Friday, September 08, 2017 Last Updated 9 Min 13 Sec ago English Edition
Todays E paper
Friday 08 Sep 2017 02.06 AM

റവ.കെ.ജി. ജോസഫ്‌ മാര്‍ത്തോമ്മ സഭ സെക്രട്ടറി, റവ. തോമസ്‌ അലക്‌സാണ്ടര്‍ വൈദിക ട്രസ്‌റ്റി

തിരുവല്ല: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ 2017-20 ലെ സഭാ സെക്രട്ടറിയായി റവ.കെ.ജി. ജോസഫും വൈദികട്രസ്‌റ്റിയായി റവ. തോമസ്‌ അലക്‌സാണ്ടറും തെരഞ്ഞെടുക്കപ്പെട്ടു.
അത്മായ ട്രസ്‌റ്റിയായി പി.പി. അച്ചന്‍കുഞ്ഞ്‌ ഒരു വോട്ടിന്‌ മുന്നിലെത്തിയെങ്കിലും രണ്ടാമതെത്തിയ രാജന്‍ ജേക്കബ്‌ റീകൗണ്ടിങ്‌ ആവശ്യപ്പെട്ടതോടെ ഫലം പ്രഖ്യാപിച്ചില്ല. ഇന്നു രാവിലെ എട്ടിനു വീണ്ടും വോട്ടെണ്ണും.
733 വോട്ട്‌ നേടിയാണ്‌ റവ. കെ.ജി. ജോസഫ്‌ സഭാ സെക്രട്ടറിയായി വിജയിച്ചത്‌. വൈദിക ട്രസ്‌റ്റിയായി തെരഞ്ഞെടുക്കപ്പെട്ട റവ. തോമസ്‌ അലക്‌സാണ്ടര്‍ക്ക്‌ 769 വോട്ട്‌ ലഭിച്ചു. അത്മായട്രസ്‌റ്റി തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ പി.പി. അച്ചന്‍കുഞ്ഞ്‌ നേടിയത്‌ 326 വോട്ടാണ്‌. രാജന്‍ ജേക്കബ്‌ 325 വോട്ട്‌ നേടി.
സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന സഭാ പ്രതിനിധി മണ്ഡലത്തിലാണു തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഇതോടെ മൂന്നുദിവസമായി തിരുവല്ലയില്‍ നടന്നുവന്ന സഭാ പ്രതിനിധി മണ്ഡലം സമാപിച്ചു.
സഭയുടെ വൈദിക സെലക്ഷന്‍ ബോര്‍ഡിലേക്ക്‌ റവ.ഡോ. ഈശോ മാത്യു, റവ. സി.വി. സൈമണ്‍, റവ.ഡോ. കെ.എ. ഏബ്രഹാം, റവ. ഡോ. ജോണ്‍ ഫിലിപ്‌, റവ. ജോസഫ്‌ മാത്യു, പ്രഫ. ഏബ്രഹാം ജോര്‍ജ്‌, പ്രഫ. ജേക്കബ്‌ ജോര്‍ജ്‌ മല്ലപ്പള്ളി, അഡ്വ. പ്രകാശ്‌ പി. തോമസ്‌, അഡ്വ. തോമസ്‌ കെ. വര്‍ഗീസ്‌, അഡ്വ. മനു തോമസ്‌, അഡ്വ. മാത്യു ടി. ഏബ്രഹാം, പ്രഫ. മനു തോമസ്‌, ജോര്‍ജ്‌ വര്‍ഗീസ്‌ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ്‌ ചെന്നൈ ചെക്ക്‌പെട്ട്‌ മാര്‍ത്തോമ്മാ പള്ളി വികാരിയാണ്‌. റാന്നി വെള്ളയില്‍ സ്വദേശിയാണ്‌.
വൈദിക ട്രസ്‌റ്റിയായി തെരഞ്ഞെടുക്കപ്പെട്ട റവ. തോമസ്‌ അലക്‌സാണ്ടര്‍ അടയാര്‍ മാര്‍ത്തോമ്മ പള്ളി വികാരിയാണ്‌. അയിരൂര്‍ ചെറുകര കുടുംബാംഗമാണ്‌.

Ads by Google
Friday 08 Sep 2017 02.06 AM
YOU MAY BE INTERESTED
TRENDING NOW