Saturday, June 02, 2018 Last Updated 38 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 02.02 AM

തുടര്‍ക്കഥയാകുന്ന അപകടങ്ങള്‍

uploads/news/2017/09/143887/editorial.jpg

ഒഴിവാക്കാവുന്ന ദുരന്തം; കേരളത്തില്‍ അനുദിനം നടക്കുന്ന പല അപകടങ്ങളെയും ഇങ്ങനെ വിശേഷിപ്പിക്കാം. എത്ര പറഞ്ഞാലും പഠിക്കില്ല എന്നതാണ്‌ പല അപകടങ്ങള്‍ കാണുമ്പോഴും ആര്‍ക്കും തോന്നുക.
ഇന്നലത്തെ പത്രങ്ങള്‍ നോക്കിയാല്‍ ബാലന്മാരും യുവാക്കളുമടക്കം ആറുപേര്‍ പലയിടങ്ങളിലായി മുങ്ങിമരിച്ച വാര്‍ത്ത കാണാം. പെരുമ്പാവൂര്‍ കുറുപ്പംപടി പെട്ടമല പാറമടയില്‍ മൂന്നു കൂട്ടുകാരാണു മുങ്ങിമരിച്ചത്‌. കോഴിക്കോട്‌ പെരുമണ്ണയില്‍ നീന്തല്‍ പഠിക്കുന്നതിനിടെ എട്ടു വയസുകാരന്‍ മുങ്ങിമരിച്ചു. കോഴിക്കോട്‌ തന്നെ ചാലിയാറില്‍ കൂട്ടുകാരനോടൊപ്പം കുളിക്കാനിറങ്ങിയ 17 വയസുകാരനും മരിച്ചു. തിരുവോണദിവസം കണ്ണൂരില്‍ പയ്യാമ്പലം കടലില്‍ കുളിക്കാനിറങ്ങിയ 11 വയസുകാരന്റെ മൃതദേഹം രണ്ടു ദിവസം കഴിഞ്ഞ്‌ ചൊവ്വാഴ്‌ചയാണു കണ്ടെത്തിയത്‌.

മരിച്ചവരെല്ലാം വിദ്യാര്‍ഥികള്‍. മാതാപിതാക്കളുടെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തി അവര്‍ അകാലത്തില്‍ യാത്രയാകുമ്പോള്‍ കേരളീയര്‍ ഒന്നടങ്കം ചോദിക്കേണ്ട ചോദ്യമിതാണ്‌-ഇനിയും ഈ കുരുതി തുടരണോ? മുങ്ങിമരണങ്ങള്‍, പ്രത്യേകിച്ച്‌ വിദ്യാര്‍ഥികളുടെയും കൗമാരക്കാരുടെയും യുവാക്കളുടെയും, അനേകമാണു കേരളത്തിലുണ്ടാകുന്നത്‌. പ്രത്യേകിച്ച്‌ അവധിദിവസങ്ങളില്‍. അവധി ആഘോഷിക്കാന്‍ ഇറങ്ങുന്നവര്‍ പതിയിരിക്കുന്ന അപകടങ്ങള്‍ വകവയ്‌ക്കാതെയോ മനസിലാക്കാതെയോ ആപത്തിലേക്ക്‌ ചാടുന്നത്‌ പതിവാണ്‌. കുറുപ്പംപടിയിലെ പാറമട ദുരന്തം കാണിക്കുന്നത്‌ അതാണ്‌. ഉപേക്ഷിക്കപ്പെട്ട ഇത്തരം പാറമടകള്‍ വെള്ളം നിറഞ്ഞ്‌ അപകടത്തെ മാടിവിളിച്ച്‌ കേരളത്തില്‍ പലയിടത്തുമുണ്ട്‌. ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ മാത്രമാണു കോട്ടയത്ത്‌ ഇത്തരം ഒരു പാറമടയില്‍ രണ്ടു ബാലന്മാര്‍ മുങ്ങിമരിച്ചത്‌.
ഓരോ തവണയും ഇത്തരം അപകടങ്ങള്‍ക്കെതിരേ ജാഗരൂകരായിരിക്കണമെന്ന്‌ അറിയിപ്പുകള്‍ മാധ്യമങ്ങളിലും മറ്റും വരാറുണ്ട്‌. പക്ഷേ, അത്‌ യുവതലമുറ ശ്രദ്ധിക്കുന്നില്ല എന്നതാണ്‌ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ മനസിലാക്കേണ്ടത്‌. ദിവസത്തിന്റെ നല്ലൊരു പങ്കും സ്‌മാര്‍ട്ട്‌ഫോണിലും നോക്കി, സമൂഹമാധ്യമങ്ങളില്‍ സജീവവുമായി കഴിയുമ്പോഴും ഇത്തരം നല്ല ഉപദേശങ്ങള്‍ക്ക്‌ യുവതലമുറ ശ്രദ്ധനല്‍കുന്നില്ല എന്നത്‌ നിരാശാജനകമാണ്‌.

സാഹസികത മനുഷ്യസഹജമാണ്‌. അതു നല്ലതുമാണ്‌. പക്ഷേ, വേണ്ടത്ര ഉറപ്പുണ്ടെങ്കിലേ സാഹസികതയ്‌ക്ക്‌ ഇറങ്ങി പുറപ്പെടാവൂ. കരയിലേതു പോലെയല്ല വെള്ളത്തിലെ കാര്യം. അവിടെ നീന്തല്‍ അറിയുക എന്നത്‌ പ്രധാനമാണ്‌. നീന്തല്‍ അറിയാവുന്നവര്‍പോലും പരിചിതമല്ലാത്ത ജലാശയങ്ങളില്‍നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുന്നതാണ്‌ ഉചിതം. വെള്ളം നിറഞ്ഞു കിടക്കുന്ന പാറമടകളും മറ്റു ജലാശയങ്ങളും സൗന്ദര്യം കൊണ്ട്‌ ആരെയും ആകര്‍ഷിക്കുന്നവയായിരിക്കും. സമുഹികമാധ്യമങ്ങളിലും മറ്റും ഇത്തരം സ്‌ഥലങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിക്കുകയും ചെയ്യും. അങ്ങനെ പ്രചരിപ്പിക്കുന്നവര്‍ ഇവിടങ്ങളിലെ ചതിക്കുഴികളെ കുറിച്ചു കൂടി മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌.

പല ജലാശയങ്ങളിലും അപകട മേഖലകളിലും നാട്ടുകാരും പഞ്ചായത്ത്‌ അധികൃതരും മറ്റ്‌ സര്‍ക്കാര്‍ വകുപ്പുകളും വച്ചിരിക്കുന്ന അപകട സൂചനകള്‍ കാണാം. എന്നാല്‍, ഇവയൊന്നും പലപ്പോഴും ഫലപ്രദമാകുന്നില്ല. അല്ലെങ്കില്‍ ഇവ അവഗണിക്കപ്പെടുന്നു. അതു കൊണ്ടു നഷ്‌ടമാകുന്നത്‌ വിലപ്പെട്ട ജീവനുകളാണ്‌; തകര്‍ക്കപ്പെടുന്നത്‌ അനേകം കുടുംബങ്ങളാണ്‌; തകരുന്നത്‌ അനേകം പേരുടെ സ്വപ്‌നങ്ങളാണ്‌. ഇതിന്‌ അറുതിവരേണ്ടതുണ്ട്‌.

പ്രാദേശിക ഭരണ സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ സജീവശ്രദ്ധ കാണിക്കേണ്ടിയിരിക്കുന്നു. ഓരോ പഞ്ചായത്തിലും ഉള്ള ഇത്തരം അപകടക്കെണികളുടെ വിവരം ശേഖരിക്കല്‍ അത്യാവശ്യമായി നടത്തണം. ഗ്രാമസഭകളിലൂടെ മാത്രമല്ല, ജനപ്രതിനിധികളുടെ വീടുവീടാന്തരമുള്ള സന്ദര്‍ശനങ്ങളിലൂടെയും ഇങ്ങനെ അപകടം വിതയ്‌ക്കുന്ന ജലാശയങ്ങളും അപകടസ്‌ഥലങ്ങളും തിരിച്ചറിയുകയും അവിടങ്ങളില്‍ നാട്ടുകാരുടെ സഹകരണത്തോടെ മുന്നറിയിപ്പുകള്‍ സ്‌ഥാപിക്കുകയും വേണം. ഇത്‌ അധികൃതരുടെ മാത്രം ഉത്തരവാദിത്വമായി ആരും കരുതരുത്‌. തങ്ങളുടെ മക്കള്‍ക്ക്‌ ഇത്തരം അപകടക്കെണികളെക്കുറിച്ച്‌ ബോധവത്‌കരണം നടത്താന്‍ ഓരോ മാതാപിതാക്കളും തയാറാകണം. തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക്‌ ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ പറഞ്ഞുകൊടുക്കാന്‍ ഓരോ വിദ്യാലയ അധികൃതരും അധ്യാപകരും തയാറാകണം. എല്ലാത്തിനുമുപരി ഉത്തരവാദിത്വ ബോധത്തോടെ പെരുമാറാന്‍ പുതുതലമുറ തയാറാകണം.

Ads by Google
Friday 08 Sep 2017 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW