിംങായി വാഴ്‌ത്തപ്പെടേണ്ട വക്കം ഖാദറിന്റെ ജീവിതം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്‌ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ നമ്മളും പഠിപ്പിച്ചുകൊടുക്കുന്നില്ല.
നാലായിരത്തില്‍പ്പരം ദേശസ്‌നേഹികളുടെ രക്‌തസാക്ഷിത്വംകൊണ്ട്‌ മഹത്വമാര്‍ന്നതായിരുന്നു ഐ.എന്‍.എ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പോരാട്ടം. ആ രക്‌തസാക്ഷ്യങ്ങള്‍ക്ക്‌ പൊതുവില്‍ തന്നെ അര്‍ഹിക്കുന്ന ഒരിടം നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നാം കൊടുത്തിട്ടില്ല. അവരോടൊപ്പം അവഗണിക്കപ്പെട്ട്‌ കിടക്കുകയാണ്‌ വക്കം ഖാദറിന്റെയും കൂട്ടുകാരുടേയും ജീവത്യാഗവും.
ഭഗത്‌ സിങിന്റെ കൂട്ടുകാരുടെയും രക്‌തസാക്ഷിത്വദിനമായ മാര്‍ച്ച്‌ 23 ഇന്ത്യ മുഴുവന്‍ ഓര്‍മ്മിക്കുന്നു. വക്കം ഖാദറുടേയും സഖാക്കളുടേയും രക്‌തസാക്ഷിത്വദിനമായ സെപ്‌റ്റംബര്‍ 10-നെ അതേ പ്രാധാന്യത്തോടെ കാണാന്‍ മലയാളികള്‍ക്കെങ്കിലും ഉത്തരവാദിത്വമുണ്ട്‌.
ഇരുപത്താറാം വയസില്‍ രാജ്യത്തിനുവേണ്ടി മരണത്തിലേക്ക്‌ ഉറച്ച കാല്‍വയ്‌പുകളുമായി നടന്നുപോയ ആ യുവധീരന്‍ നമ്മളിലൊരാളായിരുന്നു. 2017 വക്കം ഖാദറുടെ ജന്മശതാബ്‌ദി വര്‍ഷമാണ്‌.

ബഷീര്‍ ചുങ്കത്തറ

Ads by Google
Sunday 10 Sep 2017 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW