Friday, June 08, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 03.32 PM

മുഴുവന്‍ സംവിധായകരെയും മാനം കെടുത്തരുത് - ഹരിദാസ്

uploads/news/2017/09/144078/CiniINWHaridas.jpg

ലൈംഗികാതിക്രമങ്ങളും ചൂഷണവും അനുബന്ധമായുള്ള കുറ്റാരോപണവും അനുദിനം വാര്‍ത്തകളാവുന്ന ഒരു ആസുരകാലത്താണ് നാം ജീവിക്കുന്നത്.

അതേസമയം പരസ്പരം ഇഷ്ടപ്പെട്ടിട്ടോ, ജൈവികമായ താല്പര്യപ്രകാരമോ ലൈംഗികത ആസ്വദിച്ച ശേഷം വാഗ്ദാന ലംഘനമുണ്ടായി, ചൂഷണം ചെയ്തു, പീഡിപ്പിച്ചു എന്നൊക്കെയുള്ള പരാതികളില്‍ പലതും സ്ത്രീസുരക്ഷാ നിയമങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന ദുരുപയോഗമാണ് എന്ന് ഉയര്‍ന്ന നീതിപീഠങ്ങള്‍ ഈയിടെ നിരീക്ഷിക്കുകയും അനുബന്ധമായ വിധി കല്പിക്കുകയും ചെയ്തു.

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്ക് ഈയിടെ കൂടുതല്‍ പ്രാധാന്യം കൈവന്നിരിക്കുന്നു. ചില നടികള്‍ ഒളിഞ്ഞും തെളിഞ്ഞും അത് വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മുഖ്യപ്രതികള്‍ സംവിധായകരാണ്. ഈ വിഷയത്തെക്കുറിച്ച് സംവിധായകന്‍ ഹരിദാസിന്റെ പ്രതികരണം ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു.

'ചിലരൊക്കെ അങ്ങനെ പറയുന്നു. അതില്‍ എത്രമാത്രം സത്യമുണ്ട് എന്നുപറയാന്‍ പറ്റില്ല. ഉണ്ടായിട്ടുണ്ടാവാം ഇല്ലാതിരിക്കാം. എന്തായാലും അത് മുഴുവന്‍ സംവിധായകര്‍ക്കും പേരുദോഷമുണ്ടാക്കി. പിന്നെ ഇതൊക്കെ വാര്‍ത്തകളാണ്. മാധ്യമങ്ങള്‍ പറയുന്നത്.

? മാധ്യമങ്ങള്‍ ഊഹിച്ചു പറഞ്ഞതല്ല. ചിലര്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ്.


ഠ ഒത്തിരിക്കാലമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. ഈ ഞങ്ങളുടെ തൊഴിലും ജീവിതമാര്‍ഗ്ഗവുമാണ്. അതില്ലാതാക്കാനോ, ആരോപണ വിധേയനാക്കാനോ ഞാനടക്കമുള്ള സംവിധായകര്‍ ശ്രമിക്കുമെന്ന് തോന്നുന്നില്ല. പണമുണ്ട്, ഒരു സിനിമ നിര്‍മ്മിക്കണം.

ചിരകാലാഭിലാഷമാണ് എന്നൊക്കെപ്പറഞ്ഞുവരുന്ന ചുരുക്കം ചില നിര്‍മ്മാതാക്കളുണ്ട്. അവര്‍ക്ക് മുടക്കുമുതല്‍ തിരികെ ലഭിക്കുന്നതിലും താല്പര്യം മറ്റു പലതുമാണ്. അതൊരു അവകാശമായി കരുതുകയും ചെയ്യുന്നു. അവരില്‍നിന്നുണ്ടായ ചില നീക്കങ്ങളാവാം ഈ ആരോപണത്തിനു പിന്നിലെന്നും സംശയിക്കണം.

? പക്ഷേ ആരോപണം വന്നത് സംവിധായകര്‍ക്കു നേരെയാണ്.


ഠ പകല്‍ സിനിമ സംവിധാനം ചെയ്യുകയും രാത്രി ലൈംഗിക ചൂഷണവുമാണ് സംവിധായകന്റെ പണി എന്ന് പൊതുസമൂഹം തെറ്റിദ്ധരിക്കുന്ന സാഹചര്യം ഉണ്ടാക്കുകയും അല്ലെങ്കില്‍ ആ വിധത്തിലുള്ള മുന്‍ധാരണയ്ക്ക് വളമിടുകയും ചെയ്തു അവരുടെ പ്രസ്താവനകള്‍.

എന്റെ പേരില്‍ ഈ വിധത്തിലൊരു പ്രസ്താവന ഇന്നേവരെ ഉണ്ടായിട്ടില്ല. ഷീല, ജയഭാരതി തുടങ്ങിയവരൊക്കെ അഭിനയിക്കുന്ന കാലം മുതല്‍ ഞാന്‍ സിനിമയിലുണ്ട്. അന്നൊന്നും കേള്‍ക്കാത്തത് ഇപ്പോള്‍ ഉണ്ടായിരിക്കുന്നു.

? ഇപ്പോഴുണ്ടായത് വ്യാജ ആരോപണങ്ങളാണെന്നാണോ പറഞ്ഞുവരുന്നത്...


ഠ എന്നല്ല. ഞാന്‍ പറഞ്ഞല്ലോ. അതിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍ ഞാനില്ല. വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇന്ന് എല്ലാ മേഖലകളിലും ഒരു പതിവായിട്ടുണ്ട്. ചൂഷണം ചെയ്യപ്പെട്ടു, അതിന് നിര്‍ബന്ധിച്ചു, ആവശ്യപ്പെട്ടു എന്നൊക്കെ പറയുന്നവര്‍ അതിനെപ്പറ്റിയുള്ള മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്തണം.

നിയമനടപടികള്‍ സ്വീകരിക്കണം. അതിനുള്ള തന്റേടം കാണിക്കണം. അങ്ങനെ മറ്റ് സംവിധായകരുടെ മാനം നിലനിര്‍ത്തണം. അല്ലാതെ കാടടച്ച് വെടിവയ്ക്കുകയല്ല വേണ്ടത്. കുടുംബത്തിലെ ഒരാള്‍ കുറ്റം ചെയ്യുകയോ കുറ്റാരോപിതനാവുകയോ ചെയ്താല്‍ പേരുദോഷം ആ കുടുംബത്തിലെ മുഴുവന്‍ ആള്‍ക്കാര്‍ക്കുമാണ്.

? അമ്മയുടെ പ്രസിഡന്റ് പറഞ്ഞ ഒരു കാര്യം സിനിമാ മേഖലയില്‍ അങ്ങനെയൊന്നും നടക്കുന്നില്ല. ഇനി അഥവാ ഏതെങ്കിലും സ്ത്രീ മോശക്കാരിയാണെങ്കില്‍ എന്തു ചെയ്യാന്‍ കഴിയും എന്നാണ്. അതിനെതിരെ സിനിമയിലെ സ്ത്രീസംഘടന പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സ്ത്രീക്കു മാത്രമേ മോശക്കാരിയാകാന്‍ കഴിയൂ എന്നുണ്ടോ?

ഠ അദ്ദേഹത്തിന്റെ അഭിമുഖം ഞാന്‍ കണ്ടില്ല. അതുകൊണ്ട് അതിനെപ്പറ്റിയൊന്നും ഞാന്‍ പറയുന്നില്ല. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു കേട്ടാല്‍ തോന്നും സിനിമാരംഗത്തു മാത്രമാണ് ലൈംഗിക ചൂഷണവും അവിഹിത വേഴ്ചയും നടക്കുന്നതെന്ന്.

നമ്മള്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം ഐ.ടി. മേഖലയിലില്ലേ? ആരോഗ്യ, സാഹിത്യ, മാധ്യമ മേഖലകളിലില്ലേ? ഇതിനെയൊക്കെ അപേക്ഷിച്ച് സിനിമയൊരു ഗ്ലാമര്‍ ലോകമായതുകൊണ്ട് അവിടത്തെ അടുക്കളക്കാര്യങ്ങള്‍ പോലും അറിയാന്‍ ജനം താല്പര്യപ്പെടുന്നു.

നിങ്ങളൊക്കെയത് പൊടിപ്പും തൊങ്ങലും ചാര്‍ത്തി അവരെ സുഖിപ്പിക്കുന്നു. ഇനി ഒരു വ്യക്തി എന്ന നിലയില്‍ പറയട്ടെ ഏതു മേഖലയിലായാലും പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയും പുരുഷനും പരസ്പരധാരണയോടെ നടത്തുന്ന ശാരീരിക ഇടപെടലുകളില്‍ നമ്മളെന്തിന് എത്തിനോക്കണം?

അത് അവരുടെ സ്വകാര്യത എന്നു കരുതി മാറിപ്പോവുകയല്ലേ വേണ്ടത്? ലൈംഗിക കാര്യങ്ങള്‍ പറയുകയും കേള്‍ക്കുകയും കാണുകയും വായിക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന ആസ്വാദ്യതയില്‍ അസൂയയുണ്ട്, രോഷമുണ്ട്, ആത്മരതിയുണ്ട്.

സിനിമാക്കാരുടെ കാര്യമാവുമ്പോള്‍ ഈ പറഞ്ഞതില്‍ ജനപക്ഷത്തെ സംബന്ധിച്ച് അസൂയയ്ക്കാണ് പ്രഥമ സ്ഥാനം എന്നെനിക്കു തോന്നുന്നു.

പക്ഷേ ഒരു സിനിമ തിയേറ്ററിലെത്തിക്കുന്നതു വരെയുള്ള മാനസിക സമ്മര്‍ദ്ദത്തെപ്പറ്റി, കഷ്ടപ്പാടിനെപ്പറ്റി, വേവലാതിയെപ്പറ്റി പ്രേക്ഷകര്‍ക്കൊന്നുമറിയില്ല. അത് അവര്‍ക്കറിയേണ്ട കാര്യമില്ല എന്നത് മറ്റൊരു വിഷയം.

ഇതൊന്നും നേരത്തെ പറഞ്ഞ കാര്യങ്ങള്‍ക്കൊരു നീതീകരണമോ, ന്യായീകരണമോ അല്ല. എന്നാലും താങ്കള്‍ പറഞ്ഞ തരത്തിലുള്ള ആരോപണങ്ങള്‍ കൂടിയാവുമ്പോള്‍ ഒരു സംവിധായകന്‍ ആരാണ്, എന്താണ്, എവിടെയാണ്? മറന്നുപോകരുത് അയാള്‍ക്കൊരു കുടുംബമുണ്ട്.

- ഷാജി കാരാട്ടുപാറ
ചിത്രങ്ങള്‍: അനില്‍ പേരാമ്പ്ര

Ads by Google
Ads by Google
Loading...
TRENDING NOW