Sunday, May 20, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 09 Sep 2017 01.58 AM

വെളിച്ചപ്പാടേ, നേന്ത്രക്കുലയ്‌ക്ക് എന്താ വില?

uploads/news/2017/09/144250/bft2.jpg

പണ്ട്‌, ഏതു നാടിനും സ്വന്തം ഭഗവതിയുണ്ടായിരുന്നു. വെളിച്ചപ്പാടും!
നാടിന്റെ ക്ഷേമൈശ്വര്യങ്ങള്‍ കാത്തുരക്ഷിക്കുന്ന ഭഗവതിയുടെ ഇംഗിതങ്ങളും അനുഗ്രഹങ്ങളും 'വെളിച്ചപ്പെടുത്തുക' എന്നതാണ്‌ വെളിച്ചപ്പാടിന്റെ ഡ്യൂട്ടി.
പുറത്തുനിന്നുവരുന്ന ഒരാള്‍ക്ക്‌ നാട്ടിലെ വെളിച്ചപ്പാടിനെ പെട്ടെന്ന്‌ തിരിച്ചറിയാനാകില്ല. ചായക്കടയിലും മുറുക്കാന്‍ കടയിലും കുളിക്കടവിലും അയാള്‍ സാധാരണക്കാരന്റെ വേഷത്തില്‍ കാണപ്പെടുന്നു. സവിശേഷാവസരങ്ങളില്‍ വാളും ചിലമ്പും പട്ടും ധരിച്ചെത്തി തുള്ളാന്‍ തുടങ്ങുന്നതോടെ മൂപ്പര്‍ മറ്റൊരാളായി മാറും! അത്ഭുതകരമായ രൂപാന്തരപ്രാപ്‌തി!
'വെളിച്ചപ്പാടിനെ എല്ലാവരും അറിയും, വെളിച്ചപ്പാടിന്‌ ആരെയും അറിയാന്‍വയ്യ!' എന്നൊരു ചൊല്ലുണ്ട്‌. 'കൊട്ടുന്ന താളത്തിനു തുള്ളുന്ന കോമരം' എന്ന്‌ മറ്റൊരു ചൊല്ല്‌.
കണ്ണുദോഷം മാറ്റല്‍, ശത്രുബാധയകറ്റല്‍, രോഗമില്ലാതാക്കല്‍ എന്നിവയൊക്കെ വെളിച്ചപ്പാടിന്റെ കര്‍മങ്ങളാണ്‌. അരിയും ഭസ്‌മവും ജപിച്ചിടുകയും തുള്ളലുമാണ്‌ പലപ്പോഴും വെളിച്ചപ്പാടിന്റെ 'പ്രഥമശുശ്രൂഷകള്‍'!
നാട്ടില്‍ വെളിച്ചപ്പാടില്ലാത്ത കാലം വന്നാല്‍ ഏതെങ്കിലും കുടുംബത്തില്‍നിന്ന്‌ നിര്‍ണായക സന്ദര്‍ഭത്തില്‍ ഒരാള്‍ 'വെളിച്ചപ്പെടുക'യാണു രീതി. അയാളായിരിക്കും അടുത്ത വെളിച്ചപ്പാട്‌!
ചില തറവാടുകളില്‍ കാരണവര്‍തന്നെ ഉറഞ്ഞുതുള്ളാറുണ്ടായിരുന്നു. പ്രത്യേകിച്ചും മന്ത്രവാദവും മറ്റും പഠിച്ച്‌ നാട്ടില്‍ പ്രശസ്‌തരായ ചില തറവാട്ടുകാരണവന്മാര്‍! വീട്ടിലും അയല്‍വക്കത്തുമൊക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന സൈക്കോളജിസ്‌റ്റുകളായിരുന്നു ഇവര്‍. അട്ടഹസിച്ച്‌, ചൂരല്‍വടിയെടുത്ത്‌ നിലത്തടിച്ച്‌, അരമണി കിലുക്കിച്ചാടുന്ന കാരണവരെ നാട്ടുകാര്‍ ഭയത്തോടെ തൊഴുതുവണങ്ങാതിരിക്കില്ല.

എസ്‌.കെ. പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ'യില്‍ ഒരു നാടന്‍ വെളിച്ചപ്പാടുണ്ട്‌-കീരന്‍പൂശാരി!
പൂവരശുക്കാവിലെ പുരോഹിതനും വെളിച്ചപ്പാടുമാണ്‌ കീരന്‍.
മന്ത്രവാദി, വൈദ്യന്‍, ജ്യോതിഷി എന്നീ നിലകളില്‍ ചെറുമക്കളുടെയിടയിലെ പ്രമുഖ വ്യക്‌തി. കൊടുങ്ങല്ലൂര്‍ ഭരണിക്കാലമായാല്‍ കീരന്‍ വ്രതമെടുക്കും. അരയില്‍ ചോപ്പു ചുറ്റി, വലങ്കൈയില്‍ വാളും ഇടങ്കൈയില്‍ മഞ്ഞപ്പൊടിത്താലവുമായി കീരന്‍ മുമ്പിലും കോഴികളെ കോലില്‍ കെട്ടിത്തൂക്കിയെടുത്ത്‌ 'ഓയ്‌ നടോയ്‌ നടാ' എന്ന ഭക്‌തിനിര്‍ഭര മുദ്രാവാക്യവും മുഴക്കിക്കൊണ്ട്‌ മറ്റു ചെറുമക്കള്‍ പിന്നിലുമായി കൊടുങ്ങല്ലൂര്‍ക്ക്‌ പുറപ്പെട്ടുനീങ്ങുന്ന ആ ജാഥയെ ആരും നോക്കിനിന്നുപോകും. മറ്റു വെളിച്ചപ്പാടുകളെപ്പോലെ, കീരനും വയസെത്രയായെന്ന്‌ നിര്‍ണയിക്കാന്‍ വയ്യ- മൂര്‍ദ്ധാവിലെ ഒഴിവുസ്‌ഥലം വെളിച്ചപ്പെട്ട്‌ വാളുകൊണ്ട്‌ വെട്ടിപ്പൊളിച്ചുണ്ടായ കലയോ കഷണ്ടിയോ എന്ന്‌ കണ്ടാല്‍ മനസിലാവുകയില്ല.
ചെറുമര്‍ക്കെല്ലാം കീരന്‍ പൂശാരി എന്നു കേട്ടാല്‍ പേടിയാണ്‌. തെയ്യം മെയ്യില്‍ക്കയറിയാല്‍ കീരന്‍ സര്‍വജ്‌ഞനായി മാറും! മൂര്‍ദ്ധാവില്‍ രണ്ടു വെട്ടും!
ഉഗ്രമായി കൂക്കിവിളിക്കും!
കീരനെപ്പോലെ എത്രയെത്ര വെളിച്ചപ്പാടുകളും നാട്ടുമന്ത്രവാദികളും നമ്മുടെ ദേശങ്ങളില്‍ ഭഗവതിയുടെ പിണിയാളുകളായി മരിച്ചുമണ്ണടിഞ്ഞു! ഈ ദേശത്തിന്റെ ചരിതം അവരുടെ കഥകൂടിയാണ്‌.
അശ്വതിനാളിലെ കാവുതീണ്ടലിന്‌ തൃശൂര്‍, പാലക്കാട്‌, കോഴിക്കോട്‌ ഭാഗങ്ങളില്‍നിന്ന്‌ എത്തുന്ന നൂറുകണക്കിന്‌ വെളിച്ചപ്പാടുകള്‍ കൊടുങ്ങല്ലൂരിലെ അത്ഭുതക്കാഴ്‌ചയാകുന്നു. 'താനാരോ തന്നാരോ തനതാനോരോ തന്നാരോ' എന്ന്‌ ഉച്ചത്തില്‍ പാടി, അരമണി കിലുക്കി, പള്ളിവാളും കാല്‍ച്ചിലമ്പും ധരിച്ച്‌ അലറിക്കുതിച്ചെത്തുന്ന വെളിച്ചപ്പാടുകള്‍ ഭഗവതിയുടെ തിരുമുറ്റം ചെങ്കടലാക്കുന്നു. അശ്വതി കാവുതീണ്ടലിന്‌ കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ ക്ഷേത്രത്തിലെ നിലപാടുതറയില്‍നിന്ന്‌ നാല്‍പത്തൊന്നുപേര്‍ക്ക്‌ ആദ്യം കാവുതീണ്ടാന്‍ അനുവാദം നല്‍കും.അതോടെ കോമരങ്ങള്‍ തുള്ളിയുറഞ്ഞ്‌ ക്ഷേത്രത്തിന്‌ മൂന്നുതവണ വലംവയ്‌ക്കും. മഞ്ഞള്‍പ്പൊടി പൂശിയ തലയില്‍ വാള്‍കൊണ്ടു വെട്ടി ചോരവരുത്തും. ഈ മുറിവുകള്‍ പഴുക്കുകയില്ല എന്നാണ്‌ വിശ്വാസം. ദാരികനെ നിഗ്രഹിക്കാന്‍ ഭദ്രകാളിക്കൊപ്പമെത്തിയ ഭൂതഗണങ്ങളാണല്ലോ കോമരങ്ങള്‍!
പണ്ട്‌, കൊടുങ്ങല്ലൂര്‍ വെളിച്ചപ്പാട്‌ എന്നുപറഞ്ഞ്‌ ചുമന്ന പട്ടും ധരിച്ച്‌ ചിലമ്പും കിലുക്കി ഭസ്‌മംനിറച്ച തട്ടുമായി ചിലര്‍ വീടുകളില്‍ കയറിയിറങ്ങുമായിരുന്നു. കൊടുങ്ങല്ലൂരില്‍ ഭഗവതിയുടെ കൂടെ 'വസൂരിമാല' എന്നൊരു ദേവതയുണ്ടെന്നും ആ ദേവതയാണ്‌ വസൂരിയുണ്ടാക്കുന്നതെന്നുമായിരുന്നു വിശ്വാസം.
''ഹെന്നെ, ഹെന്നെ പരീക്ഷിക്കുന്നോ?
പരീക്ഷിച്ചാല്‍ വിത്തുവാരിവിതറും ഞാന്‍!'' - ഇതാണ്‌ ഒരു സാധാരണവെളിച്ചപ്പാടിന്റെ ഭീഷണി. വസൂരി ഉണ്ടായിരുന്ന കാലത്ത്‌ 'വിത്തുവാരി വിതറും' എന്നു പറഞ്ഞാല്‍ പേടിക്കാത്തവരില്ലായിരുന്നു. വസൂരിദീനം പമ്പകടന്നതോടെ ഈ ഭീഷണിപ്പെടുത്തലും ഇല്ലാതായി!
എം.ടി. വാസുദേവന്‍നായരുടെ 'അസുരവിത്തി'ലും ഉറൂബിന്റെ കൃതികളിലും കേശവദേവിന്റെ 'നടി' എന്ന നോവലിലും വസൂരിബാധയുടെ കഷ്‌ടതകളുണ്ട്‌. വസൂരി ബാധിച്ചവരെ വീടുകളില്‍ ഉപേക്ഷിച്ച്‌ സ്‌ഥലംവിടുന്നതും പതിവായിരുന്നു. 'അസുരവിത്തി'ലെ ഗോവിന്ദന്‍കുട്ടി, വസൂരി ബാധിച്ചു മരിച്ചവരുടെ ശരീരങ്ങള്‍ സംസ്‌കരിക്കാന്‍ ധൈര്യപൂര്‍വം ഒരുങ്ങുന്നുണ്ട്‌. മൃതദേഹങ്ങള്‍ പായില്‍പ്പൊതിഞ്ഞുകെട്ടി പ്രത്യേകം തയാറാക്കിയ ശവപ്പറമ്പുകളില്‍ കുഴിച്ചിടുകയായിരുന്നു പതിവ്‌. അതുചെയ്യാന്‍പോലും ആളുണ്ടായിരുന്നില്ല. വസൂരി ബാധിച്ചു മരിച്ചവരുടെ പ്രേതങ്ങള്‍ക്കുപോലും പല പേരുകളുണ്ടായിരുന്നു!
രോഗം വരാതിരിക്കാന്‍ ദേശത്തിന്റെ അതിര്‍ത്തികളില്‍ അരിയും പൂവും വിതറി നാട്ടുകാരെ സുരക്ഷിതരാക്കുന്നതും വെളിച്ചപ്പാടുകളുടെ ചുമതലയായിരുന്നതിനാല്‍ അക്കാലത്ത്‌ പ്രതിഷ്‌ഠയേക്കാള്‍ ശക്‌തിയുള്ള പൂജാരിയുടെ അവസ്‌ഥയിലായിരുന്നു അവര്‍.
'വാവര്‍' എന്ന വി.കെ.എന്‍. കഥയില്‍ ഏതു സ്‌ഥാനാര്‍ഥിക്കാണ്‌ വോട്ടു ചെയ്യേണ്ടതെന്ന്‌ തുള്ളിയുറഞ്ഞു വന്ന്‌ നാട്ടുകാര്‍ക്ക്‌ ഉപദേശം നല്‍കുന്ന വെളിച്ചപ്പാടിന്റെ വരവ്‌ ഇങ്ങനെ.
''ജനം വീര്‍പ്പുമുട്ടി നില്‍ക്കെ, 'ഹിയ്യ' എന്ന പോര്‍വിളിയോടെ കാവിലെ വെളിച്ചപ്പാടവര്‍കള്‍ ശ്രീകോവിലില്‍നിന്ന്‌ പുറത്തുചാടി. ബോബു ചെയ്‌ത മുടിയോടെ, ഉടുത്ത തറ്റോടെ, അതിനുമേല്‍ ചുറ്റിയ പട്ടോടെ, നെറ്റിയില്‍ ഭസ്‌മ സിന്ദൂരാദികളോടെ, കൈയില്‍ ഉയര്‍ത്തിപ്പിടിച്ച കായംകുളംമാര്‍ക്കു വാളോടെ, അദ്ദേഹം ഉറഞ്ഞുതുള്ളി, ഇരുച്ചാല്‍, മുച്ചാലുകളായി തലങ്ങും വിലങ്ങും ക്ഷിപ്രപ്രയാണം തുടങ്ങി''.
എന്നാല്‍, വെളിച്ചപ്പാടും മനുഷ്യനാണെന്ന യാഥാര്‍ത്ഥ്യം ആരും ഓര്‍ക്കാറില്ല.
എം.ടിയുടെ 'പള്ളിവാളും കാല്‍ച്ചിലമ്പും' എന്ന കഥയില്‍ വെളിച്ചപ്പാടിന്റെ ദുഃഖങ്ങളുണ്ട്‌. ഈ കഥയാണ്‌ 1973 ല്‍ 'നിര്‍മാല്യം' എന്ന വിശ്രുത ചലച്ചിത്രകാവ്യമായി വിരിഞ്ഞത്‌. എം.ടി. തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ പ്രശസ്‌ത നടന്‍ പി.ജെ. ആന്റണിയാണു വെളിച്ചപ്പാടായി അഭിനയിച്ചത്‌. 1974 ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ആന്റണിക്കു കിട്ടി. ചിത്രത്തിനു സംസ്‌ഥാന അവാര്‍ഡും ലഭിച്ചു. നിരാശനും നിസ്വനുമായിത്തീര്‍ന്ന വെളിച്ചപ്പാട്‌, ശ്രീകോവിലിലേക്കു തുപ്പുന്ന രംഗത്തോടെയാണ്‌ സിനിമ അവസാനിക്കുന്നത്‌. ലക്ഷ്യബോധമില്ലാതെ അലഞ്ഞിരുന്ന എഴുപതുകളിലെ യുവത്വത്തിന്റെ വിഹ്വലതകള്‍ ഈ ചിത്രം പറയുന്നുണ്ട്‌.
എന്നാല്‍, ആണ്ടുകള്‍ക്കുശേഷം സത്യന്‍ അന്തിക്കാട്‌ എന്ന സംവിധായകന്റെ 'പൊന്മുട്ടയിടുന്ന താറാവ്‌' എന്ന ചിത്രത്തിലെത്തുമ്പോള്‍ ജഗതി ശ്രീകുമാറിന്റെ വെളിച്ചപ്പാട്‌ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം മാത്രമാണ്‌. എഴുപതുകളിലെ സാമൂഹിക ജീവിതാവസ്‌ഥകള്‍ ഇന്ന്‌ ഒരു കാര്‍ട്ടൂണ്‍ കഥ പോലെ തോന്നുന്നു എന്നതും വിസ്‌മരിക്കാനാകില്ല.
വെറുതേ തുള്ളി ഭയപ്പെടുത്താന്‍ ശ്രമിച്ച വെളിച്ചപ്പാടിനെ ശക്‌തന്‍ തമ്പുരാന്‍ നേരിട്ട കഥ പ്രസിദ്ധം. തൃശൂരിലെ തേക്കിന്‍കാട്‌ വെട്ടിത്തെളിക്കാന്‍ തീരുമാനിച്ച്‌, നേരിട്ടുവന്നുനിന്ന്‌ കാടുവെട്ടലിന്‌ നിര്‍ദേശങ്ങള്‍ നല്‍കിയ ശക്‌തന്റെ മുമ്പിലേക്ക്‌ പാറമേക്കാവിലെ വെളിച്ചപ്പാട്‌ തുള്ളിയെത്തിയപ്പോള്‍ പരിഹസിക്കാനുള്ള ധൈര്യം തമ്പുരാനു മാത്രമേ ഉണ്ടായിരുന്നുള്ളൂ!
വടക്കുംനാഥ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള തേക്കിന്‍കാട്‌ വെട്ടരുതെന്നും (ഭഗവതിയുടെ) അച്‌ഛന്റെ ജടയാണതെന്നുമായിരുന്നു വെളിച്ചപ്പാടിന്റെ അരുളപ്പാട്‌.
കാടു വെട്ടിത്തെളിച്ച്‌ ക്ഷേത്രപരിസരം വൃത്തിയാക്കി പ്രദക്ഷിണവഴി നിര്‍മിക്കാന്‍ പോവുകയാണെന്നായി തമ്പുരാന്‍.
വെളിച്ചപ്പാട്‌ കോപിച്ചു, തുള്ളല്‍ തുടങ്ങി. ശക്‌തനും വന്നു കോപം.
''ടിപ്പു സുല്‍ത്താന്‍ ക്ഷേത്രത്തില്‍ക്കടന്ന്‌ വടക്കുംനാഥന്റെ ബിംബം ഇളക്കിപ്പറിച്ചു പുറത്തു കളഞ്ഞപ്പോള്‍ നീയും നിന്റെ അച്‌ഛനും എവിടെയായിരുന്നു?' -എന്ന തമ്പുരാന്റെ ചോദ്യത്തിനു മുന്നില്‍ വെളിച്ചപ്പാട്‌ പതറി. ദേഷ്യം തീര്‍ക്കാന്‍ തലയില്‍ വാള്‍കൊണ്ട്‌ പല തവണ വെട്ടി. വാളിന്‌ മൂര്‍ച്ചയില്ലായിരുന്നു എന്നു മാത്രം!
തമ്പുരാന്‍ ചിരിച്ചു: -''നീ വിചാരിച്ചാല്‍ എന്നെ ഒന്നും ചെയ്യില്ല. ആ വാളിന്‌ മൂര്‍ച്ചയില്ലെങ്കില്‍ മൂര്‍ച്ചയുള്ള വാള്‍ എന്റെ കൈയിലുണ്ട്‌!''
തമ്പുരാന്‍ തല്‍ക്ഷണം സ്വന്തം വാളുകൊണ്ട്‌ വെളിച്ചപ്പാടിന്റെ കഥകഴിച്ചു!
അതിനുശേഷമാണ്‌ തൃശൂര്‍പൂരവും മറ്റു ചടങ്ങുകളും ശക്‌തന്‍ തുടങ്ങിവച്ചത്‌.
കള്ളത്തരംകാട്ടി തുള്ളുന്ന വെളിച്ചപ്പാടുകള്‍ക്ക്‌ ഭഗവതിതന്നെ ശിക്ഷവിധിക്കാറുണ്ട്‌- വസൂരിദീനമായിരുന്നു അവര്‍ക്കായി നീക്കിവച്ചിരുന്നത്‌!
'കള്ളത്തുള്ളല്‍' നടത്തിയ ഒരു വെളിച്ചപ്പാടിനോട്‌ ഒരു നമ്പൂതിരി 'ഇപ്പോള്‍ നേന്ത്രവാഴക്കുലയ്‌ക്ക് എന്താണ്‌ വില?'' എന്ന്‌ പരിഹസിച്ചു ചോദിച്ചതായി കഥയുണ്ട്‌.

Ads by Google
Saturday 09 Sep 2017 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW