Friday, June 22, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 09 Sep 2017 02.01 AM

അത്യാഹിതങ്ങളില്‍ വെള്ളം കുടിക്കുന്നു

uploads/news/2017/09/144252/editorial.jpg

സംരക്ഷണത്തിന്‌ ഒത്തിരി നിയമങ്ങളുണ്ട്‌ എന്നാല്‍, സംരക്ഷണം ഒന്നും നടക്കുന്നില്ല എന്നതാണ്‌ കേരളത്തിലെ നാട്ടാനകളുടെ കാര്യം. ആനകള്‍ വിരണ്ടോടുന്നതും നാശനഷ്‌ടങ്ങളുണ്ടാക്കുന്നതും കേരളത്തില്‍ പുതുമയില്ലാത്ത സംഭവങ്ങളായി മാറിയിരിക്കുന്നു.

ഏതാനും ദിവസം മുന്‍പ്‌ ആലപ്പുഴയിലെ തുറവൂരില്‍ മുല്ലയ്‌ക്കല്‍ ബാലകൃഷ്‌ണന്‍ എന്ന ആന വിരണ്ടോടിയതും നാട്ടിലാകെ പരിഭ്രാന്തിയുണ്ടാക്കിയതും ഈ പരമ്പരയിലെ അവസാന സംഭവമാണ്‌. എറണാകുളത്ത്‌ ഒന്‍പതു ദിവസം ഉത്സവത്തില്‍ പങ്കെടുത്ത ശേഷം ആലപ്പുഴയ്‌ക്ക്‌ ലോറിയില്‍ കൊണ്ടുവരുമ്പോഴാണ്‌ ബാലകൃഷണന്‍ ലോറിയില്‍ നിന്ന്‌ ഇറങ്ങിയോടിയത്‌. പുലര്‍ച്ചെ ഇറങ്ങിയോടിയ ആനയെ കണ്ടെത്തിയത്‌ നേരം പുലര്‍ന്ന ശേഷമായിരുന്നു. ഈ ഓട്ടത്തിനിടയില്‍ ആന ചതുപ്പില്‍ വീണു. ആനയെ രക്ഷപ്പെടുത്തിയതും തുടര്‍ന്നുള്ള സംഭവങ്ങളും പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്‌.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന അത്യാഹിതങ്ങളെ നേരിടുന്നതില്‍ നമുക്കുള്ള അപര്യാപ്‌തത വെളിപ്പെടുത്തുന്നതായിരുന്നു ആന ചതുപ്പില്‍ വീണ ശേഷമുണ്ടായ സംഭവങ്ങള്‍. 17 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ്‌ ആനയെ കരയ്‌ക്ക്‌ കയറ്റാന്‍ സാധിച്ചത്‌. ഈ 17 മണിക്കൂറും ആനയെ സംബന്ധിച്ചിടത്തോളം ദുരിതമായിരുന്നു. രക്ഷാദൗത്യത്തിന്റെ അവസാന ഘട്ടങ്ങളില്‍ ആന തികച്ചും അവശനായിരുന്നു. അതിന്റെ ജീവന്‍ പോകുമോ എന്നു വരെ തോന്നിച്ചു. രക്ഷാദൗത്യം ഒരു പുരോഗതിയുമില്ലാതെ മണിക്കൂറുകള്‍ പിന്നിടുമ്പോഴും ആനയെ കരകയറ്റാനുള്ള ഫലപ്രദമായ ഒരുമാര്‍ഗവും കണ്ടു പിടിക്കാനായില്ല എന്നതാണ്‌ സത്യം.
ഈ ആനയോട്ടത്തില്‍ നിന്ന്‌ സുരക്ഷാ കാര്യത്തില്‍ ഒട്ടേറെ പാഠങ്ങള്‍ പഠിക്കാനാവും. കേരളത്തിലെ ഓരോ പഞ്ചായത്തിന്റെയും ഭൂമിശാസ്‌ത്രം സംബന്ധിച്ച്‌ വിശദമായ രേഖകള്‍ തയാറാക്കേണ്ടതുണ്ട്‌ എന്നതാണ്‌ ഏറ്റവും പ്രധാനം. ഉദാഹരണത്തിന്‌ ഓരോ പഞ്ചായത്തിലെയും അപകട സാധ്യതകളുള്ള പ്രദേശങ്ങള്‍ ഏതാണ്‌, അവിടുത്തെ പ്രത്യേകത എന്താണ്‌, അവിടത്തേക്ക്‌ എത്തിച്ചേരാനുള്ള വഴികള്‍ ഏതൊക്കെ, ഒരു അപകടം ഉണ്ടായാല്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തണം തുടങ്ങിയ കാര്യങ്ങളില്‍ ഒരു സുരക്ഷാ സര്‍വേയോ സുരക്ഷാ ഓഡിറ്റിങ്ങോ നടത്തണം. ത്രിതല ഭരണ സംവിധാനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം ഇത്തരം ഒരു പദ്ധതിയും ആലോചിക്കാവുന്നതാണ്‌.

വെള്ളത്തില്‍ മുങ്ങിയുള്ള മരണം സംബന്ധിച്ച്‌ മംഗളം മുഖപ്രസംഗത്തില്‍ ഇത്തരം ഒരു ആശയം മുന്നോട്ടു വച്ചിരുന്നു. ഇത്‌ ജലാശയങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, എല്ലാത്തരം അപകട മേഖലകളുടെ കാര്യത്തിലും വേണമെന്നതാണ്‌ ആനയുടെ വിരണ്ടോട്ടം മനസ്സിലാക്കിത്തരുന്നത്‌. തുറവൂരിലെ ചതുപ്പിന്റെ ആഴം സംബന്ധിച്ച്‌ പഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ കൃത്യമായ അറിവുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, ആനയെ രക്ഷപ്പെടുത്താന്‍ ഇത്രയും സമയവും ശ്രമവും വേണ്ടിവരില്ലായിരുന്നു. സാങ്കേതികവിദ്യ ഇത്രയും വികസിച്ച ഈ കാലഘട്ടത്തില്‍ ഇത്തരം വിവരങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനും ആവശ്യമുള്ള സമയത്ത്‌ ഉപയോഗിക്കാനും സാധിക്കും.

ആനകളുടെ വിരണ്ടോട്ടമാണ്‌ രണ്ടാമത്തെ വിഷയം. ഏറെ വിലപിടിപ്പുള്ളതും വലിപ്പമുള്ളതുമായ മൃഗമാണെങ്കിലും നാട്ടാനകള്‍ കേരളത്തില്‍ തികച്ചും പീഡനമനുഭവിക്കുന്ന ജീവികളാണെന്നത്‌ ഇതിനകം സംശയമില്ലാതെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌. ഏറെ ആരാധകരുണ്ടെങ്കിലും ആനകളുടെ കാര്യം കഷ്‌ടമാണ്‌. അവയെ അനുസരണ പഠിപ്പിക്കാനായി അതീവ ദയനീയമായി പീഡിപ്പിക്കുന്നുവെന്നത്‌ അനപ്രേമികള്‍ തെളിവു സഹിതം വെളിപ്പെടുത്തിയിട്ടുള്ളതാണ്‌. അമിതമായ ജോലിഭാരവും പാപ്പാന്മാരടക്കമുള്ളവരുടെ ക്രൂരതയും ആനകളെ നിയന്ത്രണം വിടുന്ന അവസ്‌ഥയിലാക്കുകയാണ്‌. അടിസ്‌ഥാനപരമായി വന്യജീവിയായ ആന നിയന്ത്രണം വിടുമ്പോള്‍ അതിന്റെ തനിസ്വഭാവം കാണിക്കുന്നുവെന്നുമാത്രം. ആനകളെ ആ അവസ്‌ഥയിലേക്ക്‌ എത്തിക്കാതിരിക്കുക എന്നതാണ്‌ കരണീയം. അതിനായി നാട്ടാന പരിപാലനത്തിന്‌ അനേകം നിയമങ്ങളുണ്ട്‌. അവയെല്ലാം പാലിക്കപ്പെടുന്നുവെന്നും അതുവഴി ആനകള്‍ സുരക്ഷിതമായിരിക്കുന്നുവെന്നും ഉറപ്പുവരുത്താന്‍ അധികൃതര്‍ തയാറാകണം.

Ads by Google
Saturday 09 Sep 2017 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW