Friday, June 01, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 02.41 PM

യുവമനസ്സുകളുടെ 'പ്രേമാഞ്ജലി'

uploads/news/2017/09/144070/CiniLOcTPremanjaly.jpg

ദക്ഷിണേന്ത്യയിലെ പ്രശസ്തനായ സംഗീതജ്ഞന്‍ അനന്ത നാരായണസ്വാമികള്‍ തമിഴ്-മലയാള ചലച്ചിത്ര സംഗീതലോകത്തും ആദരണീയനാണ്. കേരള കലാമണ്ഡലത്തിനടുത്തുള്ള പുരാതന കോവിലകത്ത് മക്കളും മരുക്കളുമായി വിശ്രമജീവിതം നയിക്കുന്നു. അനന്തനാരായണ സ്വാമികളുടെ ആശ്രിതനായി മറ്റൊരു കലാകാരന്‍ അവിടെയുണ്ട്. കുഞ്ഞുണ്ണിയാശാന്‍.

പണ്ട് തൃപ്പൂണിത്തുറയില്‍ കച്ചേരിക്കു പോയപ്പോഴാണ് കുഞ്ഞുണ്ണിയാശാനെ പരിചയപ്പെടുന്നത്. വാദ്യോപകരണങ്ങള്‍ ഉണ്ടാക്കുന്ന കുഞ്ഞുണ്ണിയാശാന്റെ അപ്പോഴത്തെ ദയനീയാവസ്ഥ കണ്ട് കോവിലത്തേക്ക് കൂട്ടിക്കൊണ്ടു വരുന്നതാണ്.

കഞ്ഞുണ്ണിയാശാന്റെ ഭാര്യ, മകന്‍ ഹരി, മകള്‍ മീനാക്ഷി എന്നിവരടങ്ങിയ കുടുംബത്തിന് തൊഴില്‍ ശാലയും ഒരു വീടും സ്വാമികള്‍ ഒരുക്കിക്കൊടുത്തു. ഒരു ഒറ്റ കുടുംബം പോലെയാണ് സ്വാമികളും കുഞ്ഞുണ്ണിയാശാനും കഴിഞ്ഞുപോരുന്നത്.

മൂത്ത മകളുടെ മകള്‍ മൈഥിലി, മകന്‍ ബാലചന്ദ്രന്‍, ഭാര്യ ഭാമ, മകള്‍ അഞ്ജലി, നൃത്താദ്ധ്യാപികയായ ഇളയ മകള്‍, ഭര്‍ത്താവ് ലീലാകൃഷ്ണന്‍, മകന്‍ രാഹുല്‍ എന്നിവരാണ് അനന്തനാരായണ സ്വാമികളുടെ കൂടെ ഇപ്പോള്‍ തറവാട്ടിലുള്ളത്.

മൂത്ത മകള്‍ കല്‍ക്കട്ടയില്‍ ശാന്തിനികേതത്തില്‍ ഫൈനാര്‍ട്ട് വിദ്യാര്‍ത്ഥിനിയായി പോയതാണ്. കാമ്പസിലെ പ്രണയത്തിലകപ്പെട്ട് വീട്ടുകാരുടെ അനുമതിയില്ലാതെ വിവാഹിതയായി. പക്ഷേ വിധിവശാല്‍ ഒരു പെണ്‍കുട്ടിയുടെ അമ്മയായി കഴിഞ്ഞപ്പോള്‍ ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോള്‍ അനാഥയായ പേരക്കുട്ടിയെ സ്വാമികള്‍ തറവാട്ടിലേക്ക് കൊണ്ടുപോന്നതാണ്.

ഇപ്പോള്‍ കുഞ്ഞുണ്ണിയാശാന്റെ കുടുംബവും സ്വാമികളുടെ കുടുംബവും വളരെ സഹകരണത്തോടെ ഒരു തറവാട്ടിലെ അംഗങ്ങള്‍ പോലെ കഴിയുകയാണ്. കുട്ടികള്‍ക്ക് പഠിക്കാന്‍ സകലകലകളുമടങ്ങിയ ഒരു കളരി തറവാട്ടില്‍ ആരംഭിക്കുന്നു.

uploads/news/2017/09/144070/CiniLOcTPremanjaly1.jpg

കുട്ടികള്‍ തമ്മില്‍ നല്ല സൗഹൃദവര്‍ത്തിയായി വളര്‍ന്നപ്പോള്‍ കുഞ്ഞുണ്ണിയാശാന്റെ മകന്‍ ഹരിയും മൈഥിയും തമ്മില്‍ പ്രണയത്തിലായി. ഈ പ്രണയത്തെ കുഞ്ഞുണ്ണിയാശാന്‍ കാര്യകാരണ സഹിതം എതിര്‍ത്തു. ഹരി ആ ബന്ധത്തില്‍നിന്നും പിന്മാറുമ്പോള്‍ മറ്റൊരു പ്രണയം കൂടി അവിടെ വിരിയുകയായിരുന്നു.

തുടര്‍ന്ന് ആ കോവിലകത്തും അവിടത്തെ കുടുംബാംഗങ്ങളുടെ ജീവിതങ്ങളിലും ഉണ്ടാകുന്ന സംഘര്‍ഷഭരിതവും ഹൃദയസ്പര്‍ശിയുമായ മുഹൂര്‍ത്തങ്ങളാണ് 'പ്രേമാഞ്ജലി' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

പുതുമുഖങ്ങളായ ഹാരീഷ് കമാല്‍, ഹരികേഷ് മോസിന്‍, മജീദ്, മാനസി ജോഷി, ഡയാന, ജസ്‌നിയ ജഗദീഷ്, രമ്യശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുരേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമാഞ്ജലി.

കരിങ്കുന്നം ഫിലിംസിന്റെ ബാനറില്‍ സ്‌റ്റെബി ചെറിയാക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ദേവന്‍, മോഹന്‍ശര്‍മ്മ, അനൂപ് ചന്ദ്രന്‍, ശശി പൊതുവാള്‍, സ്‌റ്റെബി ചെറിയാക്കല്‍, ശ്വേതാ മേനോന്‍, ഭാഗ്യലക്ഷ്മി, ഗീതാവിജയന്‍, ശ്രീദേവി ഉണ്ണി, ഉമ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. അനന്തനാരായണ സ്വാമികളായി മോഹന്‍ശര്‍മ്മയും കുഞ്ഞുണ്ണിയാശാനായി ബാബുനമ്പൂതിരിയും ബാലചന്ദ്രനായി ദേവനും അഭിനയിക്കുന്നു.

സുധീര്‍ കെ. സുധാകരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് രതീഷ് എം. സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശശി ആര്‍. പൊതുവാള്‍, കല- ബിജുചന്ദ്രന്‍, മേക്കപ്പ്- രതീഷ് അമ്പാടി, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്- കാഞ്ചന്‍ മുള്ളൂര്‍ക്കര, പരസ്യകല- ആന്റണി സ്റ്റീഫന്‍ ക്രോം, എഡിറ്റര്‍- സന്ദീപ് നന്ദകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍- വിനയന്‍, സഹസംവിധാനം- ടിജോ തോമസ്, സംവിധാന സഹായികള്‍- നീരജ് കണ്ണന്‍, നിധീഷ് ഇരിട്ടി, ഫിനാന്‍സ് കണ്‍ട്രോളര്‍- കണ്ണന്‍, പ്രൊഡക്്ഷന്‍ മാനേജര്‍- ഷാജി തിരുവാങ്കുളം, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- ഷൈജു മോള്‍ സ്‌റ്റെബി.

രാജകുടുംബ പശ്ചാത്തലത്തില്‍ സംഗീത-നൃത്ത-പ്രണയത്തിന് പ്രാധാന്യം നല്‍കി ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന പ്രേമാഞ്ജലിയുടെ ലൊക്കേഷന്‍ ഒറ്റപ്പാലമാണ്.

-എ.എസ്. ദിനേശ്
കാഞ്ചന്‍ മുള്ളൂര്‍ക്കര

Ads by Google
Ads by Google
Loading...
TRENDING NOW