Saturday, November 25, 2017 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 02.06 AM

ഹൃദയസംസ്‌കരണം വിജയത്തിന്റെ നിദാനം

നേര്‍മാര്‍ഗം മുന്നില്‍ കണ്ടാലും അതില്‍ പ്രവേശിക്കാനും മുന്നോട്ടു നീങ്ങാനും തടസം സൃഷ്‌ടിക്കുന്ന കടുത്ത ആന്തരിക രോഗങ്ങളാണ്‌ അസൂയയും അഹങ്കാരവും. സത്യത്തെ നിഷേധിക്കാന്‍ ഉള്ളില്‍ ശക്‌തി പകര്‍ന്നുകൊണ്ട്‌ അഹങ്കാരം സ്വന്തം വിജയത്തിന്റെ സാധ്യതതന്നെ ഇല്ലാതാക്കിക്കളയും. സന്മാര്‍ഗത്തിലൂടെ നീങ്ങാന്‍ കരുത്തും സത്യത്തിന്‌ നിലകൊള്ളാന്‍ ആത്മധൈര്യവുമുള്ള സദ്‌വൃത്തരോട്‌ ചേര്‍ന്ന്‌ നില്‍ക്കാന്‍ അസൂയ തടസം നില്‍ക്കുന്നു. അസൂയയും അഹങ്കാരവും തീയില്‍ വിറക്‌ കത്തി തീരുംപോലെ, ചെയ്‌തുകൂട്ടുന്ന സല്‍കര്‍മങ്ങളൊക്കെ അസൂയകാരണം നശിച്ചുപോകുമെന്ന്‌ പുണ്യ പ്രവാചകര്‍ ഓര്‍മപ്പെടുത്തിയതാണ്‌. അഹങ്കാരം അള്ളാഹുവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന പേടിപ്പെടുത്തുന്ന തലത്തോളം വളര്‍ന്ന്‌ സര്‍വനാശം സ്വയം ചോദിച്ചുവാങ്ങിയതിന്‌ വിശുദ്ധ ഖുര്‍ആന്‍ നിരവധി ചരിത്രസാക്ഷ്യങ്ങള്‍ കാണിച്ചുതരുന്നുണ്ടല്ലോ.
അള്ളാഹു നിയോഗിച്ചവരെ അനുസരിക്കാനോ അവര്‍ കാണിച്ചുതന്ന നേര്‍മാര്‍ഗം ഉള്‍ക്കൊള്ളാനോ അഹങ്കാരം സമ്മതിക്കുന്നില്ല.
അഹംബോധത്തിനും അസൂയയ്‌ക്കും വഴിപ്പെട്ട്‌ ലൗകികമായ സുഖങ്ങളോ അധികാരങ്ങളോ അഭിമാനമോ ഒക്കെ അനുഭവിച്ച്‌ അവസാനം അല്ലാഹുവിലേക്ക്‌ ചെന്നെത്തേണ്ട സമയത്ത്‌ തങ്ങള്‍ സ്വയം അപകടപ്പെടുത്തിക്കളഞ്ഞ രക്ഷയുടെ മാര്‍ഗങ്ങളെക്കുറിച്ചോര്‍ത്ത്‌ ഖേദിക്കേണ്ടി വരും.
സച്ചരിതരായ ആ പ്രതിനിധികള്‍ക്കേ ആത്മാവിനെ ശുദ്ധീകരിക്കാന്‍ സാധിക്കുകയുള്ളൂ. അള്ളാഹുവിന്റെ അനുവാദത്തോടെ അവന്റെ റസൂലിന്റെ തിരുവെളിച്ചംകൊണ്ട്‌ ആത്മാവിനെ ദൃഢപ്പെടുത്തിത്തരാന്‍ കഴിവുള്ള മഹാന്മാര്‍ക്കു മാത്രമേ ആത്മാവിനെ നിര്‍ജ്‌ജീവമാക്കിക്കളയുന്ന ആന്തരിക രോഗങ്ങള്‍ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ. അത്തരം മഹാന്മാരില്‍നിന്നും ശിക്ഷണം നേടാന്‍ ശ്രമിച്ചവര്‍ക്കാണ്‌ അള്ളാഹുവിന്റെ ഇഷ്‌ടവും പൊരുത്തവും ലഭിക്കുക.
അസൂയ പൂണ്ട പണ്ഡിതനായിരുന്നു ഇബ്‌ലീസ്‌. പ്രകാശത്താല്‍ സൃഷ്‌ടിക്കപ്പെട്ട മലക്കുകള്‍ മുഴുവന്‍ അള്ളാഹു നിയോഗിച്ച പ്രതിനിധിക്കു വഴങ്ങി. ഓരോ കാലത്തും ദൈവാനുസരണയുടെയും ദൈവ നിഷേധത്തിന്റെയും ഈ രണ്ടു കൂട്ടരെ കാണാന്‍ കഴിയും. അഹങ്കാരത്താല്‍ അള്ളാഹുവിന്റെ റസൂലിനെ അനുസരിക്കാത്തതിനാല്‍ ഏറ്റവും വലിയ സത്യനിഷേധിയായ ഇബ്‌ലീസിനെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞുതന്ന പാഠം ഉള്‍ക്കൊള്ളാതെ നീങ്ങല്‍ പരാജയത്തിലേക്കാണ്‌ എത്തിക്കുക. അഹങ്കാരവും അസൂയയും നീക്കം ചെയ്യാന്‍ പ്രയത്‌നിക്കാത്തവര്‍ അള്ളാഹുവിന്റെ പ്രീതിയും പൊരുത്തവും നഷ്‌ടപ്പെടുത്തി നീങ്ങി ഒടുവില്‍ മരണസമയത്ത്‌ ഖേദിക്കേണ്ടി വരുന്നു. അവരാണ്‌ പരാജിതര്‍.

Ads by Google
Friday 08 Sep 2017 02.06 AM
YOU MAY BE INTERESTED
TRENDING NOW